സുരാസു ഓമനിച്ചുവളര്‍ത്തിയ കഞ്ചാവുചെടി പിഴുതുമാറ്റി ചീര നട്ട അംബുജേടത്തി, വീടിന് തീയിട്ട് സുരാസു

അതിനിടെ സാംസ്‌കാരികവേദിയിലും പാര്‍ട്ടിയിലും 'അരാജകവാദവും വിപ്ലവവും' എന്ന വിഷയത്തില്‍ പാണ്ഡിത്യവും മധുമാഷിനോടുള്ള കടുത്ത ഈഗോയും മനസ്സില്‍ കൊണ്ടുനടന്നിരുന്ന ചിലര്‍ അദ്ദേഹത്തിന്റെ അരാജകജീവിതത്തെക്കുറിച്ച് പഠനം നടത്തി മാഷെ വിപ്ലവവിരുദ്ധനായി മുദ്രകുത്തി സംഘടനയില്‍നിന്ന് പുറത്താക്കി. അപ്പോഴേക്കും കേരളത്തിലങ്ങോളമിങ്ങോളം കൊടിയും പിടിച്ച് കളിച്ച 'അമ്മ'യ്ക്കുമേല്‍ പാര്‍ട്ടി കോടി പുതപ്പിച്ചു. മധു മാഷല്ലേ ആള്! അമ്മ പോയെങ്കില്‍ ഇനി സ്പാര്‍ട്ടക്കസ് വരട്ടെ എന്നുംപറഞ്ഞ് മൂപ്പര്‍ സ്പാര്‍ട്ടക്കസ് എന്നൊരു നാടകമുണ്ടാക്കാന്‍ പുറപ്പെട്ടു, എന്നെ അതിലെ സ്പാര്‍ട്ടക്കസുമാക്കി.
അപ്പോള്‍ മറുഭാഗത്തുള്ളവര്‍ക്ക് വാശിയായി. മധുമാസ്റ്ററോ മറ്റോ സ്പാര്‍ട്ടക്കസിനെയുംവെച്ച് ഒറ്റയ്ക്ക് വിപ്ലവം നടത്തിയാലോ! അവരും ഒരു സ്പാര്‍ട്ടക്കസ് ഉണ്ടാക്കാന്‍ തീരുമാനിക്കുന്നു. അതിനായി അരാജകജീവിതത്തില്‍ മാസ്റ്റര്‍ബിരുദം നേടിയ സുരാസുവിനെത്തന്നെ ഇറക്കുന്നു. അങ്ങനെ സ്പാര്‍ട്ടക്കസുകള്‍ രണ്ടെണ്ണമായി അരങ്ങുവാണീടുമ്പോള്‍ അതാവരുന്നു ഇടിത്തീപോലെ വിപ്ലവപ്പാര്‍ട്ടിയുടെ പ്രഖ്യാപനം: വിപ്ലവം പിരിച്ചുവിട്ടു ! അതോടെ സ്പാര്‍ട്ടക്കസുകള്‍ കൂട്ടത്തോടെ പിരിഞ്ഞുപോയി.
മധുമാഷിന് തന്റെ അരാജകജീവിതം തിരിച്ചുപിടിക്കാന്‍ ഇതൊരു നല്ല കാരണവുമായി. കയറുപൊട്ടിയ കലാകാരനായി അരങ്ങിലും ആള്‍ക്കൂട്ടത്തിലും പുതുനാടകങ്ങള്‍ സൃഷ്ടിച്ച് മൂപ്പര്‍ തന്റേതായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തുടങ്ങി. മറുപക്ഷമാകട്ടെ, വിപ്ലവത്തിന് എന്തെങ്കിലും സാധ്യത ബാക്കിയുണ്ടോ എന്ന താത്ത്വികസമസ്യാ പൂരണത്തിനായി പലവഴിക്കും പിരിഞ്ഞു. പ്രത്യേകിച്ച് തത്ത്വങ്ങളൊന്നുമില്ലാതിരുന്ന സംവിധായകന്‍ സുരാസുവാകട്ടെ കോഴിക്കോട്ടങ്ങാടിയിലെത്തി വഴിയാധാരവുമായി.
കലാകാരന്മാരെ സ്വീകരിക്കുന്നതില്‍ അതിതാത്പര്യമുള്ളതുപോലെ സഹിക്കുന്നതിന്റെ പരിധികഴിഞ്ഞാല്‍ കൈയൊഴിയാനും മടികാണിക്കാത്ത നഗരമാണ് എന്റെ കോഴിക്കോട്. നിര്‍ഭാഗ്യവശാല്‍ സുരാസുവിന്റെ കാര്യത്തിലും ഇങ്ങനെയൊരു തീരുമാനമുണ്ടായി. 'നഗരത്തില്‍ സുരാസു ഇറങ്ങി' എന്നാണ് അക്കാലങ്ങളില്‍ പറഞ്ഞുപോന്നിരുന്നത്. എന്നുപറഞ്ഞാല്‍ സുരാസുവിനെ കൈയൊഴിയാനുള്ള കാരണം മനസ്സിലാക്കാമല്ലോ. എന്നാല്‍, കോഴിക്കോട് കൈയൊഴിയുന്ന കലാകാരന്മാര്‍ക്ക് അഭയംനല്‍കുന്ന ഒരിടം അക്കാലത്ത് നഗരത്തില്‍നിന്നു മുപ്പതുകിലോമീറ്റര്‍ അകലെയുണ്ടായിരുന്നു. മുക്കം എന്നായിരുന്നു സഹൃദയരുടേതായ ആ രാജ്യത്തിന്റെ പേര്. അതെ, സാക്ഷാല്‍ ബി.പി.മൊയ്തീന്റെ നാട് ! അലി എന്നൊരു വിദ്വാനായിരുന്നു എനിക്കറിയാവുന്ന മുക്കത്തെ സഹൃദയന്മാരുടെ അക്കാലത്തെ സുല്‍ത്താന്‍. മുദ്രക്കടലാസുകള്‍ വില്‍ക്കുന്ന വെണ്ടര്‍ ആയിട്ടാണ് ജോലിയെങ്കിലും മൈക്ക എന്ന സംഘടനയുടെ അമരക്കാരനായിരിക്കാനാണ് അലി ഇഷ്ടപ്പെട്ടിരുന്നത്. വിരലുകള്‍ക്കിടയിലോ ചുണ്ടുകള്‍ക്കിടയിലോ ഒരു പുകക്കുഴലുമായി ജനിച്ചയാളെപ്പോലെയായിരുന്നു അലി. സദാസമയവും എരിയുന്ന സിഗരറ്റിനോടൊപ്പമല്ലാതെ അലിയെ കാണുക പ്രയാസം. കോഴിക്കോടുള്ള ഒരുവിധപ്പെട്ട സാംസ്‌കാരികപരിപാടികള്‍ക്കെല്ലാം മുക്കത്തുനിന്ന് വണ്ടിപിടിച്ച് അലിയെത്തും, കൂടെ അദ്ദേഹത്തിന്റെ സഹൃദയ സില്‍ബന്തികളും. മുക്കത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകള്‍ക്കെല്ലാം മലയാളംപേരുകള്‍ ചാര്‍ത്തിക്കൊടുക്കുന്നതില്‍ അലിയായിരുന്നു തുടക്കമിട്ടത്. അത് പിന്നീട് മുക്കത്തുകാരുടെ ഇപ്പോഴും തുടരുന്ന ഒരു ശീലമായി. ഏറനാട്ടില്‍ കൂപ്പു ജീവിതവുമായി ബന്ധപ്പെട്ട മക്കാനി എന്ന പേരിലറിയപ്പെട്ടിരുന്ന ചായക്കടകളുടെ ഓര്‍മക്ക് 'ചായ മക്കാനി' എന്ന് പേരിട്ടുകൊണ്ടാണ് അലി ഇത് തുടക്കമിട്ടത്. പന്തിഭോജനത്തിന്റെ ഓര്‍മയില്‍ നിന്നാണ് ഹോട്ടലിന് പന്തി എന്ന് പേരിട്ടത്. മുക്കത്തെ ഒരുവിധപ്പെട്ട സ്ഥാപനങ്ങള്‍ക്കെല്ലാം മലയാളം പേര് കണ്ടെത്തുകയും ചാര്‍ത്തുകയും ചെയ്യുന്നതില്‍ അലി ഹരം കണ്ടെത്തി. ചെരിപ്പുകടയ്ക്ക് പാദുകം, തുണിക്കടകള്‍ക്ക് വസ്ത്ര, ജൂവലറിക്ക് ആഭരണ അങ്ങനെയങ്ങനെ... പിന്നീട് വന്നവരും പേരിടീല്‍ക്കാര്യത്തില്‍ മുക്കത്തിന്റെ ഈ മലയാളിത്തം ഇന്നും ആഘോഷിക്കുന്നു. ഉദാഹരണങ്ങള്‍ ഒട്ടേറെയാണ്. ചമയം, ഉടയാട, ചേലാസ്, പത്രാസ്, കൈരളി എന്നീ പേരുകള്‍ തുണിക്കടകള്‍ക്കാണെങ്കില്‍ പൊന്നറ, പൊന്നിനം സുവര്‍ണ, കൊട്ടാരം, മണിയറ എന്നിവയൊക്കെ ആഭരണക്കടകളുടെ പേരുകളാണ്. രുചി, സ്വാദിഷ്ഠം എന്നിവ ബേക്കറികളാണെങ്കില്‍ സുഭിക്ഷ, മരുപ്പച്ച, ആഹാരം എന്നിവ ഹോട്ടലുകളുടെ പേരുകളാണ്. സംശയമുള്ളവര്‍ മുക്കംവരെ ഒന്ന് പോയിവരുക. തലങ്ങും വിലങ്ങും മലയാളം പേരുകള്‍ക്കൊണ്ടുള്ള ഒരു അയ്യരുകളിതന്നെ കാണാം. യാഥാസ്ഥിതികതയോട് ഇടത്തടിച്ച് നിന്നിരുന്ന അലിയുടെ മക്കളുടെ പേരായിരുന്നു കൂടുതല്‍ വിചിത്രം. പ്രതീക്ഷ എന്ന് മകള്‍ക്ക് പേരിടുകയും വീട്ടില്‍ ശെയ്ത്താന്‍ എന്ന് ഓമനപ്പേരായി വിളിക്കുകയും ചെയ്തു. മകന്‍ യാസിന്‍ അലിയെ ഓമനപ്പേരായി ഇബ്ലീസ് എന്നായിരുന്നു വിളിച്ചിരുന്നത്. പല അര്‍ഥത്തിലും ഒരു സൂഫി പാതയില്‍ ജീവിച്ച അലി പക്ഷേ, അകാലത്തില്‍ തന്നെ സഹൃദയ രക്തസാക്ഷിയായി എരിഞ്ഞെരിഞ്ഞ് കാലത്തിന് അപ്പുറത്തേക്ക് പോയി മറഞ്ഞു.
തീപിടിച്ച പര്‍ണശാലയില്‍ സുരാസു
പറഞ്ഞുവന്നത് വഴിയാധാരമായ സുരാസുവിനെക്കുറിച്ചാണല്ലോ. കോഴിക്കോട്ടുനിന്നു വണ്ടികയറി മുക്കത്ത് ചെന്നടിഞ്ഞ സുരാസുവിനു തുണയായത് മുക്കത്തുകാരന്‍തന്നെയായ കാരശ്ശേരി മാഷാണെന്നുകേട്ട് മുക്കത്തുകാര്‍ മൂക്കത്ത് വിരല്‍വെച്ചുവത്രേ. കാരണം, സുരാസുവിനോട് ചേര്‍ന്നുപോകുന്ന ഒന്നും കാരശ്ശേരിക്കില്ല. മദ്യമോ മറ്റു ലഹരികളോ ഇല്ല, നക്‌സല്‍ബാരി തീരെയില്ല. ഉന്മാദവും കുറവ്. പക്ഷേ, സാഹിത്യത്തിന്റെ, അതും ബഷീര്‍ സാഹിത്യത്തിന്റെ ഉപദ്രവം കലശലായി ഉണ്ടുതാനും. ഇതായിരിക്കാം ഒരുപക്ഷേ, സുരാസു-കാരശ്ശേരി സഖ്യത്തിന്റെ ഗുട്ടന്‍സ്. ഏതായാലും സുരാസുവിനു കാരശ്ശേരിയെ പെരുത്ത് ഇഷ്ടമായി. മദ്യപരെ ഒരിക്കലും മദ്യപര്‍ സുഹൃത്തുക്കളായി വെക്കാറില്ലല്ലോ! അതു ചെണ്ടയും ഉരലും പോലെയായിരിക്കും എന്ന് മനസ്സിലാക്കാനുള്ള ബോധം ഏത് മദ്യപനുമുണ്ട്. അതിനാല്‍ സുരാസു കാരശ്ശേരിയെ 'അങ്ങെടുത്തു' എന്നുപറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍, സംഭവിച്ചത് തിരിച്ചാണെന്നുമാത്രം. സുരാസുവിനെ അങ്ങനെ വിട്ടാല്‍പറ്റില്ലെന്ന് കാരശ്ശേരിക്കുതോന്നി. ചെല്ലും ചെലവും കൊടുത്ത് സ്വന്തംവീട്ടില്‍ പൂട്ടിയിട്ട് കാരശ്ശേരി നടത്തിയ ചികിത്സയുടെ ഫലമായിരുന്നു 'സുരായണം' എന്ന സുരാസുവിന്റെ പുസ്തകം. എന്നിട്ടും പഠിക്കാത്ത കാരശ്ശേരി ഒരുപണികൂടി ഏറ്റെടുത്തു.
മുക്കത്തെ കലാസ്‌നേഹികളും ധീരരുമായ കുറച്ച് മൊയ്തീന്‍മാരെ സംഘടിപ്പിക്കുന്നു. സുരാസുവിനു തലചായ്ക്കാന്‍ ഒരിടവും സംവിധാനിക്കാന്‍ ഒരു നാടകവും റെഡിയാക്കുന്നു. അപ്പോഴേക്കും മുജ്ജന്മസുകൃതം പോലെ മുക്കത്തുകാരിയും നല്ലൊരു നടിയുമായ അംബുജേടത്തി എന്ന് ഞങ്ങള്‍ വിളിക്കുന്ന അംബുജത്തെ സുരാസുവിന് കൂട്ടിനുകിട്ടി. സുരാസുവിന്റെ ജീവിതം മുക്കത്ത് മെല്ലെ തളിര്‍ത്തുതുടങ്ങി. പൊടുന്നനെ സുരാസുവിനു വെളിപാടുണ്ടായി. മുക്കം സെന്‍ട്രലില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന കൂറ്റന്‍ ആല്‍മരത്തില്‍ ഇരുമ്പുചങ്ങലയാല്‍ സ്വയം ബന്ധനസ്ഥനായി സുരാസു ഏകനായി ഒരു അത്യുഗ്രന്‍ നാടകം നടത്തുന്നു. വിചാരണകഴിഞ്ഞിട്ടും വിട്ടയക്കാത്ത നക്‌സലൈറ്റ് തടവുകാരെ വിട്ടയക്കണം എന്നതായിരുന്നു ബന്ധനസ്ഥനായ സുരാസുവിന്റെ ഒറ്റയാള്‍നാടകത്തിന്റെ ആവശ്യം -സംഭവം നല്ല വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും തടവുകാര്‍ ജയിലിലും സുരാസു മുക്കത്തുമായി പഴയതുപോലെത്തന്നെ തുടരാനായിരുന്നു വിധി.
മുക്കത്തുനിന്നുള്ള അടുത്ത വാര്‍ത്ത സുരാസു ദീര്‍ഘമൗനത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു എന്നാണ്. ഊണില്ല, ഉറക്കമില്ല. ഉള്ളത് ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ വിരിഞ്ഞുതുടങ്ങിയ ചൂടുപിടിച്ച തലച്ചോര്‍മാത്രം. ഇത് വിഷാദരോഗത്തിന്റെ തുടക്കമാണെന്നും ഒടുക്കം പക്ഷേ, അപകടകരമായേക്കാമെന്നും ഇത്തരം മനുഷ്യജന്മങ്ങളെ നിരീക്ഷിച്ചും പരിരക്ഷിച്ചും പോന്നിരുന്ന, സാംസ്‌കാരികവേദിയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളും മനസ്സില്‍ കരുണയും തലയ്ക്കുള്ളില്‍ ആള്‍ത്താമസവുമുള്ള സേതുവേട്ടന്‍ തിരിച്ചറിഞ്ഞു. സംഭവിക്കാന്‍ സാധ്യതയുള്ള ആപത്തില്‍ നിന്ന് സുരാസുവിനെ രക്ഷപ്പെടുത്തി എടുക്കാനായി മൂപ്പര്‍ മുക്കത്തേക്ക് പുറപ്പെട്ടു. സുരാസുവിന് എന്നോടുള്ള പ്രത്യേക വാത്സല്യം അറിയുന്നതുകൊണ്ടായിരിക്കണം എന്നെയും കൂടെക്കൂട്ടി. എന്തിനോ വേണ്ടി തിളയ്ക്കാനായി അങ്ങനെ ഞാനും അദ്ദേഹത്തോടൊപ്പം മുക്കത്തേക്ക് തിരിച്ചു.
സുരാസുവിന്റെ വാസസ്ഥലം കണ്ടുപിടിക്കാന്‍ അശേഷം ബുദ്ധിമുട്ടുണ്ടായില്ല. മലയാളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലൊക്കെ കാണുന്നതുപോലുള്ള മുള്ളുവേലികള്‍കൊണ്ട് അതിരിട്ട ഭൂമിയുടെ നടുവിലായി ഓലമേഞ്ഞ മനോഹരമായ ഒരുകൊച്ചു പര്‍ണശാല. പുരയിടത്തിനു പിറകിലായി ഇരുവഞ്ഞിപ്പുഴ ഒഴുകുന്നുണ്ടാവണം!. അങ്ങനെയൊക്കെയാണെങ്കിലല്ലേ എഴുത്തുകാരന്റെ പണിപ്പുരയാകുകയുള്ളൂ എന്നാണ് സാഹിത്യം ചെറുതായി തലയ്ക്കുപിടിച്ചുതുടങ്ങിയ ഞാന്‍ കരുതിയത്. . ഉമ്മറത്ത് വരാന്തയില്‍ കണ്ണാടിപോലെ തിളങ്ങുന്ന ചാണകം മെഴുകിയ നിലത്ത് ഒരു കാവിമുണ്ട് വിരിച്ചും മറ്റൊന്ന് ഉടുത്തും ഇനിയും മറ്റൊന്ന് പുതച്ചും കണ്ണുകളടച്ച് സാക്ഷാല്‍ സുരാസു ധ്യാനത്തിലിരിക്കുന്നു. ഞങ്ങള്‍ വന്നതും ഇരുന്നതും ഒന്നും പുള്ളി അറിഞ്ഞമട്ടില്ല. ഞങ്ങളെക്കണ്ടപ്പോള്‍ അംബുജേടത്തി ഓടിവന്ന് ഉപചാരപൂര്‍വം ഇരിക്കാന്‍ പറഞ്ഞു. കസേരകള്‍ ഒന്നും ഇല്ലാതിരുന്ന നിലത്ത് നിവര്‍ത്തിയിട്ട ഒരു പായിലിരുന്ന് സുരാസുവിനെ നോക്കി ഞങ്ങളും മൗനിബാബകളായി. 'കുറെ ദിവസമായി ഏട്ടന്‍ ഒന്നും മിണ്ടുന്നില്ല, മൗനത്തിലാണ്' ലോകത്തില്‍ സുരാസുവിനു ലഭിച്ച ഏറ്റവും വലിയ ആരാധികയായ അംബുജേടത്തി പറഞ്ഞു. കുറച്ചധികംനേരം കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചുതുടങ്ങി. ഞാന്‍ സേതുവേട്ടനോട് 'നമുക്ക് വിട്ടാലോ' എന്നുചോദിച്ചതും തന്റെ ധ്യാനം മുറിച്ചവന്‍ ആരെന്ന രീതിയില്‍ കാവിയില്‍പ്പുതഞ്ഞിരുന്ന സുരാസു കണ്ണുതുറന്നു. ശരിക്കും ഭസ്മാസുരന്റെ കണ്ണുകള്‍!. വെറുതേ ഒരു ബീഡിയെടുത്ത് വെച്ചാല്‍മതി, അപ്പോള്‍ തീപിടിക്കുന്ന പരുവത്തിലുള്ള കണ്ണുകള്‍. പക്ഷേ, ഭാഗ്യത്തിന് മുറ്റത്തെ ഒരു തൈത്തെങ്ങിലാണ് സുരാസുവിന്റെ ദൃഷ്ടികള്‍പോയി തറച്ചത്. ആ തൈത്തെങ്ങിന്റെ പച്ചോല കരിഞ്ഞമണം എന്റെ മൂക്കില്‍ അപ്പോള്‍ത്തന്നെ കിട്ടി.
സുരാസു മൗനത്തില്‍ത്തന്നെ ഇരിക്കുന്നു. അനുനയചതുരന്‍ സേതു സുരാസുവിനോട് സംസാരിക്കാന്‍ തുടങ്ങി. കുറെനേരം എല്ലാംകേട്ടിരുന്ന സുരാസു പൊടുന്നനെ എഴുന്നേറ്റ് പുരയുടെ പിന്നാമ്പുറത്തേക്ക് നടന്നു. ഞങ്ങളോട് അദ്ദേഹത്തെ അനുഗമിക്കാന്‍ ആംഗ്യം കാണിച്ചു. എന്നിട്ട് നിലത്ത് കുന്തിച്ചിരുന്നു ഒരു ചെടിയെമാത്രം ഓമനയോടെ താലോലിച്ചു. ഞങ്ങള്‍ സൂക്ഷിച്ചുനോക്കിയെങ്കിലും ആ ചെടിയില്‍ പ്രത്യേകിച്ച് ഒന്നുംകണ്ടില്ല. അപ്പോള്‍ ആദ്യമായി സുരാസു മൊഴിഞ്ഞു: ''ഇവള്‍ പൂവിടും, കായ് ഉണ്ടാവും. അങ്ങനെയാണ് ഞാനിവളെ വളര്‍ത്തിയെടുക്കുന്നത്.'' അദ്ദേഹം അരുമയോടെ അതിനെ തലോടി. ചെടിയാകട്ടെ, ആ തലോടലില്‍ നമ്രശിരസ്‌കയായി നിലകൊണ്ടു. സുരാസു എന്തോ ഭയങ്കര രഹസ്യംപറയുന്ന മട്ടില്‍ ഞങ്ങളോട് പറഞ്ഞു: ''ഇത് കഞ്ചാവുചെടി. കിളര്‍ത്തുകഴിഞ്ഞാല്‍ ഇലപറിക്കാം.'' ഞാനും സേതുവേട്ടനും അന്തംവിട്ട് പരസ്പരം നോക്കി.
സാംസ്‌കാരികവേദിയുമായി ബന്ധപ്പെട്ടവരാരും മദ്യം, മറ്റ് മയക്കുമരുന്നുകള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലായിരുന്നു. അതായിരുന്നു ആ പ്രസ്ഥാനത്തിന്റെ ഒരു ഹൈലൈറ്റ്. എന്നാലോ സുരാസുവിനെപ്പോലുള്ള ചുരുക്കം സഹയാത്രികര്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചുകൊടുത്തിരുന്നുതാനും. അത് പലപ്പോഴും സാംസ്‌കാരികവേദിക്കാരെ മൊത്തം ലഹരിക്കടിമകള്‍ എന്ന രീതിയില്‍ ചിലമാധ്യമങ്ങളും ചില രാഷ്ട്രീയപ്പാര്‍ട്ടികളും കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നതിനിടയ്ക്കാണ് സുരാസുവിന്റെ കഞ്ചാവുകൃഷി ! വൈകാതെ ഞങ്ങള്‍ അവിടെനിന്നു ഇറങ്ങി. മടക്കയാത്രയില്‍ സേതുവേട്ടന്‍ പറഞ്ഞു: ''ഇത് ചികിത്സിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒ.എം.വി.യെക്കാണിക്കണം.'' കവിതയും സിനിമാപ്പാട്ടുമെഴുതുന്ന ഒ.എന്‍.വി.യെ കാണിച്ചിട്ട് സുരാസുവിന് എന്താണ് ഗുണം എന്നുഞാന്‍ ചിന്തിക്കുന്നതുകേട്ട് സേതുവേട്ടന്‍ തിരുത്തി.
മനോരോഗ ചികിത്സനടത്തുന്ന അത്യാവശ്യം ലോകവിവരവും മനുഷ്യമസ്തിഷ്‌കത്തിനകത്ത് നടക്കുന്ന കൂടോത്രങ്ങളെ ആധുനികരീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന, വിശിഷ്യ തന്റെ അരികിലെത്തുന്നവരെ പിഴിഞ്ഞൂറ്റാത്തയാളുമായ കോഴിക്കോട്ടെ മനശ്ശാസ്ത്രജ്ഞനായിരുന്നു ഒ.എം. വാസുദേവന്‍ നമ്പൂതിരി എന്ന ഒ.എം.വി.യെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് പുള്ളി പറഞ്ഞുതന്നു. പക്ഷേ, അതിനുമുമ്പേ മുക്കത്തുനിന്നു മറ്റൊരു വാര്‍ത്ത തീയായി പാഞ്ഞുവന്നു. അതിത്രയേയുള്ളൂ, നാട്ടുകാര്‍ വെച്ചുകൊടുത്ത പര്‍ണശാലയ്ക്ക് വിഷാദരോഗ മൂര്‍ച്ഛയില്‍ തീയിട്ടശേഷം സുരാസു അംബുജേടത്തിയുടെ പിറകെ മുക്കം ടൗണിലൂടെ കൈയില്‍ വെട്ടുകത്തിയും വായില്‍ കൊലവിളിയുമായി ഓടുന്നു എന്നതാണ് ആ വാര്‍ത്ത. മുക്കത്തുകാര്‍ക്കുമില്ലേ സഹിക്കുന്നതിനു ഒരതിര് ! അവര്‍ സുരാസുവിനെ മുക്കത്തുനിന്നു നാടുകടത്തുന്നു. സുരാസു വീണ്ടും കോഴിക്കോട്ട് വന്നടിയുന്നു. സഹയാത്രിക അംബുജേടത്തിയാകട്ടെ, പാപഭാരമെന്നപോല്‍ ചുമലില്‍ ഒരു പൊക്കണവുമായി നഗരകാന്താരവലയത്തില്‍ വീണ്ടും സുരാസുവിനൊപ്പം പ്രത്യക്ഷപ്പെട്ടുതുടങ്ങി.
സുരാസു ഓമനിച്ചുവളര്‍ത്തിയ കഞ്ചാവുചെടി പിഴുതുമാറ്റി അവിടെ അംബുജേടത്തി കുറച്ച് ചീര നട്ടതാണത്രേ പര്‍ണശാലയ്ക്ക് തീവെക്കാനുണ്ടായ പ്രകോപനത്തിന് കാരണമായത്. കഞ്ഞിക്ക് തോരന്‍ വെക്കാന്‍ കഞ്ചാവിന്റെ ഇല പറ്റില്ലല്ലോ; അതിനു ചീരതന്നെ വേണമെന്ന് അറിയാത്ത അംബുജങ്ങളുണ്ടോ! സുരാസു ഇവിടംകൊണ്ടൊന്നും തീരുന്നില്ലെങ്കിലും നമ്മുടെ ഫോക്കസ് മറ്റൊന്നായതുകൊണ്ട് സുരാസുവിനെ കോഴിക്കോടുതന്നെ സ്വതന്ത്രനായി വിടാം. എന്തായാലും മുക്കത്തെ സുരാസുപര്‍വത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഒരു കാരശ്ശേരിയുണ്ട്.
(തുടരും)
Content Highlights: Joy Mathew column thee pidicha parnashalakal