സിദ്ധസമാജം: ഇവിടെ ആചാരങ്ങൾ വിചിത്രമാണ്...!

#പി.വി

മനുഷ്യൻ പക്ഷികളെ പോലെയാണ് എന്ന് കരുതുന്ന 'ഞാനില്ല, എന്റേതായി ഒന്നുമില്ലെന്ന്' വിചാരിക്കുന്ന 'എല്ലാം എല്ലാവർക്കും ഉള്ളതാണെന്ന് വിശ്വസിക്കുന്ന' വെള്ളവസ്ത്രധാരികളായ യോഗികൾ വസിക്കുന്ന ഒരാശ്രമം ഉണ്ട് വടകരയിൽ. ഒന്നിച്ച് പ്രാർത്ഥിക്കുകയും സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ച് ഉറങ്ങുകയും ചെയ്യുന്നൊരിടം. ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുകയും ഒരുമിച്ച്

വെളളം കുടിക്കുകയും ചെയ്യുന്ന, വലുപ്പചെറുപ്പമില്ലാതെ തുല്യതയോടെയുള്ള ജീവിതക്രമത്തിനായുള്ള ശ്രമം നടത്തുന്ന ഒരാശ്രമം. ജാതി-മത-ലിംഗ വ്യത്യാസമില്ലാതെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മകൻ, മകൾ, തുടങ്ങിയ ബന്ധങ്ങൾ പോലുമില്ലാതെ ഏകോദരസഹോദരങ്ങളായി ഇവിടെ അവർ ജീവിക്കുന്നു.

സ്വാമി ശിവാനന്ദ പരമഹംസർ

വടകരയിലെ മേമുണ്ടയിൽ അറുപതോളം ഏക്കറിൽ പടർന്നകിടക്കുന്ന സിദ്ധാശ്രമം സ്ഥാപിക്കപ്പെടുന്നത് 1921-ലാണ്. സ്വാമി ശിവാനന്ദ പരമഹംസർ സ്ഥാപകൻ. രാമക്കുറുപ്പ് എന്നാണ് ഇദ്ദേഹത്തിന്റെ പൂർവ്വശ്രമ നാമം. വടകരയിലാണ് ജനനം. ബ്രിട്ടീഷ് ഭരണകാലത്ത്
ഒരു പോലീസുകാരനായിരുന്നു രാമക്കുറുപ്പെന്ന് പറയപ്പെടുന്നു. ഭാര്യയുടെ മരണശേഷം ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യം അന്വേഷിച്ച് യാത്രയായി. തമിഴ്നാട്ടിൽ വെച്ചാണ് സിദ്ധതത്വം മനസ്സിലാക്കുന്നത്. അങ്ങനെ വടകരയിൽ സമാജം സ്ഥാപിച്ചു. 1952 സ്വാമി ശിവാനന്ദ പരമഹംസർ സമാധി ആയി. ശിവാനന്ദ പരമഹംസരുടെ സമാധിസ്ഥലം ആശ്രമത്തിന് മധ്യത്തിലായി കാണപ്പെടുന്നു.
ത്മസാക്ഷാത്കാരത്തിനുള്ള ഏറ്റവും ഹ്രസ്വവും എളുപ്പവുമായ മാർഗം സിദ്ധവിദ്യ എന്ന് പറയപ്പെടുന്നു. ഇപ്പോൾ മൂന്നൂറോളം പേർ വടകരയിലെ സിദ്ധാശ്രമത്തിലുണ്ട്.

അഞ്ച് സിദ്ധാശ്രമങ്ങളാണ് സമാജത്തിനു കീഴിലുളളത്. പ്രധാന ആശ്രമം വടകരയിലേത് തന്നെ. പേരാമ്പ്രക്കടുത്തുളള കായണ്ണ, കണ്ണൂരിലെ ഈയൂർ, തിരുവനന്തപുരത്തെ മണ്ണൂർക്കര, തമിഴ്‌നാട്ടിലെ അമ്മപാളയം എന്നിവിടങ്ങളിലാണ് മറ്റ് സിദ്ധാശ്രമങ്ങൾ ഉള്ളത്. സിദ്ധാശ്രമങ്ങളെല്ലാം പൊതുസമൂഹത്തിൽ നിന്ന പൂർണ്ണമായും അകന്നുമാറിയാണുള്ളത്. ആവശ്യങ്ങൾക്കല്ലാതെ സാധാരണയായി ആശ്രമവാസികൾ പുറത്ത് പോകാറില്ല.

എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു വേണം ആശ്രമത്തിൽ ചേരാൻ. സ്വന്തം പേരിലുളള സ്വത്ത് സമാജത്തിലേക്ക് ചേർക്കുകയോ അനന്തരാവകാശികൾക്ക് വിട്ടു കൊടുക്കണം. ഒരു രാഷ്ട്രീയപ്പാർട്ടിയിലും അംഗമല്ല എന്നു തെളിയിക്കുന്നതിന് പോലീസ് സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്ക്റ്റ് ഹാജരാക്കണം. അതിന് ശേഷം സമാജ ചട്ടങ്ങൾ പാലിച്ച് സിദ്ധവിദ്യ പഠിക്കുന്ന പ്രൊബേഷൻ കാലം. പ്രൊബേഷന്

ശേഷം ആശ്രമവാസികൾക്ക് അയാളെ ബോധിക്കുന്ന പക്ഷം അപേക്ഷാ ഫോമും ഉടമ്പടി പത്രവും രജിസ്റ്ററും ഒപ്പിട്ട് കൊടുത്ത് അടുത്ത ദിവസം മുതൽ ആശ്രമവാസിയാകാം.

ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീശങ്കരാചാര്യരുടെ കമണ്ഡലു

ആശ്രമവാസിയാകുന്നതോടെ എല്ലാ കൂട്ടമായി വേണം ചെയ്യാൻ. സിദ്ധവിദ്യ ഗ്രഹിച്ച ഒരാളും ഒറ്റക്ക് ഭക്ഷണം കഴിക്കരുത് എന്നാണ് നിയമം. എപ്പോഴും കൂട്ടമായി ഇരുന്ന് 'സഗ്ധി - സപീതി' രീതിയിൽ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഒരു പാത്രത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം കൂട്ടിച്ചേർത്ത് ഏകരുചിയാക്കി അതിനെ ഒരേ ഇലയിൽ വിളമ്പി അതിൽ നിന്നും എല്ലാവരും ഒന്നിച്ചിരുന്ന് വാരി ഉണ്ണുന്നതിനെയാണ് 'സഗ്ധി' എന്ന് പറയുന്നു്. ഒരേ പാത്രത്തിൽ നിന്ന് കുടിക്കുന്നതാണ് 'സപീതി'. എല്ലാ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒന്നിച്ചാണ് ഉറങ്ങുന്നതും.

സിദ്ധവിദ്യ ഗ്രഹിച്ചവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സിദ്ധവിദ്യ ഗ്രഹിച്ച ആരെയും വിവാഹം ചെയ്യാം. ഓരോ പുഷ്പ ഹാരങ്ങൾ പരസ്പരം കഴുത്തിലണിഞ്ഞ് വരിക്കുന്നതാണ് ഏകചടങ്ങ്. എന്നാൽ ആശ്രമജീവിതത്തിൽ വിവാഹം സാധ്യമല്ല. സിദ്ധദർശനങ്ങൾ പൂർണ്ണമായും ഉൾക്കൊളളുന്ന ഒരാൾക്ക് ഭാര്യ-ഭർത്തൃബന്ധം ആശ്രമത്തിൽ അനുവദിക്കില്ല. അത്തരം ബന്ധങ്ങൾ ഒരാളിന്മേൽ മറ്റൊരാളുടെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതാണെന്ന് അവർ കരുതുന്നു.
ജാതിവ്യവസ്ഥ മനുഷ്യനെ അപമാനിക്കുന്നതാണെന്ന് ശിവാനന്ദ പരമഹംസർ തിരിച്ചറിഞ്ഞു. വസ്ത്രധാരണം സ്വാഭാവികമായ ജീവിതരീതിക്ക് തടസ്സമാണെന്നും അത് ത്വക്ക് രോഗങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം കരുതി. അതിനാൽ തന്റെ സമൂഹത്തിലെ അംഗങ്ങൾ വസ്ത്രങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് വിമുക്തരായി ജീവിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

സിദ്ധവേദം

‘സിദ്ധവേദം’ എന്ന പുസ്തകം അദ്ദേഹം എഴുതുകയുണ്ടായി. അഞ്ചാം വേദമായിട്ടാണ് സിദ്ധവേദത്തെ ആശ്രമവാസികൾ കാണുന്നത്. സമാജത്തിന്റെ ആശയാദർശങ്ങൾ പൂർണ്ണമായും ഉൾക്കൊളളുന്ന പുസ്തകമാണ് ‘സിദ്ധവേദം’. സ്വാമി ശിവാനന്ദ പരമഹംസർ തന്റെ ഒരു ശിഷ്യനുമായി നടത്തുന്ന സംഭാഷണരൂപത്തിലാണ് ഈ പുസ്തകം. സിദ്ധവിദ്യയുടെ പ്രയോഗമാണ് ജപം എന്നറിയപ്പെടുന്നത്. ദിവസം 8 മണിക്കൂർ ജപവും നിർബന്ധമാണ്.

നിത്യാനന്ദ സ്വാമികളും ശിവാനന്ദപരമഹംസരും

നിത്യാനന്ദ സ്വാമികൾ ശിവാനന്ദ പരമഹംസരുടെ മടിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ സന്ദർശക ഗാലറിയിൽ കാണാം. എന്നാൽ ഈ ചിത്രം നിത്യാനന്ദാശ്രമത്തിൽ ഇല്ലെന്ന് സമാജത്തിലെ അന്തേവാസികൾ പറയുന്നു.

സിദ്ധസമൂഹത്തെക്കുറിച്ച് പുറം ലോകം കൂടുതലായി അറിയുന്നത് അവരുടെ മരുന്നുകളിലൂടെയാണ്. ആശ്രമത്തിനുള്ളിൽ വെച്ച് തന്നെയാണ് ആയുർവേദ മരുന്നുകൾ ഉണ്ടാക്കപ്പെടുന്നത്. സിദ്ധസമൂഹത്തിന്റെ മരുന്നുകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് ആശ്രമവാസികൾ പറയുന്നു. ഏക്കറുകളോളം വിശാലതയിൽ സിദ്ധസമൂഹം കൃഷി ചെയ്ത് പോരുന്നുണ്ട്. അന്നന്നത്തെ ആഹാരത്തിനുള്ള വക അവർ കൃഷിയിൽ നിന്ന് കണ്ടെത്തുന്നു.

വടകരയിൽ സമാജത്തിന്റെ ഒരു പാഠശാല പ്രവർത്തിക്കുന്നു. പത്താം ക്ലാസ് വരെയുളള ഭൗതിക വിദ്യാഭ്യാസവും സിദ്ധദർശനങ്ങളുമാണ് സിലബസിൽ. ഇതര ആശ്രമങ്ങളിലെ കുട്ടികളും ഇവിടെയാണ് പഠിക്കുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം കുട്ടികളെ ആശ്രമങ്ങളിലേക്ക് തിരിച്ചയക്കും. ആരും ഉപരിപഠനത്തിന് പോകാറില്ല.

ജീവൻ തന്നെയാണ് ഈശ്വരൻ എന്ന് സിദ്ധാശ്രമത്തിലുള്ളവർ വിശ്വസിക്കുന്നു. മതങ്ങളിലുള്ളിടത്തോളം കാലം സത്യത്തിന്റെ സംസ്ഥാപനവും ബന്ധങ്ങളുളളിടത്തോളം ലോക സമാധാനവും അസാധ്യമാണ് എന്ന് അവർ ഉറപ്പിക്കുന്നു. അവരുടെ വിശ്വാസം അവരെ നേരായ വഴിയിൽ തന്നെ കൊണ്ടുപോവട്ടെ.

Content Highlights: Founded in 1921 by Swami Sivananda Paramahamsa in Vadakara., Practices communal living based on the principles of Siddhavidya., Focuses on equality, rejecting caste, religion, and traditional family structures., Operates five ashrams across Kerala and Tamil Nadu., Emphasizes manual labor, organic farming, and traditional medicine production.