ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ മുകേഷ് അംബാനിതന്നെ

മുംബൈ: തുടര്‍ച്ചയായി പത്താംതവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി.
38 ബില്യണ്‍ ഡോളറാ(2.5 ലക്ഷംകോടി രൂപ)ണ് മുകേഷിന്റെ ആസ്തി. ഫോബ്‌സ് മാഗസിന്റെ ആനുവല്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2017-ലാണ് ഈ വിവരങ്ങളുള്ളത്.
വിപ്രോയുടെ അസിം പ്രേംജിയാണ് രണ്ടാമത്. അദ്ദേഹത്തിന്റെ ആസ്തിയാകട്ടെ 19 ബില്യണ്‍ ഡോളറും.
നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സണ്‍ ഫാര്‍മയുടെ ദിലിപ് സാംഘ് വി ഒമ്പതാം സ്ഥാനത്തായി. 12.1 ബില്യണ്‍ ഡോളറാണ് സാംഘ് വിയുടെ മൊത്തം സമ്പാദ്യം.
മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കിടയില്‍ പല കോടീശ്വരന്മാര്‍ക്കും കോടികള്‍ നഷ്ടമായപ്പോള്‍ മുകേഷ് അംബാനിയുടെ സമ്പാദ്യത്തില്‍ 15.3 ബില്യണ്‍ ഡോളറിന്റെ(67ശതമാനം)വര്‍ധനവാണുണ്ടായത്.
മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനി 3.15 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 45ാം സ്ഥാനത്താണ്. 2016ല്‍ 32ാം സ്ഥാനത്തും അതിന് മുന്‍വര്‍ഷം 29ാം സ്ഥാനത്തുമായിരുന്നു അനിലിന്റെ സ്ഥാനം.
പതജ്ഞലിയുടെ ആചാര്യ ബാലകൃഷ്ണയാകട്ടെ, കഴിഞ്ഞവര്‍ഷത്തെ 48ാം സ്ഥാനത്തുനിന്ന് 19ലെത്തി. 43,000 കോടിയോളം(6.55 ബില്യണ്‍ ഡോളര്‍)രൂപയാണ് ബാലകൃഷ്ണയുടെ ആസ്തി.


VIEW ON mathrubhumi.com