വായനക്കാരനെ നവീകരിക്കുന്ന മാജിക്; ടിജെഎസ്സിന്റേത് ഹൃദയംകൊണ്ട് വായിച്ചെടുക്കേണ്ട എഴുത്തുകള്‍

കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി.ജെ.എസ്. ജോര്‍ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ദ്രമധുരമായി വിളക്കിച്ചേര്‍ത്തു അവ. ആടയാഭരണങ്ങളുടേയും അലങ്കാരങ്ങളുടേയും ആധിക്യമില്ലാതെ, ദുര്‍ഗ്രഹതയുടേയും ദുരൂഹതയുടേയും കെട്ടുപാടുകളില്ലാതെ, സാധാരണക്കാരുടെ മനസ്സുമായി അനായാസം സംവദിച്ചു.
വിഷയം നെഹ്‌റുവിയന്‍ സോഷ്യലിസമോ ബഷീറിന്റെ ബാല്യകാലസഖിയോ നര്‍ഗ്ഗീസിന്റെ നഷ്ടപ്രണയങ്ങളോ എം.എസ്. സുബ്ബുലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതമോ എന്തുമാകട്ടെ, ഭാഷ ഇംഗ്ലീഷോ മലയാളമോ ആവട്ടെ, ടി.ജെ.എസ്. എഴുതുമ്പോള്‍ അതില്‍ ജീവിതം സ്പന്ദിച്ചു. അറിവിന്റെ പുതുപുതു ആകാശങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍. ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്.
അതുകൊണ്ടുതന്നെ എഴുത്തുകാരനായ ടി.ജെ.എസ്. എനിക്കേറെ പ്രിയങ്കരന്‍, പത്രാധിപരായ ടി.ജെ.എസ്സിനെക്കാള്‍. ആദരാഞ്ജലികള്‍.
Content Highlights: Discover TJS George`s captivating writing, blending language and music. His work connects with ordinary readers, inspiring profound literary journeys. Read his timeless prose- writes Ravi Menon