തൃക്കാക്കര: എന്‍.എസ്. മാധവന്റെയും ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല - കല്പറ്റ നാരായണന്‍

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂവെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.
മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത്. ഈ അര്‍ഥത്തില്‍ എന്‍.എസ്. മാധവനും ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടിവരും. പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ മാറിനില്‍ക്കുകയോ, നിശ്ശബ്ദരാവുകയോ ചെയ്യണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി. നവസങ്കല്പ് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസംഗമത്തില്‍ സംസാരിക്കുകയായിരുന്നു കല്പറ്റ നാരായണന്‍.
കേന്ദ്രത്തിലും കേരളത്തിലും ഏകാധിപത്യപ്രവണത വളരുമ്പോള്‍ എഴുത്തുകാരന്‍ പ്രതിപക്ഷത്തുനിന്ന് പ്രതികരിക്കണം. കോണ്‍ഗ്രസ് വിയോജിക്കുന്നവര്‍ക്കും ഇടംനല്‍കുന്ന പ്രസ്ഥാനമാണ്; എന്നാല്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അങ്ങനെയല്ല -അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനോട് കൂറുപുലര്‍ത്തുന്ന എഴുത്തുകാര്‍ വലിയ ഭീഷണികളെ അതിജീവിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ഇരുള്‍ പതിയെ മായുമെന്നും സൂര്യന്‍ പ്രകാശിക്കുകതന്നെ ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തെപ്പറ്റി തനിക്ക് പറയാനുള്ളതെന്ന് കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
എന്തുകുറ്റവും ചൂണ്ടിക്കാട്ടാമെന്നും തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ കോണ്‍ഗ്രസിന് ഒരു മടിയുമില്ലെന്നും ആമുഖപ്രസംഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കേന്ദ്രത്തിലെയും കേരളത്തിലെയും ഏകാധിപത്യ സര്‍ക്കാരുകള്‍ക്കെതിരേ തിരുത്തല്‍ശക്തിയായി സാംസ്‌കാരികപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസാണ് യഥാര്‍ഥ ഇടതുപക്ഷമെന്ന് മറുപടിപ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. കേരളം ഭരിക്കുന്നത് തീവ്ര വലതുപക്ഷ ആശയക്കാരാണ്. അവരുടെ ഇടതുമുഖംമൂടി ഘട്ടംഘട്ടമായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്.
ദളിത്, സ്ത്രീപക്ഷരാഷ്ട്രീയം കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചയാക്കും. പൊളിറ്റിക്കല്‍ കറക്റ്റ്നസ് എല്ലാ അര്‍ഥത്തിലും പിന്തുടരുമെന്നും സതീശന്‍ പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. അനീസ് ബഷീര്‍, നവാസ് പൂനൂര്‍, ഡോ. ആര്‍സു, ഇ.പി. ജ്യോതി, ഗിരീഷ് പി.സി. പാലം, പി.കെ. സുനില്‍കുമാര്‍, കമാല്‍ വരദൂര്‍, എ. സജീവന്‍, ഖാദര്‍ പാലാഴി, ലത്തീഫ് പറമ്പില്‍, ഡോ. ഷിബി, പ്രൊഫ. ടി.എം. രവീന്ദ്രന്‍, പ്രൊഫ. ഒ.ജെ. ചിന്നമ്മ, ജയരാജ്, പ്രൊഫ. നെടുമുടി ഹരികുമാര്‍, എം.എ. ഷഹനാസ്, ആര്‍.എസ്. പണിക്കര്‍, എം.കെ. രാഘവന്‍ എം.പി., കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്, എ.ഐ.സി.സി. സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, ടി.യു. രാധാകൃഷ്ണന്‍, ആര്യാടന്‍ ഷൗക്കത്ത്, പഴകുളം മധു, കെ. ജയന്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, ജയ്സണ്‍ ജോസഫ്, കാവില്‍ പി. മാധവന്‍, എം. രാജന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Content Highlights: Kalpetta Narayanan, N.S Madhavan, Chullikkad, Thrikkakkara byelection