അകത്തും പുറത്തും തീക്കനല്ച്ചൂട്: പവിത്രന് തീക്കുനി ജീവിതം പാകം ചെയ്യുകയാണ്

കുമ്പള (കാസര്കോട്): വാക്കുകളില് തീച്ചൂട് നിറച്ച് വായനക്കാരുടെ മനസ്സിനെ പൊള്ളുന്ന കവിതകള് കൊണ്ടൂട്ടിയ പവിത്രന് തീക്കുനിയുണ്ടിവിടെ ഈ പാചകപ്പുരയില്. കുമ്പള പെര്വാഡിലെ ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാര്ക്കായുള്ള അടുക്കളയിലാണ് പാചകക്കാരനായും വിളമ്പുകാരനായും കവി പവിത്രന് തീക്കുനി ഓടിനടക്കുന്നത്.
മലയാള സാഹിത്യത്തില് ഇടം നേടി, സാഹിത്യ പുരസ്കാരങ്ങള് വാങ്ങിയ കവിയാണ് ഊട്ടുപുരയിലുള്ളതെന്നറിയില്ല കമ്പനിയിലെ തൊഴിലാളികള്ക്കേറെയും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് രണ്ടരവര്ഷമായി 500-ഓളം ജീവനക്കാര്ക്ക് ഭക്ഷണമുണ്ടാക്കിയെത്തിക്കുന്നത് തീക്കുനി ജോലിചെയ്യുന്ന അടുക്കളയില്നിന്നാണ്. കമ്പനിയുടെ താത്കാലിക ഓഫീസും ഇവിടെയാണ് പ്രവര്ത്തിക്കുന്നത്.
വടകരയിലെ ഒരു പ്രസംഗവേദിയില് കയ്പ്പേറിയ ജീവിതാനുഭവങ്ങള് കേള്ക്കാനിടയായ ഊരാളുങ്കലിന്റെ ചെയര്മാന് രമേശന് പാലേരിയാണ് തനിക്കീ ജോലി തന്നതെന്ന് പവിത്രന് തീക്കുനി പറഞ്ഞു. അടുത്തിടെ പ്രസിദ്ധീകരിച്ച 'ഒരാളില്' എന്ന കവിത അദ്ദേഹത്തിനുള്ളതാണ്. കമ്പനിയില് മികച്ച ജോലി വാഗ്ദാനം ചെയ്തെങ്കിലും സ്നേഹപൂര്വം നിരസിക്കുകയായിരുന്നു. ഏറ്റവും പരിചയമുള്ള ജോലിയാണിത്. കള്ളുഷാപ്പിലെ കറിവെപ്പുകാരനായ അനുഭവം പങ്കുവെച്ച് പവിത്രന് തീക്കുനി പറഞ്ഞു.
കവിയെന്ന നിലയില് നല്ല പരിഗണനയാണ് കമ്പനി നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായൊരു മുറിയും എഴുതാനുള്ള സാഹചര്യവും ഒരുക്കിത്തന്നു. വായനയ്ക്കായി കൂടുതല് സമയം ലഭിക്കുന്നില്ലെന്ന പരിഭവം മാത്രമാണ് ബാക്കി. ലോകസാഹിത്യത്തിലെ വേദനയനുഭവിച്ച എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ചുള്ള കവിതയുടെ പണിപ്പുരയിലാണിപ്പോള്. പരമ്പരയായി പ്രസിദ്ധീകരിക്കാനാണുദ്ദേശിക്കുന്നത്.
Content Highlights: Pavithran Theekkuni, Poet, Mathrubhumi