'പ്രണയിക്കുന്നവരെ പിണക്കാതെ നിരാകരിക്കാന് സക്കറിയയ്ക്ക് എങ്ങനെ കഴിയുന്നു?'- റോസ്മേരി ചോദിക്കുന്നു

മലയാളിയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച കഥകള് മെനഞ്ഞ എഴുത്തുകാരനാണ് സക്കറിയ. റോസ്മേരി ഭാഷയുടെ കരുത്തും സൗന്ദര്യവും ഒരേപോലെ പ്രസരിപ്പിച്ച വരികള് സമ്മാനിച്ച കവയിത്രിയും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണിവര്. രണ്ടുവ്യത്യസ്ത കാലങ്ങളില് ഒരേ ദേശത്തുനിന്ന് തിരുവനന്തപുരത്ത് വന്ന് താമസമാക്കിയവര്. മലയാള സാഹിത്യത്തിന്റെ മുഖങ്ങളായി മാറിയ ഇരുവരും മാതൃഭൂമിക്കുവേണ്ടി ഒന്നിച്ചിരുന്ന് പ്രണയവും ജീവിതവും എഴുത്തും ചര്ച്ച ചെയ്യുന്നു.
സക്കറിയ: ഞങ്ങളുടെ വീടുകള് തമ്മില് 10-12 കിലോമീറ്റര് അകലമുണ്ട്. റോസ്മേരി കാഞ്ഞിരപ്പള്ളി. ഞാന് ഉരുളികുന്നം. പൊതുവേ കാഞ്ഞിരപ്പള്ളിക്കാരെന്നു പറയാം, പാലാക്കാരെന്നും പറയാം. ഞങ്ങളെ ഇന്നുകാണുന്ന ഞങ്ങളാക്കി മാറ്റിയതില് ആ നാടിന് നല്ല പങ്കുണ്ട്.
റോസ്മേരി: കാഞ്ഞിരപ്പള്ളി സവിശേഷ ദേശമാണ്. എന്റെ ചെറുപ്പത്തിലൊക്കെ തികച്ചും എപിക്യൂറിയന് ജീവിതശൈലി പിന്തുടര്ന്നിരുന്ന സമൂഹം. ഞങ്ങളുടെ പ്രപിതാമഹന്മാര് മണ്ണിനോട് മല്ലിട്ട് തോട്ടങ്ങളുണ്ടാക്കി. നെല്ലിനും തെങ്ങിനുമൊന്നും കൊടുക്കുന്ന പരിചരണം റബ്ബര് മരങ്ങള്ക്കാവശ്യമേയില്ല. ഒരിക്കല് നട്ടുപിടിപ്പിച്ചാല് ഏറെക്കാലം ആദായം തരുന്ന അനുഗ്രഹവൃക്ഷം. അടുത്തകാലം വരെ റബ്ബറിന് നല്ല വില കിട്ടുമായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ മിക്ക കുടംബക്കാര്ക്കും തോട്ടങ്ങള് ഉണ്ടായിരുന്നു. തൊഴിലാളികള്ക്ക് എസ്റ്റേറ്റില് എല്ലാദിവസവും ജോലിയുണ്ടാകും. കാഞ്ഞിരപ്പള്ളിയുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും ചരിത്രം പറയുമ്പോള് മര്ഫി സായ്പ്പിനെ മറക്കാന് പറ്റില്ല. അയര്ലന്ഡുകാരനായിരുന്ന ജോണ് ജോസഫ് മര്ഫി എന്ന ചെറുപ്പക്കാരനാണ് റബ്ബര്കൃഷി പരിചയപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളിക്കടുത്ത് ഏന്തയാര് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ആയിരത്തി അഞ്ഞൂറ് ഏക്കറോളം വരുന്ന തോട്ടം. കോട്ടയത്തുകാര്ക്ക് റബ്ബര് പരിചയപ്പെടുത്തുന്നതും ശാസ്ത്രീയമായി കൃഷി ചെയ്യാന് പഠിപ്പിച്ചതും അദ്ദേഹമാണ്. ആ പാത പിന്തുടര്ന്നാണ് ഞങ്ങളുടെ കാര്ന്നോന്മാരൊക്കെ പ്ലാന്റര്മാരാകുന്നത്. മര്ഫിക്കുപിന്നാലെ നിരവധി വെള്ളക്കാരെത്തി. അവരൊക്കെയും തേയില, ഏലം പ്ലാന്റേഷനുകള് ആരംഭിച്ചു. പക്ഷേ, മര്ഫി വ്യത്യസ്തനാവുന്നത് തൊഴിലാളികളോടുള്ള ആത്മാര്ഥ സ്നേഹം കൊണ്ടാണ്. തൊഴിലാളികള്ക്കായി അദ്ദേഹം എസ്റ്റേറ്റിനുള്ളില് ആശുപത്രിയും മെച്ചപ്പെട്ട വീടുകളും നിര്മിച്ചു. സ്കൂളുകള് പണിതു. എന്റെ സമ്പത്ത് എന്റെ തൊഴിലാളികള് കൂടിയാണ് എന്ന് എപ്പോഴും പറയുമായിരുന്നത്രേ.
സ്വാതന്ത്ര്യാനന്തരം മിക്ക വെള്ളക്കാരും തോട്ടങ്ങള് വിറ്റ് സ്വദേശങ്ങളിലേക്ക് മടങ്ങി. പക്ഷേ, മര്ഫി ഇവിടെ തുടരാനാണ് ആഗ്രഹിച്ചത്. തൊഴിലാളികളുടെ കല്ലറയില്ത്തന്നെ തന്നെയും അടക്കണമെന്ന് അദ്ദേഹം നിഷ്കര്ഷിച്ചിരുന്നു. അന്ത്യമടുത്തപ്പോള് അദ്ദേഹം തന്റെ എസ്റ്റേറ്റ് നാട്ടുകാര്ക്ക് വിറ്റു. കിട്ടിയ പണത്തിന്റെ നല്ലൊരു പങ്കും ആശ്രിതര്ക്കും അനാഥാലയങ്ങള്ക്കും വീതിച്ചു നല്കി.
സക്കറിയ: കുതിരപ്പുറത്തായിരുന്നു സായ്പ്പിന്റെ യാത്ര. പ്രദേശത്തെ ആദ്യ ക്ലബ്ബായ 'മുണ്ടക്കയം ക്ലബ്' അദ്ദേഹമാണ് സ്ഥാപിച്ചത്. പാശ്ചാത്യശൈലി അവിടുത്തെ ജീവിതത്തില് കലര്ന്നതില് അദ്ദേഹത്തിന് നല്ല റോളുണ്ട്.
റോസ്മേരി: എന്റെ വല്യപ്പനും വല്യമ്മയും യൂറോപ്പിലും റോമിലുമൊക്കെ പോയി മാസങ്ങളോളം താമസിച്ചിട്ടുണ്ട്. അവിടമൊക്കെ കാണണം എന്ന ആഗ്രഹം ഇവരില് ഉണ്ടായത് ഈ സായ്പ്പുമാരുടെ സ്വാധീനത്താലായിരിക്കണം. പാശ്ചാത്യസ്വാധീനം ഭക്ഷണശീലങ്ങളിലും ജീവിതക്രമത്തിലും പ്രകടമായിരുന്നു. സൂപ്പും കട്ലെറ്റും പുഡ്ഡിങ്ങുമെല്ലാം തീന്മേശകളില് വിളമ്പിയിരുന്നു. പലവീടുകളിലും ബ്രഡ്ഡും കേക്കും ഉണ്ടാക്കാന് ബോര്മകളും പതിവായിരുന്നു. മുന്തിരിവീഞ്ഞും നെല്ലിക്കാവൈനുമൊക്കെ കലവറയിലെ മണ്ഭരണികളില് തയ്യാറാക്കി സൂക്ഷിച്ചു.
മദ്യപാനത്തിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല. അപ്പനമ്മമാരും മക്കളും ഒന്നിച്ചിരുന്നുള്ള മദ്യപാനം അതിശയമുള്ള കാര്യമായിരുന്നില്ല.
മിക്കവീടിനും വിശാലമായ പോര്ട്ടിക്കോയും മുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടവും ഉണ്ടാക്കി. യൂറോപ്യന് മാതൃകയിലുള്ള വൃത്തിയുള്ള ശുചിമുറികള് പണിതു.
സക്കറിയ: 1940-50 കളില് കാഞ്ഞിരപ്പള്ളിയിലെ ധനികര് കൊളോണിയല് ശൈലിയില് വീടുകള് പണിതു. കാറ്റും വെളിച്ചവും യഥേഷ്ടം കയറാവുന്ന തരത്തില് വലിയ ജനലുകളും വരാന്തകളുമൊക്കെ യുള്ള വീടുകള്. ഒരു വശത്ത് വെള്ളക്കാരുടെ ചൂഷണകഥകള് നമ്മുടെ ചരിത്രത്തിലുണ്ട്. മറുവശത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും ജീവിതനിലവാരം ഉയര്ത്തുന്നതിലും അവര് മാതൃകയുമായിരുന്നു.
റോസ്മേരി: ആ ഭാഗത്തുള്ള കൃഷിക്കാര് പകലന്തിയോളം മാടിനെപ്പോലെ പണിയെടുത്ത് പണം സമ്പാദിക്കുകയും കൂട്ടിവെക്കുകയും പുതിയ ഭൂമികള് വാങ്ങിക്കൂട്ടുകയുമായിരുന്നു പതിവ്. ജീവിതം എങ്ങനെ ആസ്വദിക്കണമെന്ന് അവര്ക്കറിയില്ലായിരുന്നു. വെള്ളക്കാരുടെ വരവ് അവരുടെ വീക്ഷണങ്ങളെ മാറ്റിമറിച്ചു. സായ്പ്പിനോടൊത്തുള്ള സഹവാസത്താല് എന്റെ അമ്മയുടെ അപ്പനൊക്കെ അത്താഴത്തോടൊപ്പം രണ്ട് സ്കോച്ച് അകത്താക്കുന്നത് പതിവാക്കി. കുതിരസവാരിയും ശീലമാക്കി. അവരുടെ അഭിരുചികള് മാറിമറിഞ്ഞു.
സക്കറിയ: ഒരുപക്ഷേ, ഒരു കാലത്ത് കേരളത്തിലെ ഏറ്റവും ധനികരായ ക്രിസ്ത്യാനികള് കാഞ്ഞിരപ്പള്ളിയിലും ചുറ്റുപാടുകളിലും ഉള്ളവരായിരുന്നു. എന്റെ ഹൈസ്കൂള് വിദ്യാഭ്യാസം വിളക്കുമാടം സ്കൂളിലായിരുന്നു. സ്കൂളിലേക്ക് നടന്നുപോകുമ്പോഴും തിരിച്ചുവരുമ്പോഴുമൊക്കെ നാട്ടിലെ പ്രധാന ധനികനായ കള്ളിവയലില് പാപ്പന് ചേട്ടന് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാറില് പോകുന്നത് കാണാം. എപ്പോഴും തലേക്കെട്ടുണ്ടാകും. മഹാരാജാവിന്റെ മുമ്പില് മാത്രമേ അത് അഴിക്കുകയുള്ളത്രേ. പാപ്പന് ചേട്ടന് സഞ്ചരിച്ച കാര് റോള്സ്റോയ്സ് ആയിരുന്നെന്ന് വളരെക്കാലം കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്.
റോസ്മേരി: തിരുവനന്തപുരത്ത് വന്നപ്പോഴാണ് വന് തമാശ! ഇവിടെ തലയില് മുണ്ടിട്ട് പരമ രഹസ്യമായിട്ടായിരുന്നു മദ്യപാനം. അഥവാ മദ്യം വിളമ്പിയാല്ത്തന്നെ ടീപോയ്ക്ക് അടിയിലൂടെ ഗ്ലാസ് സാഹസികമായി പിടിച്ച് ഭാര്യയും മക്കളുമൊന്നും അറിയാതെ വേണം അകത്താക്കാന്; ഒരു വലിയ അപരാധം ചെയ്യുന്ന മട്ടില്. കാഞ്ഞിരപ്പള്ളിക്കാരുടെ മദ്യപാനത്തില് ഒരു സര്ഗപരതയുണ്ടായിരുന്നു; മുടിഞ്ഞ കുടിയായിരുന്നില്ല.
സക്കറിയ: മുസ്ലിമെന്നോ ഹിന്ദുവെന്നോ ജൈനനെന്നോ ചിന്തിക്കാത്ത ക്രിസ്ത്യാനികളുടെ ഒരു തലമുറയായിരുന്നു കാഞ്ഞിരപ്പള്ളിയില് ഉണ്ടായിരുന്നത്. വേര്തിരിവിന്റെ ഭാഷകളൊന്നുമുണ്ടായിരുന്നില്ല. ഇന്ന് അതത്ര ഉറപ്പുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ.
റോസ്മേരി: പതിറ്റാണ്ടുകളോളം ഇടിഞ്ഞുപൊളിഞ്ഞുകിടന്ന കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രം പുനരുദ്ധരിക്കാന് തീരുമാനിച്ചപ്പോള് സംഭാവനയുടെ ഏറിയ പങ്കും കൊടുത്തത് ബിസിനസ്സുകാരായ മുസ്ലിങ്ങളും പ്ലാന്റര്മാരായ ക്രിസ്ത്യാനികളുമായിരുന്നു. പത്തുനാല്പത് കൊല്ലം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഇപ്പോള് ആ സാമൂഹികാവസ്ഥയില് ചില ക്ഷുദ്രചിന്താഗതികളൊക്കെ വന്നുകഴിഞ്ഞു.
സക്കറിയ: എന്നെ വളരെ സ്വാധീനിച്ചത് വീട്ടില് വന്ന് ട്യൂഷനെടുത്തിരുന്ന രണ്ട് സാറന്മാരായിരുന്നു. ആളുമ്പില് രാമകൃഷ്ണന് നായര് സാറും ഇല്ലിക്കത്തൊട്ടിയില് നാരായണപിള്ള സാറും. രാമകൃഷ്ണന് നായര് സാര് ഇടയ്ക്ക് വീട്ടില് താമസിച്ചും പഠിപ്പിച്ചു. അദ്ദേഹം അക്കാലത്തെ ഒന്നാന്തരം കമ്യൂണിസ്റ്റായിരുന്നു. എന്റെ അപ്പന് കമ്യൂണിസ്റ്റ് സഹചാരിയുമായിരുന്നു. അവര് തമ്മിലുള്ള സംസാരവും ചര്ച്ചയുമൊക്കെയാണ് എന്റെ തലയില് വെളിച്ചമുണ്ടാക്കിയത്. നാരായണപിള്ള സാര് കഥാപ്രാസംഗികന് കൂടിയാണ്. എന്റെ വീട്ടില് വെച്ചാണ് റിഹേഴ്സല് നടക്കുക. ചവിട്ട് ഹാര്മോണിയമാണ് വായിക്കുക. വളളത്തോളില് നിന്നും ആശാനില് നിന്നും ചങ്ങമ്പുഴയില് നിന്നും വരികളെടുത്ത് കൊളാഷാണ് സാറിന്റെ കഥാപ്രസംഗം. ഇതെല്ലാം കേട്ട് ഞാനിരിക്കും. എന്റെ ഭാവി നിര്ണയിക്കുന്നതില് പങ്കുകൊണ്ടവരും സ്വാധീനം ചെലുത്തിയവരും ഇവരൊക്കെയാണ്.
പിശാച്, നരകം, സ്വര്ഗം, ദൈവം തുടങ്ങിയ സംഗതികളാണ് മതം തന്നത്. തീര്ച്ചയായും അത് ഭാവനയുടെ അസംസ്കൃത പദാര്ഥങ്ങളായിരുന്നു. ഇതിനെയെല്ലാം ഒന്ന് ശമിപ്പിച്ചത് പള്ളിയിലെ പാട്ടായിരുന്നു. ആദ്യകാലത്ത് സുറിയാനിയില് അച്ചന്മാര് തന്നെ അവരാലാവുംവിധം പാടുകയായിരുന്നു പതിവ്. അതുകഴിഞ്ഞ് മലയാളത്തില് പാട്ടുകള് വന്നു. ഒരുപരിധി വരെ പള്ളിയില് സംഗീതാത്മകത വന്നു. പിന്നെ കെ.പി.എ.സിയുടെ പാട്ടുകളും സിനിമാഗാനങ്ങളും വന്നു. ജീവിതത്തില് പാട്ട് നിറഞ്ഞു.
റോസ്മേരി: കുട്ടിക്കാലത്ത് ഭയങ്കര പുണ്യപാപ ഭീതികളായിരുന്നു. മതം കുട്ടികളായ ഞങ്ങളെ പേടിപ്പിച്ചിരുന്നു. മുതിര്ന്നപ്പോള് ഞാന് ക്രിസ്തുവിനെ സ്നേഹിച്ചുതുടങ്ങി. മനസ്സിന് ഉറപ്പുതരുന്ന ഒരാളാണ് ക്രിസ്തു.
സക്കറിയ: നമ്മള് പ്രാര്ഥിക്കുന്നതെല്ലാം അദ്ദേഹം കേള്ക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
റോസ്മേരി: ചേട്ടാ, ഒരു പ്രതീക്ഷ. പ്രണയത്തില് നമ്മള് സ്നേഹിക്കുന്നതുപോലെ മറ്റെയാളും സ്നേഹിക്കുന്നുണ്ട് എന്ന് നമുക്ക് തോന്നാറില്ലേ? യേശു എന്നെ സ്നേഹിക്കുന്നുണ്ട് എന്ന ധാരണയിലാണ് ഞാനങ്ങനെ സ്വസ്ഥമായി മുമ്പോട്ടുപോകുന്നത്. ചെറുപ്പകാലത്ത് കെ.പി.എ.സിയുടെ ഗാനങ്ങള് എന്നെയും ഒത്തിരി സ്വാധീനിച്ചു. അമ്മ ഞങ്ങളെ പാടിയുറക്കിയ താരാട്ടും ഈ നാടകഗാനങ്ങള് തന്നെയായിരുന്നു. കുങ്കുമച്ചാറുമണിഞ്ഞ്, നേരംപോയ് നേരംപോയ്, മണ്ണില് ഈ നല്ല മണ്ണില്... എന്നൊക്കെ തുടങ്ങുന്ന ഗാനങ്ങള് മനസ്സില് ഇപ്പോഴുമുണ്ട്. എന്റെ അപ്പനും അദ്ദേഹത്തിന്റെ ആറുസഹോദരന്മാരും സിനിമയെയും നാടകത്തെയും സംഗീതത്തെയും സാഹിത്യത്തെയും സ്നേഹിച്ചിരുന്നു. അക്ഷരശ്ലോകമത്സരം നടത്തുകയും വള്ളത്തോളിന്റെ 'മദ്ഗലനമറിയ'വും ചങ്ങമ്പുഴയുടെ 'രമണനും' കുമാരനാശാന്റെ 'കരുണ'യുമൊക്കെ വളരെ ഭാവഭംഗിയോടെ ചൊല്ലുകയും ചെയ്യുമായിരുന്നു.
സിനിമകളിലും ജനപ്രിയനോവലുകളിലും കാഞ്ഞിരപ്പള്ളിക്കാരായ ചില കഥാപാത്രങ്ങളെ എന്തിനുംപോന്നവരാക്കി ചിത്രീകരിച്ചിരുന്നില്ലേ. അതൊക്കെ കാണുമ്പോള് കേഴുക പ്രിയ നാടേ എന്ന് വിലപിക്കാന് തോന്നും.
സ്വാതന്ത്ര്യസമരത്തിലും നിവര്ത്തനപ്രക്ഷോഭത്തിലുമൊക്കെ സജീവമായി പങ്കെടുത്ത അക്കാമ്മ ചെറിയാന്, റോസമ്മ പുന്നൂസ് എന്നീ ധീരവനിതകള് കാഞ്ഞിരപ്പള്ളിയുടെ അഭിമാന സന്താനങ്ങളാണ്. അക്കാമ്മാ ചെറിയാന്റെ ഒരു സഹോദരി ലോകമഹായുദ്ധത്തിലൊക്കെ പങ്കെടുത്ത സര്ജനായിരുന്നു.
എന്റെ അപ്പൂപ്പന്റെ കാലം തൊട്ടേ ആളുകള് മദിരാശിയിലും കല്ക്കത്തയിലുമൊക്കെ പോയി ഡിഗ്രിയെടുത്തിരുന്നു. മിക്കവരും നല്ല വായനയുള്ളവര്. എന്റെ അമ്മയുടെ തലമുറതൊട്ടേ പെണ്കുട്ടികളെ ബാംഗ്ലൂരിലും മദ്രാസിലും തൃശ്ശിനാപ്പള്ളിയിലുമൊക്കെ പഠിക്കാനയച്ചിരുന്നു. സ്ത്രീകളില് യാഥാസ്ഥിതികത്വമൊന്നും അടിച്ചേല്പ്പിക്കപ്പെട്ടിരുന്നില്ല. സമ്പത്തിനൊപ്പം വിദ്യാഭ്യാസവും ആവശ്യമാണ് എന്ന് കാഞ്ഞിരപ്പള്ളിക്കാര് തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, ബിരുദമെടുത്തു വന്നവരാരും തന്നെ ജോലിക്കുപോയില്ല. റബ്ബറില് നിന്ന് നല്ല വരുമാനമുണ്ടല്ലോ. ക്ലബ്ബ് ജീവിതം വളരെ സജീവമായിരുന്നു. ചീട്ടുകളിച്ചും, മദ്യപിച്ചും ഹൈറേഞ്ചിലെ തോട്ടങ്ങളില് പോയി നായാടിയും പാനോത്സവങ്ങളുമൊക്കെയായി ഒരു കാര്ണിവല് കൊണ്ടാടുന്നതുപോലെ അവര് ജീവിച്ചു.
ജീവിതത്തിന്റെ അമിതവേഗത നിമിത്തം അവരില് ഒട്ടുമിക്കവരും തന്നെ അമ്പത് വയസ്സോടുകൂടി ഇവിടം വിട്ടുപോയി. അകാലത്തില് വിധവകളാവേണ്ടി വന്ന അവരുടെ ഭാര്യമാര് തോട്ടത്തില് നിന്നടര്ത്തിയെടുത്ത ഏറ്റവും പുതിയ പനിനീര്പ്പൂക്കളുമേന്തി പുലര്കാലങ്ങളില് ഭര്ത്താക്കന്മാരുടെ കുഴിമാടങ്ങള് സന്ദര്ശിക്കുന്നത് ഇപ്പോഴും മനസ്സില് ഉണ്ട്.
സക്കറിയ: ഭയങ്കരമായി വായിക്കുന്നവരുണ്ടായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. സ്വകാര്യ ലൈബ്രറികള് ഒരുപാട് പേര്ക്കുണ്ടായിരുന്നു.
റോസ്മേരി: കേരളത്തിലെ ആദ്യകാലത്തെ പ്രധാനപ്പെട്ട പ്രൈവറ്റ് ലൈബ്രറികളില് ഒന്ന് സഹൃദയ വായനശാലയായിരുന്നു. കെ.ജെ തോമസ് കരിപ്പാപ്പറമ്പില് ആണ് സ്ഥലം വിട്ടുകൊടുത്തത്.
സക്കറിയ: ഡി.സി കിഴക്കേമുറിയും കൂടെയുണ്ട്.
റോസ്മേരി: അദ്ദേഹത്തിന്റെ ആരംഭം സഹൃദയയില് നിന്നാണ്. അതുപോലെ ജനതാ ക്ലബ്ബ് എല്ലാവര്ഷവും മികച്ച നാടകങ്ങള് അവതരിപ്പിക്കും. ഏറെക്കാലം എന്റെ അപ്പനായിരുന്നു ക്ലബ്ബിന്റെ പ്രസിഡന്റ്. കെ.പി. ഉമ്മറിന്റെയും കെ.ടി. മുഹമ്മദിന്റെയുമൊക്കെ കത്തുകള് എനിക്ക് അപ്പന്റെ സൂക്ഷിപ്പില് നിന്നും ഈയിടെ കിട്ടി. നാല്പതുകളിലെ കത്തുകളാണ്.
സക്കറിയ: പൊന്കുന്നം വര്ക്കി ഒരു കെട്ട് പുസ്തകങ്ങളുമായി വീട്ടില് വരുമായിരുന്നു. എന്റെ അപ്പനും വര്ക്കിസാറും കൂടി ബസ്സുപിടിച്ച് കാഞ്ഞിരപ്പള്ളിയ്ക്ക് പോകും. എന്നിട്ട് അപ്പന്റെ ബന്ധങ്ങള് ഉപയോഗിച്ച് ധനികഭവനങ്ങളില് പുസ്തകങ്ങള് വില്ക്കും. വര്ക്കിസാറ് പുസ്തകങ്ങളില് എഴുതിയിരിക്കുന്നത് മുതലാളിമാര്ക്കും പള്ളിയ്ക്കും അച്ചന്മാര്ക്കുമുള്ള ശകാരങ്ങളാണ്. പക്ഷേ, അപ്പനും വര്ക്കിസാറും ചെല്ലുമ്പോള് മുതലാളിമാര് പുസ്തകം വാങ്ങും. രണ്ടുപേര് വീട്ടില് കയറി വന്നതാണല്ലോ. ചിലപ്പോള് രണ്ടുരൂപാ അധികം കൊടുത്ത് അവര്ക്കുള്ള ശകാരമെല്ലാം അവര് വാങ്ങിച്ചുവെക്കും. വൈകുന്നേരമാവുമ്പോഴേക്കും പുസ്തകം വിറ്റ് കാശും വാങ്ങി രണ്ടുപേരും തിരിച്ചുവരും.
റോസ്മേരി: ഞാനെപ്പോഴും ഇങ്ങനെ നല്ല വേഷം ധരിച്ച് ഇരിക്കാന് ഇഷ്ടപ്പെടുന്നയാളാണ്. സാരിയാണ് ഏറെ ഇഷ്ടം. പ്രത്യേകിച്ചും ഹാന്ഡ്ലൂം സാരികള്. പ്രകാശമുള്ള വര്ണങ്ങള് എന്നെ ആകര്ഷിക്കാറുണ്ട്. ആന്ധ്രയിലെയും തമിഴകത്തെയും ബംഗാളിലെയും ഒഡിഷയിലെയുമൊക്കെ വിദൂര ഗ്രാമങ്ങളിലെ നെയ്ത്തുകാര് നെയ്യുന്ന സാരികള് ഉടുക്കുമ്പോള് അവരുടെ വിരല്സ്പര്ശം ഏല്ക്കുന്നതുപോലുള്ള പ്രത്യേക ആനന്ദം എനിക്കനുഭവപ്പെടാറുണ്ട്. പട്ടുവസ്ത്രങ്ങള് ഞാന് തീരെ ധരിക്കാറില്ല. സ്വര്ണാഭരണങ്ങളോടും താല്പര്യമില്ല. മുത്തുമാലകളോളും ചില്ലുവളകളോടുമാണ് ഇഷ്ടം. മലയാളി പുരുഷന്മാര്ക്ക് ഏറ്റവും ഇണങ്ങുന്നത് മുണ്ടാണെന്നാണ് എന്റെ അഭിപ്രായം. ചേട്ടന് പണ്ടൊക്കെ മുണ്ട് ധരിച്ചിരുന്നല്ലോ. ഇപ്പോഴങ്ങനെ കാണാറില്ലല്ലോ?
സക്കറിയ: സ്മാര്ട്ട് ഫോണ് വന്നതോടെ ഞാന് മുണ്ട് ഉപയോഗിക്കാതായി. ഒരു പോക്കറ്റില് പേഴ്സും മറ്റേതില് ഫോണും സൂക്ഷിക്കാന് പാന്റ്സ് വേണം. മുണ്ടിന് അങ്ങനെയൊരു സൗകര്യമില്ലല്ലോ. നമ്മുടെ സൗകര്യം കൂടിയാണ് നമ്മുടെ വസ്ത്രം. എന്റെ മുണ്ടെല്ലാം ഞാന് ഉപേക്ഷിച്ചു. ഒന്നുമാത്രം ഓര്മയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്.
റോസ്മേരി: പള്ളിയില് പോവാറില്ലെങ്കിലും വിശുദ്ധന്മാരില്ലാതെ എനിക്ക് ജീവിക്കാന് പറ്റില്ല. സെയ്ന്റ് ആന്റണിയുടെ കൈയിലാണ് ഞാനെന്റെ ജീവിതമേല്പ്പിച്ചിരിക്കുന്നത്. ചേട്ടന് പള്ളിയില് പോയിട്ടെത്ര കാലമായി?
സക്കറിയ: ആരെങ്കിലും മരിച്ചാല് ശവമടക്കിന് പോകും. അപ്പോള് പള്ളിക്കകത്തേക്ക് കയറും. കല്യാണത്തിന് പോകുമ്പോള് കൂട്ടുകാരെയൊക്കെ കണ്ട് വിശേഷങ്ങള് പറഞ്ഞ് നില്ക്കും.
റോസ്മേരി : ഈശോയെ ചേട്ടന് വിട്ടുകളഞ്ഞതാണോ?
സക്കറിയ: വിട്ടുകളഞ്ഞതല്ല. യേശു ഒരു മനുഷ്യനാണെന്ന് നാലു സുവിശേഷവും വായിച്ചപ്പോള് മനസ്സിലായി. ഒരു നല്ലവന്.
റോസ്മേരി : ദൈവവുമായി നേരിട്ടുള്ള സംഭാഷണമാണ് എനിക്കിഷ്ടം. ചെറുപ്പത്തില് എല്ലാവരും കൂടി ദൈവത്തെ ഒരു ഭീകരനാക്കി. ദൈവം അലിവുള്ളവും ദയാലുവും വിശാലഹൃദയനുമാണെന്ന് വലുതായപ്പോഴാണ് തിരിച്ചറിഞ്ഞത്. അങ്ങനെ ഞാനും ദൈവവും തമ്മില് ഒരു ഹൃദയൈക്യം സ്ഥാപിക്കപ്പെട്ടു.: പുതുതലമുറയിലെ പിള്ളേരെഞാന് സശ്രദ്ധം വീക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാലോകം. അവിടെ അവരെന്തെല്ലാം പുതുമകളാണ് കൊണ്ടുവരുന്നത്. വളരെ വ്യത്യസ്തമായ പ്രമേയങ്ങള്, ഭൂമികകള്, കഥാപാത്രങ്ങള്... സാഹിത്യലോകത്തും മാറ്റങ്ങള് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എഴുതിത്തുടങ്ങുന്ന കാലത്ത് ചേട്ടന് ആരുടെയെങ്കിലും പ്രോത്സാഹനം കിട്ടിയിരുന്നോ?
സക്കറിയ: എന്റെ അധ്യാപകര് പ്രോത്സാഹിപ്പിച്ചിരുന്നു. എഴുതിത്തുടങ്ങുന്ന ആറേഴ് കൊല്ലക്കാലം ഞാന് കേരളത്തില് ഉണ്ടായിരുന്നില്ല. എന്.വി കൃഷ്ണവാരിയരും എം.ടിയുമാണ് ആദ്യത്തെ കഥ സ്വീകരിച്ചത്. മൈസൂരിലെ ലോഡ്ജിലിരുന്ന് കഥ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചു. റിപ്പബ്ലിക് പതിപ്പിലാണ് കഥ വന്നത്. പന്ത്രണ്ട് അണയോ മറ്റോ ആണ് വില. അത് വാങ്ങിക്കാനുള്ള പണം പോലും കൈയിലില്ലായിരുന്നു. എങ്ങനെയോ വാങ്ങി. അതാ കഥ... 'ഉണ്ണി എന്ന കുട്ടി.'
റോസ്മേരി: ഞാന് വൈകിയാണ് എഴുതിത്തുടങ്ങിയത്. ഏതാണ്ട് മുപ്പത് വയസ്സും മൂന്നു മക്കളും ആയിട്ടുണ്ട്. ആയിടെ ഖലീല് ജിബ്രാന്റെ കവിതകള് വായിക്കാനിടയായി. അങ്ങനെ ഗദ്യകവിതകളുടെ മനോജ്ഞത മനസ്സില് പതിഞ്ഞു. ആദ്യകവിത എഴുതിയ കാലത്ത് കലാകൗമുദിയുടെ വിലാസം മാത്രമേ അറിയാമായിരുന്നുള്ളൂ. ആദ്യമായി എഴുതിയതല്ലേ, തപാലില് അയച്ചാല് നഷ്ടപ്പെട്ടാലോ എന്നുകരുതി ഞാന് നേരിട്ടുചെന്ന് ഇ.വി ശ്രീധരനെഏല്പിച്ചു. അക്കാലത്ത് ശ്രീധരന് 'അനഘരത്നങ്ങള്' പോലുള്ള നല്ല ചെറുകഥകള് എഴുതിയിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോള് കലാകൗമുദിയില് 'ചിതറിയ ചില വരികളെക്കുറിച്ച് 'എന്ന എന്റെ ആദ്യകവിത അച്ചടിച്ചു വന്നു. മനസ്സില് അതുവരെ എഴുതപ്പെടാതെ കിടന്ന വരികളെല്ലാം വന്ന് തിക്കുമുട്ടാന് തുടങ്ങുന്നത് ഞാനറിഞ്ഞു. തുടര്ന്നുള്ള മാസങ്ങളില് രണ്ടു കവിതകള് കൂടി കലാകൗമുദിയില് വന്നു. ഒരേ എഴുത്തുകാരുടെ സൃഷ്ടികള് തുടര്ച്ചയായി വന്നാല് പരാതിയുണ്ടാവും എന്നു പറഞ്ഞുകൊണ്ട് ശ്രീധരന് മറ്റുപ്രസിദ്ധീകരണങ്ങളുടെ വിലാസം എനിക്ക് കുറിച്ചുതന്നു.
കവിതകള് വായിച്ചിട്ട് ആറ്റൂരും യു.എ. ഖാദറും വത്സല ടീച്ചറുമുള്പ്പെടെയുള്ള പ്രമുഖരൊക്കെ കത്തുകള് എഴുതുമായിരുന്നു. പിന്നീടെപ്പോഴോ എഴുത്തിന് നീണ്ട നിശ്ശബ്ദത വന്നു.
സക്കറിയ: മാധവിക്കുട്ടിയുടെ ചിലങ്കയ്ക്ക് ഇതില് എന്തെങ്കിലും പങ്കുണ്ടോ?
റോസ്മേരി: കവിത വായനക്കാര് നന്നായി ആഘോഷിച്ച കാലമാണ്. 'എന്റെ ചിലങ്കകളിതാ ഞാന് റോസ്മേരിക്കു കൊടുക്കുന്നു' എന്നു മാധവിക്കുട്ടി പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു പരിഭ്രമം എന്നെ വല്ലാതെ ബാധിച്ചു. വ്യക്തിജീവിതത്തില് വളരെ സ്വതന്ത്രയും സ്വച്ഛന്ദസഞ്ചാരിയുമായിരുന്നിട്ടും എഴുത്തില് ശൂന്യത വന്നു. ആരും എഴുത്തില് കൈകടത്തിയിരുന്നില്ല. ഒരിക്കല് കണ്ടപ്പോള് ഒ.എന്.വി.സാര് ചോദിച്ചു എന്താണ് കവിതകളൊന്നും കാണാത്തതെന്ന്. ഒന്നും പൊട്ടിവിരിയുന്നില്ല എന്നു പറഞ്ഞപ്പോള് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'പൊട്ടിവിരിയാനൊന്നും നില്ക്കണ്ട. ദിവസവും അരമണിക്കൂര് വ്യായാമം പോലെ എന്തെങ്കിലും എഴുതുക.' ആറ്റൂരും ഇതേ കാര്യം തന്നെ പറഞ്ഞു.
സക്കറിയ : അതാണ് ശരി. പൊട്ടിവിരിയാനൊന്നും നില്ക്കരുത്. എഴുതിക്കൊണ്ടേയിരിക്കുക.
റോസ്മേരി: പിന്നെയെനിക്ക് അലസത വന്നു. എഡിറ്റര്മാര് ഓണത്തിനും ക്രിസ്തുമസിനും എഴുതി അയക്കാന് പറഞ്ഞതുകൊണ്ട് ഞാന് എന്തെങ്കിലുമൊക്കെ എഴുതി എന്നുവേണം പറയാന്. ഫെസ്റ്റിവലുകളില് പരിചയപ്പെടുന്നവരില് അധികവും അമ്പതിനും അറുപതിനും ഇടയില് പ്രായമുള്ളവരാണ്. 'പ്രീഡിഗ്രിക്കു പഠിക്കുമ്പോള് ചേച്ചിയുടെ കവിത വായിച്ചിട്ടുണ്ട്, പ്രണയിനിക്ക് കൊടുത്തിട്ടുണ്ട്...' എന്നെല്ലാം അവര് പറയുമ്പോള് കവിതയിലെ ദീര്ഘമൗനം നിമിത്തം ഞാനൊരു ഭൂതകാലസ്മൃതിയായി പരിണമിച്ചിരിക്കുന്നു എന്ന് തോന്നും.
റോസ്മേരി: പരമ്പരാഗത കത്തോലിക്കാ ജീനുകള് എന്റെ പ്രജ്ഞയില് പതിഞ്ഞിട്ടുണ്ട് എന്നുതോന്നുന്നു. സര്ഗാത്മകതയ്ക്കായി വളരെ കുറച്ചു സമയമേ ഞാന് മാറ്റി വെക്കുന്നുള്ളൂ. ബാക്കി മുക്കാല് ഭാഗവും വീടിനും വീട്ടുകാര്ക്കും വേണ്ടിയാണ്.
ഒരുപാട് സ്ത്രീകള് പറയാറുണ്ട് വീടും അടുക്കളയും തടവറയാണെന്ന്. എന്നാല് എനിക്ക് അങ്ങനെ തോന്നാറില്ല. ജലജീവിക്ക് അതിന്റെ തോട് എന്നപോലെയാണ് എനിക്ക് വീട്. എന്റെ ഏറ്റവും വലിയ അഭയസ്ഥാനം വീടാണ്. വീടിനെ വൃത്തിയായും മനോഹരമായും പരിരക്ഷിക്കാന് ഞാന് സമയം കണ്ടെത്തുന്നു.
പാചക പരീക്ഷണങ്ങളും ചിത്രത്തുന്നലുകളും ഉദ്യാനപരിപാലനവുമൊക്കെ ഇഷ്ടമാണ്. വിക്ടോറിയാ രാജ്ഞി തന്റെ സാമ്രാജ്യം ഭരിച്ചിരുന്നത്രയും അഭിമാനത്തോടെയാണ് വീടും പരിസരവും ഭരിച്ചിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
എല്ലാം ഒതുക്കി വരുമ്പോഴേക്കും മനസ്സിലെ കല്പനകളെല്ലാം കാറ്റില് മേഘങ്ങളെന്നപോലെ പറന്നുപോയിട്ടുണ്ടാവും. അങ്ങനെ വിസ്മയകരമായ പല ആശയങ്ങളും കൈവിട്ടുപോയിട്ടുണ്ട്. അതൊക്കെ ഓര്ക്കുമ്പോള് ഖേദമുണ്ട്.
ജീവിതം വിരസമാവാതെ നോക്കുന്നത് സുഹൃത്തുക്കളുടെ സാന്നിധ്യമാണ്. എന്റെ ഭര്ത്താവ് നന്നായി പാടുകയും പാട്ട് ആസ്വദിക്കുകയും ചെയ്യുന്ന ആളാണ്. ഞങ്ങള് ഇടയ്ക്ക് ചങ്ങാതിമാരെയൊക്കെ വിളിച്ച് സംഗീതസദസ്സും മറ്റും നടത്താറുണ്ട്. എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ച് ഞാന് ഓരോ വിഭവങ്ങള് ഉണ്ടാക്കും. എന്റെ ഭര്ത്താവ് പറയും പാചകത്തിന് ഇത്ര സമയം കളയരുത്. ഭക്ഷണം കഴിക്കാനല്ല നമ്മളോടൊപ്പം സംസാരിച്ചിരിക്കാനാണ് അവര് വരുന്നതെന്ന്.
സക്കറിയ: ആതിഥേയത്വത്തിന്റെ രക്തസാക്ഷി എന്നാണ് ഞാന് റോസ്മേരിയെ വിളിക്കുന്നത്.
റോസ്മേരി: എന്റെ സ്വാതന്ത്ര്യത്തില് ഭര്ത്താവെന്ന നിലയില് പ്രിയന് ഇന്നേവരെ ഇടപെട്ടിട്ടില്ല. പക്ഷേ ഞാന് സ്വയം വരച്ചുവെച്ച പാരതന്ത്ര്യങ്ങളുണ്ട്. വീടിനെ വല്ലാതെ സ്നേഹിക്കുക, പാചകത്തിലൂടെ എല്ലാവരെയും സ്നേഹിക്കുക... സമയവും അധ്വാനവും ഇവിടെയൊക്കെ നിക്ഷേപിക്കും. പക്ഷേ, പുതിയ പെണ്കുട്ടികള് മിടുക്കികളാണ്. അവരിങ്ങനെ സമയം കളയുകയൊന്നുമില്ല. ഉറച്ച തീരുമാനമുള്ളവരാണ്. എഴുതുമ്പോള് അരി തിളച്ചോ, കറി കരിഞ്ഞോ എന്നതൊന്നും അവരുടെ പ്രശ്നമല്ല.
റോസ്മേരി: എഴുത്തില് ഞാനിദ്ദേഹത്തിന്റെ ജൂനിയറാണ്.
സക്കറിയ: എഴുത്തുകാരനാവണമെന്ന വിദൂര ചിന്തപോലും മനസ്സില് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് സാഹിത്യം പഠിക്കാന് കാരണം എന്റെ ചേട്ടനാണ്. എന്റെ അപ്പന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയമായിരുന്നു. എന്നിട്ടും ചേട്ടനെ ഡിഗ്രിയ്ക്ക് പഠിപ്പിക്കാനയച്ചത് ബാംഗ്ലൂരിലേക്കായിരുന്നു. ചേട്ടന് പോയി വന്നപ്പോളേക്കും ഞാന് റെഡിയായി നില്പ്പുണ്ട്. എന്നെ മൈസൂരിലേക്കാണ് അപ്പന് അയക്കുന്നത്.
കര്ഷകര്ക്ക് മക്കളെ റബ്ബര്കാട്ടില് നിന്നും കപ്പയുടെ മൂട്ടില്നിന്നും കരകയറ്റി നാഗരികരാക്കണം എന്ന ആശയുണ്ടായിരുന്നു. ചേട്ടന് അവധിക്ക് വരുമ്പോള് കൊണ്ടുവന്ന പുസ്തകങ്ങളില് നിന്നാണ് ഇംഗ്ലീഷ് സാഹിത്യം എന്നൊരു സംഗതി ഉണ്ടെന്ന് ഞാന് മനസ്സിലാക്കുന്നത്.
റോസ്മേരി: ചേട്ടന് ഞങ്ങളുടെ കാഞ്ഞിരപ്പള്ളി കോളേജില് ഇംഗ്ലീഷ് ലക്ചററായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ആദ്യത്തെ പ്രൈവറ്റ് കോളേജാണ്. പ്രീഡിഗ്രി മാത്രമേയുള്ളൂ. ചേട്ടന് വിദ്യാര്ഥികള്ക്കിടയില് പ്രശസ്തന്. എന്റെ രണ്ട് ചേച്ചിമാരെയും ചേട്ടന് പഠിപ്പിച്ചിട്ടുണ്ട് ആനിയെയും മാഗിയെയും.
സക്കറിയ: രണ്ടുപേരെയും എനിക്ക് നന്നായി ഓര്മയുണ്ട്. രണ്ട് പാവാടക്കാരികള്.
റോസ്മേരി: മാതൃഭൂമിയില് ജേണലിസ്റ്റായി ജോലി ചെയ്തു. അന്ന് ഞാനും നിര്മലയും മാത്രമേ വനിതാ ജേണലിസ്റ്റുകളായി അവിടെയുണ്ടായിരുന്നുള്ളൂ. കുഞ്ഞുമക്കളെയും കൊണ്ട് ജോലി മുന്നോട്ടുപോവില്ല എന്നായപ്പോള് രാജി വെച്ചു. തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം തരാമെന്നു പറഞ്ഞെങ്കിലും അവിടെ നൈറ്റ് ഷിഫ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സക്കറിയ: ഇന്ത്യാടുഡേയില് കണ്സള്ട്ടന്റായി കുറച്ചുകാലം ജോലി ചെയ്തു. ഏഷ്യാനെറ്റിന്റെ തുടക്കത്തിന് സഹായിച്ചു. പി.ടി.ഐയുടെ പ്രസാധനവിഭാഗം നടത്തി. അല്ലാതെ ദൈനംദിന പത്രപ്രവര്ത്തനം എന്റെ ജോലിയായിരുന്നില്ല. കോളങ്ങള് എഴുതുന്നുണ്ട്.
പുരുഷന്മാര്ക്ക് ജോലി കഴിഞ്ഞ് അവരവരാകാന് സ്ത്രീകളെ അപേക്ഷിച്ച് എളുപ്പമാണ്. കൂട്ടുകൂടലും മദ്യപാനവും എല്ലാം അവര്ക്കുണ്ട്. വിവാഹിതകളായ സ്ത്രീകള്ക്ക് കുടുംബജീവിതവും ജോലിയും ക്രിയേറ്റിവിറ്റിയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന് എളുപ്പമല്ല എന്നാണ് ഞാന് മനസ്സിലാക്കുന്നത്.
റോസ്മേരി: ചേട്ടനെ പ്രണയിക്കുന്ന മനസ്സുകളെ എനിക്കറിയാം. ചേട്ടന് അതൊന്നും ഗൗനിക്കാതെ മുന്നോട്ടുപോകുന്നു. നിരാകരിക്കപ്പെട്ടെങ്കിലും അവരാരും പിണങ്ങിയിട്ടില്ല. അതെനിക്ക് വലിയ അത്ഭുതമാണ്.
സക്കറിയ: നമ്മള് അവരെയൊന്നും ഉപദ്രവിച്ചിട്ടില്ലല്ലോ.
റോസ്മേരി: എന്നാലും ജീവിതത്തിലെ നല്ല നിമിഷങ്ങളിലേക്കുള്ള ജാലകം കൊട്ടിയടച്ചുകളയുകയല്ലേ?
സക്കറിയ: എനിക്ക് എതിരഭിപ്രായമില്ല. ഇതൊക്കെ നമുക്ക് ഭാവനയില് സൃഷ്ടിക്കാവുന്നതേയുള്ളൂ. സെന്റിമെന്റലിസം ജീവിതത്തിലും സാഹിത്യത്തിലും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കും. അതിഭാവുകതയുള്ള കഥാപാത്രങ്ങളെ ഞാന് സൃഷ്ടിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം.
ഓര്മവെച്ച നാള് തൊട്ട് ഇന്നേവരെയുള്ള എല്ലാ സൗഹൃദവും ഞാന് കാത്തുസൂക്ഷിക്കുന്നുണ്ട്. ഏറ്റവും അടുത്ത സുഹൃത്ത് കെ.വി ജോണ് ഈയിടെ ഷിക്കാഗോയില് മരിച്ചു. ഞാന് അമേരിക്കയില് ചെന്നപ്പോള് ശവകുടീരം സന്ദര്ശിച്ചു. ഞങ്ങളുടെ സൗഹൃദത്തിന്റെ അറുപത്തിമൂന്നാം വര്ഷത്തിലാണ് അദ്ദേഹം വിടപറയുന്നത്. ഒറ്റവാക്കില് പറഞ്ഞാല് സുഹൃത്തുക്കളാണ് എന്റെ ഏറ്റവും വലിയ സ്വത്ത്. വായനയിലെ പ്രബുദ്ധതയിലേക്കും ബൗദ്ധികതയിലേക്കുമെല്ലാം അവരാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്.
റോസ്മേരി: ചേട്ടന് എല്ലാറ്റില് നിന്നും അകലം പാലിക്കുന്നുണ്ട്. എം.ടിയുടെ 'കാല'ത്തിലെ സേതുവിനോട് പറയുന്നതുപോലെ 'സക്കറിയയ്ക്ക് സക്കറിയയോട് മാത്രമേ ഇഷ്ടമുള്ളൂ.'
സക്കറിയ: സ്നേഹിക്കാനറിയാമോ എന്ന് എനിക്കുറപ്പില്ല. എഴുത്തുകാരന് എന്ന നിലയ്ക്ക് എഴുത്തൊഴികെ മറ്റൊന്നിനും മുന്ഗണന ഇല്ല. നല്ലൊരു കുടുംബാംഗമാകാന് കഴിവതുപോലെ ശ്രമിക്കുന്നുണ്ട്. പ്രണയം ഒരു പ്രായത്തില് വളരെ വിലയേറിയതാണ്. വിവാഹം പോലുള്ള വ്യവസ്ഥിതിയിലേക്ക് കടക്കുന്നതോടെ പ്രണയം വിരസമായ സംവിധാനമായി കലാശിക്കും.
റോസ്മേരി : പ്രണയം നമ്മളെ മറ്റൊരു പ്രപഞ്ചത്തിലേക്ക് കൊണ്ടുപോവില്ലേ?
സക്കറിയ: അങ്ങനെ ഞാന് കരുതുന്നില്ല. ആ പ്രപഞ്ചങ്ങളെല്ലാം എഴുത്തിലൂടെ ഉണ്ടാക്കാവുന്നതേയുള്ളൂ. വാക്കുകളിലൂടെ സ്വന്തമാക്കാന് പറ്റാത്തതായി ഒന്നുമില്ല.
റോസ്മേരി: ഭൂതകാല സ്മരണകളും ചരിത്രാവശിഷ്ടങ്ങളും പൗരാണികതയും സ്പന്ദിക്കുന്ന സ്ഥലങ്ങള് കാണാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു രാജ്യത്തിന്റെ പുരോഗതിയിലോ നാഗരികതയിലോ ഒന്നും എനിക്ക് താത്പര്യമില്ല.
സക്കറിയ: എന്റെ മുഴുവന് യാത്രകളുടെയും ആധാരം എസ്.കെ പൊെറ്റക്കാട്ടിന്റെ യാത്രാവിവരണങ്ങളാണ്. എന്റെ അപ്പന് പൊെറ്റക്കാട്ടിന്റെ യാത്രാവിവരണങ്ങളുടെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ ഏതുപുസ്തകം ഇറങ്ങിയാലും അപ്പന് കോട്ടയത്ത് പോയി വാങ്ങും. പൊറ്റക്കാട്ടിനെ വായിച്ച് ലോകം കാണാന് ആഗ്രഹിച്ചു.
വലുതായപ്പോള് നാഷണല് ജ്യോഗ്രഫിക് മാഗസിന് വായിച്ചുതുടങ്ങി. ലോകം ഇങ്ങനെയൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞു. എന്നാണ് പുറത്തുചാടാന് പറ്റുക എന്നതായി പിന്നീടുള്ള ചിന്ത. അങ്ങനെ നാല്പത്തിരണ്ടാം വയസ്സില് യാത്ര തുടങ്ങി. നോര്വേയാണ് ആദ്യം പോയ രാജ്യം.
റോസ്മേരി: ഞാന് ജനിച്ചുവളര്ന്ന പശ്ചാത്തലത്തില് ഒരുപാട് കഥകളുണ്ടായിരുന്നു. തെങ്ങുകയറ്റക്കാരനും മരപ്പണിക്കാരനും ടാപ്പിങ്ങുകാരനും അടുക്കളജോലിക്കാര്ക്കുമെല്ലാം കഥകള് പറയാനുണ്ടായിരുന്നു. മലമ്പാമ്പിനെ നേരിട്ടതും ഏറുമാടത്തില് താമസിച്ചതും പ്രേതത്തെ കണ്ടതുമായ സാഹസിക കഥകള്. ഇതെല്ലാം എന്റെ മനസ്സില് പച്ചപിടിച്ചു കിടന്നു. പക്ഷേ, കഥകളാക്കാന് നോക്കുമ്പോള് അതിന്റെ ക്രാഫ്റ്റ് എനിക്കൊട്ടും വഴങ്ങുന്നില്ല. പരാജയപ്പെട്ട കഥാകൃത്താണ് ഞാന്. അങ്ങനെയാണ് ഞാന് കവിതയെ ആത്മാവിഷ്കാരത്തിന്റെ മേഖലയാക്കിയത്.
സക്കറിയ: ഞാന് ഒരിക്കല് മൂന്നുനാല് കവിതകള് എഴുതി. മാതൃഭൂമിയില് എന്.വി കൃഷ്ണവാരിയര്ക്ക് അയച്ചുകൊടുത്തു. തൃപ്തികരമല്ല എന്ന മറുപടി വന്നു. ഞാനത് 'നാല് കവിതാവസ്തുക്കള്' എന്ന പേരില് കഥയാക്കി അന്നത്തെ യുഗരശ്മിയ്ക്ക് അയച്ചുകൊടുത്തു. (ഇ.കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന് നായരായിരുന്നു യുഗരശ്മിയുടെ എഡിറ്റര്.) യുഗരശ്മിയില് അത് അച്ചടിച്ചു വന്നു. പിന്നെ കവിത എഴുതിയിട്ടില്ല.
റോസ്മേരി : ഞാന് എവിടെയൊക്കെ പോയാലും എത്ര തന്നെ യാത്ര ചെയ്താലും കാഞ്ഞിരപ്പള്ളി എന്റെ ആത്മാവിന്റെ ഭാഗമാണ്. എന്റെ അഞ്ചാം വയസ്സില് ജ്യേഷ്ഠനെ ബോര്ഡിങ് സ്കൂളിലാക്കാന് വന്നപ്പോഴാണ് ഞാന് തിരുവനന്തപുരം നഗരത്തെ ആദ്യമായി കാണുന്നത്. ആദ്യകാഴ്ചയില്ത്തന്നെ സ്നേഹിച്ചുതുടങ്ങി. ഇവിടെ വന്നപ്പോഴാണ് കടല് ആദ്യമായി കാണുന്നത്. ഞങ്ങള്ക്ക് ആകെയൊരു മണിമലയാര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശാലമായ കടലും ഇവിടുത്തെ പ്രാചീനമായ മന്ദിരങ്ങളുമെല്ലാം കണ്ടപ്പോള് എന്നെങ്കിലും ഇങ്ങോട്ട് തിരിച്ചുവരുമെന്ന് ഞാന് തീരുമാനിച്ചിരുന്നു. അങ്ങനെ ഞാന് ബി. എ. പഠിക്കാനായി തിരുവനന്തപുരം മാര് ഇവാനിയോസിലെത്തി. ജേണലിസവും അവിടെത്തന്നെയാണ് പഠിച്ചത്. പിന്നീട് ഞാന് തിരികെ പോയതേയില്ല.
തമിഴ് സംസ്കാരത്തോടും ഭാഷയോടുമുള്ള അഭിനിവേശത്താലാണ് ഞാന് ചിദംബരത്ത് എം.എ. സാഹിത്യം പഠിക്കാന് പോകുന്നത്. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അത്രമേല് അവിസ്മരണീയമായിരുന്നു ആ ഭൂമികയും അവിടുത്തെ സൗഹൃദങ്ങളും.
സക്കറിയ: തിരുവനന്തപുരം സ്വസ്ഥതയുള്ള, മര്യാദയുള്ള നഗരമാണ്. തിരുവനന്തപുരത്തുകാരുടെ സംസാരം ആദ്യം കേള്ക്കുമ്പോള് കുറച്ച് പരുക്കനായി തോന്നും. അവരുടെ രീതി അങ്ങനെയാണ്. പക്ഷേ, നല്ല ആളുകളാണ്. വാസ്തവത്തില് യഥാര്ഥ തിരുവനന്തപുരംകാരെല്ലാം പുറത്തുപോയി. കേരളത്തിന്റെ എല്ലാ ദിക്കില്നിന്നുമുള്ള വരത്തന്മാരാണ് തിരുവനന്തപുരം ഭരിക്കുന്നത്. വരുന്നവരെല്ലാം കുറ്റവും പറയും എന്നാലൊട്ട് തിരിച്ചുപോവുകയുമില്ല.
റോസ്മേരി: യഥാര്ഥ തിരുവനന്തപുരത്തിന് ഒരു ഗ്രാമഹൃദയവും അടിസ്ഥാനപരമായി സൗമ്യമായ കാലാവസ്ഥയുമാണ്. സ്നേഹിച്ചാല് ഈ നഗരം നമ്മെ തിരിച്ച് സ്നേഹിച്ചുകൊണ്ടേയിരിക്കും.
സക്കറിയ: എനിക്ക് ഉരുളികുന്നത്തേക്ക് തിരിച്ചുപോകേണ്ട ആവശ്യം വരുന്നില്ല. എന്റെ സ്ഥലം വിറ്റു. പാലായിലെ അമ്മവീട്ടില് (മേനാമ്പറമ്പില്) എന്റെ കസിന്സ് ഉണ്ട്. അവര് എന്റെ കൂട്ടുകാര് കൂടിയാണ്. മാസത്തില് ഒരുതവണയെങ്കിലും അവിടെ ഞാന് എത്തപ്പെടും. ഉരുളികുന്നത്ത് പോയി താമസിക്കാന് അവസരം കിട്ടിയാലും എനിക്കറിയുന്ന ആളുകള് ഇപ്പോള് കുറവാണ്.
Content Highlights: zacharia rosemary interview love life writing career friendship