ആശാന്റെ സീത; ഇരിയ്‌ക്കേണമോ മരിക്കേണമോ എന്ന് പറഞ്ഞാലും മതിയാവാത്ത ഉടല്‍ കത്തുന്ന ആ അവസ്ഥ?

അടരടരായി ആശാന്‍
#കല്‍പറ്റ നാരായണന്‍
സീത /ആര്‍ടിസ്റ്റ് മദനന്റെ ചിത്രീകരണം
സീത /ആര്‍ടിസ്റ്റ് മദനന്റെ ചിത്രീകരണം

'ഞാന്‍  ചിന്തിക്കുന്നു അതുകൊണ്ട് ഞാന്‍' എന്ന തത്ത്വചിന്താപരമായ അനന്യത ആഘോഷിച്ച മലയാളത്തിലെ ആദ്യ സ്ത്രീ 'ചിന്താവിഷ്ടയായ സീത ' യിലെ സീതയാണ്.
ചിന്തയുടെ 'കരകാണാത്ത മഹാവനങ്ങളില്‍ 'സീത ഏകാകിനിയായി അലഞ്ഞിട്ടുണ്ട്.' അതിഗാഢതമസ്സിനെത്തുന്നെതിരേ രശ്മികള്‍ നീട്ടി ദൂരവെ/ദ്യുതി കാട്ടുമുഡുക്കളെ പരം നതിനി ങ്ങള്‍ക്കതിമോഹനങ്ങളെ 'എന്ന യാത്രാമൊഴിയില്‍ ആ ഏകാന്തയാത്രകള്‍ക്കുള്ള സാക്ഷ്യമുണ്ട്. ഇരുട്ടിനെ തുരക്കുന്ന രശ്മികളിലൂടെ നക്ഷത്രങ്ങള്‍ ചെയ്തത് ചെയ്യാനാണ് ഇരുട്ടിനെ തുരക്കുന്ന ചിന്തകളിലൂടെ താനും തുനിഞ്ഞത്. എത്രയോ കാലം കൊണ്ടെത്തിച്ചേരേണ്ട, എത്രയോ ജന്മങ്ങള്‍ കൊണ്ടെത്തിച്ചേരേണ്ട, ഇടത്ത് തന്നെ എത്തിച്ച താരാപഥ സദൃശമായ ചിന്താപഥത്തിേെനാടുള്ള കൃതജ്ഞതയുമുണ്ട് അതില്‍. തന്നിലൊതുങ്ങാത്തതും അപാരവുമായ ആത്മാനുകമ്പയുണ്ട് അതില്‍, നിര്‍ന്നിദ്രമായ എത്രയോ രാവുകളുടെ വേദനയും.' ഒരു നിശ്ചയമില്ലയൊന്നിനും 'എ 
ന്നിടത്ത് നിന്ന് ആരംഭിച്ച് 'തെളിയുന്നു മനോ നഭസ്സെനിക്കൊളി വീശുന്നിതുബുദ്ധി മേല്‍ക്കുമേല്‍' എന്നിടത്തെത്തിച്ചേരുന്ന ആ ചിന്താപഥം മലയാളത്തില്‍ സ്ത്രീ താണ്ടിയ ഏറ്റവും നീണ്ടതും പ്രബുദ്ധവുമായ താരയാണ്.(താര വെറും വഴിയല്ല, താരകളുടെ താര). മനസാ വിമോചിതയായ മലയാളത്തിലെ ആദ്യ സ്ത്രീയുടെ ജീവിതപഥം. 'ഒരു താരാപഥഭാഗമെന്നപോല്‍' സീതയുടെ ശിരസ്സിനെ ഉപമിക്കുന്നുമുണ്ട് ആശാന്‍ കാവ്യാരംഭത്തില്‍ തന്നെ.' 'പരിശോധിച്ചറിയേണ്ടയോ നൃപന്‍ ' എന്നൊരു സോക്രാട്ടിക് ഗരിമയോടെ തത്ത്വചിന്താത്മകമായി സീത ചിന്തിക്കുന്നു. ആ ഗരിമ തന്റെ ആരോപണങ്ങളില്‍ ഉടനീളം പുലര്‍ത്താനും സീത നിഷ്‌ക്കര്‍ഷിക്കുന്നു. കവിക്കും അനുവാചകനും സവിശേഷമായി അനുവാചകയ്ക്കും ആത്മവിചാരണയ്ക്കുള്ള ഇടമായി സീതാകാവ്യം പരിണമിച്ചിരിക്കുന്നു.

സ്ത്രീയുടെ സാമ്പ്രദായികമായ വേഷം (Role) തനിക്കൊട്ടും പാകമാവുന്നില്ലെന്ന് ദുരവസ്ഥയിലെ സാവിത്രി തന്റെ വളര്‍ത്തുമൈനയോട് പറയുന്നുണ്ട്.' പൊട്ടിയ വാക്കും മുറിവാക്യവും മേലില്‍ പറ്റില്ലെനിക്ക്, മുഷിഞ്ഞു മൈനേ.' ഇതുവരെ സ്ത്രീകള്‍ അവലംബിച്ച പുരുഷഭാഷയുടെ മാറ്റൊലികള്‍ പോരാ തനിക്ക് ഇനി എന്ന്, ഇതുവരെയുള്ള ജന്മങ്ങളില്‍ ആയിരുന്ന പോലെ' ശാപഗ്രസ്ഥയായ എക്കോ' ആയിരുന്നാല്‍ പോര തനിക്കിനി എന്ന്, സാവിത്രി ഉറപ്പിക്കുകയാണ്. പ്രതിധ്വനിയുടെ ദൃശ്യ വിവര്‍ത്തനമാണ് നിഴല്‍. ഇവള്‍ നിഴല്‍ പോലെ നിന്നെ പിന്തടരും (നീയില്ലാതായാല്‍ ഇല്ലാതാവുന്ന കൂറോടെ )എന്ന വാക്കുകളോടെ ജനകരാജാവിനാല്‍ രാമന് നല്‍കപ്പെട്ട സീത ഇനിമേല്‍ താനാ നിഴല്‍ നാടകം നടിക്കാന്‍ തയ്യാറല്ലെന്ന് തീരുമാനിക്കുന്നുണ്ട് ചിന്താവിഷ്ടയായ സീത എന്ന ചിന്താപഥത്തില്‍ വെച്ച്.' നിഴലിന്‍ വഴി പൈതല്‍ പോലെ പോയുഴറാ ഭോഗമിരന്ന് ഞാനിനി'. തന്നെ കാട്ടിലുപേക്ഷിച്ച് തന്റെ പ്രതിമയെ ആരാധിച്ചു കൊണ്ടിരിക്കുന്ന രാമനില്‍ നിന്ന്, ആജ്ഞാപിച്ചാല്‍ അന്നിമിഷം ഒരു പാവ പോലെ മുന്നിലെത്തി തന്റെ നിഴല്‍ തന്നെയാണിപ്പോഴും എന്ന് ബോധിപ്പിക്കുമെന്ന് രാമനുറപ്പുള്ള തന്നില്‍ നിന്ന്, ഞാനിതാ പൂര്‍ണ്ണമായി മോചിതയായിരിക്കുന്നു. ഏത് സീതയാണ് രാമനെ പിന്തുടരാതിരുന്നിട്ടുള്ളതെന്ന് എഴുത്തച്ഛന്റെ കിളി (Parrot) ചോദിക്കുന്നുണ്ട്.

Content Highlights: Kalpetta Narayanan, Adaradarayi Asan, Chinthavishtayaya Seetha, Mathrubhumi

Continue reading