അമേരിക്കയുടെ പാവയായ ഒഗുസ്‌തോ പിനോച്ചെയുടെ സ്ഥാനാരോഹണവും നെരൂദയുടെ ദുരൂഹ മരണവും!

#മാങ്ങാട് രത്‌നാകരന്‍
ഒഗുസ്‌തോ പിനോച്ചെ, നെരൂദ/ ഫോട്ടോ: എ.എഫ്.പി
ഒഗുസ്‌തോ പിനോച്ചെ, നെരൂദ/ ഫോട്ടോ: എ.എഫ്.പി

പാബ്ലോ നെരൂദയിലേക്ക് സഞ്ചരിക്കുകയെന്നാല്‍ നെരൂദയുടെ രചനകളിലൂടെയും നെരൂദയെക്കുറിച്ചുള്ള പുസ്തകങ്ങളിലൂടെയും ഫോട്ടോഗ്രാഫുകളിലൂടെയും ചിത്രങ്ങളിലൂടെയും സഞ്ചരിക്കുക എന്നുകൂടിയാണ്. പലകാലങ്ങളില്‍ കടന്നുപോയ, സ്വന്തമാക്കി സൂക്ഷിക്കുന്ന നെരൂദ പുസ്തകങ്ങളെ ഓര്‍മിക്കുന്നു. ഒപ്പം നെരൂദയെക്കുറിച്ചുള്ള ഒരു സചിത്രപുസ്തകത്തില്‍ നിന്നുള്ള എതാനും സ്മരണകളുടെ പരിഭാഷയും.

തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ള എന്റെ സ്വഭാവവുമായി എന്തൊക്കെയോ അടുപ്പം തോന്നിയതുകൊണ്ടാണ്, ഡോണ്‍ ക്വിക്സോട്ടുമായി (സ്പാനിഷില്‍, ദോണ്‍ ക്വിഹോത്തെ) പണ്ടുതൊട്ടേ കൂട്ടുകൂടിയത്. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നുകിട്ടിയ സംഗൃഹീത പുനരാഖ്യാനത്തിലൂടെയാണ് ചങ്ങാതിയെ പരിചയപ്പെടുന്നത്, പിന്നീട് കൂടെത്തന്നെകൂട്ടി. ചിലപ്പോള്‍ ക്വിക്സോട്ടിനെക്കാള്‍ സാഞ്ചോ പാന്‍സയെ ഇഷ്ടപ്പെട്ടു. യാഥാര്‍ഥ്യത്തിലെ നായകന്‍ സാഞ്ചോ, അല്ലേ? ഭാവനയെ കൂട്ടുപിടിക്കുമ്പോള്‍ ക്വിക്സോട്ട്, തിരിച്ചാവുമ്പോള്‍ സാഞ്ചോ. വൈരുധ്യങ്ങളെ അതിന്റെ പാട്ടിനുവിട്ടു.

ഡോണ്‍ ക്വിക്സോട്ട് എവിടെക്കണ്ടാലും വാങ്ങിച്ചു. മോഡേണ്‍ ലൈബ്രറി എഡിഷന്‍ ആദ്യം, പിന്നെ പെന്‍ഗ്വിന്‍, വേഡ്സ്വര്‍ത്ത്, ബാണ്‍ഡ് ആന്‍ഡ് നോബ്ള്‍, വിന്റേജ് പതിപ്പുകള്‍. വിന്റേജിന്റേത് ഈഡിത്ത് ഗ്രോസ്മാന്റെ തര്‍ജമ. ഫാദര്‍ തോമസ് നടയ്ക്കല്‍ സ്പാനിഷില്‍നിന്ന് നേരിട്ട് വിവര്‍ത്തനംചെയ്ത ഡോണ്‍ ക്വിക്സോട്ടിനെയും പേരുകേട്ട പതിപ്പുകള്‍ക്കൊപ്പം സൂക്ഷിച്ചു. മ്യൂണിക്കിലെ ന്യൂയി പിനാകോത്തെക്കില്‍നിന്ന് ഓണോറെ ദൂമിയെ ക്വിക്സോട്ടിനെയും ലണ്ടനിലെ ടേറ്റ് മോഡേണില്‍നിന്ന് പിക്കാസ്സോ ക്വിക്സോട്ടിനെയും വാങ്ങിച്ചു; ചില്ലിട്ട് മുറിയില്‍ തൂക്കി. ക്വിക്സോട്ടിന്റെ തണലിലിരുന്ന് പുസ്തകങ്ങള്‍ കരണ്ടുതിന്നുമ്പോഴുള്ള സുഖം ഒന്നുവേറെ, ക്വിക്സോട്ടിനെപ്പോലെ മറ്റാരാണ് അത്രയും വായിച്ചിട്ടുള്ളത്? 

മറ്റൊരു 'ശേഖര'കഥയാണ് ഇവിടെ പറയാന്‍പോകുന്നത്, നെരൂദാശേഖരം. ആദ്യം നെരൂദയുടെ ശേഖരത്തെക്കുറിച്ചാകാം. നെരൂദ ഒരു 'പുസ്തകശേഖര'നെന്നതുപോലെത്തന്നെ 'ശംഖുശേഖര'നുമായിരുന്നുവല്ലോ. പണ്ഡിതനായ പ്രൊഫ. ജൂലിയന്‍ ഹക്സ്ലി സാന്തിയാഗോ വിമാനത്താവളത്തിലെത്തിയപ്പോള്‍, ''കവി നെരൂദയെക്കാണാനാണോ?'' എന്ന് പത്രക്കാര്‍ 'തലയിട്ട'പ്പോള്‍, ''അല്ല നെരൂദ എന്ന പേരില്‍ ഒരു കവിയെ എനിക്കറിഞ്ഞുകൂടാ, 'ശംഖുശേഖര'നായ നെരൂദയെയാണ് കാണേണ്ടത്,'' എന്നാണ് പറഞ്ഞത്! ചിലിയിലെ കടല്‍ക്കരയിലെ ഈസ്ലാ നെഗ്ര എന്ന വീട് കൗതുകവസ്തുക്കളുടെ ഒരു മ്യൂസിയമാണ് എന്ന് നെരൂദാ സ്‌നേഹികളും ആക്രിക്കടയെന്ന് നെരൂദാ വിദ്വേഷികളും-വിദ്വേഷികള്‍ക്ക് കവി 'ഷാംപെയിന്‍ കമ്യൂണിസ്റ്റ'ത്രെ!- വിശേഷിപ്പിക്കാറുണ്ടല്ലോ. നെരൂദ മരിച്ചതിനുശേഷമുള്ള നാളുകളില്‍ ഫാസിസ്റ്റുകളും പിനോച്ചെയുടെ പിണിയാളുകളും അതില്‍ പലതും കൊള്ളയടിച്ചു. പതിനയ്യായിരംവരുന്ന ശംഖുകളും ചിപ്പികളും ശംഖുശാസ്ത്ര-ചിപ്പിശാസ്ത്ര വിഷയങ്ങളിലുള്ള പുസ്തകങ്ങളും, താന്‍ പഠിച്ച സര്‍വകലാശാലയ്ക്ക് നെരൂദ തന്നെ സമ്മാനിച്ചു. കൊട്ടുംകുരവയുമായി അവരത് സ്വീകരിച്ചു. ''അവരത് സര്‍വകലാശാലയുടെ നിലവറയില്‍ അടക്കംചെയ്തു. പിന്നീടാരും അത് കണ്ടിട്ടില്ല,'' നെരൂദ പരിഹാസം ചൊരിയുന്നു. കടല്‍ക്കരയിലെ പ്രിയപ്പെട്ട വീട്ടിലെ-ഈസ്ലാ നെഗ്ര-ശേഖരങ്ങളില്‍ കുറെയെങ്കിലും ഇപ്പോള്‍ അവശേഷിക്കുന്നത് ലൂയിസ് പൊയ്റോതിന്റെ ഫോട്ടോഗ്രാഫുകളിലാവാം.
(പാബ്ലോ നെരൂദ ആബ്സെന്‍സ് ആന്‍ഡ് പ്രസന്‍സ്, ഡബ്ല്യു. ഡബ്ല്യു. നോര്‍ട്ടന്‍ ആന്‍ഡ് കമ്പനി, ന്യൂയോര്‍ക്ക്, 1990).

പ്രീഡിഗ്രിക്കാലത്താണ് നെരൂദയുടെ കവിതാപുസ്തകം ആദ്യമായി കൈയില്‍ വരുന്നത്. സെലക്ടഡ് പോയംസ് ഓഫ് പാബ്ലോ നെരൂദ. ചെറുനാരങ്ങയുടെ നിറമുള്ള ആ പുസ്തകം ഓമനിച്ചുകൊണ്ടുനടന്നു. മനസ്സിലാക്കിയും മനസ്സിലാക്കാതെയും വായിച്ചു. എന്നോട് തീരേ സംസാരിക്കാത്ത സ്പാനിഷ് ഓരോ പേജിന്റെയും ഇടതുവശത്തുണ്ടായിരുന്നു. ഒരു ഉഭയഭാഷാ പുസ്തകം ആദ്യമായി കാണുകയായിരുന്നു. 

ബ്രണ്ണനിലെത്തുമ്പോള്‍, മലയാളം വകുപ്പ് ലൈബ്രറിയില്‍ മെമ്വാസ് ഉണ്ട്, നെരൂദയുടെ ആത്മകഥ. മലയാളം വകുപ്പില്‍ അത് മറ്റാര് വാങ്ങിച്ചുവയ്ക്കാന്‍? (എം.എന്‍) വിജയന്‍മാഷല്ലാതെ! മലയാള ആധുനിക കവിതയെക്കുറിച്ചുള്ള മാഷുടെ ഒരു ലേഖനത്തില്‍, ('ആധുനിക കവിത', ചിതയിലെ വെളിച്ചം, പൂര്‍ണ, 1981) 'പാബ്ലോ നെരൂദയെപ്പോലെ ഭീമാകാരമായ ഒരു കവിപ്രതിഭ നമുക്കില്ലെങ്കിലും' എന്ന വാക്യംതന്നെ ആ പുസ്തകം അവിടെ ഇരിക്കുന്നതിന് തെളിവായിരുന്നു.
ആത്മകഥ വായിച്ചു. ഏതാണ്ട് എഴുപതുവര്‍ഷം നീണ്ട (1904-1973) കവിജന്മം. എന്തൊരു ജീവിതം! എന്തൊരു കവിത! പരിചിതമല്ലാത്ത ഭൂഖണ്ഡങ്ങളില്‍, മുറിവേറ്റ ചരിത്രത്തില്‍, കലങ്ങിയ പ്രത്യയശാസ്ത്രത്തില്‍, സുഹൃദ്കവികളുടെ ജീവിതത്തില്‍, പ്രണയങ്ങളില്‍, കാമങ്ങളില്‍, വീഞ്ഞില്‍, ജീവിച്ച നെരൂദയോടൊപ്പം യാത്രപോയി. ഇപ്പോഴും ആ യാത്ര അവസാനിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ 'ശേഖരിച്ചത്' ആത്മകഥയുടെ 'സമ്പൂര്‍ണ' പതിപ്പും (ദ് കംപ്ലീറ്റ് മെമ്വാസ്, എഫ്, എസ് & ജി, 2021) മാര്‍ക് ഐസ്നര്‍ എഴുതിയ ജീവചരിത്രവുമാണ്. (നെരൂദ ദ പോയറ്റ്'സ് കാളിങ്, എക്കോ, 2021) ലോകകവികളുടെ ആത്മകഥകളില്‍ ഏറ്റവും ഇഷ്ടം, മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാല്പാടുകള്‍ ആണെന്ന് തോന്നാറുണ്ടെങ്കിലും അതിലുമേറെത്തവണ വായിച്ചത്, ഞാന്‍ ജീവിച്ചുവെന്ന് ഏറ്റുപറയുന്നു: സ്മരണകള്‍ (Confieos que he vivido: Memorias) എന്ന് നമ്മുടെ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാവുന്ന നെരൂദയുടെ ആത്മകഥയാണ്. ഐസ്നര്‍ ജീവചരിത്രത്തിന്റെ തൊടുകുറിയായ കവിവാക്യം ഇങ്ങനെ: ''എന്റെ കവിത എന്താണെന്നുചോദിച്ചാല്‍ ഞാന്‍ പറഞ്ഞേക്കും: എനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്റെ കവിതയോട് ചോദിച്ചാല്‍ ഞാനാരാണെന്ന് അവള്‍ പറയും.'' നിത്യകന്യകയെത്തേടിയ നമ്മുടെ മഹാകവിയും ഇങ്ങനെതന്നെയല്ലേ പറയുക?

നെരൂദയുടെ ആത്മകഥയുടെ ആദ്യ പെന്‍ഗ്വിന്‍ പതിപ്പിന്റെ മുഖച്ചട്ട വലിച്ചടുപ്പിച്ചിരുന്നു. ശവകുടീരത്തില്‍നിന്ന് (?) വളര്‍ന്ന ചെടികളും പൂക്കളും; മേലെ പല വര്‍ണങ്ങളില്‍ നെരൂദ എന്ന പേര്. പിന്‍കവറില്‍ അത് രൂപകല്പന ചെയ്ത ചിത്രകാരന്റെ പേര് കണ്ടെത്തി. അന്തോണിയോ ഫ്രാസ്‌കോണി. ഫ്രാസ്‌കോണി ആര്? എന്ത്? എവിടെ? ഉത്തരം കിട്ടാന്‍ ഇന്റര്‍നെറ്റ് യുഗംവരെ കാത്തിരിക്കേണ്ടിവന്നു. യുറുഗ്വായില്‍ ജനിച്ച, യൗവനം തൊട്ട് അമേരിക്കയില്‍ ജീവിച്ച ചിത്രകാരന്‍, വുഡ്കട്ടുകളിലായിരുന്നു ആ പ്രതിഭ മിന്നിയത്. ഫ്രാസ്‌കോണിയുടെ ഒരു വുഡ്കട്ടായിരുന്നു, എദ്വാര്‍ദോ ഗാലിയാനോയുടെ ലാറ്റിനമേരിക്കയുടെ തുറന്ന സിരകള്‍ എന്ന വിഖ്യാതമായ പുസ്തകത്തിന്റെ മുഖച്ചട്ടയും. 

അദ്ഭുതപരതന്ത്രനായത് അപ്പോഴൊന്നുമല്ല, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിക്കകത്ത് അന്തംവിട്ട് ചുറ്റിക്കറങ്ങി, പുറത്തിറങ്ങി, ഫിഫ്ത് അവന്യൂവിന്റെ ഓരം പിടിച്ചുനടക്കുന്നതിനിടെ, ഒരു സെക്കന്‍ഡ്ഹാന്‍ഡ് പുസ്തകക്കടയില്‍ കണ്ണുപായിച്ചപ്പോള്‍, അതാ, ഒരു നെരൂദ മലര്‍ന്നുകിടക്കുന്നു, ബെസ്റ്റിയറി, മുഖച്ചട്ടയില്‍ പരിചിതമായ ശൈലി, ഫ്രാസ്‌കോണിയോ? എടുത്തുനോക്കിയപ്പോള്‍, തെറ്റിയില്ല, ഫ്രാസ്‌കോണി! പത്ത് ഡോളര്‍ പറഞ്ഞു, ഏഴ് ഡോളര്‍ കൊടുത്തു. ഫ്രാസ്‌കോണി നെരൂദയുടെ ഒരു കവിതയെ വുഡ്കട്ടുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആ പുസ്തകത്തിന്റെ ചരിത്രം പിന്നീട് അന്വേഷിച്ചപ്പോള്‍ അതിശയിച്ചു. 'കളക്ടേഴ്സ് ഐറ്റം' എങ്ങനെ അവിടെ വന്നുപെട്ടു? ന്യൂയോര്‍ക്കിലെ ഹാര്‍കോട്ട്, ബ്രേസ് & വേള്‍ഡ് 1965-ല്‍ വിശേഷപ്പെട്ട മട്ടില്‍ അച്ചടിച്ച പുസ്തകം. ഫ്രാസ്‌കോണി ഒപ്പിട്ട കോപ്പിക്ക് ഒരു ലക്ഷം രൂപയാണ് വില!

നെരൂദയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കവിതാസമാഹാരമായ എക്‌സ്ട്രാവഗാരിയയിലാണ് 'ജന്തുപുരാണം' എന്ന് തര്‍ജമ ചെയ്യാവുന്ന 'ബെസ്റ്റിയറി' (സ്പാനിഷില്‍, ബെസ്റ്റിയാരിയോ) എന്ന കവിത. 136 വരികള്‍ മാത്രമുള്ള കവിതയാണ് ചിത്രണങ്ങളോടെ പുസ്തകരൂപത്തില്‍.

നെരൂദയുടെ ചരാചരപ്രേമം കവിതകളില്‍ നിറഞ്ഞുതുളുമ്പുന്നത് അനുഭവിച്ചവരാണല്ലോ വായനക്കാര്‍. 'ജന്തുപുരാണ'ത്തില്‍ കവി ജന്തുലോകത്തെ പാടി പൊലിപ്പിക്കുകയാണ്. കുതിരകള്‍ തൊട്ട് ചെറുപ്രാണികള്‍ വരെ എത്രയെത്ര ജീവികള്‍! 

''പ്രാണികളോട് എനിക്കേറെ ഇഷ്ടം
മണിക്കൂറുകളോളം എന്നെ കടിക്കാനനുവദിക്കുന്നു
അവ പൂര്‍ണജീവികള്‍, സംസ്‌കൃതംപോലെ പ്രാചീനം
യന്ത്രംപോലെ നിരന്തരം.
എന്നെത്തിന്നാനല്ല അവ കടിക്കുന്നത്,
കടിച്ചുകഴിഞ്ഞ് തുള്ളിച്ചാടാന്‍ മാത്രം
ഭൂമിയിലെ അഭ്യാസികള്‍.''
കവിത അവസാനിക്കാറാകുമ്പോള്‍ കവിയുടെ കുസൃതി പരകോടിയിലെത്തുന്നു. 
''അപ്പോള്‍ മാന്യസുഹൃത്തുക്കളേ
ഞാന്‍ ഒരു കുതിരയുമായി
വര്‍ത്തമാനം പറയാന്‍ പോകുന്നു;
കവയിത്രികളേ എന്നോട് ക്ഷമിക്കുക
പ്രൊഫസര്‍മാരേ, എന്നെ അതിനനുവദിച്ചാലും
ആഴ്ച മുഴുവന്‍ ഞാന്‍ തിരക്കിലായിരിക്കും
തുടര്‍ച്ചയായി ശ്രവിക്കേണ്ടതുണ്ട്.''

നെരൂദയ്ക്ക് ഇരുപതുവയസ്സ് തികയുന്നയിനുമുന്‍പാണ് ഇരുപത് പ്രണയകവിതകളും ഒരു വിഷാദഗീതവും പ്രസിദ്ധീകൃതമാവുന്നത്. കവിയെന്ന നിലയില്‍ നെരൂദയെ 'വിഹായസ്സിലേക്ക് വിക്ഷേപിച്ച' സമാഹാരം. ലോകചരിത്രത്തിലും കാവ്യചരിത്രത്തിലും ഏറ്റവും വായിക്കപ്പെട്ട കവിയുടെ, ഏറ്റവുമധികം വിറ്റഴിഞ്ഞ സമാഹാരം (ഒരു കോടിയിലേറെ കോപ്പികള്‍, വിവിധ ഭാഷകളിലായി). അതിന്റെ മൂലകൃതി സ്‌പെയിനില്‍ താമസിക്കുന്ന ഹരിത സാവിത്രിയാണ് (ബെയന്തെ പോയമാസ് ദെ അമോര്‍ യീ ഉനാ കാന്‍സിയോന്‍ ദെസസ്പെരാദ എന്ന സമാഹാരം) തന്നത് (ഔസ്താല്‍, ബാര്‍സെലോണ, 2021). ഇംഗ്ലീഷ് പതിപ്പ്, ട്വന്റി ലവ് പോയംസ് ആന്‍ഡ് ഒരു സോങ് ഓഫ് ഡെസ്പയര്‍ (ജെനാഥന്‍ കേപ്, ലണ്ടന്‍, 2004) നെരൂദയുടെ ജന്മശതാബ്ദി വര്‍ഷം (2004) തൊട്ട് ഒപ്പമുണ്ട് സച്ചിദാനന്ദന്റെ വിവര്‍ത്തനവും (ഇരുപത് പ്രണയകവിതകളും ഒരു വിഷാദഗീതവും, ഗ്രീന്‍ ബുക്‌സ്, 2019).

ഇരുപതാം പ്രണയകവിതയ്ക്ക് അഞ്ച് വിവര്‍ത്തനങ്ങളെങ്കിലുമുണ്ട്. കെ.ചന്ദ്രമോഹന്‍, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എന്‍.പി. ചന്ദ്രശേഖരന്‍, പി.കെ. ശിവദാസ് എന്നിവരുടെ. (ടാഗോറിന്റെ ഗീതാഞ്ജലിയിലെ ചില ഖണ്ഡങ്ങള്‍ക്ക് മാത്രമേ ഇതിലേറെ വിവര്‍ത്തനങ്ങള്‍ ഉണ്ടാവൂ എന്ന് തോന്നുന്നു.) അവയില്‍ ഏറ്റവുമിഷ്ടം ചുള്ളിക്കാടിന്റെ 'ഏറ്റവും ദുഃഖഭരിതമായ വരികള്‍.' നെരൂദയുടെ ജന്മശതാബ്ദി വേളയില്‍ ഒരു ടെലിവിഷന്‍ ഡോക്യുമെന്ററി ഒരുക്കിയപ്പോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് ആ കവിത പാടിത്തന്നിരുന്നു.

വിഖ്യാത ഫോട്ടോഗ്രാഫര്‍ ലൂയിസ് പൊയ്റോതിന്റെ, തുടക്കത്തില്‍ പറഞ്ഞ, പാബ്ലോ നെരൂദ ആബ്സെന്‍സ് ആന്‍ഡ് പ്രസന്‍സ് എന്ന പുസ്തകം ഒരു നിധിയില്‍ കുറഞ്ഞ് മറ്റൊന്നുമല്ല. കവിയുടെ 'അസാന്നിധ്യ'ത്തിനും 'സാന്നിധ്യ'ത്തിനുമിടയ്ക്ക് 'സ്മരണ' കൂടി ചേര്‍ത്ത,് മൂന്ന് ഖണ്ഡങ്ങളിലായി ഫോട്ടോഗ്രാഫുകള്‍. 1969-ലാണ് പൊയ്റോത് ഈസ്ലാ നെഗ്രയില്‍ ചെന്ന് നെരൂദയുടെ ഫോട്ടോകള്‍ എടുക്കുന്നത്, പിന്നെ തൊട്ടടുത്ത വര്‍ഷവും. നെരൂദയെ എഴുത്തുമേശയ്ക്കരികിലും തന്റെ ശേഖരങ്ങളുടെ പശ്ചാത്തലത്തിലും കടല്‍ക്കരയിലേക്കുള്ള വഴിയിലും കടല്‍ത്തീരത്തും നാം കാണും, ആ കവിതകള്‍ പോലെതന്നെ ജീവന്‍ തുടിച്ച്.

1982-ല്‍ പൊയ്റോത് വീണ്ടും ഈസ്ലാ നെഗ്രയിലെത്തി. നെരൂദ വിട്ടുപോയി ഒന്‍പതുവര്‍ഷം പിന്നിട്ടിരുന്നു. കവിയുടെ ഭാര്യ മതില്‍ദെ ഉറൂത്തിയയുടെ അനുവാദത്തോടെ, നെരൂദയില്ലാത്ത ഈസ്ലാ നെഗ്രയുടെ അകത്തളങ്ങള്‍ പൊയ്റോത് പകര്‍ത്തി. വീടിനുള്ളിലെ ഓരോ വസ്തുവിനും ശില്പങ്ങള്‍ക്കും പുസ്തകക്കൂട്ടങ്ങള്‍ക്കും പറയാന്‍ എത്രയോ കഥകള്‍; ചില കഥകള്‍ക്ക് നെരൂദ കവിതകളില്‍ ജീവന്‍ നല്‍കിയിരുന്നു. ആ കവിതകളും മതില്‍ദെയുടെ സ്മരണകളുമെല്ലാം ചേര്‍ന്ന് ഹൃദ്യം ഈ ഗ്രന്ഥം. നെരൂദയുടെ ഇംഗ്ലീഷ് വിവര്‍ത്തകരില്‍ ഏറ്റവുമറിയപ്പെടുന്ന അലസ്‌റ്റൈര്‍ റീഡ്, പൊയ്റോത്തിനൊപ്പം ചേര്‍ന്ന് ഈ പുസ്തകത്തെ നെരൂദയെക്കുറിച്ചുള്ള ഒരു ദൃശ്യകാവ്യമാക്കിത്തീര്‍ക്കുന്നു.

'സ്മരണ'എന്ന ഭാഗത്തില്‍ നെരൂദയുടെ സുഹൃത്തുക്കളായ തലയെടുപ്പുള്ള കവികളും കലാകാരന്മാരും; റഫായേല്‍ ആല്‍ബെര്‍ത്തി, എദ്വാര്‍ദോ ഗാലിയാനോ, ഹൊസെ ദൊനോസോ, ഹൂലിയോ കൊര്‍ത്താസാര്‍, നികനോര്‍ പാര്‍റ, റൊബേര്‍തോ മത്ത, അലസ്റ്റെര്‍ റീഡ്, മാരിയോ തൊരാല്‍, ആല്‍ബെര്‍ത്തീന അസോകാര്‍...ആ ഭാഗത്തിന്റെ അവസാനത്തില്‍ നെരൂദയുടെ രണ്ടാംഭാര്യ ദേലിയ ദെല്‍ കറീല്‍ (''സത്യത്തിലേക്ക് തുറന്ന ജാലകത്തില്‍ വീണ വെളിച്ചമാണ് ദേലിയ...''), കവിയുടെ ജീവിതാവസാനത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്നാംഭാര്യ മതില്‍ദെ ഉറൂത്തിയ (അന്ത്യശ്വാസത്തിനുമുന്‍പ് മതില്‍ദെ പറഞ്ഞത് ഒപ്പം ചേര്‍ത്തിട്ടുണ്ട്: ''ഞാന്‍ സന്തുഷ്ടയാണ്. ഒടുവില്‍ ഞാനിതാ എന്റെ പാബ്ലോക്കൊപ്പം ചേരാന്‍പോകുന്നു.'' 5 ജനുവരി 1985, പുലര്‍ച്ചെ മൂന്നുമണി) എന്നിവരും.

നെരൂദയുടെ കവിതകളില്‍ ആശാന്‍കവിതകളിലെന്നപോലെ, മരണത്തിന്റെ നിഴല്‍ ചായുന്നു. ആശാനിലെന്നപോലെ, മരണത്തില്‍നിന്ന് പിന്നോട്ടല്ല, ജീവിതത്തില്‍നിന്ന് മുന്നോട്ട്. നെരൂദയ്ക്ക് ഭൂമിയിലെ വാസത്തില്‍ കൊതിതീര്‍ന്നിരുന്നില്ല. സാല്‍വദോര്‍ അയെന്ദെയെ വധിച്ച് അമേരിക്കയുടെ പാവ, ഒഗുസ്തോ പിനോച്ചെ ചിലിയുടെ അധികാരം പിടിച്ചെടുത്ത ആദ്യത്തെ 9/11 ന്റെ പന്ത്രണ്ടാംദിനത്തില്‍ ദുരധികാരം അദ്ദേഹത്തെ ചതിച്ചുകൊന്നു (1973 സെപ്റ്റംബര്‍ 23-ന് സാന്തിയാഗോയിലെ ആശുപത്രിയിലാണ് നെരൂദ മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് ഈ വര്‍ഷം ആദ്യം നിസ്സംശയമായി സ്ഥിരീകരിക്കപ്പെട്ടു. നാഡീവ്യൂഹത്തെ തളര്‍ത്തി ബോട്ടുലിനം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങളില്‍ കണ്ടെത്തിയിരുന്നു; മരണത്തിന്റെ അന്‍പതാംവര്‍ഷത്തില്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍).

''ഒരുനിമിഷത്തെ ഇരുട്ട് നമ്മെ അന്ധരാക്കുകയില്ല.''
അന്‍പതാംവര്‍ഷത്തിലും കാവ്യാസ്വാദകര്‍ നെരൂദയെ ഓര്‍ക്കുന്നു, ഒപ്പം പാടുന്നു:
സ്വേച്ഛാധികാരവാഴ്ച പാട്ടുകാരനെ ശിരച്ഛേദം ചെയ്യുന്നു
കിണറിന്റെ അഗാധതകളില്‍നിന്ന് ആ ശബ്ദം
ഭൂമിയുടെ രഹസ്യ ഉറവകളില്‍ തിരിച്ചെത്തി
എങ്ങുനിന്നോ പൊങ്ങിയുയര്‍ന്ന്
ജനങ്ങളുടെ നാവിലുലാവുന്നു.

(മാങ്ങാട് രത്നാകരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാബ്ലോ നെരൂദയെക്കുറിച്ചെഴുതിയ ലേഖനം)
 

Content Highlights: Pablo neruda, Mangad Ratnakaran, Mathrubhumi Weekly, Mathrubhumi