ബി.എൻ. മല്ലിക് പോലീസ് ടൂർണമെന്റ്: കേരള പോലീസ് പൊക്കി

മലപ്പുറം: തോറ്റു തുടങ്ങിയ പോരാട്ടത്തിൽ കേരള പോലീസിനു കിരീടം. ത്രിപുരയിലെ അഗർത്തലയിൽ നടന്ന ഓൾ ഇന്ത്യ ബി.എൻ. മല്ലിക് പോലീസ് ഫുട്ബോൾ ടൂർണമെന്റിൽ ബംഗാളിനെ 3-1 ന് കീഴടക്കി കേരള പോലീസ് കിരീടം ചൂടി. സജീഷ് ഇരട്ട ഗോൾ നേടിയപ്പോൾ ബേബിൾ ശിവരി ഗിരീഷിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. കേരളത്തിന്റെ ആറാമത്തെ കിരീടമാണിത്.
10 ദിവസത്തെ ടൂർണമെന്റിൽ എട്ടു മത്സരങ്ങളാണ് കേരളം കളിച്ചത്. സി ഗ്രൂപ്പിലെ ആദ്യ കളിയിൽ മേഘാലയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് കേരളം തുടങ്ങിയത്. ആ പാഠത്തിൽ നിന്ന് പിന്നീടുള്ള ഏഴുകളികളും വിജയിച്ചു. സെമിയിൽ മിസോറാമിനെ എതിരില്ലാത്ത നാലു ഗോളിനു കീഴടക്കിയാണ് കാലശക്കളിക്ക് യോഗ്യത നേടിയത്.
22 അംഗ ടീമിൽ മുഴുവൻ പേരും ബൂട്ടണിഞ്ഞു. അടുത്തടുത്ത ദിവസങ്ങളിൽ കളിയുണ്ടായിരുന്നതുകൊണ്ട് എല്ലാവരേയും കോച്ച് സിദ്ദീഖ് കല്ല്യാശ്ശേരി പരീക്ഷിച്ചു. ടൂർണമെന്റിനിടയിൽ സ്റ്റോപ്പർ ബാക്ക് സഫ്വാൻ മേമനക്കു കാലിനു സാരമായി പരിക്കുപറ്റി.
ടെക്നിക്കൽ ഡയറക്ടറായി അനസ് എടത്തൊടിക ചുമതലയേറ്റ ശേഷമുള്ള ആദ്യ കിരീടമാണിത്. കോച്ച് സിദ്ദീഖ് കല്ല്യാശ്ശേരി 2013-ൽ കേരളാ പോലീസ് ടീമംഗമായിരുന്നപ്പോൾ കേരളം ചാമ്പ്യന്മാരായിരുന്നു. 2026-ൽ കേരളം ചാമ്പ്യന്മാരായപ്പോൽ സിദ്ദീഖ് കല്ല്യാശ്ശേരി കോച്ചിന്റെ കുപ്പായമണിഞ്ഞ് റോൾ ഭംഗിയാക്കി.
മലപ്പുറം മൊറയൂർ സ്വദേശി ഷാബാസ് അഹമ്മദാണ് ടീം ക്യാപ്റ്റൻ. അസിസ്റ്റന്റ് കോച്ചിന്റെയും സ്ട്രൈക്കറുടേയും ചുമതല വഹിക്കുന്ന ഫിറോസ് കളത്തിങ്ങൽ ആറു കളികളിൽ ബൂട്ടണിഞ്ഞു. ഫിറോസിന്റെ മൂന്നാമത്തെ ഓൾ ഇന്ത്യാ ബി.എൻ. മല്ലിക് പോലീസ് കിരീടമാണിത്. ഈ സീസണിൽ തഞ്ചാവൂരിൽ നടന്ന ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിലും കേരളം ചാമ്പ്യന്മാരായിരുന്നു.
അനസിനും സിദ്ദിഖിനും കീഴിൽ ഇത്തവണ വലിയ പ്രതീക്ഷകളാണ് കേരളത്തിന്. കേരള പ്രീമിയർ ലീഗ് ലീഗ് ടൂർണമെന്റിൽ ആദ്യ കിരീടമാണ് പ്രഥമ ലക്ഷ്യം. സന്തോഷ് ട്രോഫി ടൂർണമെന്റിനു ശേഷമായിരിക്കും കെ.പി.എൽ.
അഗർത്തലയിൽ നിന്ന് ഗുവാഹത്തിയേലേക്കുള്ള തീവണ്ടി റദ്ദാക്കിയതുകൊണ്ട് ടീമിന്റെ തിരിച്ചുവരവിൽ അനിശ്ചിതത്വമുണ്ട്. മറ്റു ടീമുകളുടെയും അവസ്ഥ സമാനമാണ്. മാനേജർ: എം.എസ്.പി. കമൻഡാന്റ് സലീം. അസിസ്റ്റന്റ് മാനേജർ: മാർട്ടിൻ ഡിക്രൂസ്.