രജീന്ദ്രകുമാര്‍ ആക്ഷേപഹാസ്യം വിമര്‍ശനത്തിനുള്ള ആയുധമാക്കി - മന്ത്രി പി. രാജീവ്

കോഴിക്കോട്: കാര്‍ട്ടൂണിലൂടെയും കാരിക്കേച്ചറിലൂടെയും ആക്ഷേപഹാസ്യം വിമര്‍ശനത്തിനുള്ള ആയുധമാക്കാന്‍ അന്തരിച്ച രജീന്ദ്രകുമാറിന് കഴിഞ്ഞിരുന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ്ബിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ നടന്ന രജീന്ദ്രകുമാര്‍ അനുസ്മരണയോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയുടെ മേഖലയിലെ പുതിയ അറിവുകള്‍ ഉള്‍ക്കൊണ്ട് നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കാന്‍ രജീന്ദ്രകുമാറിന് കഴിഞ്ഞു. തന്റെ വരകളിലൂടെ കാലാതിവര്‍ത്തിയായി ജീവിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ രജീന്ദ്രകുമാറിന്റെ കാര്ട്ടൂണുകള് എന്നും പുനര്‍വായനയ്ക്ക് അവസരമൊരുക്കുന്നവയാണെന്ന് എം.കെ. രാഘവന് എം.പി. പറഞ്ഞു. ജീവിതത്തിന്റെ അവസാനദിവസംവരെ വരച്ച രജീന്ദ്രകുമാര്‍ 'എക്സിക്കുട്ടന്‍' എന്ന കാര്‍ട്ടൂണില്‍ ഒതുങ്ങിനിന്നയാളല്ലെന്ന് മാതൃഭൂമി പത്രാധിപര്‍ മനോജ് കെ. ദാസ് പറഞ്ഞു.
രജീന്ദ്രകുമാറിന്റെ സൃഷ്ടികള്‍ ചേര്‍ത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് സുധീര്‍നാഥ് പറഞ്ഞു.
ജീവിതത്തില്‍ അവസാനനിമിഷംവരെ തന്റെ സര്‍ഗാത്മകതയെ രജീന്ദ്രകുമാര്‍ കൈവിട്ടില്ലെന്ന് പ്രമുഖ അനിമേറ്റര്‍ സുരേഷ് ഏറിയാട്ട് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആ സൗഭാഗ്യത്തില്‍ നമ്മള് അഭിമാനിക്കണം- സുരേഷ് പറഞ്ഞു.
മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് കെ.ആര്. ഗോപീകൃഷ്ണന്, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്, അജോയ് ചന്ദ്രന്, പി.എസ്. രാകേഷ്, വി.ആര്. രാഗേഷ്, മധൂസ്, കെ.വി.എം. ഉണ്ണി എന്നിവരും സംസാരിച്ചു. രജീന്ദ്രകുമാറിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. രജീന്ദ്രകുമാര്‍ വരച്ച കാരിക്കേച്ചറുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനവുമുണ്ടായിരുന്നു.
Content Highlights: Cartoonist Rajeendra Kumar, Minister P. Rajeev