'മൃഗകലാപങ്ങള്‍' പ്രകാശനം ചെയ്തു

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, മലബാര്‍ കലാപത്തിന്റെ മനുഷ്യേതരചരിത്രങ്ങള്‍ പറയുന്ന മഹമൂദ് കൂരിയയുടെ 'മൃഗകലാപങ്ങള്‍' എന്നപുസ്തകം എഴുത്തുകാര്‍ സംയുക്തമായി പ്രകാശനം ചെയ്തു.
മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന ഈ കൃതി ചരിത്രാന്വേഷകര്‍ക്കും ഗവേഷകര്‍ക്കും പുതിയ വാതിലുകള്‍ തുറക്കുമെന്ന് എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്‍ പറഞ്ഞു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നായകരും പ്രതിനായകരുമില്ലാതെ മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയില്‍ പുതുചിന്തകള്‍ക്ക് വഴിയൊരുക്കുമെന്നും ഇന്ദുഗോപന്‍ അഭിപ്രായപ്പെട്ടു. മനുഷ്യരുടെ കലാപങ്ങളില്‍ മൃഗങ്ങള്‍ എന്ന പേരായിരുന്നു ഉചിതമെന്ന് കഥാകൃത്ത് ഉണ്ണി ആര്‍. പറഞ്ഞു. മൃഗങ്ങള്‍ കലാപം ചെയ്യാറില്ല. കാടിറങ്ങി വരുന്നവരെല്ലാം നമുക്ക് നേരെ കലാപം ചെയ്യുന്നവരാണെന്ന് കരുതുന്ന സാമൂഹ്യസന്ദര്‍ഭത്തിലാണ് മഹമൂദ് കൂരിയയുടെ വ്യത്യസ്തമായ ഈ പുസ്തകം പുറത്തിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനികകേരള സമൂഹസൃഷ്ടിയില്‍ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങള്‍ ചരിത്രത്തില്‍നിന്ന് പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന അന്വേഷണവും ഈ പുസ്തകത്തിലുണ്ട്.
മാതൃഭൂമി ബുക്‌സില്‍ നടന്നചടങ്ങില്‍ വി. മുസഫര്‍ അഹമ്മദ്, ദീപ്ന കുറ്റിയില്‍, ദിനേശന്‍ വടക്കിനിയില്‍ ,അഭിലാഷ് മലയില്‍, ഗായത്രിദേവി, ഗ്രന്ഥകര്‍ത്താവ് മഹമൂദ് കൂരിയ എന്നിവരും സംസാരിച്ചു.
Content Highlights: Mahamood Kooriya, Mrigakalapangal, Unni R, Indugopan, Mathrubhumi Books