'നിന്റെ അച്ഛനാടാ പറയുന്നേ...കത്തി താഴെയിടെടാ' നിസ്സഹായതയുടെ പരകോടിയില്‍ സ്ഥാപിച്ച നടന്റെ ശബ്ദം!

#എം.പി. സുരേന്ദ്രന്‍
തിലകന്‍/ ഫോട്ടോ: ലതീഷ് പൂവത്തൂര്‍
തിലകന്‍/ ഫോട്ടോ: ലതീഷ് പൂവത്തൂര്‍

തന്റെ അഭിനയജീവിതത്തിന്റെ അവസാനരംഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ സുരേന്ദ്രനാഥ തിലകന്‍ എന്ന നടന്‍ ഈ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ ഈ തലവാചകത്തില്‍ പറഞ്ഞതുതന്നെയായിരുന്നു: 'എല്ലാം കാലത്തിനു വിടുന്നു. ഇനി കാലം നിശ്ചയിക്കട്ടെ.'
സിനിമയിലെ ഗ്രൂപ്പുകളും ജാതിസംഘങ്ങളും പുറത്തുനിര്‍ത്തിയതില്‍ പരിഭവപ്പെട്ട ഈ നടന്‍, ഒരിടവേളയ്ക്കുശേഷം ഇന്ത്യന്‍ റുപ്പിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ കഥാപാത്രത്തോടു നായകന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 'എവിടെയായിരുന്നു ഇത്രനാളും?' ആ സിനിമ കാണുന്ന പ്രേഷകരും നെഞ്ചുരുകി ചോദിച്ചിട്ടുണ്ട്, എവിടെയായിരുന്നു ഈ നടന്‍?

വെള്ളിത്തിരയിലും രംഗവേദിയിലും അഭിനയത്തിന്റെ അലൗകികമാതൃകകള്‍ പൊലിപ്പിച്ചെടുത്ത തിലകന്‍ ഈ അഭിമുഖത്തിനിടയിലും കഥാപാത്രസംബന്ധിയായ ചോദ്യങ്ങളുടെ അതിരുവിട്ട് തന്റെ ആത്മക്ഷോഭവും ഭയരഹിതമായ കാഴ്ചപ്പാടുകളും മറച്ചുവെച്ചില്ല. ഏതു കഥാപാത്രത്തിലേക്കും അയത്നലളിതമായി പ്രവേശിക്കാന്‍ കഴിയുന്ന ഈ നടന് അജ്ഞാതമായ മൊറോട്ടോറിയത്തിന്റെ പേരില്‍ ഒരുപാട് കഥാപാത്രങ്ങളെ നഷ്ടമായിട്ടുണ്ട്. പിറക്കാതെപോയ ആ സിനിമകളുടെ പേരിലാണ് തിലകന്‍ വല്ലാതെ വേദനിച്ചത്. ആദ്യത്തെ കൂടിക്കാഴ്ചയില്‍ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കാമെന്ന് വാക്കുതന്ന നടന്‍ രണ്ടു കൂടിക്കാഴ്ചകള്‍ക്കു ശേഷമാണ് രോഗക്കിടക്കയിലേക്കു പോയത്. പിന്നീട് അതു പൂര്‍ത്തിയാക്കാനായില്ല. അപൂര്‍ണ്ണമായ ആ ഇന്റര്‍വ്യൂവിലെ ഭാഗങ്ങള്‍:

മലയാളസിനിമയിലെ ലോബികള്‍ മാറ്റിനിര്‍ത്തിയെന്ന് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ. ആ തിരസ്‌കാരം ഒരു നടനെന്ന നിലയില്‍ ഏതുവിധത്തിലുള്ള പ്രതിരോധമാണ് സൃഷ്ടിച്ചത്?

ജീവിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തില്‍നിന്ന് ബഹിഷ്‌കൃതനാവുമ്പോള്‍ മനുഷ്യന്‍ ഏതറ്റംവരെയും പോകും. പക്ഷേ, ആ മനുഷ്യന്‍ കലാകാരനാവുമ്പോള്‍ അതു ഭ്രാന്തമായ ഒരവസ്ഥയായി മാറും. ഒരു നടന്റെ ജീവിതത്തിലെ വലിയ വെല്ലുവിളിയാണത്. ഒഴിഞ്ഞുപോയ കഥാപാത്രങ്ങളെച്ചൊല്ലി അയാളുടെ മനസ്സ് നീറിക്കൊണ്ടിരിക്കും. വേണമെങ്കില്‍ ആ നഷ്ടത്തെ വ്യക്തിപരമെന്നു വിശേഷിപ്പിക്കാം. സിഡ്നി പൊയ്റ്റിയറുടെ ഒരു കഥാപാത്രത്തെ കണ്ടിട്ട് അതുപോലൊരു വേഷം കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഇവിടെ അതല്ല കാര്യം. അരങ്ങില്‍ നില്‍ക്കുന്ന നടന് അഭിനയവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങളുടെ പേരില്‍ എതിര്‍പ്പ് ഉയര്‍ത്തുകയാണ്. എന്നിലെ നടനെ മാത്രം നോക്കി ചില  സ്‌ക്രിപ്റ്റുകള്‍ എഴുതുന്നവരുണ്ട്. അവര്‍ക്കെങ്കിലും പിന്നീട് മാറ്റിനിര്‍ത്തലിന്റെ പേരില്‍ ഈ കഥാപാത്രത്തെ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഒന്ന് ആലോചിച്ചുനോക്കൂ, കലാകാരന്മാരുടെ സംഘടന തങ്ങളില്‍ ഒരുവനെ മാറ്റിനിര്‍ത്തുകയാണ്. അദൃശ്യമായ ഊരുവിലക്ക് കല്‍പ്പിക്കുകയാണ്. അതിന്റെ പേരില്‍ അയാള്‍ക്ക് വേഷങ്ങള്‍ നഷ്ടമാവുന്നു. മലയാള സിനിമയില്‍ തിലകന്‍ എന്ന നടന് എപ്പോഴും വലിച്ചിട്ട് ഇരിക്കാവുന്ന ഇരിപ്പടമുണ്ടെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ആ നഷ്ടം മലയാള സിനിമയ്ക്കാണ്. ഇതെല്ലാം ഞാന്‍ കാലത്തിനു വിടുന്നു. കാലം നിശ്ചയിക്കട്ടെ. ഞാനിതൊക്കെ പറഞ്ഞുതുടങ്ങിയാല്‍ ഇതൊന്നും പെട്ടെന്ന് അവസാനിക്കുകയുമില്ല. രസിക്കാത്ത സത്യങ്ങള്‍ വീണ്ടും പറയേണ്ടിവരും. ആത്മനിന്ദകൊണ്ട് ചിലരൊക്കെ പുളയുകയും ചെയ്യും. താങ്കള്‍ പറഞ്ഞതുപോലെ കഥാപാത്രങ്ങളിലേക്കുതന്നെ മടങ്ങാം.

വളരെ സൂക്ഷ്മമായ ജീവിതനിരീക്ഷണങ്ങളിലുടെയും ജീവിതപരിസരങ്ങളിലൂടെയുള്ള യാത്രകളിലൂടെയും അനുഭവങ്ങളുടെ ആഴങ്ങളില്‍ കരുത്തോടെ സൂക്ഷിച്ച ചില സവിശേഷതകള്‍ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തില്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. കിരീടത്തിലെ അച്യുതന്‍ നായര്‍ക്ക് അത്തരം അനുഭവങ്ങളുടെ സ്പര്‍ശമോ പൂര്‍വ്വമാതൃകകളോ ഉണ്ടായിരുന്നോ?

ലോഹിതദാസിന്റെ തിരക്കഥ വളരെ ശക്തവും ഘടനാപരമായി സമ്പൂര്‍ണ്ണവുമായിരുന്നു. ഒരുപക്ഷേ ലോഹി, അച്യുതന്‍ നായര്‍ എന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കുമ്പോള്‍, എന്നെ ഓര്‍മ്മിച്ചിട്ടുണ്ടാകാം. പക്ഷേ, ആ തിരക്കഥയില്‍ സമ്പൂര്‍ണ്ണമായ ഒരു വ്യക്തിത്വം ആ കഥാപാത്രത്തിനു നല്‍കിയിരുന്നു. അതൊരു വളവുംതിരിവുമില്ലാത്ത, കഥാപാത്രമായിരുന്നു. അച്യുതന്‍ നായരില്‍ ഒരച്ഛനും പോലീസുകാരനുമുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ സംഘര്‍ഷം അനുഭവിക്കുന്ന കഥാപാത്രമാണിത്. സംവിധായകന്‍ സിബി മലയില്‍ ആ കഥാപാത്രത്തെക്കുറിച്ചു പറയുമ്പോള്‍ ഞാന്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. സമയക്കുറവുമൂലം ഞാനീ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലൊരു മോള്‍ഡ് രൂപപ്പെട്ടുവന്നു. ചിലപ്പോള്‍ അത് എന്റെ മനസ്സിന്റെ ഏതെങ്കിലും ആഴത്തില്‍ കിടക്കുന്ന ഒരച്ഛന്റെ പ്രതീക്ഷയും വേദനയുമായിരിക്കും. പ്രതീക്ഷകളുടെ ഒടുവില്‍ എല്ലാം നഷ്ടപ്പെടുന്ന ഒരച്ഛന്റെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍ ഞാന്‍ ആ കഥാപാത്രത്തില്‍ കണ്ടു. ആദ്യം അച്യുതന്‍ നായര്‍ക്കു വേണ്ട ശബ്ദത്തിന്റെ ടോണ്‍ എങ്ങനെയായിരിക്കണമെന്നാണ് ഞാന്‍ ആലോചിച്ചത്. ആ കഥാപാത്രത്തിന്റെ രൂപസ്വഭാവത്തെ ശബ്ദംകൊണ്ടും, വളരെ നിയന്ത്രിതമായ ചലനംകൊണ്ടും അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. മറ്റൊരു സിനിമയുടെ സെറ്റില്‍നിന്നാണ് ഞാന്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ അഭിനയിക്കാന്‍ എത്തിയത്. മോഹന്‍ലാലിന്റെ സേതു എന്ന കഥാപാത്രം കീരിക്കാടനെ കൊലപ്പെടുത്തിയശേഷം കത്തിയുമായി വെല്ലുവിളിക്കുന്നതായിരുന്നു ആ രംഗം. അച്ഛനായ അച്യുതന്‍ നായര്‍ കത്തിയിടാന്‍ മകനോടു പറയുന്ന വികാരതീവ്രമായ രംഗമാണത്. സന്ധ്യയ്ക്കായിരുന്നു അതിന്റെ ചിത്രീകരണം. വെളിച്ചം കുറഞ്ഞുവന്നു. പക്ഷേ, ഒട്ടേറെ ടേക്കുകള്‍ വേണ്ടിവന്നില്ല. ദേഷ്യവും വേദനയും നിസ്സഹായതയും കലര്‍ന്ന ഒരച്ഛന്റെ ഹൃദയംപൊട്ടുന്ന വാക്കുകള്‍ ഞാന്‍ അതേ റേഞ്ചില്‍ ചെയ്തു, 'കത്തി താഴെയിടെടാ മോനേ, നിന്റെ അച്ഛനാടാ പറയുന്നേ' എന്ന വാക്കുകളുടെ അവസാനം നിസ്സഹായതയുടെ പരകോടിയില്‍ ശബ്ദത്തെ ക്രമീകരിച്ച് അതു നിര്‍ത്തുകയും ചെയ്തു. ലാലുമായുള്ള ആ സീന്‍ മനോഹരമാവുകയും ചെയ്തു.

എന്നാല്‍ നടന്‍ എന്ന നിലയില്‍ സ്ഫടികത്തിലെ ചാക്കോമാഷ് വ്യത്യസ്തമായ സങ്കല്‍പ്പമാണ്. സവിശേഷമായൊരു പിതൃഭാവന. അവിടെ അച്ഛനും ഗുരുവും ഒരാള്‍ തന്നെയാണ്. തന്റെ ഭാവനയിലൂടെ രൂപംകൊണ്ട മൂശയില്‍ത്തന്നെ മകന്‍ വളരണമെന്ന് ആഗ്രഹിച്ചയാള്‍. അതിനെ തിരസ്‌കരിക്കുന്ന മകന്‍ മറ്റു മൂല്യങ്ങള്‍ കണ്ടെത്തുന്നു. ഇതൊരു ദ്വന്ദ്വംതന്നെയല്ലേ?

അതെയതെ. ഒരര്‍ത്ഥത്തില്‍ ചാക്കോമാഷിന്റെ അപരരൂപം തന്നെയാണ് മകന്‍. ഒരാന്റി ഹീറോ. എന്നെ ഞാനതില്‍ കാണുന്നുണ്ട്. ഭദ്രന്‍ ഒരു കഥ പറയാനുണ്ടെന്ന ആമുഖത്തോടെ ചാക്കോമാഷിന്റെ കഥ പറയുമ്പോള്‍ എന്റെ ഉള്ളില്‍ത്തന്നെ ആ കഥാപാത്രമുണ്ടായിരുന്നു. കഥ തുടരുംതോറും ഞാന്‍ കഥാപാത്രത്തെ ഭാവനയില്‍ കാണുന്നുണ്ട്. ഇതെടുത്താല്‍ ഗംഭീരമാവുമെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നപോലെ തോന്നി. ഇനി എന്റെ കാര്യംതന്നെ പറയാം. എല്ലാ പ്രതീക്ഷകളോടും കൂടിയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് പഠിക്കാന്‍ എനിക്കു കഴിഞ്ഞില്ല. പരുക്കനും സത്യസന്ധനുമായ അച്ഛന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പല സ്‌കൂളുകള്‍ മാറിയശേഷം എം.ഡി. സെമിനാരി സ്‌കൂളില്‍ പഠിച്ചുവളരാന്‍ അച്ഛന്‍ വിട്ടു. ഞാനവിടെ വളഞ്ഞു. കോളേജിലും അതുതന്നെ സ്ഥിതി. പ്രശ്നങ്ങള്‍ നേരിടുന്നതിനു വേണ്ടിയാണോ ഞാന്‍ ജനിച്ചതെന്നു തോന്നും. സ്വാഭാവികമായും അച്ഛന്‍ പ്രതീക്ഷിച്ച ലോകത്തിലേക്ക് ഉയരാന്‍ എനിക്കു കഴിഞ്ഞില്ല.

അച്ഛന്റെ സ്നേഹം അന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ?

അച്ഛന്‍ കടുത്ത ചിട്ടക്കാരനായിരുന്നു. സ്നേഹം ഒരിക്കലും പ്രകടിപ്പിച്ചില്ല. ഒരു കര്‍ശനക്കാരന്‍തന്നെ. അച്ഛന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ വരച്ച ഒരു ചിത്രത്തെക്കുറിച്ചു മാത്രമാണ് 'കൊള്ളാം' എന്നു പറഞ്ഞത്. അച്ഛന്റെ നോട്ടംപോലും ശക്തമായിരുന്നു; ശിവന്റെ തൃക്കണ്ണുപോലെ. അച്ഛനു യാതൊരു  സ്നേഹവുമില്ലെന്നാണ് ഞാന്‍ അവസാനംവരെ വിശ്വസിച്ചത്. അച്ഛനും ഞാനും തമ്മിലുള്ള സംഘര്‍ഷപൂര്‍ണ്ണമായ ബന്ധമാണ് ഞാന്‍ ചാക്കോമാഷിലൂടെ അവതരിപ്പിച്ചത്. അച്ഛന്റെ നടത്തവും മാനറിസങ്ങള്‍പോലും എനിക്ക് മനഃപാഠമായിരുന്നു.

ചാക്കോമാഷിന്റെ കാര്യത്തില്‍ പിന്നെയൊന്നും നോക്കേണ്ടിവന്നിട്ടില്ല. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്നു പറയുന്ന കടുവയാണ് ചാക്കോമാഷ്. അതിലുമുണ്ട് ഒരുതരം പെരുന്തച്ചന്‍ കോംപ്ലക്സ്. മകന്റെ പരീക്ഷണങ്ങള്‍ തന്റെ വിചാരഗതിയെ പരിഹസിക്കുകയാണെന്ന് ചാക്കോമാഷ് കരുതുന്നുണ്ട്. ഒടുവില്‍ മകന്‍ വന്ന് ആശ്ലേഷിക്കുമ്പോള്‍, അച്ഛന്റെ ഉള്ളിലുള്ളത് സ്നേഹമാണെന്ന് തിരിച്ചറിയുന്നുണ്ട്. ആകാരത്തിലും ആന്തരികതയിലും ഉള്‍ക്കനമുള്ള ഒരു കഥാപാത്രമാണത്. ആ കഥാപാത്രത്തിന്റെ പുറംതൊണ്ടുതന്നെ മാത്തമാറ്റിക്സ് ഒഴികെയുള്ള എന്തിനോടുമുള്ള ക്രുദ്ധതയാണ്. ആ നടത്തത്തില്‍ ഞാന്‍ കൊണ്ടുവന്ന കൂസലില്ലായ്മ അച്ഛന്റെ നടത്തത്തിന്റെ പകര്‍പ്പുതന്നെയാണ്. ചില വൈവിദ്ധ്യങ്ങളും വ്യതിയാനങ്ങളും കൊണ്ടുവന്നിട്ടുമുണ്ട്. ചാക്കോമാസ്റ്ററുടെ സാമൂഹികവും മതപരവുമായ വ്യക്തിത്വത്തെക്കുറിച്ച് പഠിച്ചുതന്നെയാണ് ഞാന്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്.

സ്ഫടികത്തിലെ ലാലിന്റെ കഥാപാത്രത്തെ അതിശയിക്കണം എന്ന വിചാരം എപ്പോഴെങ്കിലും തോന്നിയിരുന്നില്ലേ?

ലാലുമായുള്ള എന്റെ കെമിസ്ട്രി എനിക്കെന്നപോലെ ലാലിനും ഗുണം ചെയ്തിട്ടുണ്ടാകും. കോമ്പിനേഷന്‍ സീനുകളില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. നല്ല നടന്മാരോടൊത്താകുമ്പോള്‍ എന്റെ റേഞ്ചിനെക്കുറിച്ച് എനിക്ക് ആത്മവിശ്വാസം തോന്നാറുണ്ട്. ലാല്‍ നല്ല അഭിനേതാവാണ്. അതില്‍ ആര്‍ക്കും സംശയമില്ല. അങ്ങനെയുള്ള ഒരു നടനുമായുള്ള സീനുകളില്‍ മോശമാകരുത് എന്നൊരു ശാസന എന്റെയുള്ളില്‍നിന്ന് പുറപ്പെടാറുണ്ട്.

മോഹന്‍ലാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍കൂടിയാണ്?

നമ്മുടെ സിനിമയുടെ ഏറ്റവും വലിയ പരാജയം സൂപ്പര്‍സ്റ്റാറുകളില്‍ കേന്ദ്രീകരിച്ച പ്രശ്നങ്ങളാണ്. വിപണിയുടെ മൂല്യത്തെ തട്ടിച്ചുനോക്കി, കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന സമ്പ്രദായമാണിത്. പക്ഷേ, മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ ഏര്‍പ്പാടുകള്‍ അഭിനയസങ്കല്‍പ്പത്തെയാണ് തകര്‍ത്തത്. ഇതിനെ പരസ്യമായി എതിര്‍ത്തത് ഞാന്‍ മാത്രമാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിക്കാന്‍ മറ്റു നടന്മാരും സംവിധായകരും ഭയപ്പെടുന്നു. അവരുടെ തണലില്‍ നില്‍ക്കാനാണ് പലര്‍ക്കും താത്പര്യം. സംവിധായകര്‍ നിശ്ചയിച്ചുറപ്പിച്ച കഥാപാത്രങ്ങളെപ്പോലും അവര്‍ ശിങ്കിടികള്‍ക്കുവേണ്ടി റാഞ്ചുന്നു. നിങ്ങളെപ്പോലെ ഒരാള്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതുകൊണ്ടു ചോദിക്കുകയാണ് അഭിനയത്തില്‍ എവിടെയാണ് സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, സഹനടന്‍, ഹാസ്യനടന്‍ വേര്‍തിരിവുകള്‍?

ഇല്ലേയില്ല. താരങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ കഥയുടെ പൊതുസ്വഭാവത്തെ മാറ്റിമറിക്കുന്ന രീതികള്‍ തൊണ്ണൂറുകളില്‍ കടന്നുവന്നിട്ടുണ്ട്. ഇത് സിനിമയുടെ ഗുണനിലവാരത്തെത്തന്നെ ബാധിച്ചിട്ടില്ലേ?

അതാണ് യാഥാര്‍ത്ഥ്യം. ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കലാരൂപമെന്ന നിലയില്‍ സിനിമയുടെ വളര്‍ച്ചയെയാണ് ഈ രീതികള്‍ തകര്‍ത്തത്. ഇത് മലയാള സിനിമയില്‍ സംഭവിച്ചു എന്നതാണ് വിചിത്രം. നാം വലിയ സാംസ്‌കാരികപശ്ചാത്തലം ഉള്ളവരല്ലേ? അമ്മയുമായും സൂപ്പര്‍സ്റ്റാറുകളുമായും ഞാന്‍ ചെയ്തത് വെറും യുദ്ധമൊന്നുമല്ല.

ചില സംവിധായകരുടെ സിനിമകള്‍ കഥാപാത്രത്തിലല്ല കേന്ദ്രീകരിക്കുന്നത്. കഥാഘടനയില്‍ത്തന്നെയാണ്. ഇത്തരം സിനിമകളില്‍ താങ്കളുടെ കഥാപാത്രങ്ങള്‍ നായകതുല്യമായി വളരുന്നുണ്ട്. നായകനല്ലാത്ത നടന് ഉയരം കൂടുകയാണ്. ഇത് ഒരുതരം ആന്തരികമായ മത്സരംതന്നെയായി വിശേഷിപ്പിക്കപ്പെടാറുണ്ട്. പെട്ടെന്നു തോന്നുന്നത് സന്ദേശത്തിലെ രാഘവന്‍ നായര്‍? അല്ലെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ?

രാഘവന്‍ നായരുടെ കാര്യം പറയാം, ഈ കഥാപാത്രത്തെക്കുറിച്ച് വളരെ വിശദമായി സത്യന്‍ (സത്യന്‍ അന്തിക്കാട്) എനിക്ക് പറഞ്ഞുതന്നു. അതു സംവിധായകന്‍ പറയുന്നത് കഥാപാത്രത്തിന്റെ പൊതുസ്വഭാവമല്ല. പൊതുസ്വഭാവം ഒരു തടിപോലെയാണ്. ഫാസിലും സത്യനും തായ്ത്തടി മാത്രമല്ല ശിഖരങ്ങളും ഇലകളും പൂക്കളും കായ്കളും കാണിച്ചുതരും. കഥാപാത്രത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളും നടനു ലഭിക്കും. പുറമേ നോക്കുമ്പോള്‍ രാഘവന്‍ നായര്‍ക്ക് വലിയ സവിശേഷതകളൊന്നുമില്ല. പക്ഷേ, ആ സിനിമയിലെ കേന്ദ്രകഥാപാത്രം ആ അച്ഛനാണ്. ഒതുക്കി അഭിനയിക്കേണ്ട വേഷം. തമിഴ്നാട്ടിലെ ഏതോ കാട്ടുമുക്കിലെ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്ത് ആ നാടിന്റെ ഭാഷയും സംസ്‌കാരവും ശീലിച്ച ഒരാള്‍. കേരളത്തിലെ സാമൂഹികാവസ്ഥയും പൊതുശീലങ്ങളും അയാള്‍ക്ക് അറിയില്ല. മടങ്ങിവരവിനുശേഷം കേരളത്തിലെ കാര്യങ്ങളെല്ലാം തെല്ലൊരു പുതുമയോടെയാണ് അയാള്‍ നോക്കുന്നത്. മക്കള്‍ കാണിക്കുന്നതൊക്കെ നല്ല ബുദ്ധിയുള്ള കാര്യങ്ങളാണെന്ന് ആ പാവത്താന്‍ കരുതുന്നു. പതുക്കപ്പതുക്കെ അയാള്‍ കാര്യങ്ങള്‍ അറിയാന്‍ തുടങ്ങുന്നു. സൗമ്യതയുള്ള ആ കഥാപാത്രം പിന്നെയങ്ങോട്ട് പ്രക്ഷുബ്ധതയിലേക്കു നീങ്ങുകയാണ്. ഒടുവില്‍ കഠിനമായ ജീവിതപരീക്ഷണങ്ങളെ അയാള്‍ നേരിടുന്നു. ഒരു കഥാപാത്രത്തിന്റെ സ്വാഭാവികവും ക്രമാനുഗതവുമായ ജീവിതാനുഭവങ്ങളുടെ വളര്‍ച്ചയാണ് ഞാന്‍ ആ കഥാപാത്രത്തില്‍ കണ്ടത്. വളരെ നിയന്ത്രിതമായ ചലനങ്ങളിലൂടെ, സൗമ്യമായ റെണ്ടറിങ്ങിലൂടെ ഞാന്‍ ആ കഥാപാത്രത്തെ സമീപിച്ചു. ഇതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ ശബ്ദത്തെ ഞാന്‍ നന്നായി ഉപയോഗിച്ചിട്ടുള്ള ചിത്രമാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമയ്ക്ക് ഒരു നാടകസ്പര്‍ശം ഞാന്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ അയാള്‍ നടനായി അഭിനയിക്കുകയാണല്ലോ. നടന് ഒരു ശരീരഭാഷയുണ്ട്. ഇത്തരം കഥാപാത്രങ്ങളുടെ വ്യക്തിത്വരൂപീകരണത്തില്‍ സംവിധായകനുമായി നല്ലൊരു കൊടുക്കല്‍വാങ്ങല്‍ നടക്കുന്നുണ്ട്.

കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്ന കാര്യത്തില്‍പ്പോലും അതു നടക്കുന്നുണ്ടോ?

ഇല്ല. ഞാന്‍ പൊതുവേ, നടനും സംവിധായകനും തമ്മില്‍ ഉണ്ടാകേണ്ട ബന്ധത്തെക്കുറിച്ചു പറഞ്ഞു എന്നേയുള്ളൂ. ശബ്ദത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ഹോംവര്‍ക്ക് ചെയ്യാറുണ്ട്. പെരുന്തച്ചന്‍, ചിലമ്പ്, കുടുംബസമേതം, ഏകാന്തം തുടങ്ങിയ ഒട്ടുമുക്കാല്‍ ചിത്രങ്ങളിലും ഞാന്‍ ശബ്ദത്തിന്റെ നിയന്ത്രണത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് മാര്‍ലന്‍ ബ്രാന്‍ഡോയുടെ ജൂലിയസ് സീസര്‍ കാണുന്നത്. മാര്‍ക്ക് ആന്റണിയെ ബ്രാന്‍ഡോ അവതരിപ്പിക്കുമ്പോള്‍ ഭാവക്ഷമതയ്ക്കുവേണ്ടി അയാള്‍ ശബ്ദത്തെ ആശ്രയിക്കുന്നതായി തോന്നി. സിഡ്നി പൊയ്റ്റിയറും ശിവാജി ഗണേശനുമൊക്കെ ശബ്ദത്തെ കൃത്യമായി ഉപയോഗിച്ച നടന്മാരാണ്. എന്റെ ശബ്ദം എനിക്കു പാരയാകില്ല എന്നു തോന്നിയത് ആന്റണി ക്വീനിന്റെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ്. ശബ്ദനിയന്ത്രണവും ശബ്ദവ്യതിയാനവും നാടകത്തിലും സിനിമയിലും വ്യത്യസ്തമായ വിനിമയരീതികളാണ്. ഇതു ഉള്‍ക്കൊള്ളാന്‍ ഞാന്‍ പ്രത്യേകം പരിശ്രമിക്കാറുണ്ട്. വൈശാലിയിലും മറ്റും സംഭാഷണം പറയേണ്ടത് ഉദാത്തവത്കരിച്ച ശൈലിയിലാണ്. പെരുന്തച്ചനില്‍ ചെയ്തത് വ്യത്യസ്തമായാണ്. മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് മറ്റൊരു രീതിയാണ്. അതിന് ഒരുപാട് ഘടകങ്ങള്‍കൂടി നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന് സിദ്ധിഖ് ലാലിന്റെ ഗോഡ് ഫാദറില്‍ ഞാനൊരു കര്‍ക്കശക്കാരനായ അച്ഛന്റെ ആജ്ഞാനുവര്‍ത്തിയായ മകനാണ്. അച്ഛനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഒരു ഗുണ്ടാകഥാപാത്രം. ഒരു കലഹവാസനക്കാരന്‍. ആ നിലയിലാണ് ബാലരാമന്‍ എന്ന കഥാപാത്രത്തിന് അല്‍പ്പം തുറന്ന ശബ്ദം നല്‍കിയത്. ചലനങ്ങള്‍ക്ക് പ്രത്യേകതരം ചടുലത നല്‍കേണ്ടിവന്നു.

അഗാധമായൊരു നഷ്ടം, കൊച്ചുമകന്റെ മരണം, അന്തരംഗത്തില്‍ ഉണര്‍ത്തുന്ന ശോകത്തിന്റെ ലോകം, മൂന്നാംപക്കത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാനായി?

എന്റെ അഭിനയജീവിതത്തില്‍ വ്യത്യസ്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രമാണിത്. ഇതിനു സമാനമായ മറ്റൊരു കഥാപാത്രവുമില്ല. നടനെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥത്തില്‍ അത് അനുഗ്രഹമാണ്. ഒരേ പാറ്റേണിലുള്ള കഥാപാത്രമാണെങ്കില്‍ നാം മറ്റൊരു മാതൃകയിലേക്കു തിരിയേണ്ടിവരും. ചിലര്‍ അതില്‍ത്തന്നെ വീഴുകയും ചെയ്യും. മൂന്നാംപക്കത്തിലെ മുത്തച്ഛന്‍, ആ സിനിമയിലെ മറ്റൊരു കഥാപാത്രമായ കടല്‍പോലെ വിക്ഷോഭങ്ങള്‍ ഉള്ളിലൊതുക്കിയ കഥാപാത്രമാണ്. സ്നേഹം ഒരു മിത്തായി മാറുന്ന കഥാപാത്രമാണിത്. മകന്‍ നഷ്ടപ്പെട്ടുപോയ ഒരച്ഛന് കൊച്ചുമകനേയുള്ളൂ സ്നേഹിക്കാന്‍. അവന്‍ കടലില്‍ പോയി മരിക്കുന്നു. തുടര്‍ന്നുള്ള വൈകാരികഭാവങ്ങള്‍ ഇന്‍ഡയറക്ടായി അവതരിപ്പിക്കണം. കടലുമായുള്ള മുത്തശ്ശന്റെ സംഭാഷണമാണ് അതില്‍ മുഖ്യം. കൊച്ചുമകനെ തിരിച്ചുതരണമെന്നാണ് അവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ കാതല്‍. അതിനുള്ള കാത്തിരിപ്പാണ്. എന്റെ കണ്ണുകളാണ് അതിനു കൂടുതല്‍ സഹായിച്ചത്. ശിവാജി ഗണേശന്‍ കണ്ണു നന്നായി ഉപയോഗിക്കുന്ന നടനാണ്. ശിവാജിയുടെ പരാശക്തി ഒരമ്പതു തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. കണ്ണും മുഖവും ഞാന്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി.

കടല്‍ പ്രക്ഷോഭത്തോടെ സംസാരിക്കുമ്പോള്‍ മുത്തച്ഛന്‍ ശാന്തനായാണ് സംസാരിക്കുന്നത്. അകമേ ചിത്രം മറ്റൊന്നല്ലേ?

ആലോചിക്കുമ്പോള്‍, അതെത്ര ശരിയാണ്. കടല്‍ അകമേ ശാന്തമാണ്. മുത്തശ്ശന്റെ മനസ്സാകെ ഇളകിമറിയുകയാണ്. ഒരുപക്ഷേ പത്മരാജന്‍ അങ്ങനെയാവണം ചിന്തിച്ചിരിക്കുക. അയാള്‍ കാലുള്ള ഒരു സംവിധായകനാണ്. മറ്റുള്ളവര്‍ കാല പെറുക്കുമ്പോള്‍ (നെല്‍ച്ചെടിയുടെ കൊയ്ത്തിനു ശേഷമുള്ള കടകള്‍) പത്മരാജന്‍ വിത്തിനെക്കുറിച്ചാണ് ചിന്തിച്ചിട്ടുള്ളത്. സംവിധായകനും നടനും തമ്മിലൊരു ഇരിപ്പുവശമുണ്ട്. പൊരുത്തമെന്നൊക്കെ പറയും. പത്മരാജനും സത്യനും ഫാസിലിനുമൊക്കെ ഇത്തരത്തില്‍ ഞാനുമായൊരു ആശയവിനിമയപ്പൊരുത്തമുണ്ടായിരുന്നു. അവര്‍ക്ക് എന്നെയറിയാം. എന്നില്‍നിന്ന് എന്താണ് കിട്ടുകയെന്നും അറിയാം. സംവിധായകനുമായി, അത്തരത്തിലൊരു ബന്ധമുണ്ടെങ്കില്‍ നടന് കഥാപാത്രത്തില്‍ കുറെക്കൂടി കേന്ദ്രീകരിക്കാന്‍ കഴിയും. നടന്‍ കാണാത്ത ചില വിശദീകരണങ്ങള്‍ സംവിധായകനു പറയാനുണ്ടാകും.

ചെറിയതെന്നു തോന്നുന്നതും സിനിമയില്‍ അനിവാര്യമായതുമായ കഥാപാത്രങ്ങളുടെ നിരതന്നെയുണ്ടല്ലോ. അവിടെയും കഥാപാത്രങ്ങളുടെ ആന്തരികസ്വഭാവത്തെ ആഴത്തില്‍ വീഴ്ത്താന്‍ കഴിഞ്ഞിട്ടുണ്ടല്ലോ?

(ഇടയ്ക്കു കയറി) വരട്ടെ, അതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ചില കഥാപാത്രങ്ങളെങ്കിലും അത്തരമൊരു ധാരണയുടെ ഭാഗമായാണ് ജനിച്ചത്. സൂപ്പര്‍സ്റ്റാറുകളുടെ ഇമേജുകള്‍ക്ക് കോട്ടംതട്ടാത്ത വിധത്തില്‍ ഇത്തരം കഥാപാത്രങ്ങളെ ഒതുക്കാന്‍ ചില സംവിധായകരെങ്കിലും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചില സംവിധായകര്‍, എല്ലാ നിലയ്ക്കും ഭദ്രമാകുമെന്നു കരുതിയ ചില ചെറുകഥാപാത്രങ്ങളെ എനിക്കു നല്‍കിയിട്ടുണ്ട്. പഞ്ചാഗ്നിയിലെ രാമേട്ടന്‍, പിന്‍ഗാമിയിലെ കുമാരന്‍, ഇന്ത്യന്‍ റുപ്പിയിലെ മോനോന്‍, സ്പിരിറ്റ്, യാത്രാമൊഴി, സദയം, മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്റെ ജീവിതത്തിലെ ചെറുതല്ലാത്ത വേഷങ്ങളാണ്. ഇത്തരം കഥാപാത്രങ്ങളില്‍നിന്ന് ജനിക്കുന്ന ഭാവപ്രസരങ്ങള്‍ സിനിമയുടെ നിര്‍ണ്ണായകഭാവം തന്നെയാണ്.

(ഗ്രന്ഥകാരന്‍ നടത്തിയ അപൂര്‍ണ്ണ അഭിമുഖം)


 

Content Highlights: Thilakan, Abhinayajeevitham, Interview, Mathrubhumi Books