'ഇന്ത്യയിലെ എത്ര ഭാഷകളെ ഹിന്ദി വിഴുങ്ങിയിട്ടുണ്ടെന്ന് അറിയാമോ? 25 പ്രാദേശിക ഭാഷകള്‍ ഇല്ലാതായി'

ചെന്നൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷകള്‍ പലതും നശിച്ചുപോയത് ഹിന്ദിയുടെ അധിനിവേശം കാരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. അവസാനം എന്തു സംഭവിക്കും എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് തമിഴ്നാട് ത്രിഭാഷാ പദ്ധതിയെ ചെറുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ എത്ര ഭാഷകളെ ഹിന്ദി വിഴുങ്ങിയിട്ടുണ്ടെന്ന് അറിയാമോ എന്ന് മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യാഴാഴ്ച പുറത്തിറക്കിയ കത്തില്‍ സ്റ്റാലിന്‍ ചോദിച്ചു. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ഗഢ്വാളി, കുമയോണി, മാര്‍വാഡി, മാള്‍വി, ഛത്തീസ്ഗഢി, സന്താളി, കുര്‍മാലി തുടങ്ങി 25 ഭാഷകള്‍ ഹിന്ദിയുടെ അധിനിവേശത്തില്‍ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു.
ചില ഭാഷകള്‍ നിലനില്‍പ്പിനായി ചക്രശ്വാസം വലിക്കുകയാണ്. ഏകശിലാത്മകമായ ഹിന്ദിയെന്ന ഭാഷയുടെ പ്രചാരണത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളാണ് പ്രാചീന മാതൃഭാഷകളുടെ നാശത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശും ബിഹാറും ഒരിക്കലും കേവലം ഹിന്ദി ഹൃദയഭൂമികളായിരുന്നില്ല. അവരുടെ യഥാര്‍ഥ ഭാഷകള്‍ ഇപ്പോള്‍ പുരാവസ്തുക്കള്‍ മാത്രമാണ്. അവസാനം എന്താണ് സംഭവിക്കുകയെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് തമിഴ്നാട് ചെറുത്തുനില്‍ക്കുന്നത്. ത്രിഭാഷാ പദ്ധതി വഴി ഹിന്ദിയുടെ മറവില്‍ സംസ്‌കൃതം അടിച്ചേല്‍പ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഡി.എം.കെ. ഹിന്ദിയെ എതിര്‍ക്കുന്നത് അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണെന്ന് സ്റ്റാലിന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദി ബോര്‍ഡുകളില്‍ കരിപൂശുന്ന സംഭവങ്ങളെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
ഹിന്ദി പേരുകളില്‍ കരിപൂശിയാല്‍ ഇവിടെയെത്തുന്ന ഉത്തരേന്ത്യക്കാര്‍ എങ്ങനെ സ്ഥലം മനസ്സിലാക്കും എന്നാണ് ബി.ജെ.പി. നേതാക്കള്‍ ചോദിക്കുന്നത്. ഉത്തരേന്ത്യ സന്ദര്‍ശിക്കുന്ന തമിഴര്‍ എങ്ങനെയാണോ അവിടത്തെ സ്ഥലങ്ങള്‍ മനസ്സിലാക്കുന്നത് അതേപോലെ അവര്‍ക്കും പഠിക്കാവുന്നതേയുള്ളൂ -സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ശ്രമത്തിനെതിരേ, വേണ്ടിവന്നാല്‍ മറ്റൊരു ഭാഷാ സമരത്തിന് തമിഴ്നാട് തയ്യാറാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
Content Highlights: Stalin Accuses Hindi of Killing 25 Indian Languages