തീമഞ്ഞയും കുരുതിച്ചുവപ്പും; വാന്‍ഗോഗിയന്‍ നിറത്തില്‍ വരച്ചിട്ട മലയാളിയുടെ വേനല്‍ ക്യാന്‍വാസ്

ഇന്നലെയും കോഴിക്കോട്ടേയ്ക്കുള്ള യാത്രയില്‍, പലപ്പോഴും കാണാറുള്ളതു പോലെ ഒരു ഫയറെഞ്ചിന് എതിരെവന്ന്, ഞൊടിയിടയില്‍ കൂവിപ്പാഞ്ഞ് കടന്നുപോയി. അന്നിമിഷം എനിക്കു തോന്നിയത് എവിടെയോ തീ പിടിച്ചിരിക്കുന്നു എന്നല്ല, ഭൂമിക്കു തീപിടിച്ചിരിക്കുന്നു എന്നാണ്. തീ പിടിച്ച ഭൂമിയുടെ കാലമാണ് വേനല്‍. ആ വേനല്‍ത്തീ കെടുത്താനാണ് ഓരോ ഫയറെഞ്ചിനും ഇപ്പോള്‍ വേവലാതി പൂണ്ടോടുന്നത്. എന്നിട്ടും തീ കെടുന്നില്ല. പണ്ടൊരു കഥയില്‍, 'ഗ്രീഷ്മപിതാമഹന്' എന്നെഴുതിയിട്ടുണ്ട് വി.കെ.എന്‍. അതിലും ഉഗ്രമാണിപ്പോള് വേനല്‍. ഭസ്മാസുരദൃഷ്ടി പോലെ സൂര്യന് ഭൂമിയെ ചുട്ടെരിക്കുന്നു.
'അടുപ്പിലേക്കണ്ഡകടാഹമേറ്റി, -
യാജ്യം നിറച്ചഗ്നിയടിക്കു കൂട്ടി,
ലോകം വറുക്കുന്നൊരു 'സൂര!' നിന്റെ
രേഫം പിഴച്ചോരു ദകാരമാവാം' എന്ന് ഉള്ളൂര്‍. സൂരന്, സൂദന്‍ എന്ന വെപ്പുകാരനാകുമ്പോള്, ഭൂമി വട്ടളമാകുന്നു. വെയില് വെട്ടിത്തിളയ്ക്കുന്നു.
'വട്ടളം' എന്ന കവിതയില്‍ കവി, വീരാന്‍കുട്ടി എഴുതുന്നു-
'ഈ ഭൂമിയെ
നിനക്കു വിരിപ്പായും
ആകാശത്തെ പുതപ്പായും
തന്നിരിക്കുന്നു എന്നു
ദൈവം പറഞ്ഞതിനെ
ഭൂമിയെ വട്ടളമായും
ആകാശത്തെ അതിന്റെ അടപ്പായും
തന്നിരിക്കുന്നു എന്നാണ്
മനുഷ്യന് കേള്‍ക്കുകയുണ്ടായത്.
അതുപ്രകാരം
ഭൂമിയെ എടുത്ത്
അവന്
അടുപ്പത്തു വച്ചു കഴിഞ്ഞു
തീയും പൂട്ടിക്കഴിഞ്ഞു
ദൈവമേ!'
'മഹിതേ, ഭീമഗ്രീഷ്മത്തിന് പൊന്‍-
മകളേ, നിന്റെ കണിക്കെന് നന്ദി !'(കണിക്കൊന്ന, മകരക്കൊയ്ത്ത്) എന്ന് വൈലോപ്പിള്ളി. ദമയന്തിയായാണ് സങ്കല്പിക്കപ്പെടുന്നത് കണിക്കൊന്ന, ഈ കവിതയില്‍. അതാണ് 'ഭീമഗ്രീഷ്മത്തിന് പൊന്‍ മകളേ' എന്ന സംബോധനയിലെ ശ്ലേഷം! വേനലിന്റെ കവിയായിരുന്നു വൈലോപ്പിള്ളി എന്ന് എല്ലാവര്ക്കും അറിയാം.'ഉപമന്യു' എന്ന വൈലോപ്പിള്ളിക്കവിതയിലേതാണ് ഈ ഗ്രീഷ്മചിത്രം-
'പതുങ്ങിക്കാത്തീടുന്നൂ കാട്ടുതീ മുളംകൂട്ടില്‍
അതിന്നു ചോരച്ചെംപൂ വര്പ്പിപ്പൂ പിലാശുകള്‍'.
എഴുപതുകളില്‍ മലയാളിയെ ബാധിച്ച തീവ്രരാഷ്ട്രീയവേനലിന്റെ രൂപകഭാഷയിലുള്ള ചുരുക്കെഴുത്താണിത്. ഇപ്പോള്‍ അര്ദ്ധശതാബ്ദിയിലെത്തിനില്ക്കുന്ന കെ.ജി.എസ്സിന്റെ 'ബംഗാളി'ലും ഒരു രാഷ്ട്രീയരൂപകമായി വേനലുണ്ടായിരുന്നു; കടമ്മനിട്ടയുടെ 'ശാന്ത'യിലും.
ആറ്റൂരിന്റെ 'വേനല്ക്കാ'വും സമാനമായ കാലമുദ്രകളാല് നിബിഡം. രുദ്രാകൃതിയായ വേനലാണ് കവിതയിലേത് -
'വേനല്ക്കാവിലപ്പന്ന്
തലയോട്
തീക്കണ്ണ്
വെണ്ണീറ്
പടവിടര്ത്തും പാമ്പുകള്‍
ചുടുകാട്
നായ'.
ഒടുവില്‍ വേനല്‍മഴ വന്ന്, ഈ തീവെയില്ക്കാലത്തിന്റെ വീറും നേരും വേവും മായ്ച്ചുകളഞ്ഞതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുന്നത് -
'കുയിലുകളുടെ കറുത്ത
പാട്ടുകള്‍ എവിടെ?
പൂവുകള്‍ മധുരപ്പഴങ്ങള്‍
നിറങ്ങള്‍ എവിടെ?
ഇലപ്പൊന്തകള്,
ചീവീടുകളുടെ ചെത്തം,
ദിക്കുകളുടെ മീതെ പൂപ്പല്‍.
സൂര്യന് കെട്ടു; ചന്ദ്രന് കെട്ടു
തീയും കെട്ടു തൊണ്ടയും കെട്ടു.'
വാന്‍ഗോഗിന്റെ തീമഞ്ഞയില്‍ വരച്ചിട്ട വലിയൊരു ക്യാന്‍വാസാണ് മലയാളിയുടെ വേനല്‍. അതില്‍ കൊന്നമരങ്ങളുടെ കനല്മഞ്ഞ, മാമ്പഴങ്ങളുടെ കനിമഞ്ഞയും. ഇനിയും ചില കൊന്നമരങ്ങളുണ്ട്, ഗോഗിന്റെ മഞ്ഞക്രിസ്തുവിനെപ്പോലെ. പൂത്ത വാകയ്ക്കും തെയ്യത്തിനും ഒരേ കോലം. വേനലിന് രണ്ടേരണ്ടു നിറങ്ങളേയുള്ളൂ- തീ മഞ്ഞയും കുരുതിച്ചുവപ്പും. ബാക്കിയെല്ലാം ധൂസരം.
'അരണ്ടു വാഴ; മൂര്‍ച്ഛിച്ചു
കവുങ്ങിന് തോട്ടമൊക്കെയും
ചെമ്പല്ലവം നെയ്തു പാറ-
പ്പുറത്തെയരയാല്മരം.
ദ്രോഹിച്ചു നാലുപാടും
നിന്നു സൂര്യന്റെയാശ്രിതര്
ഒറ്റയ്ക്കു നിന്നു പൊരുതീ
കരുത്തുറ്റോരു കാഞ്ഞിരം' എന്ന് പി. മലനാട്ടുവേനലിനെ എഴുതുമ്പോള്‍ അത് പൊറുതികെട്ട കവിവാഴ്വിന്റെകൂടി എഴുത്തായി മാറുന്നു; കാഞ്ഞങ്ങാട്ടു പിറന്ന ഹരിതാനുഭൂതിയുടെ കവി, വേനലിനോടു പൊരുതുന്ന ഒറ്റക്കാഞ്ഞിരവും. 'മാമ്പൂമണം' എന്നു പേരായ ആ കവിതയുടെ ഒടുവില്‍ ഇങ്ങനെയും -
'വാനത്തെ നീലിമക്കൂട്ടു
നിലാവില്ച്ചേര്ത്തരച്ചു ഹാ!
ഏതോ ചെന്തീപ്പൊള്ളലേറ്റു നീറുമെന്‍ കരളില്‍ സ്വയം
പ്രശാന്തവാസന്തസന്ധ്യാ -
വീര്‍പ്പു പൊങ്ങുന്ന രാത്രിയില്‍
പുരട്ടിത്തരുമോ പുണ്യ-
നിള തന് കുളിര്തെന്നലേ?'.
Content Highlights: Mashipacha, Sajaya K.V., Vincent van Gogh, Summer season, Temperature in Kerala