കവിതയെന്നുകേട്ടാല്‍ മനസ്സില്‍ തെളിയുക പി.യുടെ രൂപം - എം. മുകുന്ദന്

കാഞ്ഞങ്ങാട്: കവിതയെന്നുകേട്ടാല്‍ ആദ്യം മനസ്സില്‍ തെളിയുക മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ രൂപമാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. കവിയെന്നാല്‍ കുഞ്ഞിരാമന്‍ നായരാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കോളേജ് സാഹിത്യവേദിയുടെ കാഞ്ഞങ്ങാട് കാവ്യോത്സവത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു എം. മുകുന്ദന്‍. എഴുത്തുകാരനെയും കൃതികളെയുമൊക്കെ അപ്രസക്തമാക്കുന്ന കാലമാണ് വരാന്‍പോകുന്നത്. ഇനിയെല്ലാം തീരുമാനിക്കുക നിര്‍മിതബുദ്ധിയായിരിക്കും. അതിനെ അതിജീവിക്കാനാകില്ലെങ്കിലും കരുതിയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എം. മുകുന്ദന്‍ പറഞ്ഞു.
കവി വീരാന്‍കുട്ടി ഉദ്ഘാടനംചെയ്തു. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള നെഹ്റു കോളേജ് സാഹിത്യവേദിയുടെ മഹാകവി പി. പുരസ്കാരം എം. മുകുന്ദന് വീരാന്‍കുട്ടി സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി അധ്യക്ഷനായി.
എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, കെ. രാമനാഥന്‍, ഡോ. കെ.പി. ഷീജ, വി. വിജയകുമാര്‍, ഷജിനാ വര്‍ഗീസ്, ഗോകുല്‍ രമേശ്, എം.കെ. സ്‌നേഹ എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദിയുടെ പൂര്‍വവിദ്യാര്‍ഥി സംഘടന നല്‍കുന്ന മാമ്പൂ പുരസ്‌കാരം യുവ കഥാകൃത്ത് ജയരാമനും ബിജു കാഞ്ഞങ്ങാട് കവിതാ പുരസ്‌കാരം സി.എം. ശ്രീജയയ്ക്കും സമ്മാനിച്ചു.
കോളേജിലെ മലയാളവിഭാഗം അധ്യക്ഷ ഡോ. ധന്യ കീപ്പേരി 'കളിയച്ഛന്‍' കവിതയെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരം നടത്തി. ബി.എ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദിത്യ ഷാജിക്ക് പതിനായിരം രൂപ കാഷ് പ്രൈസ് നല്‍കി.
പാട്ടിന്റെയും കവിതയുടെയും വഴി, വരയും വരിയും, വാര്‍ത്തകള്‍ ഉണ്ടാകുന്നതോ ഉണ്ടാക്കുന്നതോ, അനന്യനായ ആശാന്‍, കവിതയിലെ കലഹങ്ങള്‍, കവിയരങ്ങ് തുടങ്ങിയ സെഷനുകളില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു.
സമാപനദിനമായ ശനിയാഴ്ച കടലിന്റെ കനവുകള്‍, സാമൂഹിക മാധ്യമങ്ങളിലെ ബദല്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം നടക്കും.
Content Highlights: M. Mkundan, Poet P. Kunhiraman nair, Kanhangad literature fest, Nehru college