പദ്മരാജൻ പുരസ്‌കാരം പ്രഖ്യാപിച്ചു; സിനിമാപുരസ്‌കാരം ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശിനും

തിരുവനന്തപുരം: 2025-ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പദ്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒഴുകാതെ ഒരു പുഴ എന്ന നോവൽ രചിച്ച ചന്ദ്രമതിയാണ് മികച്ച നോവലിസ്റ്റ്. അരപ്പാതിരി എന്ന ചെറുകഥയുടെ കർത്താവായ ഷനോജ് ആർ. ചന്ദ്രൻ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് യഥാക്രമം 20,000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
എക്കോ എന്ന ചിത്രത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനും ബാഹുൽ രമേശ് മികച്ച തിരക്കഥാകൃത്തിനുമുള്ള ചലച്ചിത്രപുരസ്‌കാരങ്ങൾക്ക് അർഹരായി. 25,000 രൂപയും, ഫലകവും പ്രശസ്തിപത്രവും സംവിധായകനും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും തിരക്കഥാകൃത്തിനും ലഭിക്കും.
പുതുമുഖ രചയിതാവന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനയ്ക്കുള്ള വിസ്മയാസ്മാക്സ് യുവസാഹിത്യ പുരസ്‌കാരം അപരസമുദ്ര നോവൽ എഴുതിയ മിഥുൻ കൃഷ്ണയ്ക്കു ലഭിക്കും. എസ്. ഹരീഷ് അധ്യക്ഷനും രാഹുൽ രാധാകൃഷ്ണൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണു സാഹിത്യപുരസ്‌കാരങ്ങൾ തിരഞ്ഞെടുത്തത്. മധുപാലിന്റെ അധ്യക്ഷതയിൽ വിജയകൃഷ്ണനും സുലോചന രാംമോഹനുമടങ്ങുന്ന സമിതിയാണു ചലച്ചിത്രപുരസ്‌കാരങ്ങൾ നിർണയിച്ചത്. 35-ാമത് പദ്മരാജൻ പുരസ്‌കാരമാണിത്.
പുരസ്‌കാരങ്ങൾ ഓഗസ്റ്റിൽ സമർപ്പിക്കുമെന്ന് പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.
Content Highlights: The 35th Padmarajan Awards have been announced, honoring Chandramathi as the best novelist for Ozhukathe Oru Puzha and Shanoj R Chandran as the best story writer. In the cinema category, Dinjith Ayyathan won best director and Bahul Ramesh won best screenplay for the movie Echo.