ആമി ലോവെല്ലിന്റെ രണ്ട് കവിതകള്‍ക്ക് ആര്യാഗോപിയുടെ വിവര്‍ത്തനം

ആമി ലോവെല്‍, ആര്യാഗോപി
ആമി ലോവെല്‍, ആര്യാഗോപി

അന്യ
അല്പന്മാരുടെ വെടിപറച്ചില്‍
എന്റെ ലക്ഷ്യങ്ങളെ ഉലയ്ക്കുന്നു
കരിമ്പാറകളെപ്പോലും
പൊടിപൊടിയായി ഉടച്ചുകളയുന്ന
ജലബിന്ദുക്കളെ പോലെയാണവ.
ചിരിക്കാന്‍ ശ്രമിക്കുമ്പോഴും
അവരുടെ പരിഹാസക്കൊമ്പില്‍ത്തട്ടി
എന്റെ ആത്മാവ് നുറുങ്ങിപ്പോകുന്നു.


പ്രതീക്ഷ
മിതാഹാരിയായിരുന്നു ഞാന്‍.
നിന്റെ വരവോടുകൂടി
ഞാനൊരു സമ്പൂര്‍ണ-
മദ്യാസക്തയാകുമെന്നാണ്
തോന്നുന്നത്.
നിന്നെയോര്‍ക്കുമ്പോള്‍
തെരുവിലിറങ്ങി നടക്കാന്‍
ഞാന്‍ ഭയക്കുന്നുണ്ട്,
വീഞ്ഞിന്റെ ലഹരിയിലാടിയാടി
അയല്‍വാസികളെ
തട്ടിവീഴുമെന്നോര്‍ത്തു!
ഇന്ന് ഞാന്‍ അടിമുടി
വറ്റിവരണ്ടുപോയിരിക്കുന്നു
നാവാകെ കുഴഞ്ഞിരിക്കുന്നു.
എന്നിട്ടും തലച്ചോറിലൊരു
മുഴക്കം; നുരഞ്ഞുപൊന്തുന്ന
വീഞ്ഞുകോപ്പകളുടെ
തട്ടലും മുട്ടലും പോലെ!