ഒലിപ്രം-അത്താണിക്കൽ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി

വള്ളിക്കുന്ന് : അപകടഭീഷണിയുള്ള റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി. റോഡ് റീ-ടാറിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ഒലിപ്രം-അത്താണിക്കൽ റോഡിലെ അപകടഭീഷണി സംബന്ധിച്ച് മാതൃഭൂമി സെപ്റ്റംബർ 16-ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കനകേഷ് അത്തോളിയും വി.ബി. ഒലിപ്പുറവും പരാതി നൽകിയിരുന്നു. തുടർച്ചയായ അപകടങ്ങളും പരാതിയിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം മാതൃഭൂമി റിപ്പോർട്ട് ചെയ്തത്.
അത്താണിക്കൽ ഭാഗത്തുനിന്ന് പാലത്തിലേക്ക് റോഡിലെ കുത്തനെയുള്ള ഇറക്കത്തിനുപിന്നാല വരുന്ന വളവുംകയറ്റവും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോൾ എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങളെ മുൻകൂട്ടിക്കാണാൻ കഴിയാത്തതാണ് പ്രധാനപ്രശ്നം. ചരക്കടവ്, കാഞ്ഞിരപ്പൊറ്റ റോഡുകൾ പ്രധാന റോഡുമായിച്ചേരുന്ന ഭാഗങ്ങളിലും അപകടഭീഷണിയുണ്ട്. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡ് പലയിടങ്ങളിലും ശരിയായ രീതിയിൽ പുനഃസ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.