'എന്റെ സത്തയിലേക്ക് വരൂ, മരിച്ച സാമ്രാജ്യം ഇപ്പോഴും ജീവിക്കുന്നു'; നെരൂദയുടെ കവിതാശകലങ്ങള്

സെപ്റ്റംബര് 23 പാബ്ലോ നെരൂദയുടെ ചരമദിനമാണ്. മലയാളികള് നെഞ്ചേറ്റിയ വിദേശകവിയാണ് നെരൂദ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പാബ്ലോ നെരൂദയുടെ കവിതകള് എന്ന പുസ്തകത്തില് നിന്നും ചില കവിതാശകലങ്ങള് വായിക്കാം...
നിങ്ങള്ക്ക് എന്റെ കൂടെ പാടാം,
നമ്മുടെ പാനപാത്രങ്ങള് കവിഞ്ഞൊഴുകി
മേശ ചുകപ്പിക്കും വരെ.
ഇന്നു ഞാന് സ്നേഹിപ്പതില്ലവളെ, തീര്ച്ച-
എങ്കിലും സ്നേഹിപ്പതുണ്ടെന്നു വന്നിടാം.
എത്ര ഹ്രസ്വം പ്രേമം. എങ്കിലും വിസ്മൃതി-
യെത്ര ദീര്ഘം.
മരണം ശബ്ദത്തിലേക്കു കയറിച്ചെല്ലുന്നു-
കാലില്ലാത്ത ചെരിപ്പുപോലെ, ഉടലില്ലാത്ത
ഉടുപ്പുപോലെ.
മരണം കതകില് മുട്ടുന്നു-കല്ലും
വിരലുമില്ലാത്ത ഒരു മോതിരംപോലെ.
എന്റെ സത്തയിലേക്ക് വരൂ,
എന്റെ സ്വന്തം പുലരിയിലേക്ക്.
മരിച്ച സാമ്രാജ്യം ഇപ്പോഴും ജീവിക്കുന്നു.
എന്റെ കവിതയോട് ചോദിക്കുകയാണെങ്കില്
ഞാനാരാണെന്ന് അവള് നിങ്ങള്ക്ക് പറഞ്ഞുതരും.
ഇവിടെ ശരറാന്തല് ഉടഞ്ഞുപോയ ഒരിരുണ്ട മുറിയുണ്ട്.
ഹേമന്തവും കാത്തുകഴിഞ്ഞ
ചില പിരിയന് കസേരകളുണ്ട്,
അക്കമിട്ടു സൂക്ഷിച്ച ഒരു പിറാവിന്റെ ജഡവും.
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ,
ഈ തെരുവുകളിലെ രക്തം.
എല്ലാമെല്ലാം തിരിച്ചുപോകുന്നു;
ഏതോ വിദൂര ചക്രവര്ത്തി
വള്ളിച്ചെടികള് വിഴുങ്ങി വാഴുന്ന ഒരു
മൗനത്തിലേക്ക്,
തൂവലിന്റെ കിരീടം ചൂടിയ അതേ മൗനത്തിലേക്ക്.
കരച്ചില് കാണാനാവില്ല, അതൊരു ചെടിയാണ്,
അതിന്റെ വിത്തുകള് ഭൂമിയില്
നിര്ത്താതെ കൊഴിയുന്നു
എന്റെ കൈപിടിക്കുക, വെറുതെ
എന്റെ കൂടെ വരിക,
എന്റെ വാക്കുകളില് ഒന്നിനും വേണ്ടി
ചികഞ്ഞുനോക്കേണ്ട,
ഒരു ചെടിയില്നിന്നൊലിച്ചിറങ്ങുന്നതില്
കൂടുതലായി ഒന്നിനും.
Content Highlights: Poem excerpts of Pablo Neruda