ഗുല്‍മോഹറില്‍ ചുള്ളിക്കാട് കണ്ടതല്ല സ്ത്രീയായ വിജയലക്ഷ്മി കണ്ടത്- ദീദി ദാമോദരന്‍

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കവയിത്രി വിജയലക്ഷ്മിയുമായുള്ള അഭിമുഖത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. വായനക്കാരും എഴുത്തുകാരുമുള്‍പ്പടെ നിരവധി പേര്‍ പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു. വിജയലക്ഷ്മിയുടെ നിലപാടുകളോട് പ്രതികരിച്ച് ആക്ടിവിസ്റ്റും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ എഴുതിയ കുറിപ്പ്.
'ജ്ഞാനമഗ്ദലന'ത്തിലൂടെ ഇരുട്ടിന്റെ കല്ലറയില്‍ അടക്കം ചെയ്ത മറിയത്തെ കവിതയിലേക്ക് കഴിച്ചെടുത്ത പ്രിയ കവയിത്രി വിജയലക്ഷ്മിയുടെ മാതൃഭൂമി.കോമിന് നല്‍കിയ അഭിമുഖത്തില്‍ പത്ത് വര്‍ഷം മുമ്പ് (2008 ല്‍ ) പിറന്ന എന്റെ 'ഗുല്‍മോഹറും ' ഞാനും ഉണ്ട് എന്നറിയുന്നതില്‍ വലിയ സന്തോഷം. ചെയ്ത കാര്യങ്ങള്‍ എന്തെന്ന് ഭൂമിയില്‍ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ട് എന്നറിയുന്നതില്‍പരം ജീവിച്ചിരുന്നു എന്നതിന് വേറെ അംഗീകാരമൊന്നും ഞാനാഗ്രഹിച്ചിട്ടേയില്ല. ഇതൊന്നും ഏതെങ്കിലും കപ്പ് കിട്ടാന്‍ ചെയ്തതുമായിരുന്നില്ല. ഈ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍ പാതി എന്നും കുഴിച്ചിടപ്പെട്ട നിലയിലാണെന്നും തുല്യാവകാശമെന്നത് സിനിമയിലും ഔദാര്യമല്ലെന്ന ഉത്തമ ബോധ്യത്താലുള്ള പൊരുതി നില്‍ക്കലുകള്‍ മാത്രമായിരുന്നു. എന്നാല്‍ നാലുമുലകള്‍ ഒന്നിച്ചു ചേരില്ലെന്ന ആണ്‍മൊഴിയെ തെളിയിക്കാന്‍ പാകത്തില്‍ പെണ്‍നേട്ടങ്ങളെ പെണ്ണുങ്ങളെക്കൊണ്ട് വെട്ടിനിരത്തിയ്ക്കുന്ന ചരിത്രത്തില്‍ വിജയലക്ഷ്മിയുടെ പരാമര്‍ശങ്ങളും പരിഗണനയും എനിക്ക് കിട്ടിയ വലിയ അംഗീകാരമായി ഞാന്‍ ചേര്‍ത്തു വയ്ക്കുന്നു. നന്ദി.
ഇനി വിജയലക്ഷ്മി പറഞ്ഞ 'കൊത്തിത്തറയ്ക്കപ്പെട്ട 'എന്റെ ' ഗുല്‍മോഹറി'നെക്കുറിച്ച് അല്‍പം. അത് കുട്ടിക്കാലം മുതല്‍ അച്ഛന്റെ സിനിമകളുടെ പകര്‍ത്തെഴുത്തുകാരിയായി വളര്‍ന്ന കാലം മുതല്‍ക്ക് മനസ്സിലാവാതെപോയ ഒരു ചോദ്യത്തിന്റെ ഉത്തരമായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ സിനിമയില്‍ തീരുമാനമെടുക്കുന്ന ഇടങ്ങളില്‍ സ്ത്രീ ഇല്ലാത്തത് എന്ന ചോദ്യത്തിന്റെ. പില്‍ക്കാലത്ത് എന്റെ ചലച്ചിത്ര ഗവേഷണത്തിന്റെ ഭാഗമായുള്ള ഒരു സംഭാഷണമധ്യേ മലയാള സിനിമയിലെ താരനായകനായ മമ്മൂട്ടിയാണ് എന്റെ മുമ്പാകെ ആ ചാലഞ്ച് മുന്നോട്ട് വച്ചത്: ' അതെ, ഞങ്ങള്‍ ആണുങ്ങള്‍ ആണുങ്ങളുടെ സിനിമ നിര്‍മ്മിക്കുന്നു. എഴുതുന്നു. സംവിധാനം ചെയ്യുന്നു. അങ്ങിനെയല്ലാത്ത ഒരു സിനിമ വേണമെങ്കില്‍ നീ എഴുത് ' എന്ന്. എന്നാല്‍ അങ്ങനെ എഴുതിയാലൊന്നും സ്ത്രീ സിനിമ ഉണ്ടാകില്ല എന്ന പാഠമാണ് 'ഗുല്‍മോഹര്‍ '. ആ കൊത്തിത്തറയ്ക്കല്‍ സ്ത്രീ സിനിമക്ക് ഒരു പാഠം തന്നെയാണ് എന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് ഗുല്‍മോഹറിന്റെ തിരക്കഥ പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചതും.
'ഗുല്‍മോഹര്‍ ' ഇറങ്ങിയ വേളയില്‍ അത് കണ്ട് ഇഷ്ടപ്പെട്ട് അതില്‍ അടയാളപ്പെടുത്തിയ ചരിത്രത്തിന് കാലം കടപ്പെട്ടിരിക്കുന്നു എന്ന് കവിമിത്രം ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയത് ഇന്നും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാനന്ന് മലയാള സിനിമയുടെ സ്ത്രീവിരുദ്ധതക്ക് എതിരായി മാത്രമല്ല ശരീരത്തിലെ ഏതാനും ഇഞ്ച് ഭാഗത്തിന് വന്ന അര്‍ബുദത്തിനും എതിരായ ജീവന്മരണ പോരാട്ടത്തിലായിരുന്നു. ആശ്വാസമായി അന്ന് ഒപ്പം നിന്നിട്ടുണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും. എന്നാല്‍ ഗുല്‍മോഹറില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കണ്ടതല്ല സ്ത്രീയായ വിജയലക്ഷ്മി കണ്ടത്. അതില്‍ സംഭവിച്ച ' റേപ്പ് ' കാണാന്‍ ഒരു സ്ത്രീയുടെ കണ്ണ് തന്നെ വേണം. ആ കാഴ്ച പ്രധാനവുമാണ്. ആ ബലാത്സംഗത്തോടുള്ള പോരാട്ടം തന്നെയായിരുന്നു എന്നും എന്റെ ചലച്ചിത്രാന്വേഷണങ്ങള്‍. അത് ഡബ്ല്യു.സി.സി. ( വുമണ്‍ ഇന്‍ സിനിമ കളക്ടീവ്) യും പിന്നിട്ട് മുന്നോട്ടു പോകുന്നു.
ഈ പോരാട്ടം തുടങ്ങുന്നത് 1928 ല്‍ ആദ്യ സിനിമയായ വിഗതകുമാരനില്‍, ആദ്യ നായിക പി.കെ. റോസിയില്‍ നിന്നാണെന്നത് ഡബ്ല്യു.സി.സി.യുടെ ഓരോ വേദിയിലും ഞാന്‍ ആവര്‍ത്തിക്കാറുണ്ട്. അതേ ആശയം വിജയലക്ഷ്മിയും ആവര്‍ത്തിച്ചു കാണുന്നതില്‍ സന്തോഷമുണ്ട്. ആശയം ഒരു ഭൗതീക ശക്തിയായി മാറുമ്പോള്‍ അതെല്ലാവരുടേതുമാകുന്നതിന്റെ തെളിവാണിത്. സന്തോഷം. പോരാട്ടങ്ങള്‍ അവസാനിക്കുന്നു. എന്റെ കുഴിമാടത്തില്‍ ഞാന്‍ സ്വയം കൊത്തിവയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന വാചകം തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഇവിടെ ശയിക്കുന്നു എന്നല്ല. ആദ്യവും അവസാനവും ഫെമിസ്റ്റായ ഒരുവള്‍ ഇവിടെ ശയിയ്ക്കുന്നു എന്നാണ്. 'ഗുല്‍മോഹര്‍' എന്ന സിനിമാനുഭവം എനിക്ക് നല്‍കിയ പാഠമാണത്.
Content Highlights: Deedi Damodaran response about Vijayalakshmi interview
Content Highlights: