ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം; 'ഭാഷായുദ്ധം' കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തുടങ്ങിയ 'ഭാഷായുദ്ധം' തമിഴ്നാടുവിട്ട് മറ്റുസംസ്ഥാനങ്ങളിലേക്കും പടരുന്നു. തമിഴ്ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദോഷകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിലപാട്.
ഭരണഘടനാവ്യവസ്ഥകള്‍, ജനങ്ങളുടെയും പ്രദേശത്തിന്റെയും രാജ്യത്തിന്റെയും ആഗ്രഹങ്ങള്‍, ബഹുഭാഷയോടൊപ്പം ദേശീയഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്ത് ത്രിഭാഷ ഫോര്‍മുല നടപ്പാക്കുന്നത് തുടരുമെന്നാണ് നയത്തില്‍ പറയുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതോടെ 100 വര്‍ഷത്തില്‍ 25 തദ്ദേശീയ ഉത്തരേന്ത്യന്‍ ഭാഷകള്‍ നശിച്ചെന്നാണ് സ്റ്റാലിന്റെ ആരോപണം. ഇത് വിഡ്ഢിത്തമാണെന്ന് ബി.ജെ.പി.യും പറയുന്നു.
കേന്ദ്രശ്രമത്തിനെതിരേ വേണ്ടിവന്നാല്‍ മറ്റൊരു ഭാഷാസമരത്തിന് തമിഴ്നാട് തയ്യാറെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. ദ്വിഭാഷമതിയെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്. സ്‌കൂളില്‍ കുറഞ്ഞത് 15 വിദ്യാര്‍ഥികളെങ്കിലും തമിഴ് തിരഞ്ഞെടുത്താല്‍മാത്രമേ അധ്യാപകരെ നിയമിക്കൂവെന്നും മിക്ക സംസ്ഥാനത്തും ത്രിഭാഷാനയത്തിനുകീഴില്‍ സംസ്‌കൃതത്തിനുമാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തുന്നു. ദേശീയ വിദ്യാഭ്യാസനയം പൂര്‍ണമായി നടപ്പാക്കിയില്ലെങ്കില്‍ സമഗ്രശിക്ഷാ അഭിയാന്‍ പ്രകാരം തമിഴ്നാടിന് ഫണ്ട് നല്‍കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതോടെയാണ് തമിഴ്നാട്ടില്‍ ഭാഷായുദ്ധം തുടങ്ങിയത്.
തെലുഗു നിര്‍ബന്ധം
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ തെലുഗു നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ നിര്‍ദേശം. സ്റ്റേറ്റ് സിലബസിനുപുറമേ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാക്കും. കര്‍ണാടകത്തില്‍ കേന്ദ്രസിലബസിലുള്ള സ്‌കൂളുകളില്‍ എട്ടാംക്ലാസുവരെ കന്നഡ നിര്‍ബന്ധമാണ്.
പഞ്ചാബിയും പഠിക്കണം
സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകള്‍ക്കും കീഴിലുള്ള സ്‌കൂളുകള്‍ക്കും പഞ്ചാബിപഠനം നിര്‍ബന്ധമാക്കി. പഞ്ചാബിഭാഷ പ്രധാന വിഷയമായി പഠിച്ചാല്‍മാത്രമേ പത്താം ക്ലാസ് പാസായതായി കണക്കാക്കൂവെന്നും സര്‍ക്കാര്‍ പറയുന്നു.
ദേശീയ വിദ്യാഭ്യാസനയത്തിലെ ത്രിഭാഷാ സമവാക്യം
ത്രിഭാഷ ഫോര്‍മുല തുടരും. ഒരു ഭാഷയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കില്ല. മൂന്നുഭാഷകളില്‍ രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് സാഹചര്യമനുസരിച്ച് ഭാഷകള്‍ തിരഞ്ഞെടുക്കാം. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകളും അവയിലെ സാഹിത്യ കൃതികളും ഓണ്‍ലൈന്‍ മൊഡ്യൂളുകളായി ലഭ്യമാകും. കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ തുടങ്ങിയ വിദേശഭാഷകളും സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കും. അതത് സംസ്ഥാനത്തെ ത്രിഭാഷാ ഫോര്‍മുല തൃപ്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കാനും ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടാം.
അന്തമാനില്‍ ഒഴികെ മറ്റൊരിടത്തും തമിഴ് പഠിപ്പിക്കുന്നില്ല. കേന്ദ്രീയവിദ്യാലയങ്ങളില്‍ തമിഴ് ഭാഷാ അധ്യാപകരില്ല. ഉത്തര്‍പ്രദേശും ബിഹാറും ഒരിക്കലും ഹിന്ദി ഹൃദയഭൂമി ആയിരുന്നില്ല. അവിടത്തെ യഥാര്‍ഥ ഭാഷകളെ ഹിന്ദി വിഴുങ്ങുകയായിരുന്നു. -എം.കെ. സ്റ്റാലിന്‍, തമിഴ്നാട് മുഖ്യമന്ത്രി
Content Highlights: India`s Language Row: Hindi Imposition Sparks Protests