'ചങ്ങമ്പുഴയുടെ ആട്ടിന്‍പറ്റവും ബഷീറിന്റെ പാത്തുമ്മയുടെ ആടുമല്ല;ആ ഭാഗ്യം ബെന്യാമിന്റെ ആടുജീവിതത്തിന്'

#ഡോ. കെ.എസ്. രവികുമാര്‍
ചങ്ങമ്പുഴ, വൈക്കം മുഹമ്മദ് ബഷീര്‍, ബെന്യാമിന്‍ | Mathrubhumi
ചങ്ങമ്പുഴ, വൈക്കം മുഹമ്മദ് ബഷീര്‍, ബെന്യാമിന്‍ | Mathrubhumi

തിരഞ്ഞെടുപ്പുകഴിഞ്ഞ് രണ്ടുമൂന്നു ദിവസമായപ്പോള്‍ ഒരു പത്രവാര്‍ത്ത കണ്ടു. തലക്കെട്ട് ഇങ്ങനെ: 'തിരഞ്ഞെടുപ്പ് ഡ്യൂട്ടി ആടുജീവിതം, പഴി ബാക്കിയെന്ന് ജീവനക്കാര്‍.' ആടുജീവിതം എന്ന നോവലുമായോ സിനിമയുമായോ ഒരു ബന്ധവുമില്ലാത്ത വാര്‍ത്തയാണ്. ആടുജീവിതം എന്നു പ്രയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണം വാര്‍ത്തയില്‍ത്തന്നെയുണ്ട്:  'അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത ബൂത്തുകളില്‍ ആടുജീവിതം നയിച്ചാണ് ഡ്യൂട്ടി നിറവേറ്റിയതെന്ന് വനിതാജീവനക്കാരടക്കം പറയുന്നു.' ഇന്നത്തെ മനുഷ്യനു ജീവിക്കാന്‍വേണ്ട ഭൗതികസാഹചര്യങ്ങള്‍ തീരെയില്ലാത്ത ദുരിതംനിറഞ്ഞ അടിമജീവിതമെന്ന അര്‍ഥമാണ് ആടുജീവിതം എന്ന പദസംയുക്തത്തിന് ഇവിടെയുള്ളത്. ആ അര്‍ഥം ഭാഷയില്‍ സ്വീകാര്യത നേടിയതുകൊണ്ടാണല്ലോ പത്രവാര്‍ത്തയില്‍ മറ്റു വിശദീകരണമൊന്നുമില്ലാതെ ആടുജീവിതം എന്ന പ്രയോഗം കടന്നുവന്നത്.

സമൂഹത്തില്‍ പൊതുസമ്മതിയാര്‍ജിച്ച വാക്കുകളും ശൈലികളുമാണ് പത്രഭാഷയിലുള്ളത്. വാര്‍ത്തകളില്‍ വിശേഷിച്ചും. അങ്ങനെയൊരു സ്വീകാര്യത ആടുജീവിതം എന്ന പ്രയോഗത്തിനു ലഭിച്ചുകഴിഞ്ഞതുകൊണ്ടാണല്ലോ അത് ഒരു വാര്‍ത്തയില്‍ കടന്നുവന്നത്. മുമ്പുതന്നെ പലരും 'ഓ, അതൊരു ആടുജീവിതമാണ്', 'ആടുജീവിതത്തെക്കാള്‍ കഷ്ടമാണ് അവിടത്തെ സ്ഥിതി' എന്നൊക്കെ പ്രയോഗിച്ചുകണ്ടിട്ടുണ്ട്. 

ആടുജീവിതം എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ട് പതിനഞ്ച് വര്‍ഷമായതേയുള്ളൂ. സാവധാനമാണ് അതിന്റെ ജനപ്രീതി വളര്‍ന്നുവന്നത്. വായിച്ചവര്‍ മാത്രമല്ല, വായിക്കാത്തവരും ആടുജീവിതത്തെക്കുറിച്ച് വ്യാപകമായി കേട്ടറിഞ്ഞിട്ടുണ്ട്. മരുഭൂമിയിലെ ആട്ടിന്‍പറ്റത്തിനിടയില്‍ മറ്റൊരു ആടിനെപ്പോലെ അടിമയായി ജീവിക്കേണ്ടിവന്ന മനുഷ്യന്റെ ദുരിതകഥ മലയാളികളുടെ മനസ്സില്‍പ്പതിഞ്ഞു. അതൊരു ബിംബമായി സമൂഹമനസ്സില്‍ മുദ്രിതമായി. അങ്ങനെയാണ് രണ്ടു സാധാരണ വാക്കുകള്‍ ലയിപ്പിച്ചെടുത്ത ആടുജീവിതം എന്ന പദക്കൂട്ട് യാതനാജീവിതത്തിന്റെ പര്യായമായി മലയാളത്തില്‍ പ്രചരിച്ചുതുടങ്ങിയത്.

ചങ്ങമ്പുഴയുടെ രമണന്‍ എന്ന അജപാലവിലാപകാവ്യം പുറത്തുവന്നപ്പോള്‍ കേരളത്തില്‍ ആട്ടിന്‍പറ്റവും ആട്ടിടയനുമില്ലല്ലോ എന്ന് ആക്ഷേപിച്ചവരുണ്ടായിരുന്നു. പക്ഷേ, വൈകാതെ മലയാളിയുവത്വത്തിന്റെ ആത്മവിലാപകാവ്യമായി ജനത രമണനെ ഏറ്റെടുത്തു. പിന്നെ പാത്തുമ്മയുടെ ആട് വന്നു. അത് കേരളത്തിലെ തനിനാടന്‍ ആടുതന്നെ. സാധാരണക്കാരുടെ വീടുകളില്‍ ഒന്നോ രണ്ടോ ആടിനെ വളര്‍ത്തുന്നത് നാട്ടിന്‍പുറങ്ങളിലെ രീതിയായിരുന്നു. ആടും കോഴിയുമൊക്കെ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍, ചങ്ങമ്പുഴയുടെ ആട്ടിന്‍പറ്റവും ബഷീറിന്റെ വക പാത്തുമ്മയുടെ ആടുമല്ല മലയാളഭാഷയില്‍ ശൈലിയായി സ്ഥാനംപിടിച്ചത്. ബെന്യാമിന്റെ ആടുജീവിതത്തിനാണ് ആ ഭാഗ്യം ലഭിച്ചത്. 

ആടുജീവിതം നോവല്‍ വായിച്ചിട്ടില്ലാത്തവര്‍പോലും സാധാരണസംഭാഷണങ്ങളില്‍ ശൈലിയെന്ന നിലയില്‍ ആടുജീവിതം എന്നു പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാഹിത്യത്തെക്കാള്‍ ജനപ്രിയതയുള്ള സിനിമ പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ആടുജീവിതം എന്ന പ്രയോഗം ശൈലിയായി പ്രചാരത്തില്‍ വന്നിരുന്നു. അത് നോവലിന് ലഭിച്ച സാമൂഹികാംഗീകാരത്തിന്റെ സാക്ഷ്യപത്രമാണ്. ജനസമൂഹം ഒരു കൃതിയെ ഏറ്റെടുക്കുന്നതു വഴി കൈവരുന്നതാണ് ഇങ്ങനെയുള്ള ഭാഷാപ്രയോഗങ്ങള്‍. എഴുത്തുകാരന്‍ നോവലിന് ഇട്ട പേര് അതില്‍മാത്രം ഒതുങ്ങിനില്‍ക്കാതെ സ്വതന്ത്രാസ്തിത്വമുള്ള ഭാഷാപ്രയോഗമായി മാറുന്നതിന്റെ സമകാലികമായ ഉദാഹരണമാണിത്.

കൃതിയെ മറികടന്ന് അതിന്റെ പേര് സ്വതന്ത്രമായ അര്‍ഥവിനിമയശേഷിയുള്ള ശൈലിയായി മാറിയതിന്റെ മറ്റൊരു പ്രസിദ്ധമായ ഉദാഹരണം മലയാളത്തിലുണ്ട്: ഭാര്‍ഗവീനിലയം. വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയുമെഴുതിയ ചലച്ചിത്രം. ബഷീര്‍ നീലവെളിച്ചം എന്ന ചെറുകഥ തിരക്കഥയായി വികസിപ്പിച്ചപ്പോള്‍, പ്രസിദ്ധീകരിക്കാന്‍ മടിച്ച് മാറ്റിവെച്ചിരുന്ന തന്റെ കാമുകന്റെ ഡയറിയിലെ ചില സംഭവങ്ങള്‍ അതിലേക്ക് ചേര്‍ത്തു (ബഷീര്‍ ഏറെക്കാലംമുമ്പ് എഴുതിവെച്ചിരുന്ന കാമുകന്റെ ഡയറി പിന്നീട് എം.ടി. വാസുദേവന്‍ നായര്‍  അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന് പേരിട്ട് ക്ലാസിക് ബുക്ക് ട്രസ്റ്റിന്റെ ആദ്യപുസ്തകമായി 1983-ല്‍ പ്രസിദ്ധീകരിച്ചു).

മദിരാശിയില്‍ ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ആപ്പീസില്‍ താമസിച്ചാണ് ബഷീര്‍ തിരക്കഥയെഴുതിയത്. നിര്‍മാതാവായ ടി.കെ. പരീക്കുട്ടി സിനിമയ്ക്ക് നീലവെളിച്ചം എന്നുതന്നെ പേരിടണം എന്ന പക്ഷക്കാരനായിരുന്നു. ബഷീറാണ് ഭാര്‍ഗവീനിലയം എന്നു വേണമെന്ന് നിര്‍ബന്ധംപിടിച്ചത്. ആ പേരിട്ടാണ് ബഷീര്‍ തിരക്കഥ എഴുതിയതുതന്നെ. സംവിധായകനായ വിന്‍സെന്റും അതിനോട് യോജിച്ചു. 1964-ല്‍ ആ സിനിമ പുറത്തിറങ്ങുന്നതിനുമുമ്പ് ഭാര്‍ഗവീനിലയം എന്ന് ഏതെങ്കിലും വീടിന് പേരുണ്ടായിരുന്നോ എന്നറിയില്ല. അങ്ങനെയൊരു കൃതിയും  ഉണ്ടായിരുന്നില്ല. 

സിനിമയില്‍ പ്രേതഭവനമായി ചിത്രീകരിച്ച വീടിന് കഥാകൃത്തായ ബഷീര്‍ ഇട്ട പേരാണ് ഭാര്‍ഗവീനിലയം. ക്രമേണ സിനിമ കണ്ടവരുടെയും കഥ പറഞ്ഞുകേട്ടവരുടെയുമൊക്കെ മനസ്സില്‍ ഭാര്‍ഗവീനിലയമെന്നത് പ്രേതബാധയുള്ള, ആള്‍ത്താമസമില്ലാത്ത പഴക്കംചെന്ന വീടിനെ സൂചിപ്പിക്കുന്ന പേരായിത്തീര്‍ന്നു. സിനിമ കാണുകയോ അതേക്കുറിച്ച് കേട്ടറിയുകയോ ചെയ്തിട്ടില്ലാത്തവര്‍പോലും ഇന്ന് ഭാഗവീനിലയം എന്നു കേട്ടാല്‍ ഏറെക്കാലമായി മനുഷ്യര്‍ താമസിക്കാത്ത പ്രേതസാന്നിധ്യമുള്ള ഭീതിജനകമായ വീട് എന്ന് ധരിക്കും. സമൂഹമനസ്സില്‍ പതിറ്റാണ്ടുകള്‍കൊണ്ട് ആ പേരിന് സംഭവിച്ച അര്‍ഥപരിണാമമാണത്.

ഈ രീതിയില്‍ സാഹിത്യകൃതികളില്‍നിന്നും ചില തനിമയുള്ള പ്രയോഗങ്ങളും വൈചിത്ര്യമുള്ള കഥാപാത്രങ്ങളുമൊക്കെ സമൂഹമനസ്സ് ഏറ്റെടുക്കാറുണ്ട്. ഇക്കാര്യത്തിലും മുന്‍പന്തിയില്‍ ബഷീറാണ്. എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയും മറ്റും കഥയേതെന്നോ എഴുത്തുകാരന്‍ ആരെന്നോ അറിയാതെ നിയമസഭ മുതല്‍ നിരത്തോരംവരെ  പ്രചാരത്തിലുള്ള കഥാപാത്രങ്ങളാണ്. 'വെളിച്ചം ദുഃഖമാണുണ്ണീ...' എന്ന അക്കിത്തത്തിന്റെ കവിതാഭാഗവും ഇങ്ങനെ വ്യാപകമായി പ്രചാരം നേടിയതാണ്.

ആരാണ് സ്രഷ്ടാവ് എന്നറിയാത്ത നാടന്‍പാട്ടുകളും നാട്ടുമൊഴിക്കഥകളും പഴഞ്ചൊല്ലുകളും ശൈലികളുമൊക്കെ ആദ്യം ഏതെങ്കിലുമൊരു പ്രതിഭാശാലിയുടെ നാവില്‍നിന്നുതിര്‍ന്നുവീണതാവും. തനിമകൊണ്ടും കുറിക്കുകൊള്ളുന്ന പ്രയോഗമേന്മ കൊണ്ടും സാമൂഹികസാംഗത്യംകൊണ്ടും മറ്റുള്ളവര്‍ അതേറ്റെടുക്കുന്നു. പിന്നെ അബോധപൂര്‍വം തലമുറകളിലൂടെ അത് കൈമാറുന്നു. അങ്ങനെ സമൂഹമനസ്സില്‍ സ്ഥാനംനേടിയതാവണം അവയൊക്കെ. ആ സാമൂഹികപ്രവണതയുടെ പുതിയ മുഖമാണ് മലയാളത്തില്‍ ശൈലിയായി മാറിക്കഴിഞ്ഞ ആടുജീവിതം എന്ന പദസംയുക്തത്തിലും കാണുന്നത്.

Content Highlights: Dr. K.S. Ravikumar writes about influence of literature and movies among people