നിരോധിത പുകയില: സ്‌കൂൾപരിസരത്തെ കടകളിൽ പരിശോധന

കൂട്ടിലങ്ങാടി : കൂട്ടിലങ്ങാടി പഞ്ചായത്ത് പള്ളിപ്പുറം അങ്ങാടിയിൽ വള്ളിക്കാപ്പറ്റ റോഡിൽ ജി.യു.പി. സ്‌കൂളിനു സമീപത്തെ കടയിൽനിന്ന് ഹാൻസ് പായ്ക്കറ്റുകൾ പിടികൂടി. വി.കെ.എം. സ്റ്റോറിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 105 പായ്ക്കറ്റ് ഹാൻസ് പിടികൂടിയത്.
ബുധനാഴ്‌ച രാവിലെ പത്തരയോടെ ആരോഗ്യവകുപ്പ്, പോലീസ്, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ അലവി(67)യെ കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത ഉത്പന്നങ്ങൾ തുടർ നിയമനടപടികൾക്കായി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. രണ്ടുവർഷമായി കടയ്ക്ക് പഞ്ചായത്തിന്റെ പ്രവർത്തന ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
കൂട്ടിലങ്ങാടി ഹെൽത്ത് ഇൻസ്‌പെക്ടർ യു. നദീർ അഹമ്മദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. അബ്ദുൽറഷീദ്, മലപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടർ അജിത്ത്‌കുമാർ, അസി. സബ് ഇൻസ്‌പെക്ടർ പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർ ജിനൂദ്, കൂട്ടിലങ്ങാടി പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഇ. അജയ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പുലാമന്തോൾ : പഞ്ചായത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തെ കടകളിൽ പുകയില ഉത്‌പന്നങ്ങളുടെ വിൽപ്പന തടയാനായി ആരോഗ്യവകുപ്പ്, എക്സൈസ്, പോലീസ് വിഭാഗങ്ങൾ ചേർന്ന് പരിശോധന നടത്തി. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിശ്ചിത ചുറ്റളവിൽ പുകയില ഉത്‌പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരേ പിഴയടക്കമുള്ള നടപടി സ്വീകരിച്ചു. കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് റഫീഖ്, ക്രിസ്റ്റി ജോസ്, എക്സൈസ്-പോലീസ് വിഭാഗങ്ങളിൽനിന്നുള്ള സുനിൽകുമാർ, സതീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ അറിയിച്ചു.