ആഴമേറിയ വായനയ്ക്ക് ആധ്യാത്മിക പുസ്തകങ്ങള്‍ 'മാതൃഭൂമി' മെഗാ ബുക്ഫെയറില്‍

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'മാതൃഭൂമി' മെഗാ ബുക് ഫെയറില്‍നിന്ന്
പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'മാതൃഭൂമി' മെഗാ ബുക് ഫെയറില്‍നിന്ന്

പാലക്കാട്: ആത്മീയതയുടെ അനന്തലോകത്തേക്ക് അക്ഷരപ്പടവുകള്‍ കയറുന്ന ധാരാളം വായനക്കാരുണ്ട്. അറിവിന്റെ ആശ്വാസത്തുരുത്തിലേക്ക് വായനയെ വലിച്ചുനീട്ടാന്‍ മത, ആധ്യാത്മിക ഗ്രന്ഥങ്ങളുടെ വലിയശേഖരം, ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'മാതൃഭൂമി' മെഗാ ബുക്ക് ഫെയറിനെ ആകര്‍ഷകമാക്കുകയാണ്.

വേദം, പുരാണം, ജ്യോതിഷം, താന്ത്രികവിദ്യ തുടങ്ങിയവയെക്കുറിച്ച് കൂടുതലറിയാന്‍ ധാരാളം പുസ്തകങ്ങള്‍ മേളയിലുണ്ട്. 'ചിന്മയ', 'ദേവി ബുക്സ്', 'വിദ്യാരംഭം', 'പഞ്ചാംഗം പുസ്തകശാല' തുടങ്ങിയ പ്രസാധകരുടെ എല്ലാ പുസ്തകങ്ങളും ആധ്യാത്മികവിഭാഗത്തെ സമ്പന്നമാക്കുന്നുണ്ട്.

സ്വാമി ചിന്മയാനന്ദ വ്യാഖ്യാനംചെയ്ത 'ശ്രീമദ് ഭഗവദ്ഗീത', സ്വാമി സിദ്ധിനാഥാനന്ദയുടെ വ്യാഖ്യാനമുള്ള 'വാത്മീകിരാമായണം' എന്നിവ ശ്രദ്ധയാകര്‍ഷിക്കുന്നു. ഡോ. എസ്. രാധാകൃഷ്ണന്റെ ക്ലാസിക് കൃതിയായ 'ഭാരതീയദര്‍ശനം' തലയെടുപ്പോടെ ശേഖരത്തിലുണ്ട്. മാധവ്ജിയുടെ 'ക്ഷേത്രചൈതന്യ രഹസ്യവും', പൂജാവിധികള്‍ പറയുന്ന തന്ത്രഗ്രന്ഥമായ 'കുഴിക്കാട്ട് പച്ച'യും വേറിട്ടുനില്‍ക്കുന്നു. ഓഷോയുടെയും നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്തിന്റെയും വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ തേടിയും വായനക്കാരെത്തുന്നുണ്ട്.

പുരാണത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും വിവരങ്ങള്‍ ഒറ്റപുസ്തകത്തില്‍ കണ്ടെത്താവുന്നവിധത്തില്‍ തയ്യാറാക്കിയ, വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ലോപീഡിയ' പലരും വാങ്ങിക്കുന്നുണ്ട്. പ്രഭാഷകനായി തിളങ്ങിയ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.

കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിന്റെ അതിജീവനപദ്ധതിയുടെ ഭാഗമായി, കണ്ണാടി വടക്കുമുറിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന 'ടേസ്റ്റ്‌സ് ആന്‍ഡ് ബ്ലെന്‍ഡ്സ്' ഫുഡ് പാര്‍ക്കാണ് മേളയുടെ പ്രായോജകര്‍.

പ്രത്യേക വിലക്കിഴിവ്

ഗവ. വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ എല്ലാ പുസ്തകങ്ങള്‍ക്കുമുള്ള വിലക്കിഴിവിനുപുറമേ, മലയാളം ഹാര്‍ഡ് ബൗണ്ട് പുസ്തകങ്ങള്‍ക്കും ഇംഗ്ലീഷ് ബോക്സ് സെറ്റുകള്‍ക്കും പ്രത്യേക വിലക്കുറവുണ്ട്. വായനശാലകള്‍ക്കും സ്‌കൂള്‍- കോളേജ് ലൈബ്രറികള്‍ക്കും വിലയില്‍ ഇളവുണ്ട്.


 

Content Highlights: mathrubhumi mega book fair in palakkad mathrubhumi books