അനിശ്ചിതത്വത്തിലാവുമോ IFFK? നയിക്കാൻ ആളില്ലാതെ സാംസ്‌കാരിക സ്ഥാപനങ്ങൾ; നയമില്ലാതെ വകുപ്പ്‌

#സ്വന്തം ലേഖിക
ഫോട്ടോ: അഖില്‍ ഇ.എസ്‌
ഫോട്ടോ: അഖില്‍ ഇ.എസ്‌

കേരള സാഹിത്യ അക്കാദമി, സംസ്ഥാന ചലച്ചിത്ര അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകല അക്കാദമി, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങൾ പുതിയ സർക്കാർ അധികാരത്തിലേറി മൂന്നുമാസം കഴിഞ്ഞിട്ടും നാഥനില്ലാക്കളരി ആയിരിക്കുകയാണ്. ഓരോ സർക്കാർ മാറി വരുമ്പോഴും കേരള സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നിർണായകമായ പദവികളിൽ ആരൊക്കെ വരുന്നു, എന്തെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നു, കേരളത്തിന്റെ സാംസ്‌കാരിക പരമോന്നതിക്ക് എന്തെല്ലാം സംഭാവനകൾ നൽകുന്നു എന്നതെല്ലാം  നിരീക്ഷിക്കുന്നവരാണ് കേരളസമൂഹം.

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുപ്പതോളം ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളും അനവധി നോൺ റിക്കവറബിൾ ഗ്രാന്റ് ഇൻ എയ്ഡ് സാംസ്‌കാരിക സ്ഥാപനങ്ങളും, സ്മാരകങ്ങളും ഉൾപ്പെടെ നടത്തിക്കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ട അധ്യക്ഷന്മാരെയോ ഭരണസമിതിയെയോ നിയോഗിക്കാൻ ഇതുവരെ സാംസ്‌കാരിക വകുപ്പിന് കഴിഞ്ഞിട്ടില്ല. കേരള ചലച്ചിത്ര അക്കാദമി നേരിട്ട് നടത്തുന്ന ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ ഓഫ് കേരള (IFFK)യ്ക്ക് ഇനി  മൂന്നുമാസമേ മുന്നിലൂള്ളൂ. അതിനിടയിൽ ഷോർട്ഫിലിം ഫെസ്റ്റിവൽ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നിട്ടും അമരത്ത് ഇരുത്താൻ അർഹതപ്പെട്ട ഒരാളെ തപ്പിപ്പിടിക്കാൻ ഇക്കണ്ട മലയാളത്തിലൊന്നുമില്ലെന്ന വിഷണ്ണതയാണോ സാംസ്‌കാരിക വകുപ്പിനെന്നറിഞ്ഞുകൂടാ.

ഒരു പ്രസിഡണ്ടിനെയോ സെക്രട്ടറിയെയോ വൈസ് പ്രസിഡണ്ടിനെയോ മാത്രം നിയമിച്ചാൽപ്പോരാ, നിർവാഹകസമിതി ഉണ്ടാക്കണം, അതിലേക്ക് അംഗങ്ങളെ നിയോഗിക്കണം. തുടരൻ പരിപാടികൾ വേണം, അതും പണം വാരിയെറിയേണ്ടത്, നടത്തിക്കൊണ്ടുപോകണം. പിന്നാലെ വരുന്ന പ്രമുഖമായ അവാർഡുകൾ, വിവാദങ്ങൾ, വിദ്വേഷങ്ങൾ, കുത്തിത്തിരുപ്പുകൾ... എല്ലാറ്റിനെയും നേരിടാൻ കെൽപ്പുള്ള ഒരു 'ടീം സാംസ്‌കാരികം' കെട്ടിപ്പടുക്കാൻ വകുപ്പിനു കഴിയാതെ പോകുന്നത് നിരാശാജനകം തന്നെ.

കേരള സാഹിത്യ അക്കാദമിയിൽ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയൊഴിഞ്ഞത് 2026 മേയ് എട്ടിനാണ്. ഭരണനിർവഹണാർത്ഥം സെക്രട്ടറി സി.പി. അബൂബക്കർ മേയ് 29 വരെ തുടർന്നു. അതിനുശേഷം മാനേജർക്ക് സെക്രട്ടറിയുടെ ചുമതല നൽകിയെങ്കിലും, സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്ന കൃത്യമായ നിർദ്ദേശമുണ്ട്. 

സാംസ്‌കാരിക വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയും മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ നടത്തിപ്പുരീതികളെക്കുറിച്ച് നോക്കാം. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം എന്ന നിലയിൽ കേരള ചലച്ചിത്ര അക്കാദമി പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രമാണ്. ഒരു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനം പോലെതന്നെ പൊതുജനം ജാഗരൂകതയോടെ ചലച്ചിത്ര അക്കാദമി അധ്യക്ഷനിയമനം നിരീക്ഷിക്കുന്നു. മലയാള സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണസ്ഥാപനം എന്ന നിലയിൽ വളരെയധികം 'പ്രിവിലേജ്ഡ്' ആയ ഒന്നാണ് ചലച്ചിത്ര അക്കാദമി. ഇവിടെ മലയാളസിനിമ തന്നെ അത്രമേൽ പ്രധാനപ്പെട്ട ഒരു വകുപ്പ് തന്നെയായി മാറുന്നു. അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധേയമായ IFFK യുടെയും IDSFFK-യുടെയും സംഘാടനച്ചുമതല കൂടാതെ ചലച്ചിത്ര, ടെലിഫിലിം അവാർഡുകളുടെയും ഉത്തരവാദിത്തവും ചലച്ചിത്ര അക്കാദമിക്കാണ്. വകുപ്പ് കൂടുതൽ പണം ചെലവഴിക്കുന്നതും ചലച്ചിത്ര അക്കാദമിക്കുവേണ്ടിയാണ്.

ഒരു വർഷം 14 കോടിയാണ് ചലച്ചിത്ര അക്കാദമിയുടെ ചെലവ്. അതിൽ IFFK-യ്ക്ക് മാത്രം ചെലവഴിക്കുന്നതാവട്ടെ ഒമ്പതരക്കോടിയും. പ്രാദേശിക ചലച്ചിത്രോത്സവങ്ങൾ, ഷോർട് ഫിലിം ഫെസ്റ്റിവലുകൾ, പുരസ്‌കാരദാനങ്ങൾ തുടങ്ങിയ ഇനത്തിൽ രണ്ടു കോടിയോളം രൂപ ചെലവഴിക്കപ്പെടുന്നു. അധ്യക്ഷൻ, ഉപാധ്യക്ഷൻ, സെക്രട്ടറി, 15 പേരടങ്ങിയ ഭരണകാര്യനിർവ്വഹണ സമിതി അംഗങ്ങൾ തുടങ്ങി വലിയൊരു ഗ്രൂപ്പുതന്നെയാണ് ചലച്ചിത്ര അക്കാദമിയെ നടത്തിക്കൊണ്ടുപോകുന്നത്. മാസങ്ങൾക്കുമുമ്പേയുള്ള പ്ലാനിങ്ങും സിനിമാ സ്‌ക്രീനിങ്ങുകളും തിരഞ്ഞെടുപ്പുകളുമൊക്കെയായി സദാതിരക്കുപിടിച്ച ഒരു വകുപ്പാണ് മൂന്നുമാസമായി അനിശ്ചിതാവസ്ഥയിലായിരിക്കുന്നത്. അക്കാദമി അധ്യക്ഷനാവാൻ സത്യൻ അന്തിക്കാടിനെയും ബ്ലസ്സിയെയും ജഗദീഷിനെയും സർക്കാർ ക്ഷണിച്ചുവെങ്കിലും സിനിമാതിരക്കുകൾ എന്ന കാരണം പറഞ്ഞ് അവരെല്ലാം ഒഴിഞ്ഞുമാറിയെന്നാണ് കേൾവി. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് വടംവലി മത്സരം നടക്കുന്നുവെന്ന് പിൻവാതിൽവാർത്തകൾ കേൾക്കുന്നുണ്ടെങ്കിലും ആർക്ക് നറുക്കുവീഴുമെന്ന് സൂചനയുമില്ല.

പ്രസിഡന്റ്്, സെക്രട്ടറി, വൈസ് പ്രസിഡന്റ്്, ആറ് നോമിനേറ്റഡ് അംഗങ്ങൾ, 18-20 അംഗങ്ങളുള്ള ജനറൽ കൗൺസിൽ. ഇത്രയും ആളുകളെ കേരള സാഹിത്യ അക്കാദമിയിലേക്ക് സാംസ്‌കാരിക വകുപ്പ് കണ്ടെത്തേണ്ടതുണ്ട്. മൂന്നുവർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ എന്നത് ഒരു ഗ്ലാമർ പോസ്റ്റ് ആണ് എന്നതു തന്നെയാണ് സ്ഥാനനിർണയം ആർക്ക് എന്നതിൽ വകുപ്പ് ത്രിശങ്കുവിൽ നിൽക്കുന്നതും. പോസ്റ്റിന്റെ ഗ്ലാമർ കൊണ്ട് മാത്രം നേരം പുലരില്ല. ശമ്പളം, ഓണറേറിയം എന്നീ ഇനത്തിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം പ്രതിമാസം വകയിരുത്തണം. അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗങ്ങളിൽനിന്നു കിട്ടുന്ന വരുമാനം ഈ ചെലവിന്റെ ഒരംശം പോലും പരിഹരിക്കാൻ കഴിയുന്നതുമല്ല. പോരാത്തതിന് അക്കാദമി ജില്ലാടിസ്ഥാനത്തിലും സാഹിത്യ അക്കാദമിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാരകങ്ങളിലും സാഹിത്യസ്ഥാപനങ്ങളിലും വർഷാവർഷം പരിപാടികൾ നടത്തേണ്ടതുണ്ട്. കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷനായിരിക്കേ തുടങ്ങിവെച്ച അന്താരാഷ്ട്ര കേരള സാഹിത്യോത്സവം തുടർന്നുകൊണ്ടുപോകണോ വേണ്ടയോ എന്നതും ഖജനാവും വകുപ്പും തീരുമാനിക്കണം. അഞ്ചുദിവസത്തോളം നീണ്ടുനിൽക്കുന്ന പരിപാടി സാഹിത്യ അക്കാദമിയിൽത്തന്നെ നടത്തപ്പെട്ടപ്പോൾ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചാണ് ആദ്യത്തെ വർഷം സാഹിത്യോത്സവം നടത്തിയത്. തൊട്ടടുത്ത വർഷം 45 ലക്ഷം അക്കാദമിക്കുള്ള പ്ലാൻ ഫണ്ടിൽനിന്ന്‌ അനുവദിക്കുകയായിരുന്നു ചെയ്തത്.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മറ്റൊരു മഹത്തായ സ്ഥാപനമാണ് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഫോർ ആർട് ആൻഡ് കൾച്ചർ. രജിസ്ട്രാർ, വി.സി, ഡീനുമാർ തുടങ്ങി അനവധി പോസ്റ്റുകൾ മാറിമറിയേണ്ടതുണ്ട്. കലാമണ്ഡലത്തിനകത്തെ അനിശ്ചിതാവസ്ഥകൾ ഒരു ഇൻവെസ്റ്റിഗേറ്റീവ് സീരീസ് തന്നെ ചെയ്യാൻ വകുപ്പുള്ള അത്രയുമുണ്ട്. അധ്യാപക- വിദ്യാർഥി അനുപാതം. അധ്യാപകരുടെ നിയമനങ്ങൾ, സ്ഥിരപ്പെടൽ, ജോലിയിലെ അരക്ഷിതാവസ്ഥകൾ... തുടങ്ങി ഒരു അന്വേഷണക്കമ്മീഷൻ തന്നെ വേണ്ടി വരും.

ലളിതകലാ അക്കാദമി, കേരള ഫോക് ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി തുടങ്ങിയ അക്കാദമികൾ സാഹിത്യ അക്കാദമിയുടെയോ, ചലച്ചിത്ര അക്കാദമിയുടേയോ തുല്യ പരിഗണനയോ ഫണ്ടോ ലഭിക്കാറില്ല പലപ്പോഴും. കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ ലളിതകലാ അക്കാദമിക്ക് സ്വന്തമായി 16 ആർട് ഗ്യാലറികളുണ്ട്. അവിടെയനിന്നു കിട്ടുന്ന വരുമാനം വർഷത്തിൽ 14- 16 ലക്ഷം വരെയാണ്. ഗ്യാലറികളുടെ അറ്റകുറ്റപ്പണികൾക്കായി വർഷത്തിൽ വിലയിരുത്തുന്ന തുകയാവട്ടെ 20 ലക്ഷവും. ശമ്പള ഇനത്തിൽ 22-24 ലക്ഷം വരെയാണ് മാസത്തിൽ ചെലവഴിക്കേണ്ടത്. ശമ്പളം പലപ്പോഴും അക്കാദമിയുടെ നോൺ പ്ലാൻ ഫണ്ടിൽനിന്നാണ് മാനേജ് ചെയ്യുന്നത്. കഴിഞ്ഞ വർഷം 6 കോടിയാണ് വിവിധ പരിപാടികൾക്കും പദ്ധതികൾക്കുമായി വകുപ്പ് ലളിതകലാ അക്കാദമിക്കായി വകയിരുത്തിയത്. പക്ഷേ അനുവദിച്ചത് മൂന്നു ഇൻസ്റ്റാൾമെന്റുകളായി 1.83 കോടി. ഒരു വർഷം പതിനാല് മുതൽ പതിനാറ് ഇനം പരിപാടികളാണ് ലളിതകലാ അക്കാദമി പ്രൊപ്പോസലിൽ വെക്കുന്നത്. ക്യാംപുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ലളിതകലാ അക്കാദമിക്കും ഫോക് ലോർ അക്കാദമിക്കും സംഗീതനാടക അക്കാദമിക്കും മറ്റ് അക്കാദമികളെപ്പോലെ തന്നെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും സെക്രട്ടറിയെയും ഭരണസമിതിയെയും ജനറൽ കൗൺസിൽ അംഗങ്ങളെയും കണ്ടെത്തേണ്ടതുണ്ട്.

അക്കാദമികൾക്കുപുറമേ അനവധി ഇൻസ്റ്റിറ്റ്യൂട്ടുകളും സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടങ്ങളിലേക്കും ഡയറക്ടർമാരെയാണ് അത്യാവശ്യമായി നിയമിക്കേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നടത്തിപ്പിൽ ഡയറക്ടർമാർ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളും പുനർചിന്തകളുമാണ് സർക്കാർ തങ്ങളുടെ നേട്ടങ്ങളായി എടുത്തുകാണിക്കാറ്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, മലയാളം മിഷൻ, കേരള സ്‌റ്റേറ്റ് ബുക് മാർക്ക്, ഡിപ്പാർട്ട്‌മെന്റ് ഓഫ് സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ഡയറക്ടർമാരുടെ ഒഴിവുകൾ താമസിയാതെ നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം.

അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ. മലയാള സിനിമകളുടെ പ്രചാരണ ലക്ഷ്യമാക്കി മദ്രാസിൽനിന്നു മലയാളസിനിമയുടെ വേര് കേരളത്തിലേക്ക് പറിച്ചുനടുക എന്ന ഉദ്യമത്തിൽ വിജയം കണ്ടുകൊണ്ടാണ് ചലച്ചിത്ര വികസന കോർപ്പറേഷന്റെ വളർച്ച. സിനിമാവ്യവസായം സർക്കാർ വകുപ്പിന് കീഴിൽ കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പരീക്ഷണവും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ആണ്. ചിത്രാഞ്ജലി സ്റ്റുഡിയോയും പത്തോളം തിയേറ്ററുകളും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. മാനേജിങ് ഡയറക്ടർ തൊട്ടിങ്ങോട്ടുള്ള പദവികൾ സർക്കാറിന്റെ നാമനിർദ്ദേശത്തിനായി കാത്തിരിപ്പുണ്ടിവിടെ.

വാസ്തുവിദ്യാ ഗുരുകുലത്തിലെ എക്‌സിക്യുട്ടീവ് ഡയറക്ടർ പോസ്റ്റ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മെമ്പർ സെക്രട്ടറി, സെക്രട്ടറി- ഗുരു ഗോപിനാഥ് നടനഗ്രാമം, സെക്രട്ടറി- കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി സെക്രട്ടറി, സെക്രട്ടറി ശ്രീനാരായണ ഇന്റർനാഷണൽ സ്റ്റഡി സെന്റർ, മെമ്പർ സെക്രട്ടറി ഭാരത് ഭവൻ, കൊങ്കിണി സാഹിത്യ അക്കാദമി സെക്രട്ടറി, സെക്രട്ടറി- കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ,് എക്‌സിക്യുട്ടീവ് ഡയറക്ടർ- കേരള സ്‌റ്റേറ്റ് ജവഹർ ബാലഭവൻ, സെക്രട്ടറി മാർഗ്ഗി, കേരള തുളു അക്കാദമി സെക്രട്ടറി, ഭരണസമിതി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് അതത് സ്ഥാപനങ്ങളുടൈ ദൈനംദിന പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്.

സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് പുതിയ സാമ്പത്തികവർഷത്തെ പദ്ധതിവിഹിതം അനുവദിക്കേണ്ടത് മേയ് മാസത്തിലാണ്. ഓഗസ്റ്റ് മാസം കഴിഞ്ഞിട്ടും ആദ്യപടിയായ വർക്കിംഗ് കമ്മിറ്റി യോഗം കൂടിയിട്ടില്ല. ഒരു സാംസ്‌കാരികസ്ഥാപനത്തിലും ഉത്തരവാദിത്തപ്പെട്ടവരെ നിയമിച്ചിട്ടില്ല എന്നതാണ് വർക്കിങ് കമ്മറ്റി കൂടാത്തതിന്റെ കാരണം. പദ്ധതിവിഹിതം അനിശ്ചിതാവസ്ഥയിലാവുക എന്നാൽ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലായി എന്ന് സാരം.

2025-26 സാമ്പത്തികവർഷത്തിൽ സാംസ്‌കാരികസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം 50% വെട്ടിക്കുറച്ചിരുന്നു. ഇതുകാരണമുണ്ടായ സാമ്പത്തികപ്രതിസന്ധിയും ബാക്കിയായ ബില്ലുകളും പുതിയ പദ്ധതിവിഹിതത്തിൽനിന്ന് പരിഹരിക്കാമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. പല സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിനു രൂപയുടെ ബില്ലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു.

അക്കാദമികളിലേക്കുള്ള പ്ലാൻ ഫണ്ട് വകയിരുത്തണമെങ്കിൽ ആദ്യം ഭരണസംവിധാനം നിലവിൽ കൊണ്ടുവരേണ്ടതുണ്ട്. ഓരോ വർഷത്തേക്കുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏതുവിധത്തിലായിരിക്കണം എന്ന് ബജറ്റ്‌ ഉൾപ്പെടെ ഷെഡ്യൂൾ ചെയ്യുന്നത് ഭരണസമിതി കൂടിയാലോചിച്ചാണ്. സാധാരണഗതിയിൽ പുതിയ സർക്കാർ അധികാരത്തിലേറിയാൽ ആദ്യം നടത്തുന്നത് ഇത്തരം സ്ഥാപനങ്ങളിലേക്ക് പ്രാപ്തരായവരെ വിന്യസിക്കുക എന്നതാണ്. ഭരണസമിതി രൂപീകരിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ അനിശ്ചിതാവസ്ഥയുണ്ടാവുന്നു. ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അനിശ്ചിതാവസ്ഥയിലാണ്.

കഴിഞ്ഞ സർക്കാർകാലത്ത് സാംസ്‌കാരിക സ്ഥാപനങ്ങൾ നേരിട്ട പ്രതിസന്ധികളും മറച്ചുവെക്കാൻ പറ്റുന്നതല്ല. സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞ് അക്കാദമികളിലെ പ്ലാൻ ഫണ്ടും നോൺ പ്ലാൻ ഫണ്ടും നേരെ വെട്ടിക്കുറച്ചിരുന്നു. 2023-24 വർഷത്തെ പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുകയുടെ നേർ പകുതിയായിരുന്നു സാഹിത്യ അക്കാദമിക്ക് അനുവദിച്ചു കൊടുത്തത്. 2025-26 വർഷത്തിൽ പ്ലാൻ ഫണ്ടിന്റെ 35 ശതമാനമാണ് സാഹിത്യ അക്കാദമിക്ക് നൽകിയത്. ശമ്പളമായി ലഭിക്കേണ്ട തുകയും വെട്ടിക്കുറച്ചു. സാംസ്‌കാരിക സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള പണം അവർ തന്നെ കണ്ടെത്തുക എന്ന ന്യായം സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് എത്രകണ്ട് പ്രാവർത്തികമാണെന്നതും ചോദ്യമാണ്. സാംസ്‌കാരിക സ്ഥാപനങ്ങൾ നിലനിന്നുപോകണമെങ്കിൽ അതത് സ്ഥാപനങ്ങൾ തന്നെ അധ്വാനിക്കട്ടെ എന്ന നിലപാട് എല്ലാ സ്ഥാപനങ്ങളിലും അടിച്ചേൽപ്പിക്കാൻ പറ്റുന്നതല്ല. സാംസ്‌കാരിക സ്ഥാപനങ്ങൾ കേരളത്തിൽ നിലനിന്നുപോകേണ്ടതിന്റെ ആവശ്യകത കൂടി അധികാരികൾ പരിഗണിക്കേണ്ടതുണ്ട്. ഫണ്ട് അനുവദിച്ചാൽ മാത്രം പോരാ, അത് ഏതെല്ലാം വിധത്തിൽ വിനിയോഗിക്കപ്പെട്ടു എന്ന് വകുപ്പ് നേരിട്ട് ഇടപെട്ട് വിലയിരുത്തേണ്ടതുണ്ട്. 3.2കോടി രൂപയാണ് സാഹിത്യഅക്കാദമിക്ക് ഒരു വർഷം കിട്ടുന്ന ഫണ്ട്.

വേണം ഒരു സാംസ്‌കാരിക നയം

പോളിസികളാണ് ഒരു സ്ഥാപനത്തെയും സർക്കാറിനെയും മികവുറ്റതാക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരികനയം പോലെ തന്നെ ദൃഢവും സുതാര്യവുമായിരിക്കണം സാംസ്‌കാരിക വകുപ്പിന്റെ നിലപാടുകളും. എല്ലാവിധ സാംസ്‌കാരിക സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്ന തരത്തിൽ, നിയമം എല്ലാവർക്കും ബാധകമാവുന്ന വിധത്തിൽ ഒരു സാംസ്‌കാരിക നടത്തിപ്പ് നയം കൊണ്ടുവരിക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മിക്ക സ്ഥാപനങ്ങൾക്കും അവരുടെ പ്രവർത്തന സ്വഭാവമനുസരിച്ച് സഹകരിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ പലതാണ്. പല സാംസ്‌കാരികോത്സവങ്ങളും ഒന്നിച്ച് നടത്താവുന്നതാണ്. ആഭ്യന്തരയുദ്ധങ്ങളൊഴിവാക്കി സമവായത്തിന്റെ പാതപിടിച്ചാൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ കേരള സാംസ്‌കാരിക വകുപ്പിന് മുന്നേറാൻ സാധിക്കുമെന്നതിൽ സംശയമില്ല.