'സ്ത്രീവിരുദ്ധ പോസ്റ്റിട്ട ഒരാളെ സാഹിത്യോത്സവത്തിൽനിന്ന് വിലക്കി, മറ്റേയാൾക്കെതിരേ നിലവിൽ കേസില്ല'

കേരള സാഹിത്യ അക്കാദമി നടത്തുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ച രണ്ടുപേരില്‍ ഒരാളെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും വിലക്കിയതായി അക്കാദമി അറിയിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. സി.പി. അബൂബക്കറാണ് അക്കാദമിയുടെ സാഹിത്യോത്സവത്തില്‍ ലൈംഗികപീഡന ആരോപണം നേരിടുന്നവരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
സി.പി അബൂബക്കറിന്റെ വിശദീകരണം
അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവത്തിലേക്ക് രണ്ടുപേരെ ക്ഷണിച്ചതില്‍ സോഷ്യല്‍മീഡിയ മുഖേനയും പത്രങ്ങള്‍ വഴിയും ഫോണ്‍ മുഖാന്തരവും ചിലര്‍ എതിര്‍പ്പ് അറിയിക്കുകയുണ്ടായി. തുടര്‍ന്ന് അക്കാദമി ഭാരവാഹികള്‍ ഇക്കാര്യം പരിശോധിച്ചു. അതില്‍ ഒരാളുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ തികച്ചും സ്ത്രീവിരുദ്ധമാണെന്ന് കണ്ടെത്തി. അയാളെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത് വിലക്കുന്ന നടപടികള്‍ കഴിഞ്ഞ ദിവസം തന്നെ സ്വീകരിച്ചു.
രണ്ടാമത്തെയാള്‍ സോഷ്യല്‍മീഡിയയിലോ മറ്റിടങ്ങളിലോ സ്ത്രീവിരുദ്ധമായ ഒരു സമീപനവും സ്വീകരിക്കുന്നതായി കണ്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ പോലീസിലോ കോടതിയിലോ പരാതിയോ കേസോ ഇല്ല. മലയാളകവിതയ്ക്ക് തനതായ സംഭാവനകള്‍ നല്‍കുകയും സ്വന്തമായ ഒരു കാവ്യഭാഷ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കടലെഴുത്തിന്റെ തനതായ ഭാഷയാണത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
സ്ത്രീകള്‍ക്കെതിരായ പീഡനശ്രമങ്ങളെ കേരളസാഹിത്യ അക്കാദമി ശക്തമായി അപലപിക്കുന്നു. അതേസമയം ജീവിതത്തില്‍ എപ്പോഴെങ്കിലും സംഭവിച്ച അപാകത്തിന്റെ പേരില്‍ ആരെയും ആജീവനാന്തം ശിക്ഷിച്ചു കൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് അക്കാദമി കരുതുന്നു. ഏത് ശിക്ഷയും കുറ്റം ചെയ്തയാളെ പരിഷ്‌കരിക്കുന്നതിനുവേണ്ടിയായിരിക്കണമെന്ന് അക്കാദമി കരുതുന്നു.
അക്കാദമിയുടെ സദുദ്ദേശപ്രേരിതമായ നിലപാട് അംഗീകരിച്ച് എല്ലാവരും അക്കാദമിയുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സി.പി അബൂബക്കര്‍, സെക്രട്ടറി,
കേരള സാഹിത്യ അക്കാദമി,
തൃശ്ശൂര്‍
2025 ആഗസ്ത് 4.
കേരള സാഹിത്യ അക്കാദമി സ്ത്രീപീഡകര്‍ക്ക് വേദിയൊരുക്കുന്നു എന്നാരോപിച്ച് ഇന്ദുമേനോന്‍ രംഗത്തുവന്നിരുന്നു. താന്‍ സാഹിത്യോത്സവം ബഹിഷ്‌കരിക്കുകയാണെന്ന് അവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇന്ദുമേനോന് പുറമേ ഹരിതസാവിത്രി, എച്ച്മുക്കുട്ടി തുടങ്ങിയ എഴുത്തുകാരികളും സമാന നിലപാടുമായി രംഗത്തെത്തിയിരുന്നു.
Content Highlights: cp aboobaker reacts on the allegation against kerala sahithya academy literature festival