അനധികൃത രാഷ്ട്രീയനിർമിതികൾ നീക്കണമെന്ന് സബ് കളക്ടർ

ഉണ്യാലിൽ സമാധാനം നിലനിർത്തും

തിരൂർ : റവന്യൂ സബ്ഡിവിഷൻ പരിധിയിലെ തീരപ്രദേശങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങളും അടയാളങ്ങളുമായി സ്ഥാപിച്ചിട്ടുള്ള അനധികൃത സ്തൂപങ്ങൾ, ഷെഡുകൾ, ബോർഡുകൾ, കട്ടൗട്ടുകൾ, കൊടിതോരണങ്ങൾ എന്നിവ ഞായറാഴ്ച വൈകീട്ട് അഞ്ചിനകം സ്വമേധയാ നീക്കം ചെയ്യണമെന്ന് തിരൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഉത്തരവിട്ടു. ഭാരതീയ നാഗരിക് സുരക്ഷാസംഹിത സെക്ഷൻ 163 പ്രകാരമാണ് നിർദേശം.

ഉണ്യാൽ ബീച്ചിലും പരിസരപ്രദേശങ്ങളിലും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്യാത്തപക്ഷം തഹസിൽദാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ പൊളിച്ചുമാറ്റുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളിൽനിന്ന് ഈടാക്കുകയും ചെയ്യും.

ബീച്ചിലെ പൊതുചുവരുകളിലെ രാഷ്ട്രീയപാർട്ടി ചിഹ്നങ്ങൾ മായ്ച്ച് നിഷ്പക്ഷമായ പെയിന്റ് അടിക്കാനും നിർദേശമുണ്ട്. ജില്ലാ കളക്ടറുടെയും പോലീസിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സബ് കളക്ടറുടെ കാര്യാലയത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.

വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

പ്രദേശത്തെ സദാചാര പോലീസിങ്ങിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ബീച്ചിലെ ഷെഡുകൾ മറയാക്കി നടക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിനെതിരേ പോലീസ് പരിശോധന ശക്തമാക്കും. പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ യുവാക്കളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ പുനഃസംഘടിപ്പിക്കാനും വെള്ളിയാഴ്ചകളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും.

തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ്, താനൂർ ഡിവൈ.എസ്.പി. സുനിൽ പുളിക്കൻ, തിരൂരിലെ രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.