ജീലാനി കാംപെയ്ൻ 12-നു തുടങ്ങും

ആത്മീയപ്രഭയിൽ ‘മഅദിൻ ലൈറ്റ് ഓഫ് മദീന’
മലപ്പുറം : മഅദിൻ അക്കാദമിക്കുകീഴിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ആത്മീയസമ്മേളനവും ‘ലൈറ്റ് ഓഫ് മദീന പ്രകീർത്തന സദസ്സും’ സമാപിച്ചു. ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. കാലാന്തരങ്ങൾക്കനുസരിച്ച് മാറ്റംവരുത്തേണ്ട ഒന്നല്ല ഇസ്‍ലാമിന്റെ ആശയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഞായർ മുതൽ നടക്കുന്ന ജീലാനി കാംപെയ്‌നിന്റെ പ്രഖ്യാപനവും തങ്ങൾ നിർവഹിച്ചു. ശൈഖ് മുഹ്യുദ്ദീൻ ജീലാനി ആണ്ട് നേർച്ച, സെമിനാർ, മുഹ്യുദ്ദീൻ മാല ആലാപനം, അന്നദാനം, കിറ്റ് വിതരണം തുടങ്ങിയവ നടക്കും. സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ അധ്യക്ഷനായി.
പരിപാടിയുടെ ഭാഗമായി വിവിധ ട്രൂപ്പുകളുടെ നേതൃത്വത്തിൽ പ്രകീർത്തനസദസ്സും കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്‌മദുൽ ബുഖാരിയുടെ ആണ്ട് നേർച്ചയും നടന്നു. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.