എന്റെ വിശ്വസ്തയായ അമ്മമൊഴി | ഷെസ്ലാ മിവാഷ് | കവിത

#മൊഴിമാറ്റം: വീരാന്‍കുട്ടി
ചിത്രീകരണം: പ്രദീപ് കുമാര്‍ ബി.എസ്‌.
ചിത്രീകരണം: പ്രദീപ് കുമാര്‍ ബി.എസ്‌.

പോളിഷ് - അമേരിക്കന്‍ കവിയായ ഷെസ്ലാ മിവാഷിന്റെ(Czeslaw Milosz) 'മൈ ഫെയ്ത്ത്ഫുള്‍ മദര്‍ ടങ്'(My Faithful Mother Tongue) എന്ന കവിതയുടെ മലയാള പരിഭാഷ;

എന്റെ എത്രയും വിശ്വസ്തയായ അമ്മമൊഴിയേ!
നിന്നെ ഞാന്‍ സേവിച്ചുകൊണ്ടേയിരിക്കുന്നു.

എല്ലാ രാത്രിയിലും ഞാന്‍ നിറങ്ങളുടെ ചെറിയ കോപ്പകള്‍ നിനക്കുമുമ്പില്‍ നിറച്ചുവയ്ക്കുന്നു, 
എന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ 
നിന്റെ പൂവരശും 
ചീവീടും 
കാട്ടുമൈനയും നിനക്കു സ്വന്തമാകാനായി.
നീണ്ട വര്‍ഷങ്ങള്‍ അതു തുടര്‍ന്നു
മറ്റൊരു നാടും സ്വന്തമായില്ലാത്ത എനിക്ക് നീ ജന്മദേശം.

നീ 
എനിക്കും
ചില നല്ലവര്‍ക്കുമിടയിലെ 
സന്ദേശവാഹകനാകുമെന്നും ഞാന്‍ വിശ്വസിച്ചു.
അവര്‍ 
ഇരുപതോ 
പത്തോ 
അല്ലെന്നാല്‍
ഇന്നോളം
ജനിച്ചിട്ടേയില്ലാത്ത
അത്രയും ചുരുക്കമായിരുന്നിട്ടു കൂടി.


ഇപ്പോള്‍, ഞാന്‍ എന്റെ സന്ദേഹം ഏറ്റുപറയുന്നു.
ഞാന്‍ എന്റെ ജീവിതം പാഴാക്കിയതായി തോന്നുന്ന നിമിഷങ്ങള്‍ എനിക്കുമുണ്ട്.

നീയാകട്ടെ 
ഇകഴ്ത്തപ്പെട്ടവരുടെ 
യുക്തിരഹിതരുടെ
മറ്റു രാജ്യങ്ങളെ വെറുക്കുന്നതിനേക്കാള്‍
തങ്ങളെത്തന്നെ വെറുക്കുന്നവരുടെ
ഒറ്റിക്കൊടുക്കുന്നവരുടെ
കുഴപ്പം ബാധിച്ചവരുടെ നാവ്.
ആയതിനാല്‍
അവരുടെ നിഷ്‌കളങ്കത
നിനക്കും പിടിപെട്ടു.


എന്നാല്‍ നീയില്ലാതെ ഞാനാര്?
ദൂരദേശത്തെ ഒരു പണ്ഡിതന്‍
ഭയവും അപമാനവും തീണ്ടാത്ത വിജയി
അതെ, നീയില്ലാതെ ഞാനാരാണ്?
വെറുമൊരു തത്ത്വവിചാരകന്‍
എല്ലാവരെയും പോലെ.


ഞാനറിയുന്നു നീ കാരണമായി
വ്യക്തിത്വത്തിന്റെ വമ്പ് തൂത്തുകളയപ്പെടുന്നത്,
സദാചാര നാടകത്തിലെ പാപിയുടെ മുമ്പില്‍
ഭാഗ്യം ചുവന്ന പരവതാനി വിരിക്കുന്നത്,
ലിനന്‍ ശീലയുടെ പശ്ചാത്തലത്തില്‍ 
ഒരു മാന്ത്രിക വിളക്ക് 
മാനുഷികവും ദൈവികവുമായ പീഡനത്തിന്റെ ചിത്രങ്ങള്‍ എറിയുന്നത്.


എന്റെ വിശ്വസ്തയായ 
തായ്‌മൊഴീ,
ചിലപ്പോള്‍
എല്ലാറ്റിനുമുപരി 
ഞാന്‍ വേണം 
നിന്നെ സേവിക്കുവാന്‍.
അതിനാല്‍ 
തിളങ്ങുന്ന, 
ആകാവുന്നത്ര വിശുദ്ധിയാര്‍ന്ന നിറങ്ങളുടെ കോപ്പകള്‍ നിനക്കായ് അര്‍പ്പിക്കുന്നത് ഞാന്‍ തുടരും.
കാലുഷ്യത്തിന്റെ നാളുകളില്‍ അനിവാര്യമായ 
ഇത്തിരി ക്രമത്തിനും സൗന്ദര്യത്തിനും വേണ്ടി.

Content Highlights: My Faithful Mother Tongue poem by Czeslaw Milosz translated by Veerankutty