കുന്നത്തങ്ങാടി | ബിജു റോക്കിയുടെ കവിത

ചമ്പത്തെങ്ങ്
കാലമെത്താത്ത
കുഞ്ഞുണ്ണികളെ കുടഞ്ഞിട്ടു.
പൈപ്പുകളില്‍ ഊശ് എന്ന ശബ്ദംമാത്രം.
ഒരിടത്തും ഉറച്ചിരിക്കാതെ പൊടിമണ്ണ്
പാറിനടക്കുന്നു.
കുന്നത്തങ്ങാടിയുടെ നീരു വറ്റിയിരിക്കുന്നു.
കുന്നത്തങ്ങാടിക്ക് ദാഹിക്കുന്നു.
എത്രയോ കാലമായി
പലനിറം ദാഹജലവും
സോപ്പ് ചീപ്പ് കണ്ണാടിയും
വിറ്റുവന്ന അങ്ങാടിയാണ്.
ദീനമകറ്റാന്‍
അടിത്തട്ടില്‍ സൂത്രമുണ്ട്.
നീട്ടിപ്പിടിച്ച നീരിന്റെ കൈയ്യില്‍ തൊട്ടാല്‍ മതി
അങ്ങാടിക്ക് സുഖമാകും.
വരണ്ടമാംസത്തിലൂടെ
വലിയ യന്ത്രസ്സൂചി പാഞ്ഞു.
ആദ്യ അടരില്‍
പറന്ന നിലയില്‍ കാക്കയെ കണ്ടു
വളപ്പൊട്ടുകള്‍ പോലെ അതിന്റെയസ്ഥികളും.
കളിപ്പാട്ടത്തിന്റെ ചക്രം തുരന്നു.
വീര്‍പ്പുമുട്ടിയ ശംഖില്‍ തട്ടി
അടുത്ത അടരില്‍ താടിയെല്ലിനെ
വെള്ളപുതപ്പിച്ചു കിടത്തിയ കുഴമണ്ണ് .
ആഴത്തില്‍, മുറുക്കിയടച്ച ചാരായകുപ്പി.
മകന്‍ അപ്പന് നേദിച്ചതാണോ?
ന്റെ മോനെ, എന്ന വിളി
അതില്‍ അള്ളി പിടിച്ചിരിപ്പുണ്ടോ
അടുത്ത അടര്‍ ശൂന്യമായിരുന്നു.
ലോകത്തെ എല്ലാ ചിന്താഭാരങ്ങളെയും
ഉള്ളിലൊതുക്കി
ഉള്ളിലേക്കുള്ളിലേക്ക്
ചുരുണ്ടു ചുരുങ്ങിപോയ
ചിന്നിയ തലയോട്.
അതില്‍
ബുമാറാങ് പോലെ
താടിയെല്ലിന്‍ കഷണം.
അതില്‍ ദാഹം എന്നെഴുതിയിരിക്കുന്നു.
മുളപ്പൊട്ടിയ
അഴുകാത്ത ചങ്ക്
നിലവിളികളോടെ
കൈകളുയര്‍ത്തുന്നു.
താഴത്തങ്ങാടിയില്‍ നിരത്തി വെച്ചിരിക്കുന്നു
ഓര്‍മകളുടെ പലതരം ഫോസിലുകള്‍.
യന്ത്രമുന താഴോട്ട്.
Content Highlights: Biju Rocky, Mathrubhumidotcom