''ഞാന്‍ കരുതി ഇവന്‍ വല്ല പെണ്‍പിള്ളാരെ ഉപദ്രവിച്ചതോ മറ്റോ ആയിരിക്കുമെന്ന്, ഇതിപ്പോ സമരം ചെയ്തതല്ലേ"

#ജോയ് മാത്യു
ചിത്രീകരണം: ഗോപീകൃഷ്ണന്‍
ചിത്രീകരണം: ഗോപീകൃഷ്ണന്‍

പ്രീഡിഗ്രിക്ക് നല്ലമാര്‍ക്കുവാങ്ങി പാസായെങ്കിലും ഞാന്‍ പഠിച്ചിരുന്ന കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. അതിന് കാരണങ്ങള്‍ പലതുണ്ട്. അതില്‍ പ്രധാനം ഒരു സമരം തന്നെയായിരുന്നു; അതും വിചിത്രമായ ഒരു സമരം. നാല്പത്തിരണ്ടു വര്‍ഷംമുമ്പ് ഇക്കാണുന്ന ആഡംബരമോ ആര്‍ഭാടമോ ഇല്ലാത്ത ഒരു കേരളമായിരുന്നല്ലോ. ദാരിദ്ര്യവും തൊഴിലില്ലായ്മയും ആദിവാസിഊരുകളിലെ പട്ടിണിമരണങ്ങളും സര്‍വസാധാരണമായിരുന്ന കാലം! അപ്പോഴാണ് കോഴിക്കോട്ട് ആദ്യമായി ഒരു ശ്വാനപ്രദര്‍ശനം അരങ്ങേറുന്നത്. തരത്തിലും നിറത്തിലും സ്വഭാവത്തിലും വ്യത്യസ്തരും വിദേശികളുമായ നായകള്‍ തങ്ങളുടെ ഇന്ത്യന്‍ യജമാനന്മാരോടൊപ്പം വി.ഐ.പി.കളായി കോഴിക്കോടിന്റെ മണ്ണിലെത്തുന്നു. ഗാലറികളിരുന്ന് കാണികളും ശ്വാനയജമാനരും കൈയടിച്ചും ആര്‍പ്പുവിളിച്ചും ശ്വാനപ്രദര്‍ശനത്തെ ആഘോഷമാക്കുന്നു.

ഇതിനെ പരിഹസിക്കാനായി, ചിരികൊണ്ട് സമൂഹത്തെ ചിന്തിപ്പിച്ചിരുന്ന കോഴിക്കോട്ടുകാരുടെ സ്വന്തം രാമദാസന്‍വൈദ്യരുടെ നേതൃത്വത്തില്‍ നഗരത്തില്‍ത്തന്നെ മറ്റൊരു ശ്വാനപ്രദര്‍ശനം സംഘടിപ്പിക്കപ്പെടുന്നു. തെരുവുനായകളെപ്പിടിച്ച് ചായമടിച്ച് വിവിധ പേരുകള്‍ അവയ്ക്ക് ചാര്‍ത്തിക്കൊടുത്ത് പ്രദര്‍ശിപ്പിക്കുക. ടൗണ്‍ഹാളിലായിരുന്നു ഈ സൗജന്യശ്വാനപ്രദര്‍ശനം നടത്തിയത്. അന്നത്തെ ലോ കോളേജിലെ കുറച്ച് വിദ്യാര്‍ഥികള്‍ മഞ്ചേരി സുന്ദര്‍രാജിന്റെ നേതൃത്വത്തില്‍ വൈദ്യരുടെ ശ്വാനപ്രദര്‍ശനത്തില്‍ പങ്കെടുത്തതായി ഓര്‍ക്കുന്നു. വൈദ്യര്‍സംഘത്തിന്റെ പരിഹാസം സമൂഹത്തില്‍ ചിരികളുയര്‍ത്തിയെങ്കിലും ശരീരത്തില്‍ പെയിന്റ് അടിക്കാന്‍ വിധിക്കപ്പെട്ട പട്ടികളില്‍ പലരും ദേഹത്ത് പൂശിയ പെയിന്റില്‍നിന്നുള്ള രാസവസ്തുക്കളുടെ രൂക്ഷത സഹിക്കാനാവാതെ രക്തസാക്ഷികളായി (ഇന്നാണെങ്കില്‍ പട്ടിപ്രേമികളും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് വൈദ്യരെയും സംഘത്തെയും വെള്ളംകുടിപ്പിച്ചേനെ).

പട്ടികളുടെ രക്തസാക്ഷിത്വത്തോടെ വൈദ്യര്‍ ആ കൃഷി നിര്‍ത്തിയെങ്കിലും ശ്വാനസ്‌നേഹികള്‍ അടുത്ത വര്‍ഷം അല്പംകൂടി വലിയതോതിലുള്ള കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങി. അപ്പോഴാണ് തലയില്‍ വിപ്ലവത്തീപ്പൊരി കത്തിത്തുടങ്ങിയ ചില ചെറുപ്പക്കാര്‍ക്ക് ഒരാശയം തോന്നിയത്. അത് അവര്‍ പ്രാവര്‍ത്തികമാക്കുകയുംചെയ്തു. സംഭവം ഇത്രയേയുള്ളൂ: ശ്വാനപ്രദര്‍ശനം നടക്കുന്ന ഗാലറിയില്‍നിന്ന് പടക്കങ്ങള്‍ തീകൊളുത്തി താഴേക്ക് എറിയുക. പട്ടികള്‍ക്കും മനുഷ്യര്‍ക്കും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍പോന്ന ശക്തിയോ വീര്യമോ പടക്കങ്ങള്‍ക്കില്ലായിരുന്നെങ്കിലും ശബ്ദത്തിന്റെ കാര്യത്തില്‍ അത് ബോംബിനെക്കാള്‍ മുന്നിലായിരുന്നു. ഭയങ്കരന്മാരായ വിദേശശ്വാനന്മാര്‍ അതുയര്‍ത്തിയ സ്‌ഫോടനശബ്ദത്തില്‍ വിരണ്ടോടി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതിലും വേഗത്തിലായിരുന്നു പട്ടിയോട്ടം. സംഗതി ലളിതമാണെങ്കിലും അതിന്റെ പ്രത്യാഘാതം ഉഗ്രശേഷിയുണ്ടാക്കാന്‍ പോന്നതായിരുന്നു. എണ്ണത്തില്‍ കൂടുതലുള്ള സംഘാടകരും അവരുടെ ഗുണ്ടകളും കൈയോങ്ങി അടുത്തെങ്കിലും നക്‌സലൈറ്റ് മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നതോടെ സ്വന്തം കഴുത്തുപോവാതെ സൂക്ഷിക്കാന്‍ അവര്‍ വന്നവഴിതന്നെ തിരിഞ്ഞുമണ്ടി. (അന്ന് നക്‌സലൈറ്റ് മുദ്രാവാക്യങ്ങള്‍ക്കുപോലും പ്രാണഭയം ജനിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു). പക്ഷേ, പോലീസ് തീപ്പൊരിപ്പിള്ളാരെ കൈയോടെ പൊക്കി. നക്‌സലൈറ്റ് നേതാവ് കുന്നിക്കല്‍ നാരായണന്റെ അനുജന്‍ കുന്നിക്കല്‍ പുരുഷോത്തമന്റെ മകന്‍ ഉമേഷ് ആയിരുന്നു ഈ ഗറില്ലാ ആക്ഷന്റെ സൂത്രധാരന്‍. കൂട്ടിനു കവിയും നാടകകൃത്തുമായ ടി.പി. യാക്കൂബ്, അബു, മുസ്തഫ തുടങ്ങി വിരലിലെണ്ണാവുന്ന കുറച്ചുപേരുമായിരുന്നു പോലീസിനാല്‍ പൊക്കപ്പെട്ടവര്‍. എണ്ണത്തില്‍ ഇവര്‍ കുറവാണെങ്കിലും സംഗതി വണ്ണത്തില്‍ത്തന്നെ പത്രങ്ങളില്‍ അച്ചടിച്ചു വന്നു.

ആക്ഷനില്‍ പങ്കെടുത്ത ഉമേഷ് ഞങ്ങളുടെ സഹപാഠി എന്നതിലുപരി എന്നോടൊപ്പം കോളേജ് നാടകങ്ങളിലെ സജീവസാന്നിധ്യവുമായിരുന്നു. ശ്വാനപ്രദര്‍ശനവിരുദ്ധ സമരക്കാരോടും വിശിഷ്യാ ഉമേഷിനോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഞങ്ങള്‍ കുറച്ചുപേര്‍ പഠിപ്പുമുടക്കി സമരംചെയ്യാന്‍ പദ്ധതിയിട്ടു. ക്ലാസ്മുറികളില്‍ കയറിയിറങ്ങി മുദ്രാവാക്യം വിളിച്ചും പ്രസംഗിച്ചും കുട്ടികളെ ഇറക്കിവിട്ടു. പേരിനോടൊപ്പം രാജ എന്നുള്ള ഒരാളായിരുന്നു അന്ന് പ്രിന്‍സിപ്പല്‍. രാജ്യമില്ലെങ്കിലും ഒരു കോളേജ് ഭരിക്കാന്‍ കിട്ടിയപ്പോള്‍ രാജാവായെന്നു സ്വയം ധരിച്ചുവശായ, പേരില്‍മാത്രമുള്ള ഒരു രാജ. രാജ്യംപോയ രാജവംശത്തിന്റെ അസംതൃപ്തിയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. വിദ്യാര്‍ഥിസമരത്തിന്റെ ബഹളംകേട്ട് അദ്ദേഹം ഞങ്ങളുടെ സമരത്തിനുമുന്നില്‍ വന്നുനിന്നു സമരം തടഞ്ഞു. അദ്ദേഹത്തെക്കണ്ടതും സമരക്കാരില്‍ ഒരുവിധപ്പെട്ടവരൊക്കെ പാഞ്ഞുകയിച്ചിലായി1 സമരത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന എന്നെയും രണ്ടാമന്‍ എന്ന് തത്കാലം വിളിക്കാവുന്ന ഒരു ഒരു വിദ്യാര്‍ഥിയെയും പ്രിന്‍സിപ്പല്‍ കൈയോടെ പിടികൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവന്നാലേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കൂ എന്നതായിരുന്നു പ്രിന്‍സിപ്പലിന്റെ കണ്ടീഷന്‍. ഞാന്‍ വിവരം ഒരുവിധം എന്റെ അച്ഛനെ ധരിപ്പിച്ചു. ഹൈസ്‌കൂള്‍ പഠനകാലത്തും അച്ഛനെ ഇടയ്ക്കിടെ ഹെഡ് മാസ്റ്റര്‍ ക്ഷണിച്ചുവരുത്തുക പതിവായതിനാല്‍ സ്‌കൂളില്‍മാത്രമല്ല കോളേജിലും ഇത്തരം ആചാരങ്ങള്‍ ഉണ്ടായിരിക്കാം എന്ന് കോളജില്‍ പഠിച്ചിട്ടില്ലാത്ത അദ്ദേഹം ധരിച്ചിരിക്കണം! ബിസിനസ് തിരക്കുകള്‍ മാറ്റിവെച്ച് കുടുംബസുഹൃത്തായ സേതുമാധവനോടൊപ്പം അച്ഛന്‍ കോളേജില്‍ വന്ന് രാജ്യംപോയ രാജയെ മുഖംകാണിച്ചു. രാജാവ് സേവകനെ വിട്ട് പുറത്ത് വരാന്തയില്‍ നിന്നിരുന്ന എന്നെ വിളിപ്പിച്ചു. എന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റം അച്ഛന്റെ മുന്നില്‍ വിസ്തരിച്ചവതരിപ്പിച്ചു. അച്ഛന്‍ എല്ലാംകേട്ടു. എന്നിട്ട് പ്രിന്‍സിപ്പലിനോട് ചോദിച്ചു:

''സമരം ചെയ്തതിനാണോ സസ്‌പെന്‍ഡ് ചെയ്തത് ? ഇവിടെ അധികദിവസവും സമരംതന്നെയാണല്ലോ. അപ്പോള്‍ അവരെയൊക്കെ സസ്‌പെന്‍ഡ് ചെയ്യുമോ?''

അത്തരമൊരു ചോദ്യം പ്രിന്‍സിപ്പല്‍ പ്രതീക്ഷിച്ചതായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ മുന്നില്‍വെച്ച് എന്നെ വഴക്കുപറയുന്നതോ ഭേദ്യം ചെയ്യുന്നതോ ആയ രംഗംപ്രതീക്ഷിച്ച രാജാവ് നിശ്ശബ്ദനായി. അച്ഛന്‍ ചോദ്യം തുടര്‍ന്നു:

''ഇനിയിപ്പോള്‍ ഇവനെ ക്ലാസില്‍ക്കയറ്റാന്‍ എന്താണ് ചെയ്യേണ്ടത്?''

''നൂറുരൂപ ഫൈന്‍ അടയ്ക്കണം'' എന്ന് രാജാപ്പാര്‍ട്ട്

(പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപയും ഒരു പൈന്റ് റമ്മിന് പതിനാറ് രൂപയുമുള്ള കാലത്ത് നൂറുരൂപ ഇമ്മിണി വലിയ സംഖ്യതന്നെ).

''ശരി അത്രയേ ഉള്ളോ'' എന്ന മട്ടില്‍ അച്ഛന്‍ പോക്കറ്റില്‍നിന്നു പുഷ്പംപോലെ ഒരു നൂറുരൂപ നോട്ടെടുത്ത് മേശമേല്‍ വെച്ചു. നോട്ട് പറന്നുപോകാതിരിക്കാന്‍ ഒരാത്മഗതവും അതിനുമേല്‍ വെച്ചു:

''ഞാന്‍ കരുതി ഇവന്‍ വല്ല പെണ്‍പിള്ളാരെ ഉപദ്രവിച്ചതോ മറ്റോ ആയിരിക്കുമെന്ന്, ഇതിപ്പോ സമരം ചെയ്തതല്ലേ, കുഴപ്പമില്ല.''

അതോടെ രാജാവ് ഒന്നുമണിയാതെ തന്നെ ദാ കിടക്കുന്നു ധരണിയില്‍ ശിവ ശിവ എന്ന മട്ടായി. ഇങ്ങനെയും പറയുന്ന തന്തമാരോ എന്ന് അദ്ദേഹം ഉള്ളിലുരചെയ്ത ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു. എന്റെ കാര്യം അങ്ങനെകഴിഞ്ഞെങ്കിലും എന്നോടൊന്നിച്ച് പുറത്താക്കപ്പെട്ട രണ്ടാമന്റെ കാര്യമാണ് കഷ്ടം. എന്നെപ്പോലെ അച്ഛന്‍-മകന്‍ ബന്ധത്തിലെ സുതാര്യത അവര്‍ക്കിടയില്‍ ഇല്ലാത്തതിനാല്‍ സ്വന്തം തന്തയോട് കാര്യംപറയാന്‍ അവനു ഭയമായി. ഒടുവില്‍ ഞാന്‍തന്നെ അവനു ബുദ്ധിയുപദേശിച്ചു. നാടകകൃത്തും സംവിധായകനുമായ മധുമാഷിന്റെ നാടകസംഘത്തിലെ മിതഭാഷിയും ആപത്തില്‍പ്പെട്ടവരെ സഹായിക്കല്‍ ജീവിതലക്ഷ്യവുമാക്കിയ വിവേകാനന്ദന്‍ എന്ന നടനെ ചേട്ടന്റെ ഭാഗം അഭിനയിക്കാന്‍ തരപ്പെടുത്തുക. കോളേജിന് താഴെയുള്ള അലിയുടെ കടയില്‍നിന്നു ബീഫും പൊറോട്ടയും ആയിരുന്നു വിവേകാനന്ദനു ഞങ്ങള്‍വെച്ച പ്രലോഭനം. പക്ഷേ, അതൊന്നുമില്ലെങ്കിലും വിവേകാനന്ദന്‍ ആരെയും സഹായിക്കാന്‍ തയ്യാറായിരുന്നു. പറഞ്ഞനേരത്തുതന്നെ അയാള്‍ രാജാവിനെ മുഖം കാണിക്കാനെത്തി. നൂറുരൂപ ഫൈന്‍ അടച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നു മനസ്സിലാക്കിയതുകൊണ്ട് അതിനുള്ള പണം വിവേകാനന്ദനെ ഏല്‍പ്പിച്ചിരുന്നതിനാല്‍ കാര്യങ്ങള്‍ വേഗം തീര്‍പ്പാകും എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍. വ്യാജരക്ഷിതാവിനെ അകത്തേക്കുവിട്ട് ഞങ്ങള്‍ അക്ഷമരായി പുറത്തുകാത്തുനിന്നു. പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും വ്യാജന്‍ പുറത്ത് വരാതെയായപ്പോള്‍ അകത്ത് എന്തു സംഭവിക്കുന്നു എന്നറിയാന്‍ ജനല്‍ തിരശ്ശീലയ്ക്കപ്പുറം ഞങ്ങള്‍ കാതുകൂര്‍പ്പിച്ചുനിന്നു. പ്രിന്‍സിപ്പല്‍ തന്റെ തിരക്കുകള്‍ മാറ്റിവെച്ച് നാടകം ആരംഭിക്കയായി. രാജാപ്പാര്‍ട്ടിന്റെ ആദ്യചോദ്യം അച്ഛന്റെ പേരും എവിടെ ജോലിചെയ്യുന്നു എന്നുമായിരുന്നു. ഭാഗ്യം ! അതിനുള്ള ഉത്തരം വിവേകാനന്ദന്‍ ശരിയായി വിവേകിച്ചു. ഞങ്ങള്‍ക്ക് ശ്വാസം വീണു. അച്ഛനുള്ളപ്പോള്‍ എന്തിനാണ് താങ്കള്‍ വന്നത് എന്നതായിരുന്നു അടുത്ത ചോദ്യം. അച്ഛനു നല്ലസുഖമില്ല എന്ന വിവേകോദയവും കറക്ട്. അച്ഛന്റെ പേരു ചോദിച്ചപ്പോള്‍ വിവേകിന്റെ വിവേകത്തില്‍ അയാളുടെ സ്വന്തം അച്ഛന്റെ പേരാണ് തെളിഞ്ഞത്. അത് പോട്ടേന്നുവെക്കാം; പക്ഷേ, അച്ഛന്‍ ജോലിചെയ്യുന്നത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വിവേകാനന്ദന്‍ ബ്ബ ബ്ബ ബ്ബ. നാടകത്തില്‍ നല്ല അഭിനയം കാഴ്ചവെച്ചിരുന്ന ആ നടന്‍ ഞങ്ങളുടെ രാജാപ്പാര്‍ട്ടിന്റെ പെര്‍ഫോമന്‍സിനുമുന്നില്‍ അമ്പേ പൊളിഞ്ഞു. ഞങ്ങള്‍ പഠിപ്പിച്ചുവിട്ടതൊക്കെ അയാള്‍ മറന്നു. ഭാഗ്യം! അല്പംവൈകിയാണെങ്കിലും രാജാവിന്റെ അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം അപ്പോള്‍ വിവേകമായി വിവേകാനന്ദന്റെ തലയില്‍മിന്നി:

''കോ-ഓപ്പറേറ്റീവ് ബാങ്ക് ! അവിടെയാണ് അച്ഛന് ജോലി.''

ഹാവൂ ശരിയുത്തരം! ജനലിനപ്പുറംനിന്നിരുന്ന ഞങ്ങളുടെ കാതുകള്‍ തണുത്തു. പക്ഷേ, കൊട്ടാരത്തില്‍ ഒരിക്കല്‍ സംശയം മണത്താല്‍ പിന്നെ അതിനു അറുതിയുണ്ടാവില്ല എന്നാണല്ലോ. പോരാത്തതിന് കൊട്ടാരങ്ങള്‍ മുഴുവന്‍ സംശയാലുക്കളുടെ നീചചിന്തകളാലാണല്ലോ നിലകൊള്ളുന്നതുതന്നെ! രാജാവ് അടുത്ത ചോദ്യത്തിലേക്ക് പ്രവേശിച്ചു:

''അവിടത്തെ ഫോണ്‍ നമ്പര്‍ ?''

അതോടെ നമ്മുടെ നടന്‍ തന്റെ പരാജയം സമ്മതിച്ചു; മൗനിയായി. രാജാവ് വിടുമോ ? അദ്ദേഹം തന്റെ സംശയം നിവര്‍ത്തിക്കാന്‍ മേശപ്പുറത്തിരുന്ന ടെലിഫോണ്‍ ഡയറക്ടറിയെടുത്ത് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഫോണ്‍നമ്പര്‍ തപ്പാന്‍ തുടങ്ങി. ജനലിനപ്പുറത്ത് അക്ഷമരായി നിന്നിരുന്ന ഞങ്ങള്‍ നിന്നനില്‍പ്പില്‍ സംഭവിക്കാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ ഒരു സിനിമപോലെ കണ്ടു. ആള്‍മാറാട്ടം നടത്തിയതിനു പോലീസ് കൊണ്ടുപോകുന്ന വിവേകാനന്ദനും വ്യാജരക്ഷിതാവിനെ കൊണ്ടുവന്നതിനു എന്നന്നേക്കുമായി കോളേജിന്റെ പടിയടച്ച് പഠിപ്പിന്റെ പിണ്ഡംവെക്കാന്‍ വിധിക്കപ്പെടുന്ന എന്റെ സഹപാഠിയും! പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേപറ്റൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഒരുവന്റെ കാഞ്ഞബുദ്ധിയില്‍ ഒരു തിരിതെളിഞ്ഞു. കോളേജിലേക്കുള്ള ടെലിഫോണ്‍ ലൈന്‍ മുറിക്കുക! പാഠപുസ്തകങ്ങളിലുള്ളത് പഠിക്കുന്നതിനെക്കാള്‍ കാമ്പസിനകത്തെ ചെറുതെങ്ങുകളില്‍ കയറി തേങ്ങയിടീല്‍ പരിശീലനം സിദ്ധിച്ചവരായതുകൊണ്ട് കുന്നില്‍ വരിവരിയായി സ്ഥാപിച്ചിരുന്ന പോസ്റ്റില്‍ക്കയറാനും മറ്റും ഞങ്ങള്‍ക്ക് വലിയബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ, ടെലിഫോണ്‍ കമ്പി മുറിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ അത് ഒരപകടംപിടിച്ച പണിയല്ലേ ? മാത്രവുമല്ല, അതിനു പറ്റിയ ആയുധവുംവേണ്ടേ ?

അപ്പോള്‍ മറ്റൊരു വിദ്വാന്‍ അവന്റെ ശാസ്ത്രീയമായ അറിവു പുറത്തെടുത്തു. ചാക്കുനൂല്‍ നനച്ച് രണ്ടറ്റത്തും കല്ലുകള്‍ കെട്ടി അതിനെ ടെലിഫോണ്‍ കമ്പിയില്‍ എറിഞ്ഞുപിടിപ്പിച്ചാല്‍ ടെലിഫോണ്‍ ലൈന്‍ ഓഫാകുമത്രേ! ശരിയാണ്, ട്രെയിനിലും മറ്റുംപോകുമ്പോള്‍ ഇങ്ങനെ ടെലിഫോണ്‍ കമ്പികളില്‍ കല്ലുകെട്ടിയ ചാക്കുനൂലുകള്‍ കിടന്നിരുന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ് പിടികിട്ടിയത്. പക്ഷേ, ചാക്കുനൂല്‍ സംഘടിപ്പിക്കുക, നനയ്ക്കുക, കല്ലുകെട്ടി എറിയുക തുടങ്ങിയ പരിപാടികള്‍ക്കൊന്നും സമയമില്ലാത്തതിനാലും രാജപ്പന്‍ ഡയറക്ടറി തിന്നുതീരാനായതിനാലും ഞങ്ങള്‍ അപകടരഹിതവും സോദ്ദേശ്യപരവുമായ മൂന്നാമതൊരു വഴി പരീക്ഷിക്കാന്‍ തീരുമാനിച്ചു. അത് ഞങ്ങളുടെ കൂട്ടത്തിലെ മറ്റൊരു ശാസ്ത്രജ്ഞന്റെ ഐഡിയയാണ്. അതായത്, കോളേജിനു താഴെയുള്ള ബോയ്സ് ഹോസ്റ്റലില്‍നിന്നു പ്രിന്‍സിപ്പലിനെ വിളിക്കുക, എന്നിട്ട് ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാതെ ഹോള്‍ഡ് ചെയ്യുക. അങ്ങനെയാവുമ്പോള്‍ പ്രിന്‍സിപ്പലിന്റെ ഫോണ്‍ കുറച്ച് നേരത്തേക്കെങ്കിലും പ്രവര്‍ത്തനരഹിതമാകുമത്രേ. ഞങ്ങള്‍ സമയം കളയാതെ കുന്ന് പറന്നിറങ്ങി ഹോസ്റ്റലിലെത്തി, അപ്പോഴതാ കുഞ്ഞേട്ടന്‍തമ്പുരാന്‍ എന്നു വിളിക്കുന്ന രാജവംശത്തിലെത്തന്നെ ഒരുപാവംപിടിച്ച തമ്പുരാന്‍ അവിടെ ഫോണിന് കാവലിരിക്കുന്നു. പുള്ളി അന്ന് ഹോസ്റ്റല്‍വാര്‍ഡനോ മറ്റോ ആണ്. മറ്റൊന്നും ആലോചിച്ചില്ല, ഞങ്ങളിലൊരുവന്‍ -ജയപ്രകാശ് എന്ന ജെ.പി. ഒരു രഹസ്യം പറയാനെന്നമട്ടില്‍ പാവം തമ്പുരാനെ അടുത്തമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി വാതില്‍ അടച്ചു വെളിയില്‍നിന്നു കുറ്റിയിട്ടു. സമയം കളയാതെ ഞാന്‍ പ്രിന്‍സിപ്പലിനെ വിളിച്ചു. മറുഭാഗത്തുനിന്നു രാജാവ് 'ഹലോ' എന്നുപറഞ്ഞു. രാജ്യാതിര്‍ത്തിക്ക് പുറത്തുനിന്ന് ഞങ്ങള്‍ നിശ്ശബ്ദത മറുപടിയായി കൊടുത്തു. രാജാവ് തൃപ്തനാകാതെ വീണ്ടും വീണ്ടും 'ഹലോ ഹലോ' എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഞങ്ങള്‍ റിസീവര്‍ അരുമയോടെ മേശമേല്‍വെച്ച് സ്ഥലം വിട്ടു. അകത്തെ മുറിയില്‍നിന്നു കുഞ്ഞേട്ടന്‍തമ്പുരാന്റെ 'വാതില്‍ തുറക്കൂ' എന്ന നിലവിളി ഞങ്ങളെ പിന്തുടര്‍ന്നതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല.

ഇനിയെന്ത് എന്നാലോചിച്ച് കുറച്ചുനേരം ഞങ്ങള്‍ കുന്നിനുതാഴെയുള്ള ആലിയുടെ ചായക്കടയില്‍പ്പോയി കുത്തിയിരുന്നു. അപ്പോഴതാ വിജശ്രീലാളിതന്റെ ഭാവത്തില്‍ നമ്മുടെ വ്യാജരക്ഷിതാവ് കുന്നിറങ്ങി വരുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞങ്ങള്‍ ജിജ്ഞാസുക്കളായി. സംഭവിച്ചതിന്റെ രത്‌നച്ചുരുക്കം വ്യാജന്‍ ഇങ്ങനെ വിവരിച്ചു: ടെലിഫോണ്‍ ഡയറക്ടറിയില്‍നിന്നു ഫോണ്‍നമ്പര്‍ തപ്പിയെടുത്ത് പ്രിന്‍സിപ്പല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് വിളിക്കാനാഞ്ഞപ്പോള്‍ അതിലേക്ക് മറ്റൊരു കോള്‍വരുന്നു. കുറച്ചുനേരം 'ഹലോ, ഹലോ' എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുനോക്കിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. പോരാത്തതിന് അത് ഡിസ്‌കണക്ട് ആകുന്നുമില്ല. അരിശംപിടിച്ച് രാജാവ് കുറേനേരം അതിന്റെ ബട്ടണ്‍ അമര്‍ത്തിക്കളിക്കുകയും മറ്റും ചെയ്തുനോക്കിയെങ്കിലും ഫലമില്ലെന്നുകണ്ട് പ്രസ്തുത പരിപാടി അവസാനിപ്പിച്ചത്രേ. ഒടുവില്‍ ആക്രോശിച്ചു: ''നൂറു രൂപ ഫൈന്‍ !''

നൊടിയിടയില്‍ വിവേകാനന്ദന്‍ നൂറുരൂപ വീശി നാടകത്തിനു തിരശ്ശീലയിട്ടു, അതോടെ വിവേകാനന്ദന് പൊറോട്ടയും ബീഫും മേശമേല്‍ റെഡി. നമ്മുടെ സമരനായകനോ കോളേജിന്റെ പടിക്കുപുറത്താകാതെ അകത്തുതന്നെയായി. സമരവും അതിന്റെ നാടകീയ പരിണാമത്തിനും വിജയകരമായി കര്‍ട്ടന്‍ വീണെങ്കിലും ഈ സംഭവംമുതല്‍ ഞാന്‍ പ്രിന്‍സിപ്പലിന്റെ നോട്ടപ്പുള്ളിയായി. അതോടെ ഗുരുവായൂരപ്പന്‍കോളേജിലെ എന്റെ ബിരുദപഠന പ്രവേശനത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി എന്നുപറഞ്ഞാല്‍ മതിയല്ലോ. നല്ലമാര്‍ക്കുവാങ്ങി പാസാവുകയും തദ്വാരാ ബിരുദപഠനത്തിന് ഏത് കോളേജിലും പ്രവേശനം ലഭിക്കുമായിരുന്നിട്ടും യൂണിവേഴ്‌സിറ്റി തലത്തില്‍ നാടകമത്സരത്തില്‍ ചരിത്രത്തിലാദ്യമായി 'ഗപ്പ്' കൊണ്ടുവന്നു കോളേജിന് യശസ്സ് ഉണ്ടാക്കിക്കൊടുത്തിട്ടും കൂടെ പഠിച്ചവര്‍ക്കൊപ്പം പഠിക്കാനുള്ള ആഗ്രഹത്താല്‍ ഞാന്‍ രാജാവിനെ അദ്ദേഹത്തിന്റെ കോലോത്ത് 2 ചെന്നുകണ്ട് എന്റെ ആഗ്രഹം അവതരിപ്പിച്ചെങ്കിലും എനിക്ക് ഒരു കാരണവശാലും അഡ്മിഷന്‍ തരില്ലെന്ന് രാജാവ് അസന്ദിഗ്ധനായി; ഞാനോ, നിരുദ്ധകണ്ഠനുമായി.

പഠിച്ച കോളേജില്‍ തുടര്‍ന്നു പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരുടെ വേദന അത്തരം അനുഭവത്തിലൂടെ കടന്നുപോയവര്‍ക്കേ അറിയൂ. അതെന്നെ ഏറെ വേദനിപ്പിച്ചെങ്കിലും എനിക്ക് പ്രതികാരംവീട്ടാനുള്ള അവസരം കാലംതന്നെ കൈവെള്ളയില്‍ വെച്ചുതന്നു. അതേ കോളേജില്‍ മൂന്നോ നാലോ തവണ ഞാന്‍ വിശിഷ്ടാതിഥിയായി കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെടുന്നതും എന്നോട് ഗെറ്റ് ഔട്ട് പറഞ്ഞ് ഇറക്കിവിട്ട പ്രിന്‍സിപ്പലിന്റെ അതേ മുറിയിലിരുന്ന് മാറിമാറിവന്ന പ്രിന്‍സിപ്പല്‍മാര്‍ക്കൊപ്പം ചായയും ബിസ്‌കറ്റും കഴിക്കാന്‍ കഴിയുന്നതും ഹാ, എത്ര മധുരതരമായ പ്രതികാരാചാരങ്ങളാണ്!


1. ഓടി രക്ഷപ്പെട്ടു

2. കോവിലകത്ത്


 

Content Highlights: joy mathew new column thee pidicha parnashalakal