കറിയുണ്ടാക്കിയില്ല; പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതി കസ്റ്റഡിയിൽ
വണ്ടൂർ : ഉച്ചഭക്ഷണത്തിനു കറിയുണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരിയിലെ കുന്നുമ്മൽ റഷീദാണ് (48) ഭാര്യ ഫസീലയെ (38) കൊലപ്പെടുത്തിയത്. ബുധനാഴ്‌ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. കുടുംബവഴക്കിന്റെ തുടർച്ചയായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
തോട്ടങ്ങൾ പാട്ടത്തിനെടുത്ത് അടയ്ക്ക വ്യാപാരം ചെയ്യുന്ന റഷീദ് മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യ അവിടെയുണ്ടായിരുന്നില്ല. വണ്ടൂരിൽനിന്ന് സാധനങ്ങൾ വാങ്ങി ഫസീല ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയപ്പോൾ കറിയുണ്ടാക്കാത്തത് റഷീദ് ചോദ്യംചെയ്തു. വാക്കുതർക്കത്തിനിടെ അടുത്തുള്ള ഹോട്ടലിൽപ്പോയി ഇയാൾ കറി കൊണ്ടുവന്നെങ്കിലും തർക്കം തുടർന്നു. ഇതിനിടെയാണ് അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയത്. ബഹളംകേട്ട് അയൽവാസികളെത്തുമ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന ഫസീലയെയാണു കണ്ടത്. ഉടനെ റഷീദിന്റെ വാഹനത്തിൽത്തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഷീദിന്റെ അമിത മദ്യപാനംകൊണ്ട് നിരന്തരം കുടുംബപ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും പലതവണ പിണങ്ങിപ്പോയ ഫസീലയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മധ്യസ്ഥതവഹിച്ചാണ് തിരികെ കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഓണാവധിക്ക് തൊടികപ്പുലത്തെ സ്വന്തം വീട്ടിൽപ്പോയി ചൊവ്വാഴ്‌ചയാണ് ഫസീല മടങ്ങിയെത്തിയത്.
വണ്ടൂർ സി.ഐ. ഗോപകുമാറിന്റെയും എസ്.ഐ. എ.പി. ആഷിഫിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. റഷീദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടംചെയ്യും. മൂന്നു മക്കളാണ് ഇവർക്കുള്ളത്.