'പൂച്ചയ്ക്ക് മണി കെട്ടേണ്ട പണി എന്റെ ഉത്തരവാദിത്വമായി,സുകുമാര്‍ അഴീക്കോടിനെയാണ് വേദിയില്‍ തടയേണ്ടത്'

#ജോയ് മാത്യു
ജോയ് മാത്യു
ജോയ് മാത്യു

എന്റെ ബിരുദ പഠനത്തിനിടയില്‍ത്തന്നെ ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകര്‍ പലരും പോവുകയും പുതിയവര്‍ വരുകയും ചെയ്തുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ കാരശ്ശേരി മാഷ് കോടഞ്ചേരി കോളേജിലേക്കും തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാര്‍ട്ട്മെന്റിലേക്കും സ്ഥലംവിട്ടു. ആ ഗ്യാപ്പിലാണ് ഡോ. സുകുമാര്‍ അഴീക്കോടിനെ വിപ്ലവ വിദ്യാര്‍ഥിസംഘടന ജനകീയ വിചാരണക്കിരയാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജിലെ അഴിമതിക്കാരനായ ഡോ. ജോര്‍ജിനെ സാംസ്‌കാരികവേദിപ്രവര്‍ത്തകര്‍ ജനകീയവിചാരണ നടത്തിയതിനുശേഷം കേരളത്തില്‍ പലയിടത്തും ചെറിയമട്ടിലുള്ള ജനകീയ വിചാരണകളുടെ ചോരയോട്ടം തുടങ്ങിയിരുന്നു. കോഴിക്കോട്ടെ ജനകീയവിചാരണയ്ക്ക് നേതൃത്വം കൊടുത്തവരെ കുറ്റക്കാരല്ലെന്ന കണ്ടെത്തലില്‍ ജുഡീഷ്യല്‍കോടതി വെറുതേ വിട്ടയച്ചത് ജനകീയവിചാരണ എന്ന സമരമുറയ്ക്ക് തെല്ലൊന്നുമല്ല ഉശിരുപകര്‍ന്നത്. അപ്പോഴാണ് സുകുമാര്‍ അഴീക്കോട് എന്ന നമ്മുടെ കഥാപുരുഷന്‍ വിദ്യാര്‍ഥികളാല്‍ വിചാരണ ചെയ്യപ്പെടുന്നത്.

സംഭവം ഇങ്ങനെ: കോഴിക്കോട് സര്‍വകലാശാലയില്‍ എം.എ. വിദ്യാര്‍ഥിയായിരുന്ന എം.എ. റഹ്‌മാന്‍ (നമ്മുടെ കഥാകൃത്ത് റഹ്‌മാന്‍തന്നെ) തന്റെ പേരിനുമുന്നിലെ രണ്ടക്ഷരമായ എം.എ. എന്നത് പേരിനുപിറകിലും വേണമെന്ന ആശയിലാണ് എം.എ. കോഴ്‌സിന് ചേര്‍ന്നതും ആരും ആവശ്യപ്പെടാതെത്തന്നെ ഒന്നാംക്ലാസില്‍ ജയിച്ചതും. പക്ഷേ, താന്‍ പ്രതീക്ഷിച്ച മാര്‍ക്ക് ചില പേപ്പറുകള്‍ക്കെങ്കിലും ലഭിച്ചില്ലേ എന്നൊരു സന്ദേഹം അയാള്‍ക്കുണ്ടായി. ക്രിട്ടിസിസം പേപ്പറിലെ മാര്‍ക്ക് കുറഞ്ഞതുകൊണ്ടുമാത്രം ഒന്നാംറാങ്ക് നഷ്ടപ്പെട്ടപ്പോള്‍ റഹ്‌മാന്‍ ആ പേപ്പര്‍ റീവാല്യുവേഷന് കൊടുത്തു. സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് പരിശോധിച്ച് മാര്‍ക്കിട്ട ഉത്തരക്കടലാസുകള്‍ ആയിരുന്നു അതെന്നോര്‍ക്കണം. റഹ്‌മാന്‍ അത് പുനഃപരിശോധിക്കാന്‍ അപേക്ഷ കൊടുക്കുന്നു. വിദഗ്ധസമിതി റഹ്‌മാന്റെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിച്ചപ്പോള്‍ അയാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന മാര്‍ക്ക് വളരെ കുറഞ്ഞുപോയതായി കണ്ടെത്തുകയും അര്‍ഹതപ്പെട്ട മാര്‍ക്കുതന്നെ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. റഹ്‌മാന്‍ ഹാപ്പി. പിന്നെയും പഠിക്കാനുള്ള പൂതികൊണ്ട് അയാള്‍ അതേ യൂണിവേഴ്സിറ്റിയില്‍ത്തന്നെ എം.ഫില്‍ കോഴ്‌സിന് അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിക്കപ്പെടുന്നു, അയാള്‍ അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നു. ഈ രംഗമാണ് പിന്നീടുള്ള സ്‌തോഭജനകമായ സംഭവങ്ങള്‍ക്ക് ഹേതുവായത്.

അഭിമുഖസമിതിയില്‍ ഇരിക്കുന്ന പ്രധാനിയെ കണ്ടപ്പോള്‍ത്തന്നെ റഹ്‌മാന്റെ എം.ഫില്‍ പൂതിയില്‍ പാറ്റവീണു: സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് ! പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു നാടകത്തിലെ അതിഭാവുകത്വം. അഴീക്കോട് ക്രുദ്ധനായി റഹ്‌മാന്റെ അപേക്ഷാഫോറം അയാളുടെ മുഖത്തേക്കെറിയുന്നു. തുടര്‍ന്ന് ക്ഷോഭത്തിന്റെ സാഗരഗര്‍ജനം മുഴക്കുന്നു: ''എന്റെ ധര്‍മത്തില്‍ ശങ്കയുള്ള ഒരാളെ എനിക്ക് പഠിപ്പിക്കാന്‍ കഴിയില്ല. എന്റെ ക്ലാസിലോ പരിസരത്തോ തന്നെ കണ്ടുപോകരുത്. താന്‍ റീവാല്യുവേഷന് കൊടുത്ത പേപ്പര്‍ ഞാനാണ് നോക്കിയത്, ഗെറ്റൗട്ട്.'' റഹ്‌മാന്‍ അസ്തപ്രജ്ഞനോ മറ്റോ ആയി അഭിനയിച്ചുനോക്കിയെങ്കിലും സാഗരഗര്‍ജകന്റെ കലി അടങ്ങിയില്ല. റഹ്‌മാന്‍ വിടുമോ? ഈ കണ്ട തെയ്യത്തെക്കാള്‍ വലിയ തെയ്യംകളിക്കുന്ന നാട്ടില്‍നിന്നാണല്ലോ അയാള്‍ വരുന്നത്. താന്‍ കൂടി അംഗമായ എസ്.എഫ്.ഐ.ക്കാരോട് അയാള്‍ കാര്യംപറഞ്ഞു. അവരുടെ രക്തം അപ്പോള്‍ത്തന്നെ തിളച്ചുമറിഞ്ഞു. അവര്‍ സുകുമാര്‍ അഴീക്കോടിനെതിരേ സമരം പ്രഖ്യാപിച്ചു. അഴീക്കോടുണ്ടോ വഴങ്ങുന്നു. 'പോ പുല്ലേ' എന്ന സുരേഷ് ഗോപി മട്ടില്‍ മൂപ്പര്‍ എസ്.എഫ്.ഐ. പിള്ളേരെ നേരിട്ടു. ഗാന്ധിയന്‍ മാര്‍ക്‌സിസ്റ്റ് എന്ന പേരിലുളള ഒരു കുപ്പായം അക്കാലത്തും ചില ജീവികള്‍ ധരിച്ചിരുന്നു. അത്തരമൊരു കുപ്പായത്തില്‍ അഴീക്കോടിനെ തിരുകിക്കയറ്റാന്‍ എസ്.എഫ്.ഐ.യുടെ മൂത്താപ്പമാര്‍ പിള്ളേരെ കണ്ണുരുട്ടിക്കാണിച്ചതോടെ സമരം അവസാനിക്കുകയും അഴീക്കോടുമായി സബൂറാവുകയും*ചെയ്തു. അഴീക്കോടാകട്ടെ, കൂടുതല്‍ വീറോടെ വിരാജിക്കാനും തുടങ്ങി. എല്ലാം കെട്ടടങ്ങി, റഹ്‌മാന്‍ വീണ്ടും റോട്ടുമ്മലുമായി!

അപ്പോഴാണ് ഞാന്‍കൂടി അംഗമായ വിപ്ലവ വിദ്യാര്‍ഥിസംഘടന ഇതങ്ങനെ വിട്ടാല്‍പ്പറ്റില്ല എന്ന് തീരുമാനിച്ചത്. എസ്.എഫ്.ഐ.ക്കാര്‍ നിര്‍ത്തിയിടത്തുനിന്ന് അഴീക്കോടിനെതിരേയുള്ള സമരം തുടരാനായിരുന്നു ഞങ്ങളുടെ തീരുമാനം. (ഞങ്ങളെന്നുപറഞ്ഞാല്‍ ആകെ മൊത്തം ടോട്ടല്‍ അഞ്ഞൂറ് തികയില്ല എങ്കിലും ഇപ്പോള്‍ അധികാരത്തിലുള്ള പല ഞാഞ്ഞൂല്‍ പാര്‍ട്ടികളിലും ഉള്ളതിനെക്കാളും എണ്ണത്തിലും ഗുണത്തിലും എത്രയോ ഭേദമായിരുന്നു.) അന്തരിച്ച നിരൂപകന്‍ കുട്ടികൃഷ്ണമാരാരെ അനുസ്മരിക്കുന്ന ഒരുചടങ്ങ് എല്ലാവര്‍ഷവും ഞങ്ങളുടെ കോളേജില്‍ അരങ്ങേറാറുണ്ട്. അവിടേക്ക് വിശിഷ്ടവ്യക്തിത്വങ്ങളെ മുഖ്യപ്രഭാഷണത്തിനായി കൊണ്ടുവരാറുമുണ്ട്. അത്തവണ ഡോ. സുകുമാര്‍ അഴീക്കോടിനെയാണ് ക്ഷണിച്ചിരുന്നത്. ഇത് നല്ലൊരവസരമായി ഞങ്ങള്‍ കരുതി. അഴീക്കോട് പ്രസംഗിക്കുന്ന വേദിയില്‍വെച്ചുതന്നെ അദ്ദേഹം എം.എ. റഹ്‌മാന്‍ എന്ന വിദ്യാര്‍ഥിയോട് കാണിച്ച അധാര്‍മികത തുറന്നുകാണിക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ചടങ്ങ് അലങ്കോലപ്പെടുത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയവയൊന്നും ഞങ്ങളുടെ അജന്‍ഡയിലില്ലായിരുന്നു.

ഗറില്ലാ ആക്ഷനില്‍ ഒരു വിദ്യാര്‍ഥിവിചാരണ പ്ലാന്‍ ചെയ്യുന്നതിനായി സംഘടനയുടെ സംസ്ഥാനനേതാക്കള്‍ കാമ്പസിലെത്തി. എല്ലാം രഹസ്യമായിരിക്കണമെന്നും അല്ലാത്തപക്ഷം പദ്ധതി പൊളിയുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നതുകൊണ്ട് അതിരഹസ്യമായിട്ടായിരുന്നു മീറ്റിങ്. ആക്ഷന്റെ രൂപം ഇങ്ങനെയായിരുന്നു- സുകുമാര്‍ അഴീക്കോട് പ്രസംഗിക്കാന്‍ വേദിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തെ തടയുകയും മൈക്ക് കൈയിലെടുത്ത് പ്രസംഗിക്കുകയും വേണം. അപ്പോള്‍ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റര്‍ വേദിയിലെ ഭിത്തിയില്‍ പതിക്കണം. കേള്‍ക്കുന്നവന് സുഖവും സൗഖ്യവും തരുന്ന ഏര്‍പ്പാടാണെങ്കിലും ഇതൊക്കെ ആരു ചെയ്യും, എങ്ങനെ ചെയ്യും എന്നതാണ് ചോദ്യം. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരേ കോളേജില്‍ ഞങ്ങളുടെ സംഘടനയ്ക്കുള്ളൂ. എന്നാല്‍, പ്രതികരണവേദി, കാമ്പസ് തിയേറ്റര്‍ തുടങ്ങി ഞങ്ങളുടെ മുന്‍കൈയില്‍ത്തന്നെ ചില പോഷകസംഘടനകളും കാമ്പസില്‍ സജീവമായിരുന്നു. കൂടാതെ, മാനസികമായി സംഘടനയെ അനുകൂലിക്കുന്ന ചില അധ്യാപകരും ഒരുകൂട്ടം വിദ്യാര്‍ഥികളുമായിരുന്നു ഞങ്ങളുടെ കരുത്ത്. ഇതിനൊക്കെപ്പുറമേ ലെഫ്റ്റ് ലിബറലുകള്‍ എന്നോ അരാജകവാദികള്‍ എന്നോ വിളിക്കാവുന്ന ഒരു സംഘം എന്റെ സ്വന്തം സൗഹൃദവലയത്തിലുണ്ടായിരുന്നു. വിപ്ലവ വിദ്യാര്‍ഥിസംഘടനയിലെ പ്രവര്‍ത്തകര്‍ പൊതുവേ രഹസ്യസ്വഭാവികളും മറ്റുള്ളവരുമായി അകലം സൂക്ഷിക്കുന്നവരുമായിരുന്നല്ലോ. എന്തിന്, പൊട്ടിച്ചിരിക്കുന്നതുപോലും പ്രതിവിപ്ലവമാണെന്ന് കരുതുന്നവരായിരുന്നു അധികവും. എന്റെ സ്ഥിതി നേരെ തിരിച്ചായിരുന്നു. നാടകപ്രവര്‍ത്തകനായിരിക്കുന്നതിന്റെ ഗുണം അതാണല്ലോ, രാഷ്ട്രീയവിശ്വാസങ്ങളുടെ ചതുരങ്ങള്‍ക്കപ്പുറം നാടകപ്രവര്‍ത്തകര്‍ക്ക് വിശാലമായ സൗഹൃദചക്രവാളം ഉണ്ടായിരിക്കും. അതില്‍ രാജാക്കള്‍മുതല്‍ അരാജകവാദികള്‍വരെ ഉണ്ടാവും. ഇവിടെ പക്ഷേ, അരാജകവാദികളെ രക്ഷയ്ക്കുള്ളൂ. തൊമ്മന്‍ എന്നു വിളിക്കുന്ന തോമസ്, പഴയ പാട്ടുകളുടെ നിറഭരണിയായ എറിക് പോള്‍, തന്നെക്കാള്‍ മുതിര്‍ന്ന ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്ന സുരേഷ് മാമ്പറ്റ, കോളേജിലെ ഫുട്‌ബോള്‍ താരം ചെറിയാന്‍ പോള്‍, നാടകത്തിലും ജീവിതത്തിലും ഇംഗ്ലീഷിന്റെ നയാഗ്ര സൃഷ്ടിക്കുന്ന നരേഷ് തുടങ്ങിയവരായിരുന്നു മേല്‍പ്പറഞ്ഞ അരാജകസംഘത്തിലെ പ്രധാനികള്‍. ഇമ്മാതിരി ഏതു പരിപാടിക്കും അവന്മാരുടെ കട്ട സപ്പോര്‍ട്ട് എനിക്ക് നിര്‍ലോഭം ലഭിച്ചിരുന്നു. അവരോട് നടക്കാന്‍പോകുന്ന നാടകം രഹസ്യമാക്കിവെക്കാന്‍ പറഞ്ഞു. സംഘടനാനേതാക്കള്‍ വീണ്ടും രഹസ്യസന്ദര്‍ശനം നടത്തി കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. അഴീക്കോട് പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൈക്ക് തട്ടിപ്പറിച്ചെടുക്കേണ്ടതും സംസാരിക്കേണ്ടതും ആരെന്ന ചോദ്യം ഉയര്‍ന്നു. ഒടുവില്‍ പൂച്ചയ്ക്ക് മണി കെട്ടേണ്ട പണി എന്റെ ഉത്തരവാദിത്വമായി. എത്രയോ വേദികളില്‍ നിറഞ്ഞുനിന്നാടിയ അദ്ദേഹത്തിന്റെ സാഗരഗര്‍ജനം ഞാനും കേട്ടിരുന്നിട്ടുണ്ട്. നര്‍മവും വിജ്ഞാനവും വാഗ്ഭടത്വവും ചരിത്രബോധവും നാടകീയതയും ഇത്രമേല്‍ സമഞ്ജസമായി അവതരിപ്പിക്കുന്ന മറ്റൊരു പ്രഭാഷകനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തെയാണ് വേദിയില്‍വെച്ച് തടഞ്ഞുനിര്‍ത്തേണ്ടത്. ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വിപ്ലവത്തിനുവേണ്ടിയാണ് ഇതെല്ലം ചെയ്യുന്നതെന്നും വ്യക്തിവിദ്വേഷം ഇതിലില്ലെന്നും നേതാക്കള്‍ എന്നെ ബോധ്യപ്പെടുത്തി. കെട്ടുന്നെങ്കില്‍ പൂച്ചയ്ക്കല്ല, പുലിക്കാണ് മണികെട്ടേണ്ടതെന്ന വിശ്വാസത്തിലേക്ക് അങ്ങനെ ഞാന്‍ ഉയര്‍ത്തപ്പെട്ടു.

അടുത്തത് പോസ്റ്റര്‍ എഴുതലും പതിക്കലുമാണ്. പോസ്റ്റര്‍ വൃത്തിയായി എഴുതാന്‍ പവിത്രന്‍ എന്ന വ്യാജവിദ്യാര്‍ഥിയെ ചട്ടംകെട്ടി (വ്യാജവിദ്യാര്‍ഥി ആകാനുള്ള പ്രധാന യോഗ്യത അയാള്‍ക്ക് കോളേജില്‍ പ്രവേശനം ലഭിക്കരുത് എന്നതാണ്. എന്നാല്‍, ദിവസവും കാമ്പസില്‍ വരുകയും പോവുകയും ചെയ്യണം, പ്രൈവറ്റ് ബസില്‍ സഞ്ചരിക്കാന്‍ സ്റ്റുഡന്റ് പാസ് സ്വയംനിര്‍മിച്ച് വിദ്യാര്‍ഥിസൗജന്യം അനുഭവിക്കുകയും പ്രൈവറ്റായി പരീക്ഷയെഴുതി പാസാവുകയും ചെയ്യണം. പറ്റുമെങ്കില്‍ പ്രൈവറ്റായി ഒരു പ്രണയവും സംഘടിപ്പിക്കണം). ഇതിനൊക്കെവേണ്ട മിനിമംയോഗ്യത കാമ്പസില്‍ സ്വാധീനമുള്ള ഒരു സുഹൃത്തോ അല്ലെങ്കില്‍ ഒരു സുഹൃദ്‌സംഘമോ വേണം. വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും ധരിച്ചിരുന്നത് ഇവന്മാരൊക്കെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തന്നെയാണെന്നാണ്. ഇങ്ങനെയുള്ള പവിത്രന്മാരാല്‍ സമ്പുഷ്ടമായിരുന്നു ഞങ്ങള്‍ ജീവിച്ച ആ സുന്ദര വിദ്യാര്‍ഥിലോകം. എന്റെ മേല്‍വിലാസത്തില്‍ത്തന്നെ രണ്ടുപേര്‍ അങ്ങനെ വ്യാജവിദ്യാര്‍ഥികളായി കോളേജില്‍ മൂന്നുവര്‍ഷവും കൃത്യമായി വരുകയും പ്രൈവറ്റായി ബിരുദപരീക്ഷ എഴുതി പാസായവരുമാണ്. അതിലൊരാള്‍ നേരത്തേ പറഞ്ഞ വയനാട്ടുകാരന്‍ പവിത്രനാണ്. പ്രീഡിഗ്രി കാലത്തുതന്നെ വി.കെ. എന്നിനെ കടത്തിവെട്ടുന്ന ഹാസ്യവും പിക്കാസോയെ കവച്ചുവെക്കാന്‍ പാകത്തിലുള്ള ക്യൂബിസ്റ്റ് ചിത്രങ്ങളും വരച്ച് അവന്‍ ഞങ്ങളെ ഞെട്ടിച്ചിരുന്നു. എന്റെ ഒരുവിധപ്പെട്ട എല്ലാ നാടകങ്ങളുടെയും പോസ്റ്ററുകള്‍ പവിത്രനാണ് വരച്ചിരുന്നത്. എന്തിനധികം, ആ വര്‍ഷത്തെ ഞങ്ങളുടെ കോളേജ് മാഗസിന്റെ കവര്‍ ചിത്രം വ്യാജവിദ്യാര്‍ഥിയായിരുന്ന പവിത്രന്റേതായിരുന്നു എന്നുപറഞ്ഞാല്‍ മനസ്സിലാക്കാമല്ലോ വ്യാജന്മാരുടെ ഒറിജിനല്‍ ആയി ജീവിക്കാനുള്ള കഴിവ്!. അങ്ങനെ പോസ്റ്റര്‍ എഴുതാന്‍ പവിത്രനെത്തി. ഇനി അത് ഭിത്തിയില്‍ പതിക്കാന്‍ ആരുണ്ട് ?

മത്തായി ശശി എന്നു വിളിക്കുന്ന കൊയിലാണ്ടിക്കാരന്‍ ശശി എന്ന ആറടിക്കാരന്‍ സഖാവ് ഉള്ളിടത്തോളം ആ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ശശി എന്തിനും റെഡിയാണ്. അത് കാമ്പസ് നാടകംകളിക്കാനാണെങ്കിലും ബസ് തടയാനാണെങ്കിലും വിദ്യാര്‍ഥിസമരമാണെങ്കിലും ഏറ്റെടുക്കുന്ന ജോലിയില്‍ നൂറ്റിയൊന്നുശതമാനം ആത്മാര്‍ഥന്‍. ശാരീരികമായും കരുത്തന്‍. ബിരുദവിദ്യാര്‍ഥിയായ ശശിയുടെ പിറകില്‍ പ്രീഡിഗ്രി പിള്ളേരുടെ ഒരു ആരാധകസേന എപ്പോഴുമുണ്ടാകും. ഒരു വിദ്യാര്‍ഥിസമരത്തോടനുബന്ധിച്ച് കോളേജില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജിനിടയില്‍ പെട്ടുപോയ എഴുത്തുകാരനും ഹിന്ദി വിഭാഗത്തിലെ അധ്യാപകനുമായ ആര്‍സു എന്ന ആര്‍. സുരേന്ദ്രന്‍ മാഷിനെ വിദ്യാര്‍ഥിയാണെന്നു കരുതി പോലീസ് തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങിയപ്പോള്‍ 'അടിയന്‍ ലച്ചിപ്പോം' എന്ന മാര്‍ത്താണ്ഡവര്‍മ സ്‌റ്റൈലില്‍ ചാടിവീണ് പോലീസിന്റെ ലാത്തിയടിയില്‍നിന്നു മാഷിനെ രക്ഷിക്കാന്‍ സ്വന്തം മുതുകു കാണിച്ചുകൊടുത്ത് മാഷിനു കിട്ടേണ്ട അടി മുഴുവന്‍ വാങ്ങിച്ചുകൂട്ടിയത് ശശിയാണ്. അപ്പോള്‍ ഇനിയൊന്നും നോക്കാനില്ല. എല്ലാം റെഡി. ഇനി വിചാരണമാത്രം നടത്തിയാല്‍മതി.

(തുടരും)

*സബൂറാവുക- രാജിയാവുക


 

Content Highlights: thee pidicha parnasalakal Joy Mathew's column, Sukumar Azhikod