കൊടുത്തവന്‍ മറന്നാലും സ്വീകരിച്ചവന്‍ മറക്കുമോ?

By: ഡോ.കൊച്ചുറാണി ജോസഫ്‌
'പത്തേമാരി'എന്ന സിനിമയിൽ അതീവഹൃദ്യമായ ഒരു സാമ്പത്തിക ഇടപാടിന്റെ ഏടുകളുണ്ട്. പ്രവാസി മലയാളികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ആ സിനിമയിൽ ഗൾഫിൽ പോകുവാനാഗ്രഹിച്ചിട്ടും നടക്കാതെ പോയതുമൂലം വിഷമിക്കുന്ന ഒരു ചെറുപ്പക്കാരനെ അതിലെ നായകനായ മമ്മൂട്ടി ഒരിക്കൽ കണ്ടുമുട്ടുന്നു. അദ്ദേഹത്തിന്റെ സാമ്പത്തികവിഷമം മനസ്സിലാക്കി കുറച്ച് പണം നൽകി സഹായിക്കുന്നു.പിന്നീട് വർഷങ്ങൾക്കുശേഷം ഗൾഫ് ജീവിതം മതിയാക്കി തിരിച്ചുപോകാനൊരുങ്ങുമ്പോൾ താൻ പുതുതായി പണി കഴിപ്പിക്കുന്ന വീട്ടിലേക്ക് ഒരു അലങ്കാരബൾബ് വാങ്ങുവാനായി ഗൾഫിലെ അതിവിശാലമായ കടയിൽ നായകൻ കയറുന്നു. അപ്പോഴേക്കും കടയുടമസ്ഥൻ തന്നെ അറിയുമോ എന്ന് ചോദിച്ച് അടുത്തേക്കുവന്നു. മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ അന്ന് നൽകിയ പണത്തിന്റെ കഥ പറയുകയാണ് അയാൾ.
എപ്പോഴും ആരെങ്കിലും സഹായത്തിനുണ്ടാവുമെന്ന് ചിന്തിക്കുന്നതും മൗഢ്യമാണ്. കാരണം ഒരു പടി നടന്നതുകൊണ്ടുമാത്രം യാത്ര പൂർത്തിയാവുന്നില്ലല്ലോ. തന്മൂലം ജീവിതസമീപനമാണ് മാറേണ്ടത്. റോസാപ്പൂക്കളുടെ ഇടയിലെ മുള്ളുകളെക്കുറിച്ച് പരാതിപ്പെടാതെ മുള്ളുകൾക്കിടയിലെ റോസാപ്പൂവിനെ കണ്ടെത്താൻ പരിശ്രമിക്കാം.
സഹായമായി കിട്ടിയ ആ പണത്തിൽനിന്നാണ് തന്റെ സാമ്പത്തിക വളർച്ചയുടെ തുടക്കമെന്നും ഇന്ന് ഇതുപോലുള്ള അനേകം കടകളുടെ ഉടമയായിക്കഴിഞ്ഞിരിക്കുന്നു താൻ എന്നും അയാൾ പറഞ്ഞു. അന്ന് ഒരു ഏജന്റിന്റെ ചതിയിൽപ്പെട്ട് മനസ്സ് തകർന്ന് നിന്നിരുന്ന തന്നെ സഹായിച്ച വ്യക്തിയെ കണ്ടുപിടിക്കാൻ താൻ ഏറെ ശ്രമിച്ചുവെന്നും കൂട്ടിച്ചേർത്തു. എന്നാൽ പണം കൊടുത്ത കാര്യം ഓർമയിൽ തങ്ങിനിൽക്കാൻ തക്കവിധം നായകൻ മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്നില്ല.കൊടുത്തവൻ മറന്നാലും സ്വീകരിക്കുന്നവന് മറക്കാൻ പറ്റാത്തവിധം വലിയ സ്നേഹത്തിന്റെ മുറിവേൽപ്പിച്ച നിമിഷവും അതുണർത്തിയ ആത്മവിശ്വാസത്തിന്റെ കഥകളും അയാൾ നായകനോട് വികാരഭരിതനായി വിവരിച്ചു. മിക്ക വ്യക്തികളുടേയും ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധിക്ക് നിദാനമായ ഒരു വ്യക്തിയുണ്ടാവും. അത് ജോലി മേടിച്ചു തന്ന വ്യക്തിയോ, വിസ ശരിയാക്കാൻ സഹായിച്ച വ്യക്തിയോ, ഒരു ബിസിനസ്സ് തുടങ്ങാൻ കൂടെക്കൂടിയ വ്യക്തിയോ, ഒരു കോഴ്സ് പഠിക്കാൻ മാർഗനിർദേശം നൽകിയ വ്യക്തിയോ ആവാം. ബന്ധുവോ മിത്രമോ നമ്മുടെ അഭ്യുദയകാംക്ഷിയോ ഒക്കെ ആയിരിക്കാം സഹായത്തിന്റെ രൂപത്തിൽ നമ്മുടെ അടുത്തേക്ക് എത്തുന്നത്. പലപ്പോഴും ആ വ്യക്തി അത് മറന്നാലും സ്വീകരിച്ച വ്യക്തി മറക്കാൻ പാടില്ല. ഇതിന് ഒരു മറുവശവും ഉണ്ട്. ഓർക്കുമ്പോൾ വേദനിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ ഉദാഹരണങ്ങൾ പലരുടേയും ജീവിതത്തിൽ ഉണ്ടാവും. നമ്മൾ കൈ പിടിച്ചു നടത്തിയവർ, വഴിവിട്ട് സഹായിച്ചവർ, പിന്നീട് തിരിഞ്ഞുനോക്കാത്തവർ, മേടിച്ച കാശുപോലും തിരിച്ചുതരാത്തവർ, കൂട്ടുബിസിനസ്സിൽ ചേർന്ന് ചതിച്ചവർ, എന്നിങ്ങനെ മറക്കാൻ എത്ര ശ്രമിച്ചാലും സാധിക്കാത്ത സാമ്പത്തിക ഇടപാടുകൾ. അതും ബന്ധുക്കളിൽനിന്നോ, സുഹൃത്തുക്കളിൽനിന്നോ ആവാം. തന്മൂലം വർഷങ്ങൾ നീണ്ടുനിൽക്കുന്ന പകയുമായി ബന്ധങ്ങൾ അകന്നു ജീവിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്.ഞാൻ ഇനി ഈ വീട്ടിൽ കയറുന്ന പ്രശ്നമേയില്ല എന്നുപറഞ്ഞ് സ്വന്തം ഭാര്യവീട്ടിൽ പോലും കയറാത്തവർ, കയ്‌പേറിയ സാമ്പത്തിക ഇടപാടുകൾ മൂലം ശത്രുതയിൽ വർഷങ്ങളോളം കഴിയുന്നവർ. അനേക വർഷങ്ങളോളം കേസ് പറയുന്നവർ എന്നിട്ട് ഉള്ളതും കൂടി നഷ്ടപ്പെടുത്തുന്നവർ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ളവർ നമുക്ക് ചുറ്റുമുണ്ട്. ഇത് രണ്ടും ചേർത്തുവായിക്കുമ്പോൾ വിരിയുന്ന വ്യക്തിബന്ധങ്ങളെ കോർത്തിണക്കാനുതകുന്ന ഒരു സാമ്പത്തിക സംസ്കൃതിയുണ്ട്. സ്വീകരിച്ചത് ഓർത്തിരിക്കുക. കൊടുക്കുന്നത് മറക്കുക എന്നതാണത്. പറയാൻ എളുപ്പമാണ്. പക്ഷെ പ്രായോഗികമായി ശരിയല്ല എന്ന് തോന്നുമെങ്കിലും സ്ഥായിയായ ജീവിതസമാധാനത്തിനും. നിലനിൽക്കുന്ന ബന്ധങ്ങൾക്കും ഈ സാമ്പത്തികചിന്ത ആവശ്യമാണ്. വായ്പ കൊടുത്ത പണത്തിന്റെ കാര്യമല്ല ഇവിടെ പരാമർശിക്കുന്നത്. പണത്തിന് ദ്രവത്വസ്വഭാവമാണഉള്ളത്. അത് ഒഴുകിക്കൊണ്ടേയിരിക്കും ഒരു വ്യക്തിയിൽനിന്ന് മറ്റൊരാളിലേക്ക്, ഒരു സംവിധാനത്തിൽനിന്ന് മറ്റൊന്നിലേക്ക് എന്നിങ്ങനെയുള്ള ഒഴുക്കിന്റെ ഫലമായാണ് സാമ്പത്തികചംക്രമണം സംഭവിക്കുന്നത്. അതുകൊണ്ട് കറങ്ങുന്നു എന്ന അർത്ഥത്തിൽ സൈക്കിൾ എന്ന പദമാണ് സാമ്പത്തികശാസ്ത്രത്തിൽ ഈ ഒഴുക്കിനെ മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്.ട്രേഡ് സൈക്കിൾ, ബിസിനസ് സൈക്കിൾ എന്നിങ്ങനെ അറിയപ്പെടുന്ന സാമ്പത്തിക സിദ്ധാന്തങ്ങൾക്ക് കാരണമായി നിലകൊള്ളുന്നത് പണത്തിന്റെ ഒഴുക്കാണ്. വ്യക്തിജീവിതത്തിലും അത് ഏറെ പ്രസക്തമാണ്. സമ്പന്നകുടുംബങ്ങൾ ചില തലമുറകൾ പിന്നിടുമ്പോൾ ക്ഷയിക്കുന്നു. ഇന്നലെ തീർത്തും ദരിദ്രമായിരുന്ന കുടുംബങ്ങൾ ഇന്ന് പണക്കാരാവുന്നു. ഒരു അദൃശ്യകരത്തിന്റെ കൈയൊപ്പ് ഇവിടെ ദർശിക്കാനാവുന്നു. ഇവിടെ വ്യക്തിപരമായ ഒരു സമീപനം അനിവാര്യമായിരിക്കുന്നു. നമ്മുടെ ആവശ്യങ്ങൾക്കായി അദ്ധ്വാനിക്കുകയും കരുതുകയും ചെയ്യുന്നതിനോടൊപ്പം അപരനെ സഹായിക്കാനാവുന്നത് ചെയ്യുക. എന്നാൽ കൊടുത്തത് ഓർമയിൽ സൂക്ഷിക്കാതിരിക്കുക. കാരണം ആ വ്യക്തിയിൽനിന്നും തിരിച്ചടി കിട്ടിയാൽ തകർന്നുപോവുന്നത് നമ്മളായിരിക്കും. ജീവിതത്തിൽ കൈപിടിച്ചുനടത്തിയവരെ സ്മരിക്കുകയും പ്രതിനന്ദിയുള്ളവരും ആകാൻ പരിശ്രമിക്കുക. അവർക്ക് ആദ്യപടി കാണിച്ചുതരാൻ മാത്രമെ സാധിക്കുകയുള്ളു. പിന്നീട് ആ ഏണി ഉപയോഗിച്ച് മുന്നോട്ട് പോകുവാനുള്ള ബാധ്യസ്ഥത സ്വീകരിച്ച ആൾക്കാണ്.
എപ്പോഴും ആരെങ്കിലും സഹായത്തിനുണ്ടാവുമെന്ന് ചിന്തിക്കുന്നതും മൗഢ്യമാണ്. കാരണം ഒരു പടി നടന്നതുകൊണ്ടുമാത്രം യാത്ര പൂർത്തിയാവുന്നില്ലല്ലോ. തന്മൂലം ജീവിതസമീപനമാണ് മാറേണ്ടത്. റോസാപ്പൂക്കളുടെ ഇടയിലെ മുള്ളുകളെക്കുറിച്ച് പരാതിപ്പെടാതെ മുള്ളുകൾക്കിടയിലെ റോസാപ്പൂവിനെ കണ്ടെത്താൻ പരിശ്രമിക്കാം.


VIEW ON mathrubhumi.com