നെരൂദ, ഏറ്റവും പ്രിയങ്കരമായൊരു തുടുവീഞ്ഞ്; ഓര്മയില് അരനൂറ്റാണ്ട് പിന്നിടുന്ന കാവ്യധാര

ഇരുപതാം നൂറ്റാണ്ടിലെ ലോകകാവ്യഭൂപടത്തില് ബഹുശാഖമായ ഒരു മഹാവൃക്ഷമായി പടര്ന്നുപന്തലിച്ചുനില്ക്കുന്ന ലാറ്റിനമേരിക്കന് കവിത്വമാണ് പാബ്ലോ നെരൂദയുടേത്. വിവര്ത്തനങ്ങളിലൂടെ ഭൂഖണ്ഡാന്തരങ്ങളിലേക്കുകൂടി ആ കാവ്യവൃക്ഷത്തിന്റെ വേരുകള് സഞ്ചരിച്ചു.
സച്ചിദാനന്ദന്റെ വിവര്ത്തനം
നമ്മുടെ ഭാഷയില് സച്ചിദാനന്ദനായിരുന്നു നെരൂദയുടെ കവിതയിലേക്കു തുറന്നിട്ട ജാലകം. നെരൂദയുടെ സമൃദ്ധമായ കാവ്യലോകത്തെ, പ്രാതിനിധ്യസ്വഭാവമുള്ള പരിഭാഷകളിലൂടെ അദ്ദേഹം മലയാളിക്കുകൂടി ചിരപരിചിതമാക്കിത്തീര്ത്തു. 'വരൂ, കാണൂ, ഈ തെരുവുകളിലെ ചോര' എന്നതുപോലെയോ 'വസന്തം ചെറിമരത്തോടു ചെയ്യുന്നത് എനിക്ക് നീയുമായി ചെയ്യണം' എന്നതുപോലെയോയുള്ള നെരൂദക്കവിതാവരികള് ഹൃദിസ്ഥമാകാതെ പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൗമാരയൗവനങ്ങള് പിന്നിട്ട മലയാളികള് വിരളമായിരിക്കും. ഈ വിവര്ത്തനങ്ങളിലൂടെ മലയാളകവിതയിലെ രാഷ്ട്രീയാധുനികതയ്ക്ക് വേരൂന്നിവളരാനാവശ്യമായ ഒരു ഭാവുകത്വാന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല സച്ചിദാനന്ദന് ചെയ്തത്. പദ്യഭിന്നവും ആധുനികവും ബിംബമേദുരവുമായ ഒരു കാവ്യഭാഷയുടെ സാധ്യതകള്കൂടി അത് മലയാളിയെ പരിചയപ്പെടുത്തി.
ഭാഷയും ഭാവനയും
എലിയറ്റിന്റെ മതാത്മകമായ ആധുനികതയില്നിന്നും 'തരിശുനില'ത്തിന്റെ പാണ്ഡിത്യജടിലമായ പരീക്ഷണപരതയില്നിന്നും വ്യത്യസ്തമായിരുന്നു നെരൂദയിലൂടെ ആവിഷ്കൃതമായ ആധുനികകവിതയുടെ ഭാഷയും ഭാവനയും ഭാവുകത്വവും. ബിംബധാരാളിത്തമുള്ള കാവ്യഭാഷയായിരുന്നു നെരൂദയുടേത്. സര്റിയലിസ്റ്റ്ബിംബാവലിയുടെ മാന്ത്രികശോഭയുള്ള മഷിയെ അത് പ്രണയവും രാഷ്ട്രീയവും വിഷാദവും എഴുതാനുള്ള അപൂര്വദ്രവമാക്കിമാറ്റി. അങ്ങനെ, മരണമെന്നാല് ഇല്ലാത്ത നായയുടെ കുരയായും അകത്തുകാലില്ലാത്ത പാദുകമായും ഉള്ളില് ഉടലില്ലാത്ത ഉടുപ്പായും കല്ലോ വിരലോ ഇല്ലാത്ത മോതിരമായും മാറി. അതിന്റെ മുഖത്തിന് പച്ചനിറം, പാട്ടുകള്ക്ക് ഈറന് വയലറ്റുപൂക്കളുടെ ഗന്ധം. പൊടുന്നനെ പാറിയെത്തുന്ന മരിച്ചവരുടെ തല്പങ്ങളുംകാത്ത് തുറമുഖത്ത് സര്വസൈന്യാധിപനെപ്പോലെ നില്ക്കുന്ന മരണം. നിറഞ്ഞ പെണ്ണുടലിന്റെ സമൃദ്ധിയെ ഇന്ദ്രിയവേദ്യമാക്കുന്ന, 'മാംസത്തിന്റെ ആപ്പിള്', 'ചുട്ടുപഴുത്ത ചന്ദ്രന്' എന്നിവപോലെയുള്ള അപൂര്വരൂപകങ്ങള്.
കവിയും കവിതയും
'മഴ പിറക്കുമിടം'എന്ന് കവിതന്നെ വിശേഷിപ്പിച്ചിട്ടുള്ള ചിലിയിലെ 'പറാല്'ദേശത്തായിരുന്നു നെരൂദയുടെ ജനനം. 'റിക്കാഡോ എലിയേസര് നെഫ്താലി റെയ്സ് ബസവോള്ട്ട' എന്ന നെടുങ്കന് പേരുകാരനായ ബാലന്, തന്റെ ആരാധന പിടിച്ചുപറ്റിയ ചെക്ക് കവി, 'യാന് നെരൂദ'യില്നിന്നായിരുന്നു, പിന്നീട് ലോകകാവ്യചരിത്രത്തിലെ ഒരു നക്ഷത്രമായിമാറിയ, ആ പേര് സ്വീകരിച്ചത്. ഇരുപത് വയസ്സിനുമുമ്പുതന്നെ ആദ്യസമാഹാരങ്ങള് പ്രസിദ്ധീകരിച്ചുകൊണ്ട് കാവ്യരംഗപ്രവേശം; 'മങ്ങൂഴം' (ക്രെപുസ്കുലാറിയോ), 'ഇരുപത് പ്രണയകാവ്യങ്ങളും ഒരു വിഷാദഗാനവും' എന്നിവ. ഇതില് രണ്ടാമത്തെ സമാഹാരത്തിലുള്പ്പെടുന്ന 'ഒരു സ്ത്രീയുടെ ശരീരം' എന്ന കവിത നെരൂദയുടെ ആസക്തമായ പ്രണയകാവ്യരീതിയെ ഉദാഹരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആദ്യകാലത്തെ അതിപ്രശസ്ത രചനകളിലൊന്നായി സ്ഥാനപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീയുടെ ശരീരം, വെളുത്ത കുന്നുകള്, വെളുത്ത ഊരുക്കള്. എന്നാരംഭിക്കുന്നു ആ കവിത. 'ഭൂമിയിലെ വാസം' (റെസിഡന്റ്സ് ഓണ് എര്ത്), 'എല്ലാറ്റിന്റെയും പാട്ട്'(കാന്റോ ജെനറല്) എന്നിവയായിരുന്നു ഏറെ എഴുതുകയും എഴുത്തിലൂടെ കവിതയുടെ ഒരു കടല്തന്നെ സൃഷ്ടിക്കുകയുംചെയ്ത കവിയുടെ പില്ക്കാലത്തെ പ്രധാന കാവ്യസമാഹാരങ്ങളില് ചിലത്. ഇക്കൂട്ടത്തില്, കാന്റോ ജെനറലാണ് നെരൂദയുടെ 'മാസ്റ്റര്പീസാ'യി കണക്കാക്കപ്പെടുന്നത്. ഏറെ പ്രസിദ്ധമായ 'മാച്ചുപിച്ചുവിന്റെ ഉയരങ്ങള്' ഈ ദീര്ഘകാവ്യത്തിന്റെ ഒരു ഭാഗം.
അഗാധവും സൂക്ഷ്മവും
നെരൂദയുടെ സവിശേഷമായ ചില കാവ്യസമാഹാരങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. 'ഒഡാസ് എലിമെന്റാലിസ്' എന്ന ചെറുതുകളുടെ പുസ്തകം, നിഷ്കളങ്കവും തത്ത്വചിന്താപരവുമായ ആരായലുകളുടെ സമാഹാരമായ 'ചോദ്യങ്ങളുടെ പുസ്തകം', ആത്മകഥാപരമായ 'ഐലാ നെഗ്രാ' എന്നിവയാണവ. ഉള്ളിയും തക്കാളിയും ഉടുപ്പും കാലുറയും മഞ്ഞക്കിളിയും മാര്ജാരനുംപോലുള്ള അതിപരിചിതമായ ദൈനംദിനാനുഭവങ്ങളെ കവിതയുടെ മന്ത്രികസ്പര്ശത്താല് പരിവര്ത്തിപ്പിക്കുകയും അനുഭൂതിവത്കരിക്കുകയും ചെയ്യുന്ന രചനകളാണ് ആദ്യത്തെ സമാഹാരത്തിലുണ്ടായിരുന്നത്; ഏറെ വായിക്കപ്പെട്ട, കവിയുടെ രാഷ്ട്രീയത്തിന്റെ സൂക്ഷ്മതയും അഗാധതയും വെളിപ്പെടുത്തുന്ന കവിതകള്. ശിശുസഹജമായ നൈര്മല്യം തുളുമ്പുന്ന, കാവ്യാത്മകമായ ഒരു ചോദ്യാവലിയാണ് 'ചോദ്യങ്ങളുടെ പുസ്തകം'. 'പറയൂ, പനിനീര്പ്പൂ നഗ്നയാണോ? അതോ, അതാണോ അവളുടെ ഒരേയൊരു ഉടയാട?' എന്നതുപോലെയുള്ള ചോദ്യങ്ങള്.
കവിയും കാമുകനും കമ്യൂണിസ്റ്റും മനുഷ്യജീവിതത്തിന്റെ മഹാസ്തോതാവും ചിലപ്പോഴെല്ലാം, വിരഹിയും വിഷാദിയുമൊക്കെയായി ജീവിക്കുകയും അതിനെപ്പറ്റിയെല്ലാം അദ്ഭുതകരമായ കാവ്യോര്ജം തുളുമ്പുന്ന അനന്യഭാഷയില് എഴുതുകയുംചെയ്ത, ലോകകവിതയിലെ ഏറ്റവും ബൃഹത്തായ കാവ്യഭൂഖണ്ഡങ്ങളിലൊന്നിന്റെ സ്രഷ്ടാവിന്റെ മരണാനന്തരം അരനൂറ്റാണ്ട് പിന്നിടുകയാണിപ്പോള്. ഏറ്റവും ലഹരിദായകവും ഏറ്റവും പ്രിയങ്കരവുമായ ഒരു തുടുവീഞ്ഞിന്റെ പേരുപോലെ നമ്മള് അദ്ദേഹത്തെ ഓര്മിക്കുന്നു.
'നീ എനിക്കു ചവര്ക്കുന്നു, കയ്ക്കുന്നു.
കരിമ്പുനീര്പോലെ മധുരിച്ചെരിയുന്നു.
ഓരോ വാക്കിന്റെയും ചെമ്പുഖനിയില്നിന്ന്
കരിയും വിയര്പ്പും പുരണ്ട മനുഷ്യഹസ്തങ്ങള്
എന്നിലേയ്ക്കുയരുന്നു.
നിന്റെ സായാഹ്നങ്ങളില്നിന്ന്
പ്രണയത്തിന്റെയും പകയുടെയും
ഗര്വ്വിന്റെയും വേദനയുടെയും
സ്നേഹത്തിന്റെയും കൊലയുടെയും
തീയും തേനും ചേര്ത്തു പണിത കഴുത്തുകള്
ഗോപുരംപോലെ ഉയര്ന്നുവരുന്നു.
വരികളുടെ മാരകമായ പടയോട്ടങ്ങളില്
യുദ്ധംചെയ്യുന്ന ജനങ്ങളുടെ സ്വപ്നം മുഴങ്ങുന്നു.'
-പാബ്ലോ നെരൂദയ്ക്ക് ഒരു സ്തുതിഗീതം, ബാലചന്ദ്രന് ചുള്ളിക്കാട്.
Content Highlights: Pablo Neruda, Chilean poet-diplomat and politician, 50th anniversary