കഥാകൃത്ത് ടി.എന്‍. പ്രകാശ് അന്തരിച്ചു

കണ്ണൂര്‍: കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍. പ്രകാശ് (68) അന്തരിച്ചു. വലിയന്നൂര്‍ വാരത്തെ 'തീര്‍ഥം' വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
2005-ല്‍ 'താപം' എന്ന ചെറുകഥാസമാഹാരത്തിന് മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2006 വരെ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ സൗത്ത് എ.ഇ.ഒ. ആയി. തലശ്ശേരി ഡി.ഇ.ഒ. ആയാണ് വിരമിച്ചത്.
വളപട്ടണംപാലം, ദശാവതാരം, ഇന്ത്യയുടെ ഭൂപടം, സ്‌നേഹദൃശ്യങ്ങള്‍, സൗന്ദര്യലഹരി, കൈകേയി, തണല്‍, വിധവകളുടെ വീട്, കിളിപ്പേച്ച് കേക്കവാ, ചന്ദന, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കഥ, നോവല്‍ എന്നിവയ്ക്ക് പുറമേ നാടകങ്ങള്‍, റേഡിയോ നാടകങ്ങള്‍, ബാലസാഹിത്യം, അനുഭവക്കുറിപ്പുകള്‍, ജീവചരിത്രം, യാത്ര എന്നീ വിഭാഗങ്ങളിലായി 40-ഓളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, ചെറുകഥ ശതാബ്ദി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവുമായിരുന്നു.
അച്ഛന്‍: പരേതനായ എം. കൃഷ്ണന്‍. അമ്മ: പരേതയായ എം. കൗസല്യ. ഭാര്യ: വി. ഗീത(റിട്ട. പ്രഥമാധ്യാപിക, കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: പ്രഗീത്(എന്‍ജിനിയര്‍, കോയമ്പത്തൂര്‍), തീര്‍ഥ. മരുമകള്‍: ശാരിക(അധ്യാപിക, കോയമ്പത്തൂര്‍). സഹോദരി: പരേതായ പുഷ്പ. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 3.30-ന് പയ്യാമ്പലത്ത്.
ടി.എന്‍. പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
Content Highlights: Writer T.N. Prakash paasses away