'ശരീരശാസ്ത്രം' വിവാദം: സമ്പൂര്‍ണ ശൂന്യതയില്‍നിന്നല്ല ഗൗരവമുള്ള സാഹിത്യം സംഭവിക്കുന്നത്- ബെന്യാമിന്‍

ശരീരശാസ്ത്രം നോവല്‍ വിവാദത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിലപാടിനെക്കുറിച്ച് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ 2009-ല്‍ നടന്ന അവയവമാറ്റവിവാദത്തിന്റ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ പ്രതികരിക്കുന്നു.
സിനിമയായാലും നോവലായായലും ചില സത്യങ്ങളുടെയൊക്കെ പുറത്തുനിന്നുകൊണ്ടാണ് എഴുതാന്‍ ശ്രമിക്കുന്നത്. പലപ്പോഴും ഫിക്ഷണല്‍ എലമെന്റുകളെ ആശ്രയിക്കുന്നുവെന്നുമാത്രം. സമ്പൂര്‍ണ ശൂന്യതയിലോ കള്ളങ്ങളില്‍ നിന്നുകൊണ്ടോ അല്ല നോവലുകളും സിനിമകളും സംഭവിക്കുന്നത്. ഗൗരവമുള്ള ഒരു സാഹിത്യകാരനോ ഒരു സിനിമാക്കാരനോ സൃഷ്ടികളുണ്ടാക്കുന്നത് അങ്ങനെയല്ല എന്ന് ഞാന്‍ കരുതുന്നു. മുമ്പ് നടന്നിട്ടുള്ള പല സംഭവങ്ങളെയും ആസ്പദമാക്കിയായിരിക്കും എഴുത്ത് നടക്കുക. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ശരീരശാസ്ത്രം' എന്ന നോവല്‍ പശ്ചാത്തലമാക്കിയിട്ടുള്ളത് അക്കാലത്ത് ഡല്‍ഹിയില്‍ നടന്ന ചില സംഭവങ്ങളെയാണ്. അവയവമാറ്റവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണങ്ങളും ചില ഡോക്ടര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതുമെല്ലാം ആസ്പദമാക്കിത്തന്നെയാണ് ശരീരശാസ്ത്രം എഴുതുന്നത്. അന്ന് ഐ.എം.എ. പറഞ്ഞത് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല, കെട്ടിച്ചമച്ചതാണ്, അവയവദാനത്തെ മോശമായി ചിത്രീകരിക്കുന്നതിനായി മനഃപൂര്‍വം ചെയ്തതാണ് എന്നൊക്കെയാണ്.
നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഏതുതരം പ്രശ്‌നങ്ങളോടും ഗൗരവമായ ഒരു സമീപനം ഉണ്ടാവണം, അതിനെ സൂക്ഷ്മമായി വിലയിരുത്തപ്പെടണം, ഭാവിയില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല തുടങ്ങിയ മുന്നറിയിപ്പാണല്ലോ സാഹിത്യം മുന്നോട്ടുവെക്കുന്നത്. അത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ നോവലിനെ കാണുന്നതിനുപകരം ഡോക്ടര്‍മാരുടെ മൊറാലിറ്റിയെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടാണ് അവരതിനെ കണ്ടത്.
പുതിയകാലത്ത് ഇത്തരത്തില്‍ ഒരു കേസ് ചാര്‍ജ് ചെയ്യപ്പെടുന്നു. 2009-ല്‍ നടന്ന അവയവമാറ്റത്തെക്കുറിച്ചും മസ്തിഷ്‌കമരണത്തെക്കുറിച്ചും ഇപ്പോള്‍ കോടതി വസ്തുതകള്‍ ആരായുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് നമ്മള്‍ക്കറിഞ്ഞുകൂട. അത് അന്വേഷണത്തിലൂടെയും കോടതിവിധികളിലൂടെയും തെളിയിക്കപ്പെടേണ്ടതാണ്. പക്ഷേ കരുതിക്കൂട്ടിയുള്ള അവയവമാറ്റത്തിനുള്ള സാധ്യതിലേക്ക് വിരല്‍ചൂണ്ടുന്നു എന്ന കോടതി വിധി വന്നിരിക്കുകയാണ്. അനേകം കാര്യങ്ങള്‍ പരിശോധിച്ച്, അവിടെ നടന്ന നടപടികളുടെ വിശദാംശങ്ങള്‍ നോക്കിയപ്പോള്‍, നമ്മുടെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൃത്യമായ മാര്‍ഗരേഖയിലൂടെയല്ല അവയവകൈമാറ്റം നടന്നിട്ടുള്ളത് എന്ന് വ്യക്തമായിരിക്കുകയാണ്.
അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. നോവലും സിനിമയുമൊക്കെ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളാണ്, ചില ഭീതികള്‍ പങ്കുവെക്കലാണ്. ആ വിധത്തില്‍ കാണുന്നതിനു പകരം തങ്ങളുടെ മൊറാലിറ്റിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ നോവല്‍ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ശരീരശാസ്ത്രം ഇറങ്ങിയ സമയത്ത് ഐ.എം.എ. പ്രതികരിച്ചത്. കൊച്ചിയിലെ അവയവമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും ഇപ്പോള്‍ ഐ.എം.എ. എന്താണ് പറയാന്‍ പോകുന്നത് എന്നറിയാന്‍ താല്‍പര്യമുണ്ട്. അന്വേഷണം നടക്കട്ടെ, കോടതിവിധി വരട്ടെ എന്നൊക്കെയായിരിക്കും. എന്നിരുന്നാലും നമ്മള്‍ ഇത്തരം സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും പഠിക്കേണ്ടതുമാണ്.
Content Highlights: Benyamin, IMA, Brain Death Controversy, Organ Transplantation