മൂന്ന് വില്ലേജുകളിൽ സർവേ പൂർത്തിയായി

മഞ്ചേരി-ഒലിപ്പുഴ റോഡ് വികസനം
മഞ്ചേരി : മഞ്ചേരി-ഒലിപ്പുഴ റോഡ് വികസനത്തിന് അതിവേഗം. 16.2 കിലോമീറ്റർ നീളത്തിൽ, അഞ്ചു വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
മഞ്ചേരി, നറുകര, വെട്ടിക്കാട്ടിരി വില്ലേജുകളിൽ ഉൾപ്പെട്ട 7.6 കിലോമീറ്റർ ഭാഗത്തെ സർവേ നടപടികൾ ഇതിനകം പൂർത്തിയായി. പാണ്ടിക്കാട് വില്ലേജ് പരിധിയിൽ വരുന്ന ഒരു കിലോമീറ്റർ റോഡിന്റെ സർവേ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.
ഡിജിറ്റൽ സർവേ പൂർത്തിയായ പയ്യനാട് വില്ലേജിലെ 7.6 കിലോമീറ്റർ ഭാഗത്ത് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആധുനിക ആർ.ടി.കെ. മെഷീനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പയ്യനാട് വില്ലേജിലെ നടപടികൾ ഏകോപിപ്പിക്കാനായി സർവേയർമാരായ റിയാസ് പരി, ഫാസിൽ കൊല്ലത്തൊടി, ഫിറോസ് ബാബു വാളപ്ര എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 19-ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ മഞ്ചേരി നഗരസഭാ കൗൺസിൽ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ റോഡ് വികസനം ചർച്ചയായിരുന്നു. മന്ത്രി കർശനനിർദേശം നൽകിയതോടെയാണ് നടപടികൾ വീണ്ടും ആരംഭിച്ചത്. റോഡ് കടന്നുപോകുന്ന മഞ്ചേരി നഗരസഭാ പരിധിയിലെ ഭൂവുടമകളുമായി എം. റഹ്‌മത്തുള്ള എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി ഭൂമി സൗജന്യമായി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.