ഈര്‍മ്മന്‍ മാറാത്ത ഏതു ജീവിതക്കുപ്പായവും പാകത്തിലെടുത്തിടുന്ന മേതില്‍!

#ഷബിത
മേതില്‍/ ഫോട്ടോ: വി. രമേഷ്‌
മേതില്‍/ ഫോട്ടോ: വി. രമേഷ്‌

മേതിലിന് എണ്‍പത്. രാവിലെ തന്നെ കംപ്യൂട്ടറില്‍ പുതിയൊരു പ്രോഗ്രാം പരീക്ഷിക്കുന്ന തിരക്കിലാണ്. റിസര്‍ച്ച്‌ഗേറ്റില്‍ പുതുതായി ചര്‍ച്ചയ്ക്കുവന്ന വിഷയങ്ങളാണ് തലയിലുള്ളത്. മേതില്‍ രാധാകൃഷ്ണന്‍ റിസര്‍ച്ച് ഗേറ്റിന്റെ പടികടക്കുമ്പോള്‍ 'മിസ്റ്റര്‍. റാഡ്' ആയി മാറുന്നു. ഭൂമിയും സൂര്യനും വൈദ്യശാസ്ത്രവും ഗുരുത്വാകര്‍ഷണവും എന്നുതുടങ്ങി തലയില്‍ കൊള്ളാത്ത അത്രയും ചിന്തയുമായി ഇരിക്കുന്ന ഒരു കംപ്യൂട്ടര്‍ ആശ്രിതജീവിതമാണ് പലപ്പോഴും മേതിലിനുള്ളത് എന്നുതോന്നിയിട്ടുണ്ട്. മേതില്‍ കംപ്യൂട്ടറിനോട് സംസാരിക്കുന്നു. കംപ്യൂട്ടര്‍ തിരിച്ച് മേതിലിനോടും. വലത്തേക്കണ്ണില്‍ ഏതാണ്ട് മുഴുവനായും പടര്‍ന്ന അന്ധതയെ പലപ്പോഴും ഒറ്റക്കണ്ണനെന്ന് സ്വയം വിശേഷിപ്പിച്ച് നിസ്സാരമാക്കുന്ന മനുഷ്യന്‍. അടുക്കുംതോറും അലിവുകളുടെ കലവറ തുറന്നുതന്ന്, എന്നാല്‍ സര്‍ഗാത്മകതയിലെ തന്റേതായ അഹങ്കാരത്തിന് ഒരുപോറലും സംഭവിക്കാന്‍ സമ്മതിക്കാതെ നിതാന്ത ചിന്തയില്‍ മുഴുകുന്നൊരു മേതില്‍! പുകച്ചുപുറംതള്ളുന്ന പുകവലയങ്ങള്‍ 'ക ഖ ഗ ഘ ങ്ങ'കളായി മേതിലിനുചുറ്റും പറക്കുമ്പോള്‍ മാത്രം നിവൃത്തിയില്ലാതെഴുതുന്ന എഴുത്തുകാരന്‍. സക്കറിയ വിശേഷിപ്പിച്ചതുപോലെ എഴുത്തുകാരുടെ എഴുത്തുകാരനായ മേതില്‍. മലയാളത്തില്‍ ചുരുക്കം ചില മുന്തിയ എഴുത്തുകാര്‍ക്കുമാത്രം വന്നുചേര്‍ന്ന വിശേഷണം. 

വ്യക്തിത്വത്തിന്റെ പുറംമതില്‍ പൊളിച്ച് അകത്തുകടന്നാല്‍ യഥാര്‍ഥ മേതിലിനെ കാണാം. അത്രയൊന്നും ആര്‍ഭാടമല്ലാത്തൊരു ജീവിതത്തില്‍, ആഘോഷിക്കപ്പെടാതെപോയ കൃതികളുടെ വാര്‍ഷികസമ്മേളനങ്ങളില്ലാതെ, പതിപ്പുകളുടെ കുത്തൊഴുക്കില്ലാതെ, സാഹിത്യോത്സവങ്ങളുടെ ബഹളമില്ലാതെ, കുഞ്ഞാമന്‍ മാഷും കെ. എ ജോണിയും പോലുള്ള അത്യപൂര്‍വം മനുഷ്യര്‍ക്കുമാത്രം പ്രവേശനമുള്ളൊരു മനസ്സിന്റെ ഭൂമിക. മേതില്‍ ഏറ്റവുമധികം വികാരാധീനനായി കണ്ടതും കുഞ്ഞാമന്‍ മാഷ് പോയപ്പോഴാണ്. ആത്മകഥ ആവാതെ ഞാന്‍ എന്ന പംക്തി മാതൃഭൂമി ഡോട്‌കോമില്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 'ഉദ്ധരണികളുടെ ചെകുത്താന്‍' എന്നു സ്വയം വിശേഷിപ്പിച്ച മറ്റൊരു മേതിലിന്റെ ക്രുദ്ധമുഖവും എനിക്കറിയാം. തന്റേതായ കാരണങ്ങളാല്‍ മലയാളിയെ ഒരു കൈയ്ക്കപ്പുറം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും മലയാളം തെറ്റിച്ചെഴുതിയാല്‍ അസ്സലൊരു മോണ്‍സ്റ്ററാവുന്ന മേതില്‍! 

ഈര്‍മ്മം എന്ന വാക്ക് മേതിലില്‍ നിന്നാണ് ആദ്യമായി കേട്ടത്. ട്രോമയുടെ മലയാളപദം. ട്രോമയ്ക്ക് ഇത്രയും തരളമായൊരു മലയാളപദം കേട്ടപ്പോള്‍ അതിശയം തോന്നി. വീണ്ടും വീണ്ടും മേതിലിനോടുചോദിച്ചു- എന്നാലും ട്രോമയ്ക്ക് പകരമാവുമോ ഈര്‍മ്മം? ഈര്‍മ്മനാവുകയെന്നാല്‍ നനവുണങ്ങാതെ പറ്റിപ്പിടിച്ച് നില്‍ക്കാനും ഇരിക്കാനും കിടക്കാനും സമ്മതിക്കാതെ അസ്വസ്ഥമാക്കുക എന്നാണല്ലോ. രാഷ്ട്രീയം പറയുന്ന മേതില്‍ പലപ്പോഴും ഈര്‍മ്മനായി. സാഹിത്യം പറയുന്ന മേതില്‍ പലപ്പോഴും അഗ്രസ്സീവായി. ജീവിതം പറയുന്ന മേതില്‍ പലപ്പോഴും പൊട്ടിച്ചിരിച്ചു. ജിപ്‌സികളെക്കണ്ടുപഠിക്കാന്‍ ഒരിക്കല്‍ തമാശയായി പറഞ്ഞു. ഈര്‍മ്മന്‍ മാറാത്ത ജീവിതം തുന്നിയ ഏതുകുപ്പായവും മേതില്‍ തന്റെ സ്വതസിദ്ധമായ ഉഷ്ണത്താല്‍ ഉണക്കിയെടുത്തണിഞ്ഞു. മേതിലിന് ജീവിക്കാന്‍ ഏറെ ഇഷ്ടമുള്ള നാട് നോര്‍വേയാണ്. നോര്‍വേക്കാര്‍ക്ക് 'സൂര്യവംശം' മനസ്സിലാകുമോ?  മേതില്‍ നോര്‍വേക്കാരുടെ സൂര്യവംശം എഴുതുമായിരിക്കും!

''ദൈവമേ, നീയും കുട പിടിച്ച് നടക്ക്. നിനക്ക് വയസ്സായി. ഇന്നലെ രാത്രി, ആകാശത്തില്‍ നിന്റെ കൊഴിഞ്ഞുവീണൊരു ദംഷ്ട്രം ചീഞ്ഞളിയുന്നത് ഞാന്‍ കണ്ടിരിക്കുന്നു.
കര്‍ക്കടകവൃത്തം വിട്ടു നടക്ക്.
കമേരു പറ്റി നടക്ക്.'' സൂര്യവംശത്തില്‍ കര്‍ക്കടകവൃത്തം എന്ന അധ്യായത്തിലാണ്. ദൈവത്തോട് കുടപിടിച്ച് നടക്കാന്‍ ഉപദേശിക്കുകയോ കല്‍പ്പിക്കുകയോ ചെയ്യുന്ന നായകന്‍. നടക്കൂ എന്ന എളിയ വാക്കല്ല, നടക്ക് എന്ന നിര്‍ദ്ദേശമാണ്. അന്നേവരെ കണ്ട ദൈവസങ്കല്പങ്ങളിലൊന്നും ഇല്ലായിരുന്നു ദൈവത്തിന് ദംഷ്ട്രം! അതും കൊഴിഞ്ഞതുവീണാല്‍ ചീഞ്ഞളിയുന്നത്. ''ഞാന്‍ കണ്ടിരിക്കുന്നു'' എന്നാണ് പറഞ്ഞത്. കണ്ടു എന്നല്ല. മനുഷ്യനെ ഉത്തുംഗത്തില്‍ സൃഷ്ടിക്കുന്നൊരു മേതില്‍ സൃഷ്ടി. ദൈവത്തിന്റെ പ്രായത്തെ ഓര്‍മപ്പെടുത്തുന്ന മലയാളത്തിലെ ഏക മേതില്‍. എന്തുകൊണ്ടാണ് മേതില്‍ വായനക്കാരുടെ എഴുത്തുകാരനാവാതെ, എഴുത്തുകാരുടെ എഴുത്തുകാരനായത് എന്നുവ്യക്തം. 

 ഒരു പറ്റം മേതിലിയന്മാര്‍ മേതില്‍കൃതികള്‍ തിന്നുകുടിച്ച് ഉന്മത്തരായ കാലമായിരുന്നു എണ്‍പതുകള്‍. മേതിലിന്റെ 19 എന്ന പുസ്തകത്തിന്റെ അവതാരികയില്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയതുപോലെ 'കഞ്ചാവിനേക്കാളും മുന്തിയ ഒന്ന്' അകത്തുചെന്ന അവസ്ഥയില്‍ ലെതാര്‍ജിക്കായ ഒരു കൂട്ടം വായനക്കാര്‍. എഴുത്തുകാരന്‍ കരുണാകരനും മാതൃഭൂമി ബുക്‌സ് കോപ്പി റൈറ്റര്‍ കെ. സുരേഷ്‌കുമാറും എഴുത്തുകാരന്‍ കല്‍പറ്റ നാരായണനും എ.വി ഷെറിനും സുനില്‍ സിദ്ധാര്‍ഥും സര്‍ജു ചാത്തന്നൂരുമൊക്കെ മേതിലിനെ തിന്നുകുടിച്ചുവീര്‍ത്തു. എന്നിട്ടും മലയാളിയുടെ ഒരു മതിലിനപ്പുറം നിന്നു മേതില്‍.  

കംപ്യൂട്ടര്‍ പഠിക്കാന്‍ കോഴിക്കോട് നഗരത്തിലെത്തിയ ഒരു മേതിലുണ്ടായിരുന്നു. മനുഷ്യരേക്കാല്‍ കംപ്യൂട്ടറിനെ ഇഷ്ടപ്പെട്ട മേതില്‍. ആധുനികമായതെന്തും മേതിലിനുസ്വന്തമാക്കാനാണിഷ്ടം. യാത്രകളും സിനിമാപഠനവും ജേണലിസവും കഥയും കവിതയും നോവലും പംക്തികളും മേതിലിന്റെ വിശപ്പടക്കാന്‍പോന്നവയായിരുന്നില്ല. അവനവനോടുള്ള ബഹുമാനം (നിര്‍ഭാഗ്യവശാല്‍ അതിന്റെ പേര് നാര്‍സിസം അഥവാ ആത്മരതി എന്നായിപ്പോയി) കണ്ടുപഠിക്കണമെങ്കില്‍ ശിഷ്യപ്പെടേണ്ടത് മേതിലിനുമുമ്പിലാണ്. സ്വയം ഇകഴ്ത്തിപ്പറഞ്ഞ്, ഏയ് നിങ്ങളങ്ങനെയൊന്നുമല്ല എന്ന് മറ്റുള്ളവരെക്കൊണ്ട് വേണ്ടിടത്തും വേണ്ടാത്തിടത്തും പറയിപ്പിച്ച് ശീലിച്ച വിശിഷ്യാമലയാളിക്ക് ഒരു സ്വാഭിമാനപുസ്തകമായി മേതിലിനെ തുറന്നുവായിക്കാം. 

മേതിലിനെ പൊതിഞ്ഞിരിക്കുന്ന ഒരു ഈര്‍മ്മനാണ് അദ്ദേഹത്തിന്റെ പത്‌നി പ്രഭ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രഭേടത്തി എന്നേ അവരെ കണ്ടവരും കാണാത്തവരും വിളിക്കാറുള്ളൂ. ആ വലിയ ജീവിതത്തിന്റെ അരികോരം പറ്റിച്ചേര്‍ന്ന് പോകുന്നിടത്തെല്ലാം കൂടെ നടന്ന ഒരു അപൂര്‍വ ജീവിതപ്രതിഭ. ജീവിതം സര്‍ഗാത്മകമാക്കാനറിയുള്ളവരാണ് പ്രതിഭകള്‍. പ്രഭേടത്തിയെ മേതില്‍ പരിചരിച്ച വിധം കേള്‍ക്കുമ്പോള്‍ ആ പ്രഭയില്ലായ്മയില്‍ മേതില്‍ അനുഭവിക്കുന്ന ഈര്‍മ്മം തൊട്ടറിയാം. പ്രഭയായിരുന്നു മേതിലിന്റെ പ്രതിഭ. മേതിലിനെക്കുറിച്ചു പറയാന്‍ പരിമിതികള്‍ അദ്ദേഹം തന്നെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ജീവിതം മുഴുവനായും രേഖപ്പെടുത്താന്‍ 'അവകാശം' ഏല്‍പിച്ചുതന്നപ്പോഴും പറഞ്ഞവാക്ക് ജീവിതം കഴിഞ്ഞതിനുശേഷം മാത്രം മേതില്‍ എന്നെഴുതിത്തുടങ്ങാന്‍ പാടുള്ളൂ എന്നാണ്. ഇത് ആ വാക്കിന്റെ അരികും വക്കും പറ്റിച്ചേര്‍ന്നുകൊണ്ടുള്ള ചെറിയൊരു മതില്‍ചാടലാണ്. മതിലിനപ്പുറം മേതില്‍ ഉണ്ട്, കാണും എന്നറിഞ്ഞുകൊണ്ടുതന്നെ!

എണ്‍പതിന്റെ നിറവില്‍ എന്നെഴുതിയാല്‍ മേതില്‍ പുച്ഛിച്ചുതളളുമെന്നുറപ്പ്. ആശംസകളറിയിച്ചാല്‍ ചവറ്റുകൊട്ടയിലിടുമെന്നും നൂറുവട്ടം ഉറപ്പ്. കാണാന്‍ 
വരുന്നുവെന്നറിയിക്കുമ്പോള്‍ ഫ്‌ളാറ്റിന്റെ പത്താം നിലയിലെ ജനലിലൂടെ കണ്ണിമയ്ക്കാതെ മേതില്‍ നോക്കിനില്‍ക്കും. ആ കാഴ്ച കാണാനായി കുറേനേരം താഴെത്തന്നെ നില്‍ക്കാറുണ്ട്. മഹാനായൊരു മനുഷ്യന്‍ ഉയരത്തുനിന്നും താഴേയ്ക്കുനോക്കുമ്പോള്‍ കണ്ണില്‍പ്പെടാന്‍ കഴിഞ്ഞതിലുള്ള ആത്മരതി വന്നുനിറയുന്നത് അറിഞ്ഞുകൊണ്ടുതന്നെ. വാതിലില്‍ മുട്ടുന്നതുവരെ, നമുക്ക് വഴിതെറ്റിപ്പോവാതിരിക്കാന്‍ ആ നില്‍പ് അങ്ങനേ തുടരുന്നുണ്ടാവും മേതില്‍. ആ നില്‍പിലാണ് കയറിവരുന്നവരുടെ ആശ്വാസം എന്ന് ആരേക്കാളും നന്നായി അറിയുന്ന മേതിലിന് ഒരിക്കല്‍ കൂടി പിറന്നാളാശംസകള്‍.
 

Content Highlights: maythil radhakrishnan 80th birthday shabitha writes