88 തികഞ്ഞു എന്നത് മാധവിക്കുട്ടി ഉണ്ടായിരുന്നെങ്കില്‍ സമ്മതിച്ചുതരില്ലായിരുന്നു!

മാധവിക്കുട്ടിയുടെ എണ്‍പത്തിയെട്ടാം പിറന്നാളാണ് ഇന്ന്. മണ്ണില്‍ നിന്നടര്‍ന്നുപോയിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞെങ്കിലും മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ വിശേഷപ്പെട്ട ദിനങ്ങളും മലയാളിയുടേതുകൂടിയാണ്. അത്രമേല്‍ പൊതുസ്വത്താവാന്‍ ഭാഗ്യം സിദ്ധിച്ച മറ്റാരുമില്ലതാനും! ജീവിച്ചിരുന്നപ്പോള്‍ പിറന്നാളിനോട് അമ്മ കാണിച്ച സമീപനത്തെക്കുറിച്ച് മകന്‍ എം.ഡി നാലാപ്പാട്ട് സംസാരിക്കുന്നു.
അമ്മയ്ക്ക് എല്ലാദിവസവും പിറന്നാളായിരുന്നു. വയസ്സ് എന്ന വസ്തുതയോട് അമ്മ എപ്പോഴും മുഖം തിരിച്ചായിരുന്നു നിന്നത്. അമ്മയ്‌ക്കെപ്പോഴും യുവതിയായി ഇരിക്കാനായിരുന്നു ഇഷ്ടം. അതുകൊണ്ടുതന്നെ വയസ്സേറിവരുന്നു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുവരുന്ന ആ വിശേഷദിവസത്തോട് അത്ര പ്രതിപത്തിയില്ലായിരുന്നു. നാലാപ്പാട് തറവാടിന്റെ ജീവിതസ്വാധീനം അമ്മയില്‍ ഉള്ളതിനാല്‍ കുട്ടിക്കാലത്തൊക്കെ പിറന്നാളുകള്‍ ആഘോഷിച്ചിരിക്കാം. സുന്ദരിയാണെന്ന അപാരമായ ബോധം അമ്മയില്‍ എപ്പോഴും നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വയസ്സ് എന്ന സങ്കല്പത്തെ അമ്മ ഗൗനിച്ചിട്ടേയില്ല.
വീട്ടില്‍ അമ്മയുടെ പിറന്നാള്‍ പ്രത്യേകമായി ആഘോഷിച്ചത് എനിക്കോര്‍മയില്ല. അച്ഛന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അമ്മയോടൊപ്പം തന്നെ ഇരിക്കുന്ന ദിവസം വന്നാല്‍ ഞങ്ങള്‍ക്കറിയാം അന്ന് അമ്മയുടെ പിറന്നാളാണെന്ന്. അച്ഛനും അമ്മയും കുറേനേരം ഒരുമിച്ച് സമയം ചിലവഴിക്കും. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന, അമ്മയുടെ കണ്ണില്‍ത്തന്നെ നോക്കിയിരുന്ന് സമയം പോക്കുന്ന അച്ഛനെ കണ്ട് ഞങ്ങള്‍ മക്കള്‍ ഇതെന്തുകഥ എന്ന മട്ടില്‍ പരസ്പരം നോക്കിയിട്ടുണ്ട്. മക്കളെക്കുറിച്ച് തമാശകള്‍ പറഞ്ഞ് ഞങ്ങളെയും ആ സന്തോഷത്തില്‍ ചേര്‍ക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. അഞ്ചാറ് മണിക്കൂര്‍ ഒന്നിച്ചു ചെലവഴിക്കാന്‍ അച്ഛനെ ഒറ്റയ്ക്കു കിട്ടുക എന്നതായിരുന്നു അമ്മയെ സംബന്ധിച്ചിടത്തോളം പിറന്നാള്‍ സവിശേഷത.അന്നുണ്ടാക്കിവെച്ചിട്ടുള്ള ഭക്ഷണം എന്താണോ രണ്ടുപേരും ഒന്നിച്ച് അത് കഴിക്കും. പ്രത്യേക വിഭവങ്ങളൊന്നും ഉണ്ടാക്കില്ല, അമ്മ മധുരപ്രിയയാണ്. പായസം ഒരു വിശേഷദിനവിഭവമേയല്ല വീട്ടില്‍.
അമ്മയുടെ പിറന്നാള്‍ ഓര്‍ത്തുവെച്ച് ഞങ്ങള്‍ മക്കളാരെങ്കിലും വിളിച്ച് ആശംസകള്‍ അറിയിച്ചാല്‍ ഉടനടി മറുപടി വരും: ''എന്തുപിറന്നാള്‍ എനിക്ക് പ്രായമാകുന്നില്ലല്ലോ, ഞാനിപ്പോഴും യുവതിയാണ്''. സത്യത്തില്‍ പിറന്നാള്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് അമ്മയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. പുറത്തുനിന്നുള്ളവര്‍ വിളിച്ച് ആശംസകള്‍ അറിയിക്കുമ്പോള്‍ മറുത്തൊന്നും പറയില്ല. കൂടുതല്‍ കാര്യങ്ങള്‍ അങ്ങോട്ട് പറയാതെ നന്ദി പറഞ്ഞ് ഫോണ്‍ വെക്കും. ''കാറില്‍ പോകുമ്പോള്‍ നമ്മള്‍ ഒരുപാട് മൈല്‍ക്കുറ്റികള്‍ കാണും. എല്ലാ മൈല്‍ക്കുറ്റികളും നമ്മള്‍ എണ്ണിയോര്‍ത്തുവെക്കില്ല. ചിലത് നമ്മുടെ കണ്ണില്‍പ്പെടും''- പിറന്നാളിനെക്കുറിച്ച് അമ്മയുടെ വീക്ഷണം ഇതായിരുന്നു. അമ്മ തന്റെ ജീവിതത്തെ ദീര്‍ഘയാത്രയായിട്ടാണ് കണ്ടിരുന്നത്. വഴിയില്‍ നിര്‍ത്തും, വിശ്രമിക്കും, പിന്നെയും യാത്ര തുടരും. ഇഷ്ടമുള്ളത് കാണുമ്പോള്‍ വീണ്ടും നിര്‍ത്തും അത് സ്വന്തമാക്കി യാത്ര തുടരും.
ഷഷ്ടിപൂര്‍ത്തി, സപ്തതി തുടങ്ങിയ സംഭവങ്ങളുമായി അമ്മയുടെ അടുത്തേക്ക് പ്രവേശിക്കുക തന്നെ വേണ്ടായിരുന്നു. വാനപ്രസ്ഥത്തിലേക്ക് കടക്കുകയാണ് എന്ന ഓര്‍മപ്പെടുത്തലാണ് എന്ന ധാരണ ഉള്ളതിനാലാവാം അമ്മ ഷഷ്ടിപൂര്‍ത്തിയോടും മുഖംതിരിച്ചത്. എന്റെ ഓര്‍മയില്‍ അത്തരത്തിലുള്ള ആഘോഷങ്ങളൊന്നും നടത്താന്‍ അമ്മ സമ്മതിച്ചിട്ടില്ല. ഇന്ന് എണ്‍പത്തിയെട്ട് തികഞ്ഞിരിക്കുന്നു എന്നത് അമ്മയുണ്ടായിരുന്നെങ്കില്‍ സമ്മതിച്ചുതരില്ലായിരുന്നു!
Content Highlights: 88 birth anniversary of indian author kamaladas madhavikutty