'ഗ്രാമത്തിലെ സിനിമാകൊട്ടകയ്ക്ക് ഒരു ഗീതം': നെരൂദയുടെ കവിതയ്ക്ക് ജയകൃഷ്ണന്റെ വിവര്‍ത്തനവും വരയും

#ജയകൃഷ്ണന്‍
ചിത്രീകരണം: ജയകൃഷ്ണന്‍
ചിത്രീകരണം: ജയകൃഷ്ണന്‍

പാബ്ലോ നെരൂദയുടെ Ode to A Village Movie Theater എന്ന കവിത ജയകൃഷ്ണന്റെ വിവര്‍ത്തനത്തില്‍...

പ്രിയമുള്ളവളേ, വരൂ
ഗ്രാമത്തില്‍ നമുക്കൊരു
സിനിമ കാണാന്‍ പോകാം.

സുതാര്യരാത്രി
മൂകമായൊരു
പൊടിമില്ലു പോല്‍
തിരിഞ്ഞ്
നക്ഷത്രങ്ങളെ പൊടിക്കുന്നു.
ചെറിയ സിനിമാകൊട്ടകയിലേക്ക്
നമ്മള്‍ കയറുന്നു, നീയും ഞാനും,
കുട്ടികളുടെ കോലാഹലം
ആപ്പിളിന്‍ കടുത്ത ഗന്ധം.
പഴയ സിനിമകള്‍
മറ്റാരുടേതോ ആയിരുന്ന
സ്വപ്നങ്ങളാണ്.
തിരശ്ശീലയ്ക്ക് പാറയുടെ
നിറം, അല്ലെങ്കില്‍ മഴയുടെ.
പ്രതിനായകന്റെ
സുന്ദരിയായ ഇരയ്ക്ക്
തടാകങ്ങള്‍ പോലുള്ള കണ്ണുകള്‍
അരയന്നത്തിന്റെ സ്വരം;
ലോകത്തിലെ
വേഗമേറിയ കുതിരകള്‍
ലക്കും ലഗാനുമില്ലാതെ
കുതിച്ചുപായുന്നു.
കൗബോയികള്‍
ആപല്‍ക്കാരിയായ
അരിസോണയിലെ ചന്ദ്രനെക്കൊണ്ട്
സ്വിസ്സ് പാല്‍ക്കട്ടിയുണ്ടാക്കുന്നു.
ഉദ്വേഗഭരിതരായി
ഹിംസയുടെ ഈ
ചുഴലിക്കാറ്റുകള്‍ക്കിടയിലൂടെ,
ഗോപുരത്തിലെ
മരണത്തെ വെല്ലുവിളിക്കുന്ന,
കടന്നലുകളെപ്പോലെ ഉന്നംപിഴയ്ക്കാത്ത,
വാള്‍പ്പയറ്റുകാരുടെ
ദ്വന്ദയുദ്ധങ്ങളിലൂടെ,
റെഡ് ഇന്ത്യരുടെ
തൂവല്‍ത്തൊങ്ങലുള്ള
ഹിമപാതങ്ങളിലൂടെ,
പുല്‍മേടുകളിലെ വിടര്‍ന്ന
വിശറിയിലൂടെ
നമ്മള്‍ വഴി നടക്കുന്നു.

ഒരുപകല്‍ കടയില്‍ നിന്നു ക്ഷീണിച്ച്,
അടുക്കളത്തറ തുടച്ചു തളര്‍ന്ന്
ഗ്രാമത്തിലെ
മിക്കവാറും
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ഉറക്കത്തിലാഴ്ന്നു കഴിഞ്ഞു.

നമ്മളുറങ്ങിയിട്ടില്ല,
എന്റെ പ്രണയിനീ
ഈ സ്വപ്നവും
നമ്മള്‍ പാഴാക്കില്ല;
ജീവിച്ചിരിക്കുവോളം
യാഥാര്‍ത്ഥ്യത്തിന്റെ
ഓരോ നിമിഷത്തെയും
നമ്മളവകാശപ്പെടും,
അതുപോലെ
സ്വപ്നങ്ങളെയും:
നമ്മള്‍
സ്വപ്നം കാണും
എല്ലാ സ്വപ്നങ്ങളെയും.

Content Highlights: ode to a village movie theater, Pablo Neruda, Jayakrishnan, Mathrubhumi