കല്യാണം കഴിക്കാൻ പേടിയാവുന്നു

By: ഡോ.കൊച്ചുറാണി ജോസഫ്‌
ഇത് ഒരു ശാരീരികമോ മനഃശാസ്ത്രപരമോ ആയ പ്രശ്നമല്ല, സാമ്പത്തികശാസ്ത്ര പ്രശ്നമായി എന്റെ മുന്നിൽ അവതരിപ്പിച്ചത് ദീപക് ആണ്. 'കുറച്ചുകൂടി പണമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു ടീച്ചർ'. ദീപക്കിന്റെ നിഷ്കളങ്കമായ പരിദേവനം കലർന്ന ചോദ്യം സദസ്സിനെ മൊത്തത്തിൽ ചിരിപ്പിച്ചു. 'യുവജനങ്ങളും സാമ്പത്തികാസൂത്രണവും' എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയായിരുന്നു ഞാൻ. ദീപക് ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ബി.ടെക്. ബിരുദധാരിയാണ്. ദീർഘകാല സുരക്ഷിതത്വമുള്ളതും സ്ഥിരവരുമാനം തരുന്നതുമായ ജോലിയോടുള്ള ആഗ്രഹം കൊണ്ടാണ് ഐ.ടി. മേഖല വിട്ട് ടെസ്റ്റ് എഴുതി ദീപക് ബാങ്ക് ഓഫീസർ ജോലി കരസ്ഥമാക്കിയത്. എന്നാൽ ഇപ്പേൾ ഒന്നും മിച്ചമില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാതി.40,000 രൂപയിലധികം ശമ്പളമുണ്ട്. ചില നിർബന്ധിതപിടുത്തമൊക്കെ കഴിഞ്ഞ് 35,000 രൂപയോളം കൈയിൽ കിട്ടും. അച്ഛൻ നിർബന്ധമായി ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ മാസവും 10,000 രൂപ കൊടുക്കും. സ്വന്തമായി വരുമാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് അമ്മ അനുഭവിക്കുന്നത് ദീപക് കണ്ടിട്ടുണ്ട്. ജോലി കിട്ടിക്കഴിഞ്ഞാൽ അമ്മയ്ക്ക് പോക്കറ്റ് മണി നൽകണമെന്ന് ആഗ്രഹിച്ചതിനാൽ അമ്മയ്ക്ക് 1000 രൂപ കൊടുക്കും. ബാക്കി പണം എതിലേ പോവുന്നുവെന്ന് എത്തും പിടിയുമില്ല എന്നാണ് ദീപക് പറയുന്നത്. ദീപക്കിന്റെ പ്രശ്നങ്ങൾ പലതായിരുന്നു. സാധനങ്ങൾ വിലക്കുറവിൽ കിട്ടുമ്പോൾ വാങ്ങാൻ തോന്നും. പ്രത്യേകിച്ച് ഷൂസ് ആണ് ദൗർബല്യം. പിന്നെ സായാഹ്നങ്ങളിൽ പഴയ സുഹൃത്തുക്കളുമൊത്ത് കറങ്ങും. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും. ബില്ല് മിക്കവാറും താൻ തന്നെയാണ് നൽകാറുള്ളത്. അത് രണ്ടായിരവും അതിലധികവും ആകാറുണ്ട്. ആഴ്ചയിലൊരിക്കൽ ഒരു സിനിമ. ഇതൊക്കെ വേണ്ടെന്ന് വയ്ക്കണമെന്നില്ല. അല്പം ആസൂത്രണം ഇവിടെയൊക്കെ ആവശ്യമാണ്. സാമ്പത്തികശാസ്ത്രത്തിൽ പണവിനിയോഗത്തിൽ ലിക്വിഡിറ്റി പ്രിഫറൻസ് എന്ന പദപ്രയോഗമുണ്ട്. ഒരു വ്യക്തി ദൈനംദിനാവശ്യങ്ങൾക്കായി പണം ദ്രവരൂപത്തിൽ കറൻസിയായി കൈവശം വച്ചുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയാണത്. പണം വിനിമയ മാധ്യമമായതുകൊണ്ട് ഇതിനെ 'ട്രാൻസാക്‌ഷൻ ഡിമാൻഡ്‌ ഫോർ മണി' എന്ന് സാങ്കേതികമായി വിളിക്കുന്നു. അത് എത്രവേണമെന്നുള്ളത് വരുമാനത്തെയും ഓരോരുത്തരുടെ പണവിനിയോഗ മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. ലോക ജനസംഖ്യയിലെ പകുതിയലധികം യുവജനങ്ങളാണ്. അവരുടെ സാമ്പത്തിക തീരുമാനങ്ങൾ ലോക സാമ്പത്തികസ്ഥിതിയെത്തന്നെ ചലിപ്പിക്കാനുതകുംവിധം നിർണായകമാണ്. സാധനങ്ങൾ വിലക്കുറവിൽ കിട്ടുന്നു എന്നതുകൊണ്ട് മാത്രം വാങ്ങരുത്. പലപ്പോഴും ആവശ്യമില്ലാത്തതു വാങ്ങി ബജറ്റ് താളം തെറ്റാറുണ്ട്. പണച്ചെലവുള്ള കാര്യങ്ങൾക്കായുള്ള ഒത്തുകൂടലുകളും വിനോദയാത്രകളും കീശയറിഞ്ഞുമാത്രമെ നടത്താവൂ. കൂട്ടുകാരോട് വേണ്ട എന്ന് പറയാനുള്ള കഴിവില്ലായ്മയാണ് പലപ്പോഴും വില്ലനാവുന്നത്. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന വ്യക്തികൾക്ക് സാമ്പത്തികച്ചെലവിനെക്കുറിച്ചുള്ള പാഠം കിട്ടാൻ പ്രയാസമാണ്. പല മാതാപിതാക്കളും പണമിടപാടുകൾ സ്വയം കൈകാര്യം ചെയ്യാൻ ഇഷ്ടപ്പെടുന്നവരും മക്കൾ ചെയ്താൽ ശരിയാകില്ല എന്നു ചിന്തിക്കുന്നവരുമാണ്. സ്വന്തമായി, സ്വതന്ത്രരായി താമസിക്കുമ്പോൾ എല്ലാം ശരിയാവും എന്നു ചിന്തിക്കുന്നതും മൗഢ്യമാണ്. പണം ഒരു സംരക്ഷണവലയമായതുകൊണ്ട് അത് സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്. അതുവഴിയായി ആത്മവിശ്വാസം വർദ്ധിക്കുകയും സ്വയം മതിപ്പുണ്ടാവുകയും ചെയ്യും. മറ്റുള്ളവർക്കും നിങ്ങളിലുള്ള മതിപ്പ് വർദ്ധിക്കും. ചെലവ് നിയന്ത്രിക്കണമെന്ന് പറയുന്നത് അത്ര എളുപ്പവഴിയല്ല. മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന പോക്കറ്റ് മണി ചെലവാക്കുന്നതിൽ അത്ര ബുദ്ധിമുട്ടുണ്ടാവുകയില്ല.എന്നാൽ സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം ചെലവാക്കുമ്പോൾ വെല്ലുവിളികൾ തിരിച്ചറിയുക. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള വെല്ലുവിളികളായിരിക്കും. അത് അവരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളും ദൗർബല്യവുമനുസരിച്ച് വ്യത്യസ്തമായിരിക്കും. ചിലർക്ക് വാങ്ങിച്ചുകൂട്ടുന്നത് ഹരമായിരിക്കും. യാത്രകൾ, വിനോദം, സിനിമ, ഭക്ഷണം, കൂട്ടുകാർ എന്നിങ്ങനെ വ്യക്തിപരമായി ദൗർബല്യങ്ങൾ മാറിക്കൊണ്ടിരിക്കും.ചിലരുടെ ചെലവുകളെ നിയന്ത്രിക്കുന്നത് കോംപ്ലക്സാണ്. വില കൂടിയ ഫോൺ, വാഹനങ്ങൾ എന്നിവയിലൂടെയാണ് തന്റെ വില നിശ്ചയിക്കപ്പെടുന്നത് എന്ന് കരുതുന്നവരുണ്ട്്. ഇവയെല്ലാം ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളിൽ ഒരുവനെ കൊണ്ടുചെന്നെത്തിക്കാം. അവർ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് കടത്തിലെത്തും. മാതാപിതാക്കൾ ചില കാര്യങ്ങൾ വേണ്ടാ എന്ന് പറയുമ്പോൾ ഇഷ്ടമില്ലായെങ്കിലും അനുസരിക്കുന്നതാണ് വിവേകം. അത് ഒരു ബൈക്കോ വില കൂടിയ മൊബൈലോ ആവാം. അതിന്റെ പിന്നിൽ സാമ്പത്തികകാര്യം മാത്രമല്ല ആത്മനിയന്ത്രണത്തിന്റെയും വിവേകത്തിന്റെയും ബാലപാഠങ്ങളും ഉണ്ടാവാം. അവർ പിശുക്ക് കാണിക്കുന്നതാവില്ല, ചില കാര്യങ്ങൾ ലഭിക്കാതെ വളരുന്നത് പിൽക്കാലത്തേക്ക് നല്ലതിനാണ്. കൂടുതൽ ഇന്ധനമുള്ളതുകെണ്ട് മാത്രം യാത്ര ലക്ഷ്യസ്ഥാനത്ത് എത്തണമെന്നില്ല. അതുപോലെ കൂടുതൽ പണമുണ്ടായതുകൊണ്ട് മാത്രം ജീവിതം വിജയകരമാവണമെന്നില്ല. ലളിതമായ ബജറ്റ് ഉണ്ടാക്കുക. അതിൽ വിനോദത്തിനും സമ്പാദ്യത്തിനും സംഭാവനകൾക്കും സാധ്യതകളുണ്ടാവട്ടെ. ഹാൾ എൽറോഡ് പ്രസ്താവിച്ചതുപോലെ 'സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തയാൾക്ക് മാറ്റാൻ പറ്റാത്തതായി ഒന്നുമുണ്ടാവില്ല'. ഓർക്കുക, വിമാനത്തിൽനിന്ന് ചാടിയതിനുശേഷമല്ല പാരച്യൂട്ട് വിടർത്തേണ്ടതെങ്ങനെയെന്ന് പഠിക്കേണ്ടത്.


VIEW ON mathrubhumi.com