കളിയച്ഛന് പുരസ്കാരം കലാമണ്ഡലം എം.പി.എസ് നമ്പൂതിരിക്ക്, നവജീവന് പുരസ്കാരം എം.പി.സുരേന്ദ്രന്

തൃശ്ശൂര്: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ പ്രവര്ത്തിക്കുന്ന ചെറുതുരുത്തി കഥകളി സ്കൂളിന്റെ മഹാകവി പി. കുഞ്ഞിരാമന് നായര് സ്മരണയ്ക്ക് ഏര്പ്പെടുത്തിയ ഈ വര്ഷത്തെ കളിയച്ഛന് പുരസ്കാരം പ്രശസ്ത കഥകളി നടന് കലാമണ്ഡലം എം.പി.എസ് നമ്പൂതിരിക്കും നവജീവന് പുരസ്കാരം എം.പി.സുരേന്ദ്രനും സമ്മാനിക്കും.
മഹാകവിയുടെ പ്രശസ്ത കവിതയായ കളിയച്ഛന്റെ സ്മരണയ്ക്കായാണ് കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കളിയച്ഛന് പുരസ്കാരം സമ്മാനിക്കുന്നത്. മഹാകവി പി പത്രാധിപരായി സ്വാതന്ത്യസമര കാലഘട്ടത്തില് കണ്ണൂരില്നിന്നും ഇറക്കിയ നവജീവന് പത്രത്തിന്റെ സ്മരണയ്ക്കായാണ് സാംസ്കാരിക പത്രപ്രവര്ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നവജീവന് പുരസ്കാരം നല്കുന്നത്. 15,000രൂപയും കഥകളിശില്പവും പ്രശസ്തിപത്രവും ഉള്പ്പെടുന്നതാണ് പുരസ്കാരം. പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, വി. മുരളി, കലാമണ്ഡലം ഗോപാലകൃഷ്ണന് എന്നിവര് ഉള്പ്പെട്ട സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
27 -ന് ചെറുതുരുത്തി കേരള കലാമണ്ഡലം നിള ക്യാമ്പസ്സില് നടക്കുന്ന ദേശീയ കഥകളി മഹോത്സവത്തില് കേന്ദ്ര ടൂറിസം പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പുരസ്കാര സമര്പ്പണവും നടത്തും. കലാമണ്ഡലം ഗോപി വിശിഷ്ടാതിഥിയാകും.
പരിപാടിയുടെ ഭാഗമായി കഥകളിനടന് കലാമണ്ഡലം കേശവന് നമ്പൂതിരി, ചുട്ടി കലാകാരി കലാമണ്ഡലം ബാര്ബറ വിജയകുമാര് എന്നിവരെ ഗുരുപൂജ അവാര്ഡ് നല്കി ആദരിക്കും. 28-ന് നടക്കുന്ന സമാപന സമ്മേളനം കെ.രാധാകൃഷ്ണന് എം.പി. ഉദ്ഘാടനം ചെയ്യും. യു.ആര്. പ്രദീപ് എം.എല്.എ, കലാമണ്ഡലം ക്ഷേമാവതി മുഖ്യാതിഥികളാകും.
Content Highlights: MPS Namboothiri won the Kaliyachan Award, MP Surendran the Navajeevan