അനുശോചനക്കവിത: ആര്യാഗോപിയുടെ കവിത

#ആര്യാഗോപി
ചിത്രീകരണം ; ബാലു
ചിത്രീകരണം ; ബാലു

തവളകളുടെ മരണ വാർത്ത
കേട്ടവർ കേട്ടവർ
കൂട്ടം കൂടി നിന്ന്
വാവിട്ടു കരഞ്ഞു.
ഞൊടി നേരം കൊണ്ട്
റീത്തും ശവമഞ്ചവുമായി
അവർ ഓടിപ്പാഞ്ഞെത്തി.

എന്നാൽ,
പാമ്പുകളുടെ  
ചരമമറിഞ്ഞും
കേട്ടപാതി കേൾക്കാത്ത പാതി
കണ്ണീർ വടിച്ചുതുടച്ചു
ദുഃഖം മറന്ന്
ശരവേഗത്തിൽ
അവിടേക്കു അന്ത്യോപചാരമർപ്പിക്കാൻ 
ഓടിപ്പോയി.

എന്നിട്ടോ!?
അനുശോചനം രേഖപ്പെടുത്തിയോ??
അയ്യോ.. ഇല്ലല്ലോ?!!
അപ്പോഴല്ലേ പരുന്തുകളുടെ
വീരമൃത്യു ചെവിയിലെത്തിയത്.
പിന്നെയൊന്നും
നോക്കിയില്ല.
തലതല്ലിപ്പുളഞ്ഞു
നിലവിളിച്ചു കൊണ്ട് 
അങ്ങോട്ടേക്ക് വെച്ചു പിടിച്ചു.
അത്രതന്നെ!

എത്ര വെള്ളം കുടിച്ചാലും
തീരാത്ത ദാഹം ബാക്കി വെച്ച്
അജ്ഞാത മരുഭൂമിയിലെ
ആൾപ്പാർപ്പില്ലാത്ത
രഹസ്യ മൺഗുഹയിൽ
എന്റെ വരാനിരിക്കുന്ന
ശ്രാദ്ധദിനം
മറവിയുടെ മരയലമാറയിൽ 
നിക്ഷേപിച്ച്
മരണശയ്യകൾക്ക് തീയിട്ട്
മനുഷ്യരുടെ സഹതാപപ്പേക്കൂത്ത്
കാണാനാകാതെ
അന്ത്യമണിയുടെ 
കയററുത്തു ഞാൻ ഒളിച്ചിരിക്കട്ടെ!!

Content Highlights: Arya Gopi, Mathrubhumi, Anusochanakkavitha, Mathrubhumi