ജയമോഹന് എന്നുമുതലാണ് ഉഞ്ഛവൃത്തികള്‍ പെറുക്കികളും പെറുക്കികള്‍ മലയാളികളുമായി മാറിയത്?

ജയമോഹന്‍, സജയ് കെ.വി
ജയമോഹന്‍, സജയ് കെ.വി

പെറുക്കികളുടെ കൂത്താട്ടമാണ് മലയാളി ജീവിതമെന്ന ജയമോഹന്റെ വാക്യം, അതിന്റെ ഉള്ളടക്കം കൊണ്ടെന്ന പോലെ ഭാഷ കൊണ്ടും, പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണല്ലോ. 'പെറുക്കി' എന്ന വാക്കാണിവിടെ മുഴുവന്‍ മലയാളിയുടെയും മുഖത്ത് മുറുക്കാന്‍ തുപ്പല്‍ പോലെ വന്നു വീണ്, അവന്റെ ആത്മാഭിമാനത്തെ മലിനപ്പെടുത്തിയിരിക്കുന്നത്. 'പെറുക്കി' യാചകന്റെ പര്യായമാണ്; നിസ്വതയുടെയും നിസ്വന്റെയും. നിസ്വത അപമാനകരമാണെന്ന ഉപരിവര്‍ഗ്ഗബോധത്തില്‍ നിന്നാണ്, അതിനാല്‍, ഈ തെറിയുടെ പിറവി. സമ്പന്നന്‍ ദരിദ്രനു നേര്‍ക്കു തുപ്പുന്ന തെറിവാക്കാണത്. മലയാളിയുടെ സാംസ്‌കാരിക ദാരിദ്ര്യത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് ജയമോഹനും ജയമോഹന്റെ വൈതാളികരായ മലയാളികള്‍ക്കും വാദിക്കാം. അപ്പോഴും ജയമോഹന്‍ കൂടി ഉള്‍പ്പെടുന്ന തമിഴന്റെ സാംസ്‌കാരികസമ്പത്തിലാവും അതിന്റെ ഊന്നല്‍. അത്രയ്‌ക്കൊന്നും സാംസ്‌കാരികനിസ്വതയില്ലാത്ത മലയാളിയുടെ അഭിമാനഫണത്തെയാണ് അപ്പോഴും അത് ക്ഷതപ്പെടുത്തുക.

നിസ്വത എന്നുമുതലാണ് അത്രമേല്‍ അപമാനകരമായിത്തീര്‍ന്നത്? യഥാര്‍ത്ഥ സന്യാസിയുടെയും സന്യാസത്തിന്റെയും തിരോധാനത്തോടെ എന്നാണുത്തരം. ഒന്നുമില്ലായ്മ മഹാധനമായിരുന്ന കാലമുണ്ടായിരുന്നു നമുക്ക്.' ഇത്ര ധന്യത തികഞ്ഞു കാണ്‍മതി -/ല്ലത്ര നൂനമൊരു സാര്‍വ്വഭൗമനില്‍' എന്ന ദിവാകരപ്രശംസ, സന്ന്യാസപ്രശംസയും നിസ്വതയ്ക്കുള്ള മഹാസ്തുതിയുമാണ്. നീണ്ട ജടയും നഖങ്ങളും ഭൂതിയും ശരീരദ്യുതിയുമാണ് ദിവാകരന്റെ യോഗീചിഹ്നങ്ങള്‍. 'ധന'വും 'ചാര'(ഭസ്മം)വുമാണ് 'ഭൂതി'. ധനാസക്തിയുടെ ചാരമാകലാണ് ധന്യത എന്നു കരുതി ആശാനും ആശാന്റെ നായികമാരും. അതിനാല്‍ അവര്‍ ആ നിസ്വതയുടെ സൗന്ദര്യത്തെ പ്രണയിച്ചു. 'കയ്യിലോടുമായ് നടക്കുമുല്പലബാണന്‍' എന്നതുപോലെ, തെണ്ടിയും സന്യാസിയും കാമുകനും ഒരാളായി. 

നാരായണ ഗുരുവിന്റെ ഒറ്റമുണ്ടുടുത്ത ആത്മീയസന്ന്യാസം കേരളത്തെയും ഗാന്ധിജിയുടെ അര്‍ദ്ധനഗ്‌നമായ രാഷ്ട്രീയസന്ന്യാസം ഇന്ത്യയെയും നയിച്ചിരുന്ന കാലമായിരുന്നു അത്. അക്കാലം നിസ്വതയെ അഭിരാമവും അഭികാമ്യവുമാക്കി മാറ്റി. പില്ക്കാലം ഗാന്ധിജിയെ അരി വാങ്ങാന്‍ വരി നില്‍ക്കുന്നവരുടെ ക്യൂവിലും ഗോഡ്‌സെയെ ധനാഢ്യതയുടെ കാറിലുമെത്തിച്ചതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്. അങ്ങനെ 'യോഗി' ധനദുര്‍മ്മോഹിയായ അധികാരിയും നിസ്വത അധമപര്യായവുമായി മാറി. ഈ കാലവിഷമാണ് വമിച്ചത് ജയമോഹന്റെ വാക്കുകള്‍. 

ഗുരു നിത്യയുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെപ്പറ്റിഅഭിമാനപൂര്‍വ്വം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്, പാതി മലയാളിയായ ഈ എഴുത്തുകാരന്‍. ഗുരു നിത്യ തന്റെ ആത്മകഥയില്‍ (യതിചരിതം) സന്ന്യാസിയുടെ നിസ്വതയെപ്പറ്റി എഴുതിയതോര്‍മ്മ വരുന്നു. വലിയൊരു പെറുക്കിയായിരുന്നു ഗുരു നിത്യ അഥവാ, സെയ്ന്റ് ഫ്രാന്‍സിസ് എന്നോണം, ദൈവത്തിന്റെ ഇരപ്പാളി.

'പിച്ചക്കാരന്‍ നീ, യിരപ്പാളി ഞാന്‍' എന്ന് ദൈവത്തെ സംബോധന ചെയ്ത ഗുരുവിന്റെ പരമ്പരയില്‍പ്പെട്ട സന്ന്യാസിയുമായിരുന്നു അദ്ദേഹം. ഗുരുവിന്റെ ഗീതാഞ്ജലീപരിഭാഷയില്‍, അന്‍പതാമത്തെ ടാഗോര്‍ഗീതത്തിന്റെ വിവര്‍ത്തനത്തില്‍, 'ഉഞ്ഛവൃത്തി' എന്ന വാക്കുണ്ട്. 'I had gone a begging from door to door in the village path..' എന്നതിന്റെ പരിഭാഷയായിരുന്നു അത്. ഉതിര്‍മണി പെറുക്കി ഉപജീവനം കഴിക്കലാണ് 'ഉഞ്ഛവൃത്തി'. ഇംഗ്ലീഷിലെ 'ഗ്ലീനിങ്'(gleaning). (ശരല്‍ക്കാലം ഒരു ഉഞ്ഛവൃത്തിയായ യുവതിയെപ്പോലെ തലയില്‍ കനത്ത ചുമടുമായി നീര്‍ച്ചാലിനു കുറുകെ നടക്കുന്നു എന്ന് ജോണ്‍ കീറ്റ്‌സ്). ജയമോഹന് എന്നു മുതലാണ് ഉഞ്ഛവൃത്തികള്‍ പെറുക്കികളും പെറുക്കികള്‍ മലയാളികളുമായി മാറിയത്?

Content Highlights: sajay kv reacts jayamohan controversial statement against film manjummal boys