'വിപ്ലവം സംഭവിച്ചാല്‍ വിദ്യാഭ്യാസ സമ്പ്രദായംതന്നെ മാറുമല്ലോ!' ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു

തുടര്‍ന്ന് ബിരുദപഠനത്തിനു ചേരാന്‍ എന്തുള്ളൂ വഴി എന്ന് ചിന്തിക്കാന്‍ തുടങ്ങി. നാടകം തലയ്ക്കുപിടിച്ച യൗവനമാണെന്നോര്‍ക്കണം. പതിനേഴു വയസ്സില്‍ത്തന്നെ അമച്വര്‍ നാടകങ്ങളിലെ തിരക്കുള്ള നടനായി വിലസുന്ന കാലം. ജനകീയ സാംസ്‌കാരിക വേദിക്കുവേണ്ടി മാക്സിം ഗോര്‍ക്കിയും മധുമാസ്റ്ററും ബ്രെഹ്‌തോള്‍ട് ബ്രെഹ്തും ചേര്‍ന്നുണ്ടാക്കിയ 'അമ്മ' എന്ന നാടകവുമായി ഊരുചുറ്റുകയായിരുന്നു. എന്റെ നാടകഗുരുവായ മധുമാഷ് മാത്രമല്ല പ്രസ്ഥാനത്തിലുള്ള സേതുവേട്ടന്‍, രാമചന്ദ്രന്‍ മൊകേരി എന്നീ സഖാക്കളും എന്നെ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു. ഞാനും അതേപ്പറ്റി ആലോചിച്ചു. ഞാന്‍ കാരണമെങ്കിലും മലയാളനാടകവേദി രക്ഷപ്പെട്ടാലോ? ഒരു കാരണഭൂതസാധ്യത ഞാനതില്‍ കാണാതിരുന്നില്ല. പ്രീഡിഗ്രിക്ക് എന്റെ സീനിയറും മോണോ ആക്ട്, മിമിക്രി തുടങ്ങിയ വിക്രിയകളില്‍ സ്റ്റാറുമായിരുന്ന മുരളീമേനോന്‍ എന്ന കൂട്ടുകാരന്‍ അവിടെയുണ്ട്. നാടകാദിവിഷയങ്ങളിലും സുന്ദരികളായ പെണ്‍കുട്ടികളുടെ കാര്യങ്ങളിലും ഞാനുമായി ആള്‍ വളരെ യോജിപ്പിലായിരുന്നു. നാടകം തലയ്ക്കുപിടിച്ച അവന്‍ നാട്ടില്‍ നില്‍ക്കാന്‍പറ്റാതെ ചികിത്സാര്‍ഥം തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള നാടകസ്‌കൂളില്‍ ചേരുകയാണുണ്ടായത്. ഇടയ്ക്കിടെ കാലണയുടെ പോസ്റ്റ് കാര്‍ഡില്‍ അവിടത്തെ ചികിത്സാസമ്പ്രദായങ്ങളെക്കുറിച്ചും മറ്റ് അന്തേവാസികളെക്കുറിച്ചും എഴുതിയയച്ച് അവന്‍ എന്നെ പ്രലോഭനംകൊള്ളിക്കുമായിരുന്നു.
അങ്ങനെ ഒരുദിവസം ഞാന്‍ തൃശ്ശൂര്‍ അരണാട്ടുകരയില്‍ നാടകചികിത്സാലയത്തില്‍ ഒരു സന്ദര്‍ശകവേഷത്തില്‍ അവതരിച്ചു. നല്ല വിരിഞ്ഞുനില്‍ക്കുന്ന വെള്ളക്കുപ്പായമിട്ട വലിയൊരു ബംഗ്ലാവ്. പടരാതെ പടര്‍ന്നുനില്‍ക്കുന്ന മാവുകള്‍. വാവ സുരേഷിന് പാഞ്ഞുപിടിക്കാന്‍ പാകത്തില്‍ പാമ്പുകള്‍ മേയുന്ന വിശാലമായ പറമ്പ്. മരങ്ങളും ചെടികളും എമ്പാടും. എന്നാല്‍, അന്തേവാസികളാകട്ടെ പാമ്പുകള്‍ക്ക് ഒരു കടിക്കുപോലും മതിയാകാത്തത്ര കുറവ്. പത്തുപന്ത്രണ്ട് ആണ്‍കുട്ടികളെയും മൂന്നു പെണ്‍കുട്ടികളെയുംകൊണ്ട് 'സമ്പന്ന'മായ കാമ്പസ് കണ്ട ഞാന്‍ അന്തംവിട്ടു. രണ്ടായിരത്തോളംവരുന്ന കുട്ടികളുള്ള കോളേജില്‍നിന്നാണ് ഞാന്‍ ഈ ആശ്രമജീവിതത്തിലേക്ക് എടുത്തെറിയപ്പെടുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ശ്വാസംമുട്ടി.
മുരളി അവന്റെ ചങ്ങാതിമാരെ പലരെയും പരിചയപ്പെടുത്തി. പെണ്‍സഹപാഠികളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുമ്പോള്‍ അവന്‍ പ്രീഡിഗ്രി കാലത്തെന്നപോലെ ആവേശഭരിതനായി പരിസരംമറന്നു. പൊടുന്നനെ, അഭിനയമൂര്‍ച്ഛയില്‍ ഓര്‍ക്കാപ്പുറത്ത് കര്‍ട്ടന്‍ വീണാല്‍ വാപൊളിച്ചുനില്‍ക്കുന്ന നടനെപ്പോലെ അവന്‍ നിശ്ചലനായി. തമാശകള്‍ തീരുകയും പൊട്ടിച്ചിരികള്‍ വായുവില്‍ ലയിക്കുകയും ചെയ്തു. പാശ്ചാത്തലസംഗീതം നിലച്ചു. രംഗവേദി ഇരുളാന്‍ പാകത്തില്‍ നിലയുറപ്പിച്ചു. എന്താണ് കാര്യമെന്നറിയാന്‍ ഞാന്‍ തിരിഞ്ഞുനോക്കി. അപ്പോഴാണ് ജുബ്ബയും മുണ്ടും വളര്‍ന്നുപന്തലിക്കാത്ത നരച്ചതാടിയുമുടുത്ത് നില്‍ക്കുന്ന ഒരു കട്ടിക്കണ്ണടക്കാരനെ കാണുന്നത്. കണ്ടപാടെ എന്നോട് 'ആരാ, എന്താ?' എന്നൊക്കെയുള്ള ക്രോസ് വിസ്താരം തുടങ്ങി. മുരളിയെ കാണാന്‍ വന്നതാണെന്ന് സാക്ഷിക്കൂട്ടില്‍നിന്ന് ഞാന്‍ മൊഴിഞ്ഞു. ''കണ്ടില്ലേ എന്നാല്‍, ഇനി പൊയ്‌ക്കോളൂ'' എന്നായി ന്യായാധിപന്‍. മുരളിയാണെങ്കില്‍ എന്നെ ഒരു പരിചയവുമില്ലെന്നമട്ടില്‍ മറ്റെവിടെയോ നോക്കിനില്‍ക്കുന്ന ഭാഗമാണ് അപ്പോള്‍ അഭിനയിക്കുന്നത്. ആപത്തില്‍പ്പെട്ടു എന്നുകണ്ടാല്‍ മുമ്പും ഇതേപോലുള്ള അഭിനയം വളരെ നന്നായി അവന്‍ കാഴ്ചവെച്ചിട്ടുണ്ട്.
തീപിടിച്ച പര്‍ണശാലകള്‍ ആദ്യഭാഗം വായിക്കാം
''ഞാന്‍ കരുതി ഇവന്‍ വല്ല പെണ്‍പിള്ളാരെ ഉപദ്രവിച്ചതോ മറ്റോ ആയിരിക്കുമെന്ന്, ഇതിപ്പോ സമരം ചെയ്തതല്ലേ"
സംഭവം പിന്നീടാണ് മനസ്സിലായത്. പുലിയായ് വന്ന പിള്ളേച്ചന്‍ പിള്ളാര്‍ക്ക് ഒരു പിതൃബിംബനാണ്. ശങ്കരപ്പിള്ള സാര്‍ എന്ന് പിള്ളാര് മുഴുവന്‍ വിളിക്കാന്‍ മടിക്കുന്നത്ര ബഹുമാനിതന്‍. പുള്ളിയും പിള്ളാരെ തന്റെ മക്കളെപ്പോലെയാണത്രേ കാണുന്നതും. ഒരുമാതിരിപ്പെട്ടവരൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മക്കളുമാണ്. നാടകത്തെ പഠിപ്പിക്കാന്‍ നാടുനീളെ കളരികള്‍ നടത്തിനടത്തി ഒടുവില്‍ ആശാന്‍ നാടകത്തിനു മാത്രമായി ഒരു പള്ളിക്കൂടം ഉണ്ടാക്കിയപ്പോള്‍ അവിടെ പഠിക്കാന്‍ കുട്ടികളെ കിട്ടാനില്ല. മൂന്നുവര്‍ഷം നാടകം അഭ്യസിച്ചാല്‍ ബിരുദം കടലാസ്സിലാക്കി കൈയില്‍ക്കിട്ടും എന്നല്ലാതെ നാടകബിരുദംകൊണ്ട് എന്തു ജോലി കിട്ടാനാണ്! അപ്പോള്‍പ്പിന്നെ നാടകം പഠിക്കാന്‍ കുട്ടികള്‍ വരുമോ?
പിള്ളേച്ചന്‍ വിട്ടുകൊടുത്തില്ല, നാടകത്തിനുവേണ്ടി താന്‍ ജീവിതം ഉഴിഞ്ഞുവെച്ചപ്പോള്‍ ജീവിതത്തിനുവേണ്ടി നാടകത്തെ ഉഴിയാന്‍പോയ തന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഇപ്പോള്‍ മക്കളുണ്ട്. അവരിലധികംപേരും ബിരുദവിദ്യാര്‍ഥികളാവാനുള്ള വയസ്സറിയിച്ചവരുമാണ്. അവരുടെയൊക്കെയുള്ളില്‍ കലയുടെ ഒരു കനലോ കരിയോ കാണാതിരിക്കില്ല. കനലെങ്കില്‍ ആളിക്കത്തിക്കാം; കരിയാണെങ്കില്‍ ഊതിനോക്കുകയുമാവാം. അപ്പോള്‍ അവരെ പിടിക്കുകതന്നെ. അദ്ദേഹത്തിന്റെ സുഹൃദ്വലയത്തിലുള്ളവരാകട്ടെ പിള്ളസാറിന്റെയടുത്ത് നാടകം പഠിക്കാന്‍ കുട്ടികളെ അയക്കുന്നതിനു മടികാണിച്ചതുമില്ല. അങ്ങനെയാണ് കരുമല ബാലകൃഷ്ണന്റെ മകനും കഥാകൃത്ത് വിനയന്റെ മകനും കെ.എ. കൊടുങ്ങല്ലൂരിന്റെ മകനും ഒ. മാധവന്റെ മകളുമൊക്കെ നാടകസ്‌കൂളിലെത്തിയത്. ഇവര്‍ പിന്നീട്് രഞ്ജിത്ത്്, വി.എം. വിനു, ദിലീപ്, സന്ധ്യാ രാജേന്ദ്രന്‍ എന്നീ പേരുകളില്‍ കലാരംഗത്ത് പ്രശസ്തരായി.
നാടകം പഠിച്ചിറങ്ങിയാല്‍ അക്കാലത്ത് നാടുതെണ്ടുക എന്നല്ലാതെ ജോലിസാധ്യതകള്‍ ഒന്നുമില്ലാത്ത കാലമാണെന്നോര്‍ക്കണം. നാടകത്തോടുള്ള പ്രേമവും ചില അധ്യാപകരുടെയെങ്കിലും അര്‍പ്പണമനോഭാവവും കാരണം അവരെല്ലാം നാടകമോ അതോ ജീവിതം തന്നെയോ പഠിച്ചിറങ്ങുകയും കൈയില്‍ മരുന്നുള്ള ഒരു മാതിരിപ്പെട്ടവരൊക്കെ ഏതെങ്കിലുമൊരു നിലയിലേക്ക് എത്തിപ്പെടുകയും അല്ലാത്തവര്‍ വേറെ തൊഴിലന്വേഷിച്ചു പോവുകയും ചെയ്തു; ഇനിയും ചിലര്‍ ജീവിതവേദിതന്നെ വിട്ടൊഴിഞ്ഞു. എനിക്കെന്തോ അവിടത്തെ ചികിത്സാരീതി എന്നിലെ ഉന്മാദം ശമിപ്പിക്കാന്‍ പോന്നതല്ലെന്ന് ആദ്യസന്ദര്‍ശനത്തോടെ മനസ്സിലായി. ഒരു ആശ്രമത്തിനും എന്നെ തളയ്ക്കാനാവില്ലെന്ന് എന്റെ അഹം എന്നോട് പണ്ടേ പറഞ്ഞതാണ്. മാത്രവുമല്ല ആ'ശ്രമ'ജീവിതം അന്നുമിന്നും എനിക്ക് ജയിലാണ്. അതിനാല്‍ നമ്മുടെ കളി കളരിക്കു പുറത്തുമതി എന്ന് ഞാന്‍ തീരുമാനിച്ചു.
കാരശ്ശേരിയുടെ എന്‍ട്രി
ബിരുദജീവിതത്തിന് ഇനിയെന്തു വഴി എന്ന ചിന്ത തലയില്‍ പുകയുകയാണ്. വീട്ടുകാരും അക്കാര്യം അന്വേഷിക്കുന്നുണ്ട്. ആ ദിവസങ്ങളിലാണെങ്കില്‍ നാട്ടില്‍ വിപ്ലവമുണ്ടാക്കാനായി ഞാന്‍ മധുമാഷിന്റെ 'അമ്മ' നാടകവുമായി ഊരുചുറ്റുന്ന കാലം. ആലപ്പുഴയില്‍ നാടകം കളിക്കുന്ന ദിവസമാണ് എനിക്ക് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അഡ്മിഷന്റെ കാര്യം ഓര്‍മവന്നത്. ഗുരുവായൂരപ്പന്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്ന അന്ധവിശ്വാസത്താല്‍ വലിയതാത്പര്യമൊന്നുമില്ലാതെയാണെങ്കിലും കോഴിക്കോട് തന്നെയുള്ള ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഞാനൊരു അപേക്ഷ കൊടുത്തിരുന്നു. അരണാട്ടുകരയിലെ നാടകചികിത്സാകേന്ദ്രം എനിക്ക് പറ്റിയതല്ല എന്ന് തിരിച്ചറിഞ്ഞസ്ഥിതിക്ക് ഇനി ആര്‍ട്‌സ് കോളേജ് മാത്രമാണ് പ്രതീക്ഷ. നാളെയാണ് അവിടെ പ്രവേശക ഇന്റര്‍വ്യൂ.
''പിന്നല്ലാതെ, നമ്മള്‍ രാവിലെയാവുമ്പോഴേക്ക് കോഴിക്കോട്ടെത്തും'' -വാസു ഉറപ്പുപറഞ്ഞു.
വാസുവിന്റെ ഉറപ്പായതുകൊണ്ട് ഞാനത് വിശ്വസിച്ചു. നാടകം അവസാനിച്ച് പാതിരാത്രി കഴിഞ്ഞിട്ടാണ് ഞങ്ങള്‍ കോഴിക്കോടിന് യാത്രതിരിച്ചത്. യാത്രയിലുടനീളം ഞാന്‍ അടുത്തിരുന്ന മൊകേരി മാഷിന്റെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലാണ്. എനിക്കാണെങ്കില്‍ ഉറക്കംവന്നതേയില്ല. നാളെ ഇന്റര്‍വ്യൂവിനു എത്തിയില്ലെങ്കില്‍ എന്റെ ഒരുവര്‍ഷം പാഴാവും. പിന്നെ ആകെയുള്ളൊരു പ്രതീക്ഷ വരാനിരിക്കുന്ന വിപ്ലവമാണ്. 'വിപ്ലവം സംഭവിച്ചാല്‍ വിദ്യാഭ്യാസ സമ്പ്രദായംതന്നെ മാറുമല്ലോ!' പുറത്തെ ഇരുളിലേക്കുനോക്കി ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
വണ്ടി കുന്നംകുളവും എടപ്പാളും കുറ്റിപ്പുറവും കഴിഞ്ഞപ്പോഴേക്കും പാതിരയെ പത്തിരിപോലെ വെളുപ്പിച്ച് പ്രഭാതമെത്തി; കൂടെ കടുപ്പത്തിലുള്ള ചായയും. രാമനാട്ടുകാരയായപ്പോഴേക്കും മണി ഒമ്പത്. പത്തുമണിക്കാണ് ഇന്റര്‍വ്യൂ. ഞാന്‍ മധുമാഷോട് വിവരംപറഞ്ഞു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കടന്നുപോകുമ്പോള്‍ മധുമാഷ് വാഹനം നിര്‍ത്താന്‍ പറഞ്ഞു. പ്രഭാതകൃത്യനിര്‍വഹണത്തില്‍ ആര്‍ക്കും വീഴ്ചപറ്റാതിരിക്കാനായി വണ്ടി നേരെ പൊയ്ക്കോട്ടെ എന്നും പറഞ്ഞ് മാഷ് എന്നെയുംകൂട്ടി വണ്ടിയില്‍നിന്നും ഇറങ്ങി.
''മാഷേ അഡ്മിഷന്‍ കാര്‍ഡ് വീട്ടിലാണ്. പോയി എടുത്തിട്ടുവരാം.'' -ഞാന്‍ ഓര്‍മിപ്പിച്ചു
''കാര്‍ഡിലെ നമ്പര്‍ ഓര്‍മയുണ്ടോ?'' -ഞാന്‍ ഓര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും പരാജിതനായി
''ഇല്ല. ഇനി എന്തുചെയ്യും?''
-ഞാന്‍ ആകുലനായി.
''അതിനൊക്കെ വഴിയുണ്ട്, അവിടെ കാരശ്ശേരിയുണ്ടാവും'' -മാഷ് എന്നെയുംകൂട്ടി ശരംവിട്ടപോലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് പോയത്. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമാണല്ലോ മധുമാഷ്. കാരശ്ശേരി എന്ന പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ഞാനോര്‍ത്തു. ആയിടയ്ക്കുവന്ന 'പതിനാലാം രാവ്' എന്നൊരു സിനിമാ പോസ്റ്ററില്‍ ഒരു കാരശ്ശേരിയെ കണ്ടിരുന്നു. അയാളാണോ ഇയാള്‍?
ചിരപരിചിതനെപ്പോലെ മാഷ് മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കടന്നുചെന്നു. അപ്പോളവിടെ സ്വാതികനായ ഒരു മനുഷ്യരൂപം ഇരിപ്പുണ്ടായിരുന്നു (ക്രമേണ എനിക്ക് മനസ്സിലായി രൂപം മാത്രമല്ല ഹൃദയവും സ്വാതികമാണെന്ന്. കേരളത്തിലെ സ്ഥാലനാമങ്ങളുടെ ചരിത്രംചികഞ്ഞ് ജീവിച്ച ഡോക്ടര്‍ എന്‍.എം. നമ്പൂതിരിയായിരുന്നു അത്).
''കാരശ്ശേരിയുണ്ടോ'' എന്ന മധുമാഷിന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം ഒരു ഭാഗത്തേക്ക് വിരല്‍ചൂണ്ടി. അവിടെ മെലിഞ്ഞുനീണ്ട, ഇടത്തോട്ട് മുണ്ടുടുത്ത ശുഭ്രവസ്ത്രധാരിയായ ഒരു ചെറുപ്പക്കാരന്‍ ഇരിപ്പുണ്ടായിരുന്നു. സിനിമാ പോസ്റ്ററില്‍ക്കണ്ട രൂപത്തിന് നേര്‍ വിപരീതന്‍. പിന്നീടാണറിഞ്ഞത് രണ്ടാളും രണ്ടാണ്. ഒരാള്‍ സലാം കാരശ്ശേരി എന്ന നടന്‍; മ?േറ്റത് എം.എന്‍. കാരശ്ശേരിയെന്ന ആ സിനിമയുടെ കഥാകൃത്ത്. പക്ഷേ, ഇരുവരുടെയും വാപ്പമാര്‍ സഹോദരന്മാരാണ്. നമ്മുടെ കഥാപുരുഷന്‍ മധുമാഷെ കണ്ടപാടേ ഇരിക്കാന്‍ കസേര നീക്കിയിട്ടുകൊടുക്കുന്നു, പിന്നെ ലോഹ്യംപറച്ചിലായി. അന്നും ഇന്നും ഒരാളെ കിട്ടിയാല്‍ കാരശ്ശേരിമാഷ് ലോഹ്യംപറച്ചില്‍ തുടങ്ങുകയായി. തുടങ്ങിയാലോ പിന്നെ അതിനന്തവുമില്ല. എന്നാലിപ്പോള്‍ ലോഹ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മധുമാഷ് എന്നെ ചൂണ്ടിക്കാണിച്ച് വന്നകാര്യം പറഞ്ഞു. പറയാന്‍ ബാക്കിയുള്ളത് മേശവലിപ്പില്‍വെച്ച് കാരശ്ശേരിമാഷ് ഞങ്ങളോടൊപ്പം കോളേജ് ഓഫീസിന്റെ ഗോവണികയറി. കട്ടിമീശയും സൗമ്യതയും ഒരേ അളവില്‍ മുഖത്തു ഫിറ്റുചെയ്ത ക്ലാര്‍ക്ക് നൗഷാദിനോട് വന്നകാര്യം പറഞ്ഞപ്പോള്‍ നൗഷാദ് പതിവിലും സൗമ്യനായി, കട്ടിമീശ ഒന്നുകൂടി കട്ടികൂട്ടി എന്റെ പ്രവേശനക്കാര്‍ഡിന്റെ നമ്പറെടുത്തുതന്നു. കാരശ്ശേരിയാകട്ടെ എന്നെ പ്രിന്‍സിപ്പലുമായി അഭിമുഖിക്കാന്‍വിട്ട് തന്റെ ജോലിക്കുപോയി. ധരിച്ചിരിക്കുന്ന തൂവെള്ള ടെറിക്കോട്ടന്‍ ഷര്‍ട്ടും വെള്ള പാന്റ്‌സും പോലെത്തന്നെ ശുഭ്രമനസ്‌കനായ ഷേണായിമാഷായിരുന്നു പ്രിന്‍സിപ്പല്‍. വകുപ്പുമേധാവിയായ പ്രൊഫ. എം. അച്യുതന്‍ മാഷും ചോദ്യംചെയ്യല്‍ മുറിയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ദിനങ്ങള്‍ അവസാനിച്ചിരുന്നെങ്കിലും ഭയന്നപോലെ വലിയ ചോദ്യംചെയ്യലൊന്നും ഉണ്ടായില്ല. ഫീസടച്ച് പഠിക്കാന്‍ തുടങ്ങിക്കോളാന്‍ പറഞ്ഞ് അവര്‍ അടുത്ത ഇരയെ വിളിച്ചു.
എന്നാല്‍, ഫീസടയ്ക്കാം എന്നുകരുതി ഓഫീസില്‍ ചെന്നപ്പോള്‍ അവിടെയുള്ള ക്ലാര്‍ക്ക് ഫീസടയ്ക്കനുള്ള കണക്കുപറഞ്ഞതോടെ എന്റെ ഫ്യൂസ് പോയി. എന്റെ കൈയിലുള്ളതും മാഷിന്റെ പോക്കറ്റിലുള്ളതും കൂട്ടിയിട്ടും ഫീസടയ്‌ക്കേണ്ടതില്‍ പിന്നെയും നാല്പത് രൂപ കുറവ്. കോഴിക്കോടന്‍ ഭാഷയില്‍പ്പറഞ്ഞാല്‍ 'ഇനി എന്താക്കും?' എന്നായി ഞാന്‍.
അതിനും മധുമാഷ് വഴികണ്ടു. ശരവേഗനായി മൂപ്പര്‍ പോയത് കാരശ്ശേരിയുടെ സവിധത്തിലേക്കുതന്നെ. ക്ലാസെടുക്കുന്ന കാരശ്ശേരിയെ കൈകാട്ടിവിളിച്ച് മുഖവുരയില്ലാതെ മാഷ് നാല്പത് രൂപ ചോദിച്ചു. കാരശ്ശേരിയാകട്ടെ നാല്പത് ചോദിച്ചിടത്ത് അമ്പത് കൊടുത്തു. അന്നൊക്കെ അങ്ങനെയാണ്. മടികൂടാതെ ഇരക്കാനും മടികൂടാതെ കൊടുക്കാനും മനസ്സുള്ളവരുടെ മനോഹരമായ ഒരു ഇരപ്പാളിലോകം അന്നുണ്ടായിരുന്നു; ഇന്നത് കുറ്റിയറ്റുപോയെങ്കിലും. അങ്ങനെ അമ്പത് രൂപ കടക്കാരനായി ഞാന്‍ കാരശ്ശേരിമാഷിന്റെതന്നെ ശിഷ്യനായി. അത് തുടക്കം മാത്രം. കടത്തില്‍ തുടങ്ങിയ ഗുരുത്വക്കേടുകള്‍ ഒന്നൊന്നായി എന്നെ കാത്ത് എന്റെ ജീവിതവഴികളില്‍ പലപ്പോഴായി സംഭവിക്കുമെന്ന് ഞാനന്ന് നിനച്ചതേയില്ല.
എം.എന്‍. കാരശ്ശേരിക്ക് പുറമേ പ്രൊഫ. എം. അച്യുതന്‍, പ്രൊഫ. എം.കെ.എന്‍. പോറ്റി, ഡോ. എന്‍.എം. നമ്പൂതിരി, ഡോ. ഇ. സര്‍ദാരുകുട്ടി, പ്രൊഫ. തായാട്ട് ശങ്കരന്‍, ഡോ. ചന്ദ്രശേഖരന്‍, പ്രൊഫ. ജഗദമ്മ, രാജലക്ഷ്മി ടീച്ചര്‍, പത്മിനി ടീച്ചര്‍, ഹേമലത ടീച്ചര്‍ തുടങ്ങിയ വന്‍താരനിരയായിരുന്നു മലയാളം ഡിപ്പാര്‍ട്ട്‌മെന്റിനെ അലങ്കരിച്ചിരുന്നത്. പോരാത്തതിന് നെറ്റിപ്പട്ടംപോലെ ജേണലിസം പഠിപ്പിക്കാന്‍ ചാക്കപ്പന്‍സാറും സുന്ദരനായ സുഭാഷ് മാഷും. അധ്യാപകര്‍ക്കൊക്കെ എന്നോട് സ്‌നേഹമാണെങ്കിലും ഇവരുടെയാരുടെയും നല്ല വിദ്യാര്‍ഥികളിലൊരാളാകാന്‍ കഴിഞ്ഞില്ല എന്നാണ് എനിക്ക് തോന്നുന്നത്. നാടകം, കവിത തുടങ്ങിയ പരിപാടികളും സംഘടനാപ്രവര്‍ത്തനങ്ങളും ഇതിനൊക്കെ മേമ്പൊടിയായി മെക്കാളെ പ്രഭുവിന്റെ കൊളോണിയല്‍ വിദ്യാഭ്യാസനയങ്ങളോടുള്ള പുച്ഛവും തലയിലേറ്റിനടന്നിരുന്ന എന്റെ ബിരുദപഠനജീവിതം ദേഹത്ത് ചായമടിച്ച് ഉള്ളംപൊള്ളിയ ശ്വാനനെപ്പോലെയായി എന്നുപറഞ്ഞാല്‍ അത് ശരിയാവുമോ!
(തുടരും)
Content Highlights: Joy Mathew Column thee pidicha parnashalakal