വൈറ്റ് കെയിൻ ദിനാചരണം

മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നതെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ജില്ലാ ഭരണകൂടം, ലയൺസ് ക്ലബ്ബ്, വള്ളിക്കാപ്പറ്റ സ്‌കൂൾ ഫോർ ദി ബ്ലൈൻഡ്‌സ് എന്നിവർ ചേർന്നുനടത്തിയ ജില്ലാതല വൈറ്റ് കെയിൻ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവിൽസ്റ്റേഷൻ പരിസരത്ത് ‘കാഴ്ചയില്ലായ്മ കാഴ്ചപ്പാടിന്റെ അഭാവമല്ല’ എന്ന സന്ദേശമുയർത്തി വൈറ്റ് കെയിൻ റാലി നടത്തി. കളക്ടറുടെ നേതൃത്വത്തിൽ കണ്ണുകൾ അടച്ചുകെട്ടി നടത്തിയ റാലിയിൽ ലയൺസ് ക്ലബ്ബ് അംഗങ്ങൾ, വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്‌കൂൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വള്ളിക്കാപ്പറ്റ ബ്ലൈൻഡ്‌സ് സ്കൂളും അരീക്കോട് എസ്.ഒ.എച്ച്.എസ്.എസും ചേർന്നുനടത്തുന്ന ‘സ്‌കൂൾ ഓഫ് ടുഗതർനെസ്’ പരിപാടിയുടെ മൂന്നാംഘട്ടമായ ‘സിമ്പയോസിസ്’ ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.

എ.ഡി.എം. പി.ഒ. സാദിഖ് അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഷമീർ മച്ചിങ്ങൽ, ബാബു ദിവാകരൻ, കെ. അബ്ദുൽനാസർ, പി. അബ്ദുറഹ്‌മാൻ, വള്ളിക്കാപ്പറ്റ സ്കൂൾ പ്രഥമധ്യാപകൻ എ.കെ. യാസർ, കെ.എം. അനിൽകുമാർ, അഡ്വ. പ്രസാദ്, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.