‘വിഭാഗീയതകളില്ലാതെ ലോകത്തെ ഒരുമിപ്പിക്കുന്ന മതമാണ് ഫുട്‌ബോൾ’-സന്തോഷ് ഏച്ചിക്കാനം

തൃശ്ശൂർ: ചിതറിക്കിടക്കുന്ന ഭൂഗണ്ഡങ്ങളെ വിഭാഗീയതകളില്ലാതെ ഒരുമിപ്പിക്കുന്ന മതമാണ് ഫുട്‌ബോളെന്ന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. രാഷ്ട്രീയത്തിൽ മതം കലരുന്നതിനു സമാനമായി ഫുട്‌ബോളിലും രാഷ്ട്രീയം കലരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പാറമേക്കാവ് അഗ്രശാലയിൽ മാതൃഭൂമി പുസ്തകോത്സവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ രചിച്ച 'സാംബ, ബ്രസീലിന്റെ ഫുട്‌ബോൾ ഭൂപടം' എന്ന പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.
ഗാനരചയിതാവ് ബി.കെ. ഹരിനാരായണനു നൽകിയായിരുന്നു പ്രകാശനം. ഫുട്‌ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, കെ.എഫ്. ബെന്നി, ഇട്ടിമാത്യു, എഴുത്തുകാരൻ രമേശൻ മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. ലോകകപ്പിൽ 'ആരു വീഴും ആരു വാഴും' എന്ന വിഷയത്തിൽ സംവാദവും നടന്നു.
Content Highlights: Renowned writer Santhosh Echikkanam released journalist M.P. Surendran's book 'Samba, Brazilinte Football Bhoopadam' at the Mathrubhumi Book Festival in Thrissur, noting that football serves as a global religion that unites people despite the growing influence of politics in the sport.