എന്റെ തല ഇവര്‍ വിചാരിച്ചാല്‍ എടുക്കാന്‍ കഴിയില്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ അത് നടക്കൂ

#എം.പി. സൂര്യദാസ്
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്| ചിത്രീകരണം: ലിജീഷ് കാക്കൂര്‍
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്| ചിത്രീകരണം: ലിജീഷ് കാക്കൂര്‍

'യിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ച് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചവെയില്‍ കത്തിയെരിയുംനേരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഇരുള്‍ പരത്തി മദിരാശി മെയില്‍ കിതച്ചുവരുമ്പോള്‍, പൂമാലകളും ഖദര്‍മാലകളും കസവുമാലകളും മൂവര്‍ണക്കൊടികളുമായി ആരവം പൊങ്ങി. മുഹമ്മദും കൂട്ടുകാരും മുതിര്‍ന്നവരും മുന്നോട്ടുനീങ്ങുമ്പോള്‍, മീന്‍കൊട്ടകള്‍ നിറച്ച ട്രോളികളില്‍നിന്ന് ഒലിച്ചുകൊണ്ടിരുന്ന അഴുക്കിന്റെ നാറ്റത്തിനൊപ്പം ഭാരത്മാതാ കീ ജെയും മുഹമ്മദ് അബ്ദുറഹിമാന്‍ കീ ജെയും അട്ടംപൊട്ടുമാറുച്ചത്തില്‍ മുഴങ്ങുകയും പ്ലാറ്റ്ഫോമിന്റെ മേല്ക്കൂരയ്ക്കുനേരെ ചുരുട്ടിയ മുഷ്ടികള്‍ ഉയരുകയും ചെയ്യുമ്പോള്‍, അമ്പരപ്പിക്കുന്ന നിഷ്‌കളങ്കമായ ക്രൂരതയില്‍ വണ്ടി നിന്നു.'

അഞ്ചുവര്‍ഷം നീണ്ട വെല്ലൂര്‍ ജയിലിലെ ശിക്ഷകഴിഞ്ഞ് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ കേരളസിംഹം എന്ന് അറിയപ്പെട്ട മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വന്നിറങ്ങുന്ന രംഗം എന്‍.പി. മുഹമ്മദ് തന്റെ നോവലില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സമാനതയില്ലാത്ത ധീരതപ്രകടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാന്‍, ആകെ ജീവിച്ച 47 വര്‍ഷത്തില്‍ പത്ത് കൊല്ലത്തോളം ജയിലിലായിരുന്നു. 1898-ല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ഗ്രാമത്തില്‍ കറുകപ്പാടത്ത് പുന്നക്കച്ചാലില്‍ അബ്ദുറഹിമാന്റെയും അയ്യാരില്‍ കൊച്ചായിശുമ്മയുടെയും മകനായി ജനിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ ജാമിയാ മിലിയയില്‍ പഠിക്കുന്ന കാലത്താണ് കലാലയം വിട്ട് ദേശീയസമരത്തിന്റെ ഭാഗമായത്. മൗലാനാ അബുല്‍ കലാം ആസാദിന്റെ 'ഖിലാഫത്ത് ആന്‍ഡ് ജസീറത്തുല്‍ അറബ്' എന്ന പുസ്തകമാണ് അബ്ദുറഹിമാന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചത്. പഠനം നിര്‍ത്തി മലബാറില്‍ പ്രവര്‍ത്തനകേന്ദ്രമാക്കി ദേശീയ സ്വാതന്ത്ര്യപോരാട്ടത്തില്‍ കൊടുങ്കാറ്റായി ആഞ്ഞുവീശി 40-ാം വയസ്സില്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പദത്തിലെത്തിയ അബ്ദുറഹിമാന്റെ കര്‍ക്കശനിലപാടുകള്‍ പലപ്പോഴും കോണ്‍ഗ്രസില്‍പ്പോലും മുറുമുറുപ്പിന് വഴിവെച്ചു എന്നതാണ് സത്യം. നിലപാടുകളിലെ ധീരതയുടെ പേരുകൂടിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നത്.

കലാപത്തിനുമുന്നിലെ ഇരുപത്തിമൂന്നുകാരന്‍

ഏറനാട്ടില്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ മുഹമ്മദ് അബ്ദുറഹിമാന്‍ വിങ്ങിപ്പൊട്ടിയെന്നാണ് എസ്.കെ. പൊറ്റെക്കാട്ട്, പി.പി. ഉമ്മര്‍കോയ, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ അദ്ദേഹത്തിന്റെ അപൂര്‍വമായ ജീവചരിത്ര ഗ്രന്ഥത്തില്‍ പറയുന്നത്. ആ രംഗം ഇങ്ങനെ:

നമ്മുടെ സഹോദരങ്ങള്‍ വെടിയുണ്ടയ്ക്കിരയാവുക. ഈ ദാരുണവാര്‍ത്ത കേട്ട് അടങ്ങിയിരിക്കുകയോ? ഞാനിതാ അങ്ങോട്ട് പുറപ്പെടുകയാണ്. മൊയ്തുമൗലവിയുടെ നേരേ തിരിഞ്ഞ് അദ്ദേഹം ചോദിച്ചു: മൗലവിക്ക് എന്റെകൂടെ വരാന്‍ ധൈര്യമുണ്ടോ?

അങ്ങനെ രാത്രിയില്‍ കാളവണ്ടിയില്‍ അബ്ദുറഹിമാന്‍, മൊയ്തുമൗലവി, ഹസന്‍കോയ മൊല്ല, എ.പി. മൊയ്തീന്‍കോയ എന്നിവര്‍ക്കൊപ്പം ഏറനാട്ടിലേക്ക് പുറപ്പെട്ടു. അക്രമത്തിനായി ആയുധമേന്തി മുന്നോട്ടുകുതിച്ചവരെ ശാന്തരാക്കാന്‍ 23-കാരനായ മുഹമ്മദ് അബ്ദുറഹിമാന്റെ വാക്കുകള്‍ക്ക് സാധിച്ചു. അവിടുന്ന് മഞ്ചേരിയിലേക്കു പോയി കെ. മാധവന്‍ നായരെ കണ്ടു. മാധവന്‍ നായരോടൊപ്പം പൂക്കോട്ടൂരിലേക്ക് പുറപ്പെട്ടു. കേരള ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു അന്ന് അബ്ദുറഹിമാന്‍. അക്രമത്തിന്റെ വഴി അനിസ്ലാമികവും തെമ്മാടിത്തവും സ്വാതന്ത്ര്യപ്രസ്ഥാനത്തിന് വിരുദ്ധവുമാണെന്ന് അബ്ദുറഹിമാന്‍ അവിടെയെല്ലാം പ്രസംഗിച്ചു.

മലബാര്‍ കലാപത്തെക്കുറിച്ച് ഹിന്ദുപത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ രണ്ടുവര്‍ഷമാണ് അദ്ദേഹത്തിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നത്. ബെല്ലാരി ജയിലിലായിരുന്നു ശിക്ഷയനുഭവിച്ചത്. ജയില്‍ മോചിതനായി വന്നശേഷം 1923-ല്‍ കാക്കിനടയില്‍ ചേര്‍ന്ന എ.ഐ.സി.സി. സമ്മേളനത്തില്‍, മലബാര്‍ ലഹളയുടെ കാരണം കണ്ടെത്താന്‍ അന്വേഷണക്കമ്മിറ്റിയെ നിയോഗിക്കണമെന്ന പ്രമേയം അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. ദേശീയനേതാക്കളുടെ കൂട്ടായ അഭ്യര്‍ഥന മാനിച്ച് ഒടുവില്‍ ആ പ്രമേയം പിന്‍വലിച്ചു.

അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കില്‍ മനുഷ്യന്റെ സാംസ്‌കാരിക ജീവിതം മുഴുവനും സ്വതന്ത്രമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.

നേതാജിയുടെ വഴിയേ

ഇന്ത്യയുടെ മോചനത്തിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയാണ് അബ്ദുറഹിമാന്‍ സാഹിബിനെ ഏറെ ആകര്‍ഷിച്ചത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിലെ ഇടതുപക്ഷവുമായി അബ്ദുറഹിമാന്‍ അടുത്തു. 1936-ല്‍ കെ.പി.സി.സി.യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍നിന്ന് അബ്ദുറഹിമാന്‍ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടു. തോറ്റത് ഒരു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനോട്. അബ്ദുറഹിമാനെപ്പോലുള്ള ഒരു നേതാവ് കെ.പി.സി.സി.യില്‍ അംഗമാവുന്നതുപോലും അന്നത്തെ കോണ്‍ഗ്രസിലെ പ്രബലവിഭാഗം ഇഷ്ടപ്പെട്ടില്ല. 1938-ല്‍ കെ.പി.സി.സി.യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി അദ്ദേഹം ജയിച്ചു. അങ്ങനെ യുവാക്കളുടെ ശക്തമായ പിന്‍ബലത്തില്‍ അബ്ദുറഹിമാന്‍ കെ.പി.സി.സി. പ്രസിഡന്റും ഇ.എം.എസ്. ജനറല്‍സെക്രട്ടറിയുമായ സംസ്ഥാനകമ്മിറ്റി നിലവില്‍വന്നു.

ഇന്ത്യയെ വെട്ടിമുറിക്കാതെ സ്വാതന്ത്ര്യം ലഭിച്ചിട്ട് കാര്യമില്ലെന്ന വാദം ഒരുവിഭാഗത്തില്‍ ശക്തിപ്പെട്ടുവരികയായിരുന്നു. മുസ്ലിംലീഗും മുഹമ്മദലി ജിന്നയും ഉന്നയിച്ചുവന്ന ഈ വാദം സമുദായത്തിലാകെ അലയടിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ ഇതിനെതിരേ ശക്തമായ നിലപാടെടുത്തു. അതിന് അദ്ദേഹത്തിന് സ്വസമുദായത്തില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. ബോംബയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബ്ദുറഹിമാന്‍ എത്തി. ദ്വിരാഷ്ട്രവാദികള്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കണമെന്ന് ഇഫ്തിക്കറുദ്ധീന്‍, കെ.എം. അഷ്റഫ് തുടങ്ങിയവര്‍ അബ്ദുറഹിമാനോട് ആവശ്യപ്പെട്ടു. ദേശീയവാദികളായ മുസ്ലിങ്ങള്‍ രണ്ടു ചേരിയിലായി. ഖാന്‍ അബ്ദുള്ള ഗാഫര്‍ഖാനും അബ്ദുറഹിമാനും ഇന്ത്യയെ വെട്ടിമുറിക്കരുത് എന്ന നിലപാടെടുത്തു. ദ്വിരാഷ്ട്രവാദത്തോടുള്ള തന്റെ എതിര്‍പ്പ് നേരിട്ടുകണ്ട് അറിയിക്കാന്‍ മുഹമ്മദലി ജിന്നയുമായി കൂടിക്കാഴ്ചയ്ക്ക് അബ്ദുറഹിമാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ആശയപരമായും വ്യക്തിപരമായും സുഭാഷ്ചന്ദ്രബോസുമായി ഏറെ അടുപ്പം സ്ഥാപിക്കാന്‍ അബ്ദുറഹിമാന് സാധിച്ചിരുന്നു. 1940-ല്‍ സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വാനപ്രകാരം അദ്ദേഹം കേരള സംസ്ഥാന ഫോര്‍വേഡ് ബ്ലോക്ക് രൂപവത്കരിച്ചു. അതിന്റെ സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റെടുത്തു. സുഭാഷിന്റെ വഴിയേ തിരിഞ്ഞതിനുപിന്നാലെ രാജ്യരക്ഷാ നിയമപ്രകാരം 1940 ജൂലായ് മൂന്നിന് അബ്ദുറഹിമാന്‍ സാഹിബിനെ ജയിലിലടച്ചു.

സായുധപോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടണമെന്ന നേതാജിയുടെ നിലപാടിലേക്ക് മാറിയ സാഹിബിന്റെ അന്ത്യവും നേതാജിയുടെ മരണംപോലെ ഇന്നും വീരപരിവേഷമായി അവശേഷിക്കുന്നു. നേതാജി ജനിച്ചത് 1897-ലാണെങ്കില്‍ സാഹിബ് ജനിച്ചത് 1898-ല്‍. ജയിലില്‍ കഴിയുമ്പോഴാണ് 1945 ഓഗസ്റ്റില്‍ നേതാജിയുടെ മരണവിവരം സാഹിബ് അറിയുന്നത്. ആ മരണവാര്‍ത്ത അബ്ദുറഹിമാനെ തളര്‍ത്തി. മൂന്നാഴ്ചയ്ക്കുള്ളില്‍ തടവുശിക്ഷ കഴിഞ്ഞ് 1945 സെപ്റ്റംബര്‍ നാലിനാണ് അദ്ദേഹം കോഴിക്കോട്ട് തിരിച്ചെത്തിയത്. 47-ാം വയസ്സില്‍, നേതാജി മരിച്ച് 97-ാം ദിവസം 1945 നവംബര്‍ 23-ന് സാഹിബ് വിടപറഞ്ഞു.

മരണത്തിനു പിന്നില്‍

വെല്ലൂര്‍ ജയിലില്‍നിന്ന് മോചിതനായശേഷം മുഹമ്മദ് അബ്ദുറഹിമാന്‍ 77 ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ. പാകിസ്താന്‍ വാദത്തെ തള്ളിയ അദ്ദേഹം ഹിന്ദുക്കളുടെ ഏജന്റായി മുദ്രകുത്തപ്പെട്ടു. അപ്പോഴും അണുതെറ്റാത്ത മതനിഷ്ഠ അദ്ദേഹം പാലിച്ചിരുന്നു എന്നോര്‍ക്കുക. അഞ്ചുനേരം മുറ തെറ്റാത്ത നിസ്‌കാരം. നിത്യേന ഖുറാന്‍ പാരായണം. ജയില്‍മോചിതനായ ശേഷം 77 ദിവസവും അബ്ദുറഹിമാന്‍ മലബാറില്‍ പലയിടത്തും പ്രസംഗിക്കാന്‍ പോയി. തീവ്രവാദികളുടെ ഭീഷണിക്കത്തുകള്‍ അദ്ദേഹത്തിന് കിട്ടിക്കൊണ്ടേയിരുന്നു. തലശ്ശേരിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ കല്ലേറിനുപുറമേ, നിവര്‍ത്തിയ കത്തിയെറിഞ്ഞു. നിലപാട് വിശദീകരിച്ച് സംസാരിക്കുന്നതിനിടെ അബ്ദുറഹിമാന്‍ പറഞ്ഞു: ''ഭീരുത്വം എന്നെ തീണ്ടിയിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിക്കാന്‍ ഭയപ്പെടാത്ത ഞാന്‍ ഇതൊന്നുംകണ്ട് ഭയപ്പെടുകയില്ല.''

ഇതിനുശേഷം കോഴിക്കോടിനടുത്ത്്് മാങ്കാവില്‍ നടന്ന പൊതുയോഗത്തില്‍ ഇതിലും സംഘര്‍ഷജനകമായ സാഹചര്യമായിരുന്നു. യോഗത്തില്‍ പ്രസംഗിക്കാനെത്തിയാല്‍ തലയെടുക്കുമെന്നായിരുന്നു ഭീഷണി. ഘോഷയാത്ര നയിച്ചുകൊണ്ട് അബ്ദുറഹിമാന്‍ എത്തി. ഭീഷണി മുഴക്കിയവര്‍ക്കുള്ള മറുപടിയായി അവിടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

''അബ്ദുറഹിമാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. എന്റെ തല ഇവര്‍ വിചാരിച്ചാല്‍ എടുക്കാന്‍ കഴിയില്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാന്‍ കഴിയൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, അശക്തരായ ഇവിടെ കൂടിയ എന്റെ സഹോദരങ്ങ ള്‍ക്കോ എന്റെ തല ഉടലില്‍വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധിക്കില്ല.''

അവസാനത്തെ അത്താഴവും വിവാദവും

1945 നവംബര്‍-23. മുക്കത്തിനടുത്ത് കൊടിയത്തൂരിലായിരുന്നു പൊതുയോഗം. അബ്ദുറഹിമാന്‍ സാഹിബ് കോഴിക്കോട്ടുനിന്ന് കാറില്‍ മുക്കത്തേക്ക് പുറപ്പെട്ടു. കുഞ്ഞിത്തറി ഹാജി, പി.കെ. മമ്മു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മുക്കത്തുനിന്ന് തോണി കയറിപ്പോവണം. രണ്ടുമണിക്കൂര്‍ നീണ്ട പ്രസംഗം കേള്‍ക്കാന്‍ കൊടിയത്തൂരില്‍ ആറായിരത്തോളം പേര്‍ തടിച്ചുകൂടി: ''നിങ്ങളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ പലരുമുണ്ടാകും. അതൊന്നും നിങ്ങള്‍ വിശ്വസിക്കരുത്. ഞാന്‍ പറയുന്നതുതന്നെ നിങ്ങള്‍ കേള്‍ക്കണമെന്ന് പറയുന്നില്ല. ദൈവവചനമായ ഖുര്‍ആനും നബിവചനവും മാത്രം നോക്കി നടക്കുക. അയല്‍വാസികളായ ഹിന്ദുക്കളോട് ഒരിക്കലും നിങ്ങള്‍ ശത്രുതയില്‍ വര്‍ത്തിക്കരുത്. അതു നമുക്ക് ദോഷമേ ചെയ്യൂ.''

യോഗം സമാപിച്ചു. കുട്ടിഹസന്‍ അധികാരിയുടെ വീട്ടില്‍ അബ്ദുറഹിമാന് സത്കാരം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ചേന്നമംഗലൂരിലെത്തി. അവിടെ എ.എം. അബുസലാം ആതിഥ്യം ഒരുക്കിയിരുന്നു. അതുകഴിഞ്ഞ് മണാശ്ശേരിയിലെത്തണം. അവിടെയാണ് കാറുള്ളത്. പകുതി ദൂരം നടന്നപ്പോള്‍ സാഹിബ് അടിതെറ്റി വീണു. അബോധാവസ്ഥയിലായ അദ്ദേഹത്തെ കൂടെയുള്ളവര്‍ ഒരു ബെഞ്ചില്‍ കിടത്തി കാറുള്ളിടത്ത് എത്തിച്ചു. കോഴിക്കോട്ടെത്തും മുന്‌പേ ആ ധീരദേശാഭിമാനി മരിച്ചു.

തന്റെ പിതാവ് എ.എം. അബ്ദുസലാം അധികാരി കളത്തിങ്കലിന്റെ ചേന്നമംഗലൂരിലെ വീട്ടില്‍നിന്നാണ് അബ്ദുറഹിമാന്‍ സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത് എന്ന് പ്രസിദ്ധ എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂര്‍ ഓര്‍ക്കുന്നു. അന്ന് സാഹിബിനും പ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കാന്‍ 40 കോഴികളെ അറത്തതായി ഉമ്മ കദീശുമ്മ പറഞ്ഞത് അദ്ദേഹം മറന്നിട്ടില്ല. കൊടിയത്തൂരില്‍ സത്കാരം ഒരുക്കിയ കുട്ടിഹസന്‍ അധികാരി ഹമീദിന്റെ ഉപ്പാപ്പയാണ്. കുടുംബവുമായി അത്രബന്ധം അബ്ദുറഹിമാന് ഉണ്ടായിരുന്നു. പത്തിരിയും കോഴിക്കറിയും നെയ്ച്ചോറും കുറിയരികഞ്ഞിയുമായിരുന്നു കദീശുമ്മ ഒരുക്കിയ വിഭവം. ഭക്ഷണം കഴിഞ്ഞ് മണാശ്ശേരിയിലേക്ക് നടക്കുന്ന വഴിക്കാണ് കുഴഞ്ഞുവീണത്. അബ്ദുറഹിമാന്റെ ജീവചരിത്രഗ്രന്ഥത്തിലോ എന്‍.പി. മുഹമ്മദ് എഴുതിയ നോവലിലോ മറ്റ് ചരിത്രഗ്രന്ഥങ്ങളിലോ സാഹിബ് വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്ന് പറയുന്നില്ല. അന്നുരാത്രി കോഴിക്കോട് നാലാംഗേറ്റിനടുത്തുള്ള ജോസ് വില്ലയില്‍ മൃതദേഹം എത്തിച്ചശേഷം രണ്ട് ഡോക്ടര്‍മാര്‍ പരിശോധിച്ചതായി ജീവചരിത്രത്തില്‍ പറയുന്നു. ഡോ. പി.ജി. മേനോനും ഡോ. എ. ബാലകൃഷ്ണന്‍ നായരും. ഇവരൊന്നും വിഷംഅകത്തുചെന്നാണ് മരിച്ചതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, പി.ടി. കുഞ്ഞുമുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ച് വീരപുത്രന്‍ എന്ന സിനിമയെടുത്തപ്പോള്‍, ചരിത്രവസ്തുത വളച്ചൊടിച്ചു എന്ന് ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു. 'അബ്ദുസലാംഅധികാരിയുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ വിഷം നല്‍കിയെന്ന സൂചന അതിലുണ്ട്. എന്‍.പി. മുഹമ്മദിന്റെ നോവലില്‍ ഒടയത്തില്‍ എന്ന കഥാപാത്രമാണ് ഇതിന് ആധാരം എന്ന് വേണമെങ്കില്‍ വാദിക്കാം. സാങ്കല്പിക കഥാപാത്രമായ ഒടയത്തില്‍ പ്രതിനിധാനം ചെയ്യുന്നത് മുഹമ്മദ് അബ്ദുറഹിമാന്റെ ശത്രുക്കളെയാണ്. അന്ന് മുസ്ലിംലീഗുകാരായ പാകിസ്താന്‍ അനുകൂലികളാണ് അന്ന് അബ്ദുറഹിമാന്റെ ശത്രുക്കള്‍. ഈ കഥാപാത്രം അന്ന് അബ്ദുസലാംഅധികാരിയുടെ വീട്ടിലെത്തി കരിഞ്ചായയില്‍ വിഷം കലര്‍ത്തിയെന്ന് പറയുന്നുണ്ട്. നോവലില്‍ ആ രംഗം വിവരിക്കുന്നതിങ്ങനെ: 'അതിഥികളെല്ലാം ഇറങ്ങിയശേഷം ഒടയത്തില്‍ നോക്കുകയാണ് കരിഞ്ചായ കുടിച്ചിട്ടുണ്ടോ എന്ന്. ഇല്ല കരിഞ്ചായ കുടിച്ചിട്ടില്ല. ഇത് കഥാപാത്രത്തിനുതന്നെ ആശ്വാസമാവുകയാണ്. താന്‍ വിഷം കലര്‍ത്തിവെച്ച കരിഞ്ചായ അദ്ദേഹം കുടിച്ചിട്ടില്ലല്ലോ എന്ന്.' അങ്ങനെയാണ് നോവല്‍ അവസാനിക്കുന്നത്. അബ്ദുറഹിമാന്റെ അനുജന്‍ ഇബ്രാഹിം അന്ന് ജീവിച്ചിരിപ്പുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയനേതാവായ അദ്ദേഹത്തിന്റെ അനുയായികളായ ഇ. മൊയ്തുമൗലവി, എന്‍.പി. മുഹമ്മദ്, പി.കെ. മമ്മു തുടങ്ങിയവരൊക്കെ അന്നുണ്ട്. പി.കെ. മമ്മുവും കുഞ്ഞിത്തറി ഹാജിയും അന്ന് എന്റെ വീട്ടില്‍നിന്ന് അബ്ദുറഹിമാന്‍ സാഹിബിനൊപ്പം ഭക്ഷണം കഴിച്ച് മടങ്ങിയവരാണ്. എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കില്‍ ഇവരാരെങ്കിലും അന്വേഷണം ആവശ്യപ്പെടുമായിരുന്നല്ലോ. മരണത്തില്‍ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വവും അന്വേഷണം ആവശ്യപ്പെടുമായിരുന്നു. നോവലിലെ ഒരു രംഗം ഉയര്‍ത്തിക്കാട്ടി പി.ടി. കുഞ്ഞുമുഹമ്മദ് അമിതമായ സ്വാതന്ത്ര്യം എടുത്തു. ഭാര്യ മരിച്ചശേഷം 16 വര്‍ഷം അദ്ദേഹം ജീവിച്ചെങ്കിലും പുനര്‍വിവാഹം ചെയ്തില്ല. അബ്ദുറഹിമാന്‍ രണ്ടാമതൊരു വിവാഹം കഴിച്ചുവെന്ന് ഈ സിനിമയിലൂടെ പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ?

സംവിധായകന്റെയോ നോവലിസ്റ്റിന്റെയോ സ്വാതന്ത്ര്യമുപയോഗിച്ച് പുനര്‍വിവാഹം കഴിച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ചരിത്രവിരുദ്ധമാവില്ലേ. അതുപോലെ സ്വാഭാവികമരണം നടന്ന ഒരാളെ വിഷംകൊടുത്തു കൊന്നതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ചരിത്രവിരുദ്ധമാണ്. അതിനെ ആവിഷ്‌കാരസ്വാതന്ത്ര്യമായി കണക്കാക്കാനാവില്ല. സുഖമരണമായിരുന്നുവെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. മുസ്ലിം മതമൗലികവാദസംഘടനകളെ ശക്തമായി വിമര്‍ശിച്ചുവന്ന എന്നെ അടിക്കാനുള്ള ആയുധമായി ഇവര്‍ ഈ സിനിമയിലെ പരമാര്‍ശം എടുത്ത് ആയുധമാക്കി. അക്കാലത്ത് ചേന്നമംഗലൂരില്‍ ജീവിച്ച ആളുകളൊന്നും ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നില്ല. സിനിമ ഇറങ്ങിയ കാലത്ത് ഭീഷണി മുഴക്കി ചില ഊമക്കത്തുകള്‍ ലഭിച്ചിരുന്നു. ചരിത്രപുരുഷന്റെ ജീവിതത്തെ വളച്ചൊടിച്ച് ചിത്രീകരിച്ചതിനെ കോണ്‍ഗ്രസ് അന്ന് എതിര്‍ക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി -ഹമീദ് പറയുന്നു.

ഒറ്റദിവസത്തെ റെയില്‍വേസ്റ്റേഷന്‍

അവസാനകാലത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് താമസിച്ചത് കോഴിക്കോട് നാലാംഗേറ്റിനടുത്ത് ജോസ് വില്ലയെന്ന വീട്ടിലാണ്. അബ്ദുറഹിമാന്‍ സാഹിബിന്റെ മരണദിവസം ആദ്യമായി നാലാംഗേറ്റില്‍ തീവണ്ടികള്‍ക്ക് ഒരുദിവസത്തെ റെയില്‍വേസ്റ്റേഷന്‍ തുറന്നു. അവിടെ വണ്ടികള്‍ നിന്നു. നാനാഭാഗത്തുനിന്നുമായി പതിനായിരങ്ങള്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്തെന്നാണ് അന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിലാപയാത്രയ്ക്ക് അറ്റമുണ്ടായിരുന്നില്ല. വിലാപയാത്രയുടെ നീളത്തെക്കുറിച്ച് മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ഇങ്ങനെ എഴുതി:

'കന്നിവെള്ളക്കാറുപോലെ കേരളത്തില്‍ നീളേ

കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര ഞങ്ങളോര്‍പ്പൂ കാലേ-

മുറ്റമഴീക്കോട്ടുനിന്ന് മുക്കമെത്തുവോളം

മുഗ്ധമാം നിന്‍ ജൈത്രയാത്ര ഞങ്ങളോര്‍പ്പൂ കാലേ...'

ഓര്‍മയില്‍ വീണ്ടും

Content Highlights: Muhammed abdurahiman sahib

Content Highlights: